വിരട്ടല്‍ വിലപ്പോകില്ല


സ്വന്തം ലേഖകൻ
Published on Sep 11, 2026, 12:34 PM | 2 min read
ന്യൂഡൽഹി: സ്വന്തം പാർടിവിട്ട് ബിജെപിയിൽ ചേർന്ന നേതാക്കൾക്കെതിരായ കേസുകൾ തേച്ചുമായ്‌ച്ച് കളയുന്നതിൽ ഇഡി പ്രദർശിപ്പിച്ചത് അസാധാരണ ‘പ്രൊഫഷണൽ മികവ്.’ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എൻസിപി, ശിവസേന തുടങ്ങിയ പാർടികളുടെ പ്രമുഖ നേതാക്കളെ കേന്ദ്രഏജൻസികളെ കാണിച്ച് വിരട്ടി ബിജെപിയിലെത്തിച്ചശേഷം കേസുകൾ റദ്ദാക്കും. കളങ്കിതരായ നേതാക്കളെ ബിജെപിയിലേക്ക് കൊണ്ടുവന്ന് അവരുടെ കളങ്കം കഴുകികളയുന്ന ‘വാഷിങ്‌മെഷീ’നാണ് ഇഡിയെന്ന ആക്ഷേപം ഉയർന്നത് ഇൗ സാഹചര്യത്തിൽ.
ശാരദാ ചിട്ടിതട്ടിപ്പ് കേസിൽ അസം മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഹിമന്ത ബിസ്വ സർമയെയും ഭാര്യയെയും സിബിഐയും ഇഡിയും വളഞ്ഞിരുന്നു. 2015ൽ ബിസ്വ സർമ ബിജെപിയിൽ ചേർന്നതോടെ തുടർനടപടി അവസാനിപ്പിച്ചു. തൃണമൂൽ കോൺഗ്രസ് നേതാവായിരിക്കെ നാരദാ കേസിൽ സുവേന്ദു അധികാരിയും സിബിഐ, ഇഡി വലയിലായിരുന്നു. 2020ൽ അദ്ദേഹം ബിജെപിയിൽ ചേർന്നതോടെ കേസ് ആവിയായി. എൻസിപി നേതാവ് പ്രഫുൽപട്ടേലിനെതിരെ എയർഇന്ത്യ, ഇന്ത്യൻ എയർലൈൻസ് ഇടപാടുമായി