ജൂലിയസ് മാനുവൽ കഥ പറയുമ്പോൾ

ജൂലിയസ് മാനുവൽ
പി സി പ്രശോഭ്
Published on Sep 07, 2026, 03:34 PM | 3 min read
ആർപ്പൂക്കരയിൽനിന്നൊരു ലോകകഥാകാരൻ – അതാണ് ജൂലിയസ് മാനുവൽ. ചരിത്രം പറയുന്നത് ജൂലിയസാണെങ്കിൽ, കേൾവിക്കാർ മുത്തശിക്കഥ കേൾക്കുന്ന കുഞ്ഞിനെപ്പോലാകും. ആമസോൺ പര്യവേഷണവും നൈൽ യാത്രകളും ഹാനിബാളിന്റെ പടയോട്ടവും മഗല്ലന്റെ യാത്രകളുമെല്ലാം അദ്ദേഹത്തിന്റെ യുട്യൂബ് വീഡിയോകളിൽ കേട്ടവർ, അല്ല, അനുഭവിച്ചറിഞ്ഞവർ ലക്ഷങ്ങളാണ്. ആർപ്പൂക്കരയിലെ വീട്ടിലെ സ്വന്തം മുറിയിലിരുന്ന് പ്രേക്ഷകരെ ലോകം കാണിക്കുന്ന ജൂലിയസ് മാനുവലിനൊപ്പം അൽപനേരം.
ചരിത്രം പഠിക്കാനുള്ളതല്ല, അനുഭവിക്കാനുള്ളതാണെന്നാണ് ആർപ്പൂക്കര കുത്തുകല്ലുങ്കൽ വീട്ടിൽ ജൂലിയസ് മാനുവലിന്റെ പക്ഷം. ഫോറസ്‌റ്ററായിരുന്ന മുത്തച്ഛൻ കെ ഇ വർക്കിയുടെ സാഹസിക കഥകൾ കേട്ടു വളർന്നപ്പോൾ അത്തരം കഥകളോടായി ഭ്രമം. അത് ജൂലിയസിനെ ഒന്നാന്തരം കഥപറച്ചിലുകാരനാക്കി. ഇന്ന് Julius Manuel His–Stories എന്ന യുട്യൂബ് ചാനലിൽ ചരിത്രസംഭവങ്ങൾ വിവരിക്കുന്ന 299 വീഡിയോകളുണ്ട്. 5.78 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. കാഴ്‌ചക്കാർ ഒട്ടുമിക്കവരും ജൂലിയസ് "അച്ചായ'ന്റെ കട്ട ഫാൻസ്. കുറേദിവസം പുതിയ വീഡിയോ കാണാതിരുന്നാൽ അവർ പരിഭവിക്കും. വീഡിയോ തേടി വീട്ടിലേക്ക് ഫോൺ കോളുകളെത്തും.
രസകരം, പ്രേക്ഷകരുടെ പ്രതികരണങ്ങൾ
അര മണിക്കൂർ ദൈർഘ്യമുള്ള വീഡിയോ ഇട്ടാൽ, ഇത് പോരാ ഒരു മണിക്കൂർ നീളമുള്ള വീഡിയോ ഇടണമെന്ന കമന്റായിരിക്കും അധികവും. പറയാൻ വിഷയം കിട്ടിയില്ലെങ്കിൽ സാരമില്ല, നിങ്ങൾ ചുമ്മാ വന്നുനിന്ന് എന്തെങ്കിലും പറഞ്ഞാൽ മതിയെന്ന് പറയുന്നവരുമുണ്ട്. "തിമിംഗലവേട്ട – നോട്ടിക്കൽ മർഡർ' എന്ന വീഡിയോയുടെ ദൈർഘ്യം മൂന്ന് മണിക്കൂർ ഒമ്പത് മിനിറ്റാണ്. ഇത്രയും നേരം ഒരാളിരുന്ന് കഥപറയുന്നത് ആര് കാണാനാണ് എന്ന് ചോദിക്കാൻ വരട്ടെ. തിമിംഗലവേട്ട കണ്ടത് 21 ലക്ഷം പേരാണ്.
