മണ്ണൂത്തിയിൽ വൻ കവർച്ച; വീട്ടുടമയെ കെട്ടിയിട്ട് 40 പവൻ കവർന്നു

സോമശേഖരൻ (ഇടത്), മോഷണം നടന്ന വീട് (വലത്)
തൃശൂർ: തൃശൂർ മണ്ണുത്തിയിൽ വീട്ടുടമയെ കെട്ടിയിട്ട് 40 പവൻ സ്വർണവും അൻപതിനായിരം രൂപയും കവർന്നു. ഒല്ലൂക്കര ചെറുവാറയിൽ സോമശേഖരന്റെ വീട്ടിലാണ് കവർച്ച നടന്നത്. രാത്രിയോടെ വീട്ടിൽ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം സോമശേഖരനെ കെട്ടിയിട്ട ശേഷമാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ കവർന്നത്.
കവർച്ച നടക്കുമ്പോൾ വീട്ടിൽ തനിച്ചായിരുന്നുവെന്ന് സോമശേഖരൻ മാധ്യമങ്ങളോട് പറഞ്ഞു. ഭാര്യ ഉച്ചയോടെ മകളുടെ വീട്ടിൽ പോയിരുന്നു. മരുമകൾ വൈകുന്നേരം അവരുടെ വീട്ടിലും പോയി. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. വീടിന് പുറത്തെ ഗ്രിൽ മാത്രമേ പൂട്ടിയിരുന്നുള്ളൂ. താഴത്തെ നിലയിൽ കിടന്നുറങ്ങുമ്പോൾ കയ്യിൽ എന്തോ തട്ടുന്നതുപോലെ തോന്നി. കണ്ണുതുറന്നപ്പോൾ ഉയരം കുറഞ്ഞ്, വണ്ണമുള്ള ഒരാളെ കണ്ടു. നിലവിളിച്ചപ്പോൾ തലയിണ വെച്ച് മുഖത്തേക്ക് അമർത്തി. കുതറിമാറാൻ ശ്രമിച്ചിട്ടും നടന്നില്ല. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ അലമാരി തുറന്ന് വാരിവലിച്ചിടുകയായിരുന്നു. ആളുകളെ തിരിച്ചറിയാനായില്ല. ഇതര സംസ്ഥാനക്കാരാണ് മോഷ്ടക്കളെന്നാണ് സംശയം.
കഴുത്തിൽ രണ്ട് പവനോളം വരുന്ന മാലയും കയ്യിൽ മോതിരവും ഉണ്ടായിരുന്നു. ഇവ രണ്ടും മോഷ്ടാക്കൾ വലിച്ചെടുത്തു. വീട്ടിലുണ്ടായിരുന്ന സ്വർണവും പണവും എടുത്തു. വായിൽ ഒരു തുണി തിരുകി തന്നെ കെട്ടിയിട്ടു. കുറച്ചുകഴിഞ്ഞപ്പോൾ ആരെയും കണ്ടില്ല. അതോടെ വീടിന് പുറത്തിറങ്ങുകയും പിന്നീട് പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നുവെന്നും സോമശേഖരൻ പറഞ്ഞു.
സംഭവമറിഞ്ഞ് മണ്ണൂത്തി പൊലീസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ഉൾപ്പെടെയുള്ള സംഘം തെളിവ് ശേഖരണം നടത്തിവരികയാണ്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.









0 comments