ad
Deshabhimani

ടോൾ പിരിവിൽ തട്ടിപ്പ്; ഫാസ്ടാഗ് ഒഴിവാക്കി നേരിട്ട് പണം നൽകരുതെന്ന് ഇ ഡി മുന്നറിയിപ്പ്

fastag
വെബ് ഡെസ്ക്

Published on Sep 07, 2026, 03:36 PM | 1 min read

ന്യൂഡൽഹി: ടോൾ പ്ലാസകളിൽ ഫാസ്ടാഗ് സ്‌കാനിങ്ങിന് പകരം നേരിട്ട് പണം നൽകുമ്പോൾ തുക നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക അക്കൗണ്ടുകളിൽ എത്താതെ സ്വകാര്യ അക്കൗണ്ടുകളിലേക്ക് വഴിമാറുന്ന തട്ടിപ്പ് നടക്കുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. യാത്രക്കാരിൽനിന്ന് പണം വാങ്ങിയ ശേഷം വ്യാജ രസീതുകൾ നൽകുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.


പണം നൽകുന്ന വാഹനയാത്രികർക്ക് വ്യാജ രസീതുകൾ തയ്യാറാക്കാൻ ചില ടോൾ ഓപ്പറേറ്റർമാർ ‘മൊബ്ഡാറ്റ’, ‘എനി’ തുടങ്ങിയ അനധികൃത മൊബൈൽ ആപ്പുകൾ ഉപയോഗിച്ചതായാണ് കണ്ടെത്തൽ. ഈ ആപ്പുകൾ വഴി രേഖപ്പെടുത്തുന്ന പിരിവ് എൻഎച്ച്എഐയുടെ ഔദ്യോഗിക കണക്കുകളിൽ ഉൾപ്പെടില്ല.


രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ടോൾ പ്ലാസകളിൽ സമാന തട്ടിപ്പുകൾ നടക്കുന്നതായും ഇഡി കണ്ടെത്തി. ഫാസ്ടാഗിലേക്ക് പൂർണമായും മാറാത്ത പഴയ വാഹനങ്ങളുടെയും ട്രക്കുകളുടെയും ഡ്രൈവർമാരാണ് പ്രധാനമായും ഇരകളാകുന്നത്. ഫാസ്ടാഗ് സ്‌കാൻ ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലോ സാങ്കേതിക തകരാറുണ്ടാകുമ്പോഴോ സാധുവായ ഫാസ്ടാഗുള്ള വാഹനയാത്രികർ പോലും നേരിട്ട് പണം നൽകേണ്ടിവരുന്ന സാഹചര്യം തട്ടിപ്പുകാർ മുതലെടുക്കുന്നതായാണ് കണ്ടെത്തൽ.


ഉത്തർപ്രദേശിലെ മിർസാപൂരിലുള്ള ആട്രൈല ടോൾ പ്ലാസയിലടക്കം രാജ്യത്തെ വിവിധ ടോൾ പ്ലാസകളിൽ പിരിവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ നടക്കുന്നതായ പരാതികളുടെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം ആരംഭിച്ചത്.


അന്വേഷണത്തിന്റെ ഭാഗമായി ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഇ ഡി പരിശോധന നടത്തി. പിടിച്ചെടുത്ത ഉപകരണങ്ങളുടെ ഫൊറൻസിക് പരിശോധനയിൽ ഏകദേശം 100 ടോൾ പ്ലാസകളിൽ അനധികൃത ആപ്പുകൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി.


പരിശോധനകളിൽ ഇതുവരെ ഏകദേശം 1.03 കോടി രൂപ ഇഡി പിടിച്ചെടുത്തിട്ടുണ്ട്. ഇടനിലക്കാരുടെയും എൻഎച്ച്എഐ ചുമതലപ്പെടുത്തിയ ചില ടോൾ ഓപ്പറേറ്റർമാരുടെയും പങ്കും അന്വേഷിക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home