ad
Deshabhimani

ചിരിയിൽ നിന്നും ചിരിയിലേക്ക് ചില സലിം കുമാർ ഫ്രെയിംസ്

salim kumar
വെബ് ഡെസ്ക്

Published on Jun 07, 2026, 01:22 PM | 3 min read

സലിം കുമാർ, ആ പേര് കേൾക്കുമ്പോൾ തന്നെ ചുണ്ടിൽ ഒരു പുഞ്ചിരിയും മനസ്സിൽ ഒരുപിടി ഡയലോഗുകളും ഓടിയെത്താത്ത മലയാളികളില്ല. വെള്ളിത്തിരയ്ക്കപ്പുറം, നമ്മുടെ നിത്യജീവിതത്തിലെ സംഭാഷണങ്ങളിലും വാട്സ്ആപ്പ് ചാറ്റുകളിലും സോഷ്യൽ മീഡിയ മീമുകളിലുമെല്ലാം സ്വന്തമെന്നപോലെ അയാൾ കയറിക്കൂടിയിരിക്കുകയാണ്. സലിം കുമാറിന്റെ ഹിറ്റ് ഡയലോഗുകൾക്ക് മാത്രമായി വലിയൊരു ആരാധകവൃത്തം തന്നെയുണ്ട്. ചിരിയുടെ പുതിയൊരു മുഖം മലയാളത്തിന് സമ്മാനിച്ച ആ ഡയലോഗുകളിൽ ഒട്ടുമിക്കതും അദ്ദേഹത്തിന്റെ സ്വന്തം സൃഷ്ടിയായിരുന്നു എന്നതാണ് മറ്റൊരു വസ്തുത. തമാശ പറയാൻ കഴിയുന്ന ഏത്‌ സദസ്സിലും ഇണങ്ങുന്ന, ചിരിയിലൂടെ കഠിന സത്യങ്ങൾ വിളിച്ചുപറയുന്നവയായിരുന്നു ആ വാക്കുകൾ. കാലമെത്ര മാറിയാലും, മലയാളികളുടെ ജീവിതവുമായി അത്രമേൽ ഇഴചേർന്നു കിടക്കുന്ന ആ സംഭാഷണങ്ങൾ എന്നും പുതുമയോടെ നിലനിൽക്കും.


തന്റെ കരിയർ ബ്രേക്കായ 'തെങ്കാശിപ്പട്ടണ'ത്തിലൂടെ മലയാള സിനിമയിൽ പുതിയൊരു വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ടാണ് സലിം കുമാർ സിനമയിൽ സജീവമാകുന്നത്. ഇന്നും നമ്മുടെ സുഹൃത്തുക്കൾ ആരെങ്കിലും വലിയൊരു അബദ്ധം കാണിക്കുകയോ പറയുകയോ ചെയ്താൽ, "ഈശ്വരാ... ഇവിടെ ആരുമില്ലല്ലോ ഇവിടെ ഇതൊന്ന് പറഞ്ഞ് ചിരിക്കാൻ" എന്ന് നമ്മൾ ഓർക്കാതെ പറഞ്ഞുപോകുന്നത് ആ ചിത്രത്തിന്റെ സ്വാധീനം കൊണ്ടാണ്. അവിടെനിന്ന് 'സൂത്രധാരൻ' എന്ന ചിത്രത്തിലെ "അരേ ലീലകൃഷ്ണൻ..." എന്ന ഒറ്റവിളിയിലൂടെ ആ ഫ്രെയിമുകൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തും. 'ഈ പറക്കും തളിക'യിലെ പാചകക്കാരനായ കോശിയും 'മീശമാധവനിലെ' അഡ്വക്കേറ്റ് മുകുന്ദനുണ്ണിയും നമുക്ക് അത്രമേൽ പരിചിതരാണ്. എല്ലാ കാര്യങ്ങളും പറഞ്ഞുതീർത്ത ശേഷം നാം പലപ്പോഴും പ്രയോഗിക്കാറുള്ള "നന്ദി മാത്രേ ഉള്ളൂ അല്ലേ..." എന്ന ഡയലോഗ് ഈ കഥാപാത്രത്തിന്റെ സംഭാവനയാണ്. ഇതിനൊപ്പം സ്വന്തം ഭാര്യയുടെ കല്യാണത്തിന് സുഹൃത്തുക്കളെ ക്ഷണിക്കുന്ന ഓപ്പൺ മൈൻഡഡ് ആയ മായാണ്ടിയും, തൊഴിലിടത്തിലെ പ്രശ്നങ്ങൾക്കെതിരെ പ്രതികരിക്കുന്ന 'കുഞ്ഞിക്കൂനനിലെ' ചന്ദ്രനും ചെറുതെങ്കിലും ഹാസ്യത്തിനപ്പുറം വലിയ ചില ചിന്തകൾ പ്രേക്ഷകരിൽ കോറിയിടുന്നുണ്ട്.


