പാസ് വേർഡ് വരെ ക്രാക്ക് ചെയ്ത് പരിശോധിക്കാം; സഞ്ചാർ സാഥിക്ക് പിന്നാലെ ആദായനികുതി നിയമം

മൊബൈൽ ഫോണുകളിൽ സഞ്ചാർ സാഥി ആപ് നീക്കാൻ കഴിയാത്തവിധത്തിൽ ഉൾപ്പെടുത്തി ജനങ്ങളുടെ വിവരങ്ങൾ ചോർത്താനുള്ള ശ്രമത്തിൽനിന്ന് കേന്ദ്ര സർക്കാർ പിൻവാങ്ങിയപ്പോഴും ആദായ നികുതി വകുപ്പിന് പൊതു ജനങ്ങളുടെ ഈ മെയിൽ അക്കൌണ്ടിന് അകത്തുവരെ കയറി വിവരങ്ങൾ ശേഖരിക്കാനുള്ള അധികാരം നൽകിയുള്ള നിയമ പരിഷ്കാരം ചർച്ചയില്ലാതെ തുടരുന്നു.
ആറ് പതിറ്റാണ്ട് പഴക്കമുള്ള 1961 ലെ ആദായനികുതി നിയമത്തിന് പകരമായി 2025 ലെ ആദായനികുതി നിയമം സർക്കാർ ഔദ്യോഗികമായി വിജ്ഞാപനം ചെയ്തിട്ട് മാസങ്ങൾ പിന്നിട്ടു. 2026 ഏപ്രിൽ 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. സമീപ വർഷങ്ങളിലെ ഇന്ത്യയിലെ നികുതി വ്യവസ്ഥയിലെ ഏറ്റവും വലിയ പരിഷ്കാരങ്ങളിലൊന്നാണിത്.
ലളിതവൽക്കരണം, കാലഹരണപ്പെട്ട വ്യവസ്ഥകൾ നീക്കം ചെയ്യുക, നിയമപരമായ പദപ്രയോഗങ്ങൾ വെട്ടിക്കുറയ്ക്കുക, വിഭാഗങ്ങളുടെ എണ്ണം കുറയ്ക്കുക എന്നിവയാണ് പ്രഖ്യാപിത ലക്ഷ്യം. എന്നാൽ ഇതിലെ വ്യവസ്ഥകൾ സ്വകാര്യതയെയും വ്യക്തികളുടെ ജീവിതത്തിന് മേലുള്ള അധികാര ദുർവിനിയോഗത്തെയും അംഗീകരിക്കുന്നതാണ്. സോഷ്യൽ മീഡിയ അക്കൌണ്ടുകളിൽ വരെ കടന്നു കയറാനുള്ള അധികാരത്തിന് നിയമ സുരക്ഷ ഉറപ്പാക്കുന്നു.
2023 മേയിലാണ് കേന്ദ്രസര്‍ക്കാര്‍ സഞ്ചാര്‍ സാഥി പോര്‍ട്ടല്‍ ആരംഭിക്കുന്നത്. വ്യാജ ഫോണുകള്‍ തടയുക എന്നതായിരുന്നു പ്രധാന ലക്ഷ്യമെന്നായിരുന്നു സർക്കാർ അവകാശപ്പെട്ടിരുന്നത്. വ്യാജമായതോ തട്ടിപ്പിൽ ഉൾപ്പെട്ടതോ ആയ ഐഎംഇഐ നമ്പരുള്ള ഫോണല്ല ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുന്നതിനാണിതെന്നും തട്ടിപ്പുകോളുകൾ റിപ്പോർട്ട് ചെയ്യാനും നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാനും ഈ ആപ് സഹായിക്കും എന്നായിരുന്നു വാദം. പുറത്തു വന്നപ്പോൾ ജനങ്ങളുടെ സ്വകാര്യതയിൽ കയറി നിരീക്ഷണം ഉറപ്പാക്കുന്നതിനുള്ള തന്ത്രമാണ് എന്നത് പകൽ പോലെ വെളിച്ചപ്പെട്ടു.
പുതിയ ആദായ നികുതി നിയമത്തിലെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന മാറ്റങ്ങളിലൊന്ന് "വെർച്വൽ ഡിജിറ്റൽ സ്പേസ്" എന്നതിന്റെ പുതിയ നിർവചനമാണ്. നികുതി ഉദ്യോഗസ്ഥർക്ക് പരിശോധനയിലും പിടിച്ചെടുക്കലിലും ഭൗതിക പേപ്പറുകൾ മാത്രമല്ല, ഡിജിറ്റൽ രേഖകളും ആക്‌സസ് ചെയ്യാൻ കഴിയുമെന്ന് നിയമം വ്യക്തമായി പറയുന്നു. ഇതിൽ ഇ-മെയിലുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, ക്ലൗഡ് സ്റ്റോറേജ്, ബാങ്കിംഗ്, ട്രേഡിംഗ്, നിക്ഷേപ അക്കൗണ്ടുകൾ എന്നിവ ഉൾപ്പെടുന്നു.
