ചോരയിൽ കുളിച്ച ശിവസൂര്യയെ പ്രതികൾ ബൈക്കിലിരുത്തി കൊണ്ടുപോയി; പതിനെട്ടുകാരന്റെ കൊലപാതകത്തിൽ നിർണായക ദൃശ്യങ്ങൾ

ശിവസൂര്യയെ ബൈക്കിലിരുത്തുന്ന ദൃശ്യം (ഇടത്), കൊല്ലപ്പെട്ട ശിവസൂര്യ (വലത്)
തിരുവനന്തപുരം: തിരുവനന്തപുരം വെടിവെച്ചാംകോവിലിലെ പതിനെട്ടുകാരന്റെ കൊലപാതകത്തിൽ നിർണായക ദൃശ്യങ്ങൾ പുറത്ത്. സംഘർഷത്തിന് പിന്നാലെ പ്രതികൾ യുവാവിനെ കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കാക്കാമൂല സ്വദേശി സുരേഷ് കുമാറിന്റെ മകൻ ശിവസൂര്യ (18)യാണ് ശനിയാഴ്ച മരിച്ചത്.
ശിവസൂര്യയെ ബൈക്കിൽ രണ്ടുപേർക്ക് നടുവിൽ ഇരുത്തിയാണ് കൊണ്ടുപോയത്. യുവാവ് നിലത്തുവീഴുന്നതും വഴിയരികിൽ കിടക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഒരു വർഷം മുൻപ് നെയ്യാറ്റിൻകരയിലെ ഫുട്ബോൾ ടർഫിൽവെച്ച് ഇരുസംഘങ്ങളും തമ്മിൽ തർക്കമുണ്ടായി. അത് പരിഹരിച്ചെങ്കിലും പിന്നീടും പകവെച്ചുപുലർത്തുകയായിരുന്നു. ഇതാണ് സംഘത്തിലേക്ക് നയിച്ചത്.
ശനി രാത്രി എട്ടരയോടെ പുന്നമൂട് സോഷ്യൽ വെൽഫെയർ സഹകരണസംഘത്തിന് എതിർവശം തുണിക്കടയ്ക്ക് മുന്നിലായിരുന്നു സംഭവം. ബൈക്കിൽവന്ന യുവാക്കൾ നടുറോഡിൽ ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെ കൂടെയുണ്ടായിരുന്ന ഇരുവരും ചേർന്ന് ശിവസൂര്യയെ പിടിച്ച് തള്ളി. വീഴ്ചയിൽ കടയിൽ മുന്നിൽ സ്ഥാപിച്ചിരുന്ന വലിയ ഗ്ലാസ് പൊട്ടി ഒരു ഭാഗം ശിവസൂര്യയുടെ നെഞ്ചിൽ തുളച്ച് കയറുകയായിരുന്നെന്നാണ് വിവരം
ചോരയിൽ കുളിച്ചുകിടന്ന ശിവസൂര്യയെ എഴുന്നേൽപ്പിച്ച് നിർത്താൻ പ്രതികൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്നാണ് ബൈക്കിലിരുത്തി ആശുപത്രിയിലെത്തിച്ചത്. ഉടൻ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു.
സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന അജിത്, കാര്‍ത്തിക് എന്നിവരെ നരുവാമൂട് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.









0 comments