ad
Deshabhimani

ഉക്രെയ്ൻ ഡ്രോൺ ആക്രമണ ഭീതിയിൽ അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തിന് സമാപനം; സമാധാന ചർച്ചകൾ തള്ളി പുടിൻ

St petersberg

ഡ്രോൺ ആക്രമണത്തെത്തുടർന്ന് സെന്റ് പീറ്റേഴ്‌സ്ബർഗിൽ ആകാശത്ത് ഉയർന്ന കറുത്ത പുക |Photo:Getty image

വെബ് ഡെസ്ക്

Published on Jun 07, 2026, 01:35 PM | 2 min read

സെന്റ് പീറ്റേഴ്‌സ്ബർഗ് : റഷ്യയുടെ സാമ്പത്തിക കരുത്ത് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാൻ ലക്ഷ്യമിട്ട് നടത്തിയ സെന്റ് പീറ്റേഴ്‌സ്ബർഗ് അന്താരാഷ്ട്ര സാമ്പത്തിക ഫോറം ഇത്തവണ ഉക്രെയ്ന്റെ ഡ്രോൺ ആക്രമണങ്ങളുടെയും സാമ്പത്തിക പ്രതിസന്ധിയുടെയും നിഴലിലായി. നാല് ദിവസം നീണ്ടുനിന്ന ഫോറത്തിന്റെ ഉദ്ഘാടന, സമാപന ദിവസങ്ങളിൽ സെന്റ് പീറ്റേഴ്‌സ്ബർഗ് നഗരത്തെ ലക്ഷ്യമിട്ട് ഉക്രെയ്ൻ ശക്തമായ ഡ്രോൺ ആക്രമണങ്ങൾ നടത്തുകയാണ്. ഫോറത്തിന്റെ വേദിയായ എക്സ്പോ സെന്ററിലേക്ക് വിദേശ പ്രതിനിധികളും നിക്ഷേപകരും എത്തുമ്പോൾ സെന്റ് പീറ്റേഴ്‌സ്ബർഗിന്റെ ആകാശത്ത് ഉയർന്ന കറുത്ത പുക മാത്രമായിരുന്നു അവരുടെ കൺമുന്നിലെ കാഴ്ച. ഡ്രോൺ ആക്രമണത്തിൽ നഗരത്തിലെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി പ്രാദേശിക ഭരണകൂടം സമ്മതിച്ചിട്ടുണ്ട്.



സാമ്പത്തിക ഫോറത്തിന്റെ വേദികളിൽ റഷ്യൻ നാടോടിക്കഥകളിലെ വില്ലനായ 'കോസ്ചെ ദ ഡെത്ത്‌ലെസ്സ്' എന്ന മന്ത്രവാദിയുടെ വേഷം ധരിച്ചെത്തിയ ആൾ നടത്തിയ മാന്ത്രിക പ്രകടനങ്ങളായിരുന്നു പ്രധാന ആകർഷണം. വായുവിൽ നിന്ന് നാണയങ്ങൾ ഉണ്ടാക്കിയും, കണ്ണടകൾ ഒടിച്ച ശേഷം ഒട്ടിച്ചും, വിരലുകളിൽ നിന്ന് പുക പുറപ്പെടുവിച്ചും അയാൾ കാണികളെ അത്ഭുതപ്പെടുത്തി. റഷ്യക്കാർ പ്രവചനാതീതരാണ്, ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ഞങ്ങൾ ചെയ്യും എന്നായിരുന്നു അയാളുടെ പ്രഖ്യാപനം. ഇതുകൂടാതെ ഫോറത്തിൽ സ്ഥാപിച്ച ഭീമാകാരമായ റഷ്യൻ കളിപ്പാവയും (ടംബ്ലർ ഡോൾ) ശ്രദ്ധിക്കപ്പെട്ടു. എത്ര തള്ളിയിട്ടാലും വീഴാതെ വീണ്ടും എഴുന്നേറ്റു നിൽക്കുന്ന ഈ പാവയെപ്പോലെയാണ് റഷ്യയെന്നും, എത്ര ഉപരോധങ്ങൾ ഉണ്ടായാലും രാജ്യം വീഴില്ലെന്നുമാണ് മോസ്കോ ലോകത്തിന് നൽകുന്ന സന്ദേശം. എന്നാൽ യുദ്ധം അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോഴുണ്ടാകുന്ന ഈ അസ്ഥിരത ദീർഘകാല വിദേശ നിക്ഷേപങ്ങളെ റഷ്യയിൽ നിന്ന് അകറ്റാൻ മാത്രമേ ഉപകരിക്കൂ എന്നാണ് സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തൽ.