പാസ് വേർഡ് വരെ ക്രാക്ക് ചെയ്യാം
നിയമത്തിലെ ഏറ്റവും വിവാദപരമായ ഭാഗം "പാസ്‌വേഡ് ഓവർറൈഡ്" നിബന്ധനയാണ്. ഒരു നികുതിദായകൻ പാസ്‌വേഡോ ആക്‌സസ് കോഡോ പങ്കിടാൻ വിസമ്മതിച്ചാൽ സാങ്കേതിക മാർഗങ്ങളിലൂടെ അത് മറികടന്ന് നേരിട്ട് ഡാറ്റ എക്‌സ്‌ട്രാക്റ്റുചെയ്യാൻ ഉദ്യോഗസ്ഥർക്ക് അനുവാദമുണ്ടാകും. ഏപ്രിൽ മുതൽ ഈ നിയമം നടപ്പാകും.
ഡിജിറ്റൽ ആക്‌സസിന്റെ വിശാലമായ നിർവചനവും പാസ്‌വേഡുകൾ മറികടക്കാനുള്ള അധികാരവും മനപൂർവ്വം കൂട്ടിച്ചേർത്താണ് എന്നത് വ്യക്തമാണ്. അംഗീകാര പ്രക്രിയ, ഡാറ്റ സുരക്ഷ, ജുഡീഷ്യൽ മേൽനോട്ടം, ഓഡിറ്റ് ട്രെയിലുകൾ, ന്യായമായ അപ്പീൽ സംവിധാനം ഇവയൊന്നും നിയമം മുഖവിലയ്ക്ക് എടുത്തിട്ടില്ല. പൌരൻമാർക്ക് എന്ത് സ്വകാര്യത എന്ന സമീപനമാണ്. ഉദ്യോഗസ്ഥർക്ക് ആരുടെ സ്വകാര്യതയിലും നിയമത്തിന്റെ ബലത്തിൽ തന്നെ കടന്നു കയറാം.
പഴയ ആദായനികുതി നിയമത്തിലും ഇലക്ട്രോണിക് രേഖകൾ പരിശോധിക്കാൻ അധികാരങ്ങൾ ഉണ്ടായിരുന്നുവെന്നാണ് സർക്കാരിന്റെ വിശദീകരണം. എന്നാൽ, പുതിയ ബിൽ പാസ്‌വേഡ് മറികടക്കൽ പോലുള്ള കാര്യങ്ങൾ വ്യക്തമായി നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നു.
നിലവിലുള്ള നിയമ ചട്ടക്കൂടിൽ, 1961 ലെ നിയമത്തിലെ സെക്ഷൻ 132 പ്രകാരമുള്ള സെർച്ചും പിടിച്ചെടുക്കൽ നടപടികളും കൂടുതലും ഭൗതിക സ്ഥലങ്ങൾ, രേഖകൾ, മൂർത്തമായ സ്വത്ത് എന്നിവയിൽ മാത്രമായിരുന്നു. പുതിയ ബിൽ ഈ അധികാരങ്ങൾ ഡിജിറ്റൽ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നു. അറിയിപ്പോ വാറണ്ടോ ഇല്ലാതെ വെർച്വൽ സ്‌പെയ്‌സുകളിലേക്ക് ആക്‌സസ് ചെയ്യാൻ അധികാരികളെ ഇത് നിയമപരമായി പ്രാപ്തമാക്കുന്നു. ഇന്ത്യയിലായാലും വിദേശത്തായാലും, ഒരു വ്യക്തിക്ക് വെളിപ്പെടുത്താത്ത വരുമാനമോ ആസ്തികളോ ഉണ്ടെന്ന് "വിശ്വസിക്കാൻ വല്ല കാരണമുണ്ടെങ്കിൽ" സെർച്ച്, പിടിച്ചെടുക്കൽ പ്രവർത്തനങ്ങൾ നടത്താൻ നികുതി അതോറിറ്റിക്ക് അധികാരമുണ്ട്. ഡിജിറ്റൽ സ്പേസിൽ പാസ് വേർഡ് പോലും മറികടക്കാം.
2023 ലെ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ടിന്റെ ('DPDP ആക്റ്റ്') നഗ്നമായ ലംഘനമാണ് ഇതെന്ന് വ്യക്തമായിട്ടും സഞ്ചാർ സാഥിക്ക് പിന്നാലെ ഈ നിയമം വ്യക്തികളുടെ സ്വകാര്യതയെ വെച്ച് വിലപേശുകയാണ്. ധാർമ്മികവും ഭരണഘടനാപരവുമായ അവകാശ പ്രശ്നങ്ങളും ഇത് ഉയർത്തുന്നു.
സഞ്ചാർ സാഥി മൊബൈൽ ഫോണുമായി ബന്ധപ്പെട്ടതായതിനാൽ വലിയ ചർച്ചകൾ ഉയർന്നതോടെ സർക്കാരിന് തത്കാലം പിൻവാങ്ങേണ്ടി വന്നു. എന്നാൽ ഇൻകം ടാക്സ് എന്നത് നേരിട്ട് പൊതുജനങ്ങളെ പരക്കെ ബാധിക്കുന്നതല്ല എന്നതിനാൽ ചർച്ചകൾ ഇല്ലാതെ തുടരുന്നു.











0 comments