ad
Deshabhimani

യു എസ്-ഇറാൻ ചർച്ചകൾ പുനരുജ്ജീവിപ്പിക്കാൻ തീവ്രശ്രമം: പാക് ആഭ്യന്തരമന്ത്രി തെഹ്റാനിൽ, ലെബനൻ സൈനിക മേധാവിയും എത്തുന്നു

naqv
വെബ് ഡെസ്ക്

Published on Jun 07, 2026, 02:36 PM | 2 min read

ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ പുനരുജ്ജീവിപ്പിക്കാൻ മധ്യസ്ഥശ്രമങ്ങളുമായി പാകിസ്ഥാൻ വീണ്ടും സജീവമായി രംഗത്ത്. പാക് ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്‌വി ഇറാൻ തലസ്ഥാനമായ തെഹ്റാനിലെത്തി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനിക്കുള്ള അതീവ പ്രാധാന്യമുള്ള സന്ദേശവുമായാണ് നഖ്‌വി എത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ടുകൾ.

ശനിയാഴ്ച രാത്രി തെഹ്റാനിലെത്തിയ നഖ്‌വിയെ ഇറാന്റെ പുതിയ ആഭ്യന്തരമന്ത്രി എസ്കന്ദർ മൊമേനി സ്വീകരിച്ചു. ബിഷ്കെക്കിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ യോഗത്തിനിടെയും ഇരുവരും ചർച്ചകൾ നടത്തിയിരുന്നു.


വെടിനിർത്തൽ കരാർ സംരക്ഷിക്കുക

വെല്ലുവിളി


ഏപ്രിൽ മാസത്തിൽ അമേരിക്ക, ഇറാൻ, ഇസ്രായേൽ എന്നീ രാജ്യങ്ങൾക്കിടയിൽ പാകിസ്ഥാന്റെ മധ്യസ്ഥതയിൽ സാധ്യമാക്കിയ വെടിനിർത്തൽ കരാർ കടുത്ത വെല്ലുവിളികൾ നേരിടുകയാണ്. ഗൾഫ് മേഖലയിലുണ്ടായ തുടർച്ചയായ സൈനിക പ്രകോപനങ്ങളും വ്യോമാക്രമണങ്ങളും സമാധാനം വെറും പ്രതീക്ഷയാക്കി. സംഭാഷണങ്ങൾ പാതിവഴിയിൽ സ്തംഭിച്ച സാഹചര്യത്തിൽ, ഇരുരാജ്യങ്ങളെയും വീണ്ടും ചർച്ചാ മേശയിലേക്ക് കൊണ്ടുവരികയാണ് അടിയന്തര ലക്ഷ്യം.


പ്രധാനമന്ത്രി ഷെഹബാസ് ശരീഫ് ഉൾപ്പെടെയുള്ള ഉന്നത നേതൃത്വവുമായി നടത്തിയ നിർണായക കൂടിയാലോചനകൾക്ക് ശേഷമാണ് നഖ്‌വി ഇറാനിലേക്ക് തിരിച്ചത്. അദ്ദേഹം ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ, വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരുമായും കൂടിക്കാഴ്ച നടത്തും.


ചർച്ചകളിൽ കാര്യമായ പുരോഗതിയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവര്‍ത്തിക്കുമ്പോഴും ഇസ്രയേൽ കടുത്ത നിലപാട് തുടരുകയാണ്. ട്രംപ് നെതന്യാഹു അഭിപ്രായ വ്യത്യാസങ്ങൾ തന്നെ ഇതിനിടയിൽ പരസ്യമായി. ലെബനൻ ആക്രമണത്തെ കരാറിന്റെ പരിധിയിൽ കൊണ്ടുവരുന്നതാണ് ഇതിലെ മുഖ്യ തര്‍ക്ക വിഷയം. ലബനനിലെ ആഭ്യന്തര രാഷ്ട്രീയത്തെയും പ്രതിരോധത്തെയും ഈ ചർച്ചകളുടെ ഭാഗമാക്കണമെന്ന് ഇറാൻ ആവശ്യപ്പെടുമ്പോൾ, ലബനൻ-ഇസ്രായേൽ വിഷയം ആണവ ചർച്ചകളിൽ നിന്ന് വേറിട്ട് നിർത്തണമെന്നാണ് ഇസ്രയേൽ വാദിക്കുന്നത്. ഇത് യു എസിന് മേൽ സമ്മര്‍ദ്ദം തീര്‍ക്കുന്നു.


ലബനൻ സൈനിക മേധാവിയും രംഗത്ത്

ഈ നയതന്ത്ര നീക്കങ്ങൾക്കിടയിൽ മറ്റൊരു നിർണായക സംഭവവികാസമായി ലെബനൻ ആർമി കമാൻഡർ ജനറൽ റുഡോൾഫ് ഹെയ്‌ക്കൽ ശനിയാഴ്ച പാകിസ്ഥാനിലേക്ക് തിരിച്ചു. ഔദ്യോഗിക ക്ഷണപ്രകാരമാണ് ഈ സന്ദർശനം. സൈനിക സഹകരണ സന്ദർശനമായി ചിത്രീകരിക്കപ്പെടുമ്പോഴും, തെഹ്റാനിലെ പാക് മധ്യസ്ഥതയുമായി ഇതിന് അടുത്ത ബന്ധമുണ്ടെന്നാണ് നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നത്. ലബനനിൽ സായുധ സംഘങ്ങളുടെ സ്വാധീനം കുറച്ച്, ഔദ്യോഗിക സൈന്യത്തിന്റെ അധികാരം ശക്തമാക്കണമെന്ന് ലബനൻ പ്രസിഡന്റ് ജോസഫ് ഔൻ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഭാവിയിൽ ലബനൻ അതിർത്തിയിലുണ്ടാകുന്ന സുരക്ഷാ ക്രമീകരണങ്ങളിൽ ലബനൻ ഔദ്യോഗിക സൈന്യത്തിന് ഉത്തരവാദിത്തം നൽകുക എന്ന നീക്കമാണ്. വരും ദിവസങ്ങളിൽ തെഹ്റാനിൽ നിന്നും ഇസ്ലാമാബാദിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ പശ്ചിമേഷ്യയുടെ ഭാവി നിർണയിക്കുന്നതിൽ നിർണായകമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home