ഇനി നെഞ്ചുകീറാതെ ഹൃദയത്തിലെ സുഷിരം അടയ്ക്കാം; മലബാർ മെഡിക്കൽ കോളേജിൽ അപൂർവനേട്ടം

ഡോ. അനിൽ ജോസ്
കോഴിക്കോട്: ജന്മനായുള്ള ഹൃദ്രോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ ഹൃദയസുഷിരം നെഞ്ചുതുറക്കാതെയുള്ള അത്യാധുനിക ടോട്ടൽ എൻഡോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ വിജയകരമായി പരിഹരിച്ചു. മലബാർ മെഡിക്കൽ കോളേജ് കാർഡിയാക് സർജറി വിഭാഗത്തിലെ ചീഫ് കാർഡിയാക് സർജൻ ഡോ. അനിൽ ജോസിന്റെ നേതൃത്വത്തിലാണ് ഈ അപൂർവനേട്ടം കൈവരിച്ചത്.
സാധാരണയായി ഹൃദയത്തിലെ സുഷിരം അടയ്ക്കുന്നതിന് നെഞ്ചിന്റെ മധ്യഭാഗത്തുള്ള അസ്ഥി മുറിച്ചുമാറ്റിയുള്ള ‘ഓപ്പൺ ഹാർട്ട് സർജറി'യാണ് ചെയ്യാറുള്ളത്. എന്നാൽ നെഞ്ചിന്റെ വലതുവശത്ത് ചെറിയ സുഷിരങ്ങളിലൂടെ എൻഡോസ്കോപ്പ് കാമറയും മെഡിക്കൽ ഉപകരണങ്ങളും കടത്തിവിട്ടാണ് ഈ ശസ്ത്രക്രിയ നടത്തുന്നത്.
വലിയ പാടുകളുണ്ടാകില്ലെന്നതാണ് പ്രത്യേകത. അസ്ഥികൾ മുറിക്കാത്തതിനാൽ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വേദന വളരെ കുറവാണ്. രക്തം നൽകേണ്ട സാഹചര്യവും കുറവായിരിക്കും.
സാധാരണ ശസ്ത്രക്രിയ കഴിഞ്ഞാൽ മാസങ്ങളോളം വിശ്രമം ആവശ്യമായി വരുമ്പോൾ, എൻഡോസ്കോപ്പിക് രീതിയിലൂടെ 4-–5 ദിവസത്തിനകം രോഗിക്ക് ആശുപത്രി വിടാനും രണ്ടാഴ്‌ചയ്ക്കുള്ളിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും സാധിക്കും.










0 comments