ad
Deshabhimani

ദേശീയതാ നയം തിരിച്ചടിച്ചു; ട്രംപിന്റെ എഐ ഉപദേശകൻ ശ്രീറാം കൃഷ്ണൻ പുറത്ത്

sriram trump
വെബ് ഡെസ്ക്

Published on Jun 07, 2026, 11:36 AM | 2 min read

വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നയങ്ങളുടെ മുഖ്യ ശില്പിയും വൈറ്റ് ഹൗസിലെ സീനിയർ പോളിസി അഡ്വൈസറുമായ ചെന്നൈ സ്വദേശി ശ്രീറാം കൃഷ്ണൻ (42) സ്ഥാനം ഒഴിഞ്ഞു. അമേരിക്കയുടെ എഐ നയ രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ശ്രീറാം കൃഷ്ണൻ. എഐ മേഖലയിലെ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനും രാജ്യത്തുടനീളം ഡാറ്റാ സെന്ററുകൾ നിർമ്മിക്കുന്നതിനും വഴിയൊരുക്കിയ ട്രംപ് ഭരണകൂടത്തിന്റെ "എ.ഐ ആക്ഷൻ പ്ലാൻ" തയാറാക്കിയത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. കൂടാതെ, എ.ഐ സാങ്കേതികവിദ്യ നിയന്ത്രിക്കുന്നതിൽ സംസ്ഥാനങ്ങൾക്കുള്ള അധികാരം പരിമിതപ്പെടുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവ് തയാറാക്കിയതിലും പ്രധാന പങ്കുവഹിച്ചു.


ഈ മാസം അവസാനത്തോടെ താൻ പദവിയിൽ നിന്ന് മാറുമെന്നും, ചെറിയൊരു ഇടവേളയ്ക്ക് ശേഷം അമേരിക്ക നേരിടുന്ന വലിയ എ.ഐ വെല്ലുവിളികളെ നേരിടാൻ സഹായിക്കുന്ന പ്രവർത്തനങ്ങളിലേക്ക് തിരിയുമെന്നും ശ്രീറാം 'എക്സ്' പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.



വിവാദങ്ങളും പടിയിറക്കവും


ശ്രീറാം കൃഷ്ണന്റെ വൈറ്റ് ഹൗസിലെ നിയമനം വലിയ രീതിയിലുള്ള രാഷ്ട്രീയ ചർച്ചകൾക്കും വഴിതുറന്നിരുന്നു. ട്രംപിനെ അനുകൂലിക്കുന്ന വലതുപക്ഷ സ്വാധീനമുള്ള ലോറ ലൂമറെപ്പോലുള്ളവർ അദ്ദേഹത്തിന്റെ നിയമനത്തെ ശക്തമായി എതിർത്തിരുന്നു. വിദഗ്ധരായ വിദേശ തൊഴിലാളികൾക്ക് അമേരിക്കയിലേക്ക് വരാനുള്ള അവസരങ്ങൾ എളുപ്പമാക്കുന്നതിനും, ഗ്രീൻ കാർഡിനുള്ള പരിധികൾ നീക്കുന്നതിനും ശ്രീറാം കൃഷ്ണൻ മുൻപ് പിന്തുണ നൽകിയിരുന്നു. ഇത് ട്രംപിന്റെ 'മേയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ' എന്ന തീവ്ര ദേശീയതാ നയത്തിന് വിരുദ്ധമാണെന്നായിരുന്നു ഇവരുടെ വിമർശനം. എന്നാൽ എലോൺ മസ്ക്, ഡേവിഡ് സാക്സ് എന്നിവരടങ്ങുന്ന ടെക് ലോകത്തെ പ്രമുഖർ ശ്രീറാമിന് പൂർണ്ണ പിന്തുണ നൽകി.


2024-ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഡൊണൾഡ് ട്രംപ് ശ്രീറാമിനെ തന്റെ എ.ഐ ഉപദേശകനായി പ്രഖ്യാപിക്കുകയും, 2025 ജനുവരി 20-ന് അധികാരം ഏറ്റെടുത്തതോടെ അദ്ദേഹം വൈറ്റ് ഹൗസിൽ ചുമതലയേൽക്കുകയും ചെയ്തു. 'ടൈം' മാഗസിൻ തങ്ങളുടെ 2025-ലെ 'പേഴ്സൺ ഓഫ് ദി ഇയർ' ഫീച്ചറിൽ എ ഐ മേഖലയിലെ മികച്ച ശില്പികളിലൊരാളായി ശ്രീറാം കൃഷ്ണനെ തെരഞ്ഞെടുത്തിരുന്നു.


1984-ൽ ചെന്നൈയിൽ ജനിച്ച ശ്രീറാം 2005-ൽ എസ്ആർഎം യൂണിവേഴ്സിറ്റിയിൽ നിന്ന് ഇൻഫർമേഷൻ ടെക്നോളജിയിൽ ബി ടെക് ബിരുദം നേടി. 2007-ൽ മൈക്രോസോഫ്റ്റിൽ ചേരാനായി അമേരിക്കയിലേക്ക് കുടിയേറി. തുടർന്ന് ഫേസ്ബുക്ക് ട്വിറ്റർ എന്നീ പ്രമുഖ കമ്പനികളിൽ ഉന്നത പദവികൾ വഹിച്ചു. പ്രമുഖ വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ 'ആൻഡ്രീസെൻ ഹൊറോവിറ്റ്സി'ലെ ജനറൽ പാർട്ണർ ആയിരുന്നു. എലോൺ മസ്കിന്റെ അടുത്ത സുഹൃത്തായി അറിയപ്പെട്ടു. 2022-ൽ മസ്ക് ട്വിറ്റർ ഏറ്റെടുത്തപ്പോൾ ഈ നീക്കത്തിന് പിന്നിൽ പ്രധാന ഉപദേശകനായി പ്രവർത്തിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home