ഇൗജിപ്‌ഷ്യൻ ചരിത്രം, അധോലോകം, പര്യവേഷണം, ജാപ്പനീസ് ചരിത്രം, ചരിത്രാതീത ലോകം, വേട്ടക്കഥകൾ, കടൽക്കൊള്ളക്കാർ, കുറ്റാന്വേഷണം എന്നിങ്ങനെ ചരിത്രസംഭവങ്ങൾ കേൾക്കാൻ താൽപര്യമുള്ളവർക്ക് വേണ്ടതെല്ലാം ഹിസ്–സ്‌റ്റോറീസ് ചാനലിലുണ്ട്. ചിലത് വീഡിയോ സീരിസാണ്. ചിലത് ഒരു വീഡിയോയിൽ തീരും. ഫ്രാൻസിസ്‌കോ ഒറിയാനയുടെയും പോൾ ഡുഷെയുവിന്റെയും സാഹസയാത്രകൾ പ്രേക്ഷകരെ ത്രില്ലിടിപ്പിക്കും. ദ്വീപിൽ ഒറ്റപ്പെട്ട് പോയ അലക്‌സാണ്ടർ സെൽകിർക്കിന്റെയും മഡഗാസ്‌കർ ദ്വീപിൽ അടിമയായി ജീവിച്ച റോബർട്ട് ഡ്രൂറിയുടെയുമെല്ലാം കഥ അക്ഷരാർഥത്തിൽ പ്രേക്ഷകരെ വിസ്‌മയിപ്പിക്കും.
""ചരിത്രം വിശദമായി കേൾക്കണമെന്നുള്ളവർക്കാണ് എന്റെ ചാനൽ.'' – ജൂലിയസ് പറയുന്നു. ""ചെറുപ്പത്തിൽ കൂട്ടുകാരോടൊപ്പം യാത്ര പോകുന്നതിനിടെ ഏതെങ്കിലും സ്ഥലം കണുമ്പോൾ അവിടെ പണ്ട് നടന്ന സംഭവത്തെക്കുറിച്ച് ഞാൻ പറയും. അതിന്റെ ഇപ്പോഴത്തെ ശേഷിപ്പുകൾ കാണിച്ചുകൊടുക്കും. അത് കേൾക്കാൻ പിന്നീട് കൂട്ടുകാർക്ക് താൽപര്യമായി. കൂടുതൽ കൂടുതൽ ചരിത്രം പറയാൻ എനിക്കും.''
ജൂലിയസ് മാനുവൽ വീട്ടിലെ സ്റ്റുഡിയോ മുറിയിൽ
ചില സബ്‌സ്‌ക്രൈബേഴ്‌സ് ആർപ്പൂക്കര വഴി പോകുമ്പോൾ ജൂലിയസിന്റെ വീട് തപ്പിപ്പിടിച്ച് വരാറുണ്ട്. പലർക്കും ജീവിതത്തോടുള്ള കാഴ്‌ചപ്പാട് തന്നെ തന്റെ വീഡിയോകളിലൂടെ മാറിയെന്ന് കേൾക്കുന്നത് വലിയ ചാരിതാർഥ്യമാണ് നൽകുന്നതെന്ന് ജൂലിയസ് പറയുന്നു. ""ഉറങ്ങാൻ എന്റെ കഥ കേൾക്കണമെന്ന് നിർബന്ധമുള്ളതായി ചിലർ കമന്റ് ചെയ്യാറുണ്ട്. ഉറങ്ങാനുള്ളതല്ല, ഉണർത്താനുള്ളതാണ് എന്റെ വീഡിയോകൾ.
ഒരിക്കൽ പ്രായമായ ഒരു സ്‌ത്രീ നേരിൽ കണ്ടപ്പോൾ പറഞ്ഞു, അവരുടെ ഭർത്താവ് മരിച്ചപ്പോൾ വിഷമം മാറ്റാൻ മകൾ എന്റെ വീഡിയോസ് കാണാൻ കൊടുത്തെന്ന്. ചിലർ അവരുടെ ജീവിതവീക്ഷണമേ മാറിയെന്ന് പറയുന്നത് ഏറെ സന്തോഷകരമാണ്.''