സാമ്പത്തിക ഫോറം പുരോഗമിക്കുന്നതിനിടെ ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് അയച്ച തുറന്ന കത്ത് വലിയ ചർച്ചയായി. പുടിന്റെ പ്രായത്തെയും യുദ്ധമുഖത്തെ റഷ്യയുടെ പരാജയങ്ങളെയും പരിഹസിച്ച കത്തിൽ, ഒരു നിഷ്പക്ഷ രാജ്യത്ത് വെച്ച് നേരിട്ട് ചർച്ച നടത്തണമെന്ന് സെലൻസ്‌കി നിർദ്ദേശിച്ചു. എന്നാൽ ഈ നിർദ്ദേശം പുടിൻ പൂർണമായി തള്ളി. കത്തിന്റെ ഭാഷ അത്യന്തം മര്യാദകേടാണെന്ന് കുറ്റപ്പെടുത്തിയ പുടിൻ, താൻ മറുപടി നൽകേണ്ടത് കത്തിന്റെ രചയിതാവിനല്ലെന്നും മുന്നണിയിൽ പോരാടുന്ന റഷ്യൻ സൈനികർക്കാണെന്നും വ്യക്തമാക്കി. സഹോദരന്മാരേ, നിങ്ങൾ പോരാട്ടം തുടരുക എന്നായിരുന്നു സൈനികരോടുള്ള പുടിന്റെ ആഹ്വാനം.



ഡ്രോൺ ആക്രമണം നേരിട്ട സ്മോളെൻസ്ക് മേഖലയിലെ ഗവർണർ വാസിലി അനോഖിനോട് സെന്റ് പീറ്റേഴ്‌സ്ബർഗിലെ ഡ്രോൺ ആക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഞങ്ങളുടെ പ്രസിഡന്റ് പറയുന്നതുപോലെ, നിർഭാഗ്യവശാൽ ശത്രുക്കൾ ഞങ്ങളെ ഉപദ്രവിക്കാൻ ശ്രമിക്കുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഉപരോധങ്ങൾക്കിടയിലും റഷ്യൻ സമ്പദ്‌വ്യവസ്ഥ ശക്തമാണെന്നും എല്ലാം സുരക്ഷിതമാണെന്നും പ്ലീനറി സെഷനിൽ പുടിൻ അവകാശപ്പെട്ടെങ്കിലും യാഥാർത്ഥ്യം മറിച്ചാണ്. യുദ്ധവും ഉപരോധങ്ങളും റഷ്യൻ സമ്പദ്‌വ്യവസ്ഥയിൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്.


രാജ്യത്തെ പലിശ നിരക്കുകൾ വളരെ ഉയർന്നതാണെന്ന് പുടിന്റെ വിദേശ നിക്ഷേപ കാര്യങ്ങൾക്കായുള്ള പ്രത്യേക പ്രതിനിധി കിറിൽ ദിമിത്രീവ് സമ്മതിച്ചു. കൂടുതൽ നിക്ഷേപങ്ങൾ വരണമെങ്കിൽ പലിശ നിരക്ക് കുറയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉൽപ്പാദന മേഖലകളിൽ വലിയ മന്ദതയും തകർച്ചയും നേരിടുന്നതായി റഷ്യൻ സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ റഷ്യയിലെ ലിപെറ്റ്‌സ്ക് മേഖല സന്ദർശിച്ചപ്പോൾ, പിടിച്ചുനിൽക്കാൻ പോലും തങ്ങൾ കഷ്ടപ്പെടുകയാണെന്നാണ് ചെറുകിട വ്യവസായികൾ വ്യക്തമാക്കിയത്.


അതേസമയം, ഉപരോധങ്ങൾ മൂലം റഷ്യക്കാർക്ക് വിദേശയാത്രകൾ നടത്താൻ കഴിയാത്ത സാഹചര്യം രാജ്യത്തിനകത്തെ ആഭ്യന്തര ടൂറിസം മേഖലയ്ക്ക് വലിയ ഉണർവേകുന്നുണ്ടെന്ന് റഷ്യൻ വ്യവസായിയായ ജർമ്മൻ ഗാൽപെറിൻ അവകാശപ്പെട്ടു. ഫോറത്തിൽ ബോക്സിംഗ് റോബോട്ടുകളും നൃത്തം ചെയ്യുന്ന മുത്തശ്ശിമാരുമൊക്കെയായി വിചിത്രമായ പല കാഴ്ചകളും ഉണ്ടായിരുന്നു. അമേരിക്കയിൽ നിന്നുള്ള ആദ്യ ഔദ്യോഗിക പ്രതിനിധി സംഘം ഇത്തവണ പങ്കെടുത്തതായി റഷ്യ അവകാശപ്പെട്ടു.


യുഎസ് കമ്മീഷൻ ഓഫ് ഫൈൻ ആർട്സ് ചെയർമാനായ റോഡ്‌നി മിംസ് കുക്ക് ജൂനിയർ പുടിന് ട്രംപിന്റെ വക പ്രത്യേക അന്വേഷണം അറിയിക്കുകയും ചെയ്തു. എന്നാൽ ഇതിനെ അമേരിക്കൻ വിദേശകാര്യ വകുപ്പ് തള്ളി. ഇത്തരമൊരു പ്രതിനിധി സംഘത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും, പോയത് ഒരു ഉന്നത ഉദ്യോഗസ്ഥൻ ആകാൻ വഴിയില്ലെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.


Related News



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home