പ്രവാസികളേറെയുള്ള മലയാള നാട്ടിലേക്ക് ദുബായിൽ നിന്നും പണം വാരിക്കൂട്ടിയെത്തിയ 'മണവാളൻ' എന്ന കഥാപാത്രം മലയാളികളുടെ സ്വീകരണമുറികളിലേക്ക് തിരിച്ചുപോക്കില്ലാത്ത വിധമാണ് നടന്നു കയറിയത്. മണലാരണ്യത്തിൽ നിന്ന് ഇട്ടുമൂടാനുള്ള പണമുണ്ടാക്കിയിട്ടും, അത് പലിശയ്ക്ക് നൽകിയും പിന്നീട് വലിയ സാമ്പത്തിക നഷ്ടം നേരിട്ട് നാട്ടിലേക്ക് തിരികെ വരുന്നതും കേരളത്തിൽ ഇന്നും സ്ഥിരം കാഴ്ചയാണ്. ഒരു വലിയ വേദനയായി ചിത്രീകരിക്കാമായിരുന്ന ആ അവസ്ഥയെ, 'പുലിവാൽ കല്യാണം' എന്ന ചിത്രത്തിലൂടെ ഹാസ്യത്തിന്റെ മേമ്പൊടി നൽകി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കാൻ സലിം കുമാറിനല്ലാതെ മറ്റാർക്കും കഴിയില്ല. മണവാളൻ-ധർമേന്ദ്ര കോംബോ സമ്മാനിച്ച ഓരോ ഡയലോഗും ഇന്നും എവർഗ്രീൻ ഹിറ്റാണ്. "എന്താ പേര്... നല്ല പേര്, ഷേക്ക് അബ്ദുള്ള", "കേരള ഫയർ ഫോഴ്സിന് നാട്ടുകാരുടെ പേരിലും എന്റെ വ്യക്തിഗതമായ പേരിലും നന്ദി അറിയിക്കുന്നു", "ആഹ്ലാദിപ്പിൻ ആർമാദിപ്പിൻ", "ഹരി, നീ മരിച്ചില്ലേ", "ഹാപ്പി ബർത്ത്ഡേ, ഇത് നിന്റെ പുനർജന്മമാണ്", "എന്താടോ ഇത്, എന്റെ മാതൃഭൂമി വരെ നനഞ്ഞുപോയല്ലോ", "ശരിയാണ്, എന്റെ ഭാഗത്തും തെറ്റുണ്ട്, മോട്ടോർ വാഹന വിധിപ്രകാരം ഞാൻ ഇടത് വശത്ത് ഇരിക്കാൻ പാടില്ലായിരുന്നു", "വൈ ഷുഡ് ഐ, ഞാൻ ചോദിക്കുമെടാ" എന്നിങ്ങനെ എത്രയോ ഡയലോഗുകളാണ് നിത്യജീവിതത്തിൽ നമ്മൾ ഇന്നും ആവർത്തിക്കുന്നത്.


മണവാളനിൽ നിന്നും 'ചതിക്കാത്ത ചന്തു'വിലെ ഡാൻസ് മാസ്റ്റർ വിക്രമായി മാറി അദ്ദേഹം നമ്മെ വിസ്മയിപ്പിച്ചു. വിക്രത്തിന്റെ ഡാൻസ് സ്റ്റെപ്പുകൾ നമുക്ക് മനപ്പാഠമാണ്. ആ "ഏകമുദ്രയും ദ്വിമുദ്രയും" ഇന്നും ചിരിയുണർത്തുന്നു. തൊട്ടുപിന്നാലെയാണ് "ഈ എല്ലൊക്കെ കൂടെ ഞാൻ എവിടെക്കൊണ്ടുവെക്കും?", "പുതിയ ലിപി ആയതിന്റെ പേരിലാ, പഴയ ലിപിയായിരുന്നേൽ ഞാൻ തകർത്തേനെ", "നിന്നെ എന്താ അച്ചാറിടാൻ പോകുവാണോ", "ഞാൻ കൊളോക്കിയലായി പറഞ്ഞതാ", "ആഹാ എന്ത് തല്ലിപ്പൊളിപ്പാട്ട്", "മൗനം സമ്മതം" എന്നൊക്കെ പറഞ്ഞ് 'കല്യാണരാമനി'ലെ പ്യാരിയുടെ വരവ്. 'സിഐഡി മൂസ'യെ വട്ടംകറക്കിയ ഭ്രാന്തനും, പെങ്ങളെ കെട്ടിയ സ്ത്രീധന തുക വാങ്ങാനെത്തുന്ന അളിയനും, അബ്ദുവിന്റെ സ്വന്തം ഉസ്മാനും (കിളിച്ചുണ്ടൻ മാമ്പഴം), പട്ടാളവുമായി പോരടിക്കുന്ന ഗബ്ബാർ കേശവനും, പാണ്ടിപ്പട കൂട്ടത്തിനിടയിൽ പാർട്ണർക്കൊപ്പം പെട്ടുപോയ ഉമാകാന്തനുമെല്ലാം ഒരു വലിയ പുസ്തകത്തിലെ പല പേജുകളിലെന്ന പോലെ ഇന്നും നമ്മുടെ നിത്യസംഭാഷണങ്ങളെ കീഴടക്കിക്കൊണ്ടേയിരിക്കുന്നു.


ഹാസ്യത്തിന്റെ ഈ ജൈത്രയാത്ര അവിടെയും തീരുന്നില്ല; ഖജനാവിൽ കയ്യിട്ടു വാരാൻ തയാറെടുക്കുന്ന 'ലയണി'ലെ പൊറ്റക്കുഴി ചെല്ലപ്പനായും, 'തുറുപ്പുഗുലാന്റെ' ചങ്ങാതി ഖാദർ ആന്റ് ഖാദറായും, അന്ധനായ മുതലാളിയെ 'പൊന്നുപോലെ' നോക്കുന്ന 'ഉണ്ണിക്കണ്ണനായും' അദ്ദേഹം ഇന്നും സോഷ്യൽ മീഡിയ റീലുകളെ ഭരിക്കുകയാണ്. 'മായാവി'യിലെ ആശാനായ കണ്ണൻസ്രാങ്ക്, പെൺകുട്ടികളുടെ കോളേജിലേക്ക് സുഹൃത്ത് ശ്യാമിനൊപ്പം പോകുന്ന 'ചോക്ലേറ്റ്' പയ്യൻ പപ്പൻ, റിത്തിക് റോഷന്റെ നാട്ടിലെ നക്സലൈറ്റ് ചന്ദ്രൻ, 'പോക്കിരി രാജ'യുടെ സ്വന്തം നോവലിസ്റ്റ് മനോഹരൻ മംഗളോദയം എന്നിവരും മലയാളികളെ കുടുകുടെ ചിരിപ്പിച്ച അനശ്വര കഥാപാത്രങ്ങളാണ്. എന്നാൽ, വെറും ചിരിയിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ആ അഭിനകാലം. ചിരിക്കപ്പുറം പ്രേക്ഷകരെ കരയിച്ച 'ക്രേസി ഗോപാലനി'ലെ ലക്ഷ്മണൻ, 'മാസ്റ്റേഴ്സി'ലെ ചന്ദ്രപ്പൻ, എല്ലാത്തിനുമുപരി 'അച്ഛനുറങ്ങാത്ത വീട്ടി'ലെ സാമുവലും ആദാമിന്റെ മകൻ അബുവും പ്രേഷകർക്ക് വ്യത്യസ്ത അനുഭവങ്ങളായിരുന്നു.


ഡാൻസ് മാസ്റ്റർ വക്രമായും, മണവാളനായും, ആശാനായും ഒക്കെ രൂപാന്തരം പ്രാപിച്ച സലിം കുമാറിലെ നടന്റെ മുഖം ഒരു ചലച്ചിത്രത്തിലെന്നപോലെ ഇപ്പോൾ നമ്മുടെ മുന്നിൽ മിന്നിമറയുന്നുണ്ടാകും. മലയാളികൾ എന്നും ഓർക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങളെയും ഒരിക്കലും മങ്ങാത്ത ചിരിയും സമ്മാനിച്ചാണ് സലിം കുമാർ യാത്രയാകുന്നത്. ആ കഥാപാത്രങ്ങൾ നമ്മെ ചിരിപ്പിക്കുക മാത്രമല്ല, ചില സമയങ്ങളിൽ ആഴത്തിൽ ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അച്ഛനുറങ്ങാത്ത ആ വീട്ടിൽ സലിം കുമാറിന്റെ ഓർമ്മകൾ ഇനി കാലങ്ങളോളം കഥ പറഞ്ഞുകൊണ്ടേയിരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home