പുസ്‌തകങ്ങളിൽ ചരിത്രം പരതൽ
ചരിത്രസംഭവത്തിലെ ഓരോ പൊട്ടും പൊടിയും തപ്പിയെടുക്കുക എന്നത് ശ്രമകരമാണ്. എന്നാൽ കഥ സമഗ്രമാക്കാൻ ഒരു വീഡിയോയ്‌ക്ക് 10 പുസ്‌തകങ്ങൾ വരെ വായിക്കേണ്ടി വന്നിട്ടുണ്ടെന്ന് ജൂലിയസ് പറയുന്നു. എല്ലാ വീഡിയോയുടെയും അവസാനം, താൻ ആധാരമാക്കിയ ഗ്രന്ഥങ്ങൾ ഏതൊക്കെയെന്ന് പറയാറുണ്ട്. ഉൗഹങ്ങൾ പറയുക, കാഴ്‌ചക്കാരെ വികാരം കൊള്ളിക്കാൻ എരിവും പുളിയും ചേർക്കുക എന്നതൊന്നും ജൂലിയസിന്റെ ശൈലിയല്ല.
വീട്ടിലെ ഒരു മുറിയാണ് ജൂലിയസിന്റെ സ്‌റ്റുഡിയോ. ആറ് വർഷം മുമ്പ് മീനുളിയൻപാറയെക്കുറിച്ച് ഇട്ട വീഡിയോയിലൂടെയാണ് തുടക്കം. പീർ ബക്ഷ് എന്ന കൊലയാളി ആനയുടെ കഥ പറയുന്ന വീഡിയോ മില്യൻ വ്യൂ കടന്ന് ഹിറ്റായി. അങ്ങനെ വീഡിയോയുടെ നീളവും കൂടിക്കൂടി വന്നു. വീഡിയോ എഡിറ്റ് ചെയ്യുന്നതും എഐ ദൃശ്യങ്ങൾ കയറ്റുന്നതുമെല്ലാം ജൂലിയസ് തനിച്ചാണ്. എഐ ദൃശ്യങ്ങൾ ഒഴിവാക്കണമെന്ന് പ്രേക്ഷകർതന്നെ ആവശ്യപ്പെട്ടു. കഥ കേൾക്കുമ്പോൾ അവർ സങ്കൽപിക്കുന്ന ദൃശ്യങ്ങൾ കാണാനാണ് അവർക്കിഷ്‌ടം.
അധ്യാപനത്തിലൂടെ തുടക്കം
കഥ പറച്ചിലിന് അധ്യാപകവൃത്തി തന്നെ സഹായിച്ചിട്ടുണ്ടെന്ന് ജൂലിയസ് പറഞ്ഞു. ഫിസിക്‌സ് ആയിരുന്നു വിഷയം. മെഡിക്കൽ കോളേജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് ആദ്യം അധ്യാപകനായത്. ജില്ലയിൽ ഏഴ് സ്‌കൂളുകളിൽ താൽകാലിക അധ്യാപകനായി. പിന്നീട് ഗൾഫിൽ കുറച്ചുകാലം. അതിനു ശേഷം പിതൃസഹോദരനൊപ്പം അമേരിക്കയിൽ. അവിടെനിന്ന് തിരിച്ചു വന്നതിനു ശേഷമാണ് യുട്യൂബ് വീഡിയോകൾ ചെയ്‌തുതുടങ്ങിയത്.
"എന്റെ കഥകളിലുള്ളവരുടെ അതിജീവനം ജീവിതത്തിൽ ആരുടെയെങ്കിലും അതിജീവനത്തിന് പ്രേരണയായെങ്കിൽ അതാണ് ഏറ്റവും വലിയ നേട്ടം. ഞാനിവിടെ ജീവിച്ചിരുന്നു എന്ന് നാട്ടുകാർ നാളെയും ഓർക്കണം.'' – ജൂലിയസ് പറഞ്ഞു.









0 comments