സുഹൃത്തുക്കളെ കബളിപ്പിക്കാൻ ഒളിച്ചിരുന്നു, പക്ഷേ കുടുങ്ങി; കോഴിക്കോട് ഓടയിൽനിന്ന് യുവാവിനെ കണ്ടെത്തിയ സംഭവത്തിൽ ട്വിസ്റ്റ്

ഓടയിൽനിന്ന് അജയ് ഓറോണിനെ രക്ഷപെടുത്തുന്നു
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഓടയിൽനിന്ന് അതിഥിതൊഴിലാളിയായ യുവാവിനെ കണ്ടെത്തിയ സംഭവത്തിൽ ട്വിസ്റ്റ്. ഓടയിൽ വീണതല്ല, സുഹൃത്തക്കളോട് പിണങ്ങി താൻ ഒളിക്കുകയായിരുന്നുവെന്ന് ബംഗാൾ ജൽപായ്‌ഗുരി സ്വദേശി അജയ് ഓറോൺ(26) പൊലീസിനോട് പറഞ്ഞു. പിന്നീട് പുറത്തിറങ്ങാനായില്ലെന്നും യുവാവ് പറഞ്ഞു.
പുഷ്പ ജങ്ഷന് സമീപം ഇന്‍ഡോ അസോസിയറ്റ്‌സ് കെട്ടിടത്തിന് മുമ്പിലെ ഓടയിൽനിന്ന് ശനി പകൽ 11ഓടെയാണ് ഇയാളെ പുറത്തെടുത്തത്. സ്ലാബിന് വശത്തുള്ള ചെറിയ വിടവിലൂടെ കൈ പുറത്തുകണ്ട നാട്ടുകാരാണ് ബീച്ച് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. ഉടൻ സ്ഥലത്തെത്തിയ സംഘം അരമണിക്കൂറിനുള്ളിൽ യുവാവിനെ പുറത്തെത്തിക്കുകയായിരുന്നു.
സ്ലാബുകൾ ഉയർത്തിയാണ് പുറത്തെത്തിച്ചത്. ശരീരമാകെ അഴുക്കുവെള്ളവും ചെളിയുമുണ്ടായിരുന്നെങ്കിലും ആരോഗ്യനില തൃപ്തികരമായിരുന്നു. ചെമ്മങ്ങാട് പൊലീസെത്തി പ്രാഥമിക ചികിത്സയ്ക്കായി ഉടൻ ബീച്ച് ജനറൽ ആശുപത്രിയിൽ എത്തിച്ചു.
അഴുക്കുചാലില്‍ വീണിട്ട് രണ്ട് ദിവസമായെന്ന് അജയ് പറഞ്ഞെങ്കിലും ഇതിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് വിലയിരുത്തിയിരുന്നു. യുവാവ് കുടുങ്ങിക്കിടന്ന സ്ഥലത്തിന് സമീപത്തൊന്നും ഓടയിലേക്ക് ഇറങ്ങാനോ അബദ്ധത്തിൽ വീഴാനോ സാധ്യതയുള്ള മാൻഹോളുകൾ ഇല്ല. ഓടയുടെ മുകൾഭാഗം സ്ലാബുകൾ ഇട്ട് പൂർണമായും മൂടിയ നിലയിലുമായിരുന്നു. ഇതാണ് സംശയത്തിനിടയാക്കിയത്.
ബംഗാളിൽനിന്ന് കണ്ണൂരിലെ ജോലിസ്ഥലത്തേക്ക് വരികയായിരുന്നു അജയ് ഓറോണും സുഹൃത്തുക്കളും. സുഹൃത്തുക്കളുമായി ട്രെയിനിൽവെച്ച് വഴക്കിട്ടെന്നും ശനി പുലർച്ചെ കോഴിക്കോട് എത്തിയപ്പോൾ താൻ ഇറങ്ങി ഓടിയെന്നും യുവാവ് ചോദ്യംചെയ്യലിൽ പറഞ്ഞു. ഓടയുടെ 200 മീറ്ററിനപ്പുറം ചെറിയൊരു വിടവുണ്ട്. അതിനുള്ളിൽ കയറി ഒളിക്കുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു.
കോഴിക്കോട് ബീച്ച് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ കെ അരുണിന്റെ നേതൃത്വത്തിൽ എസ്ടിഒ രഞ്ജിദേവൻ, എഫ്ആര്‍ഒമാരായ പി ബിനീഷ്, ഒ ജലീൽ, ടി പി ഫാസിൽ അലി, വരുൺ രാജ്, നദിം, എച്ച് ജി വിശ്വംഭരൻ എന്നിവരാണ് യുവാവിനെ ഓടയിൽനിന്നും രക്ഷപെടുത്തിയത്.









0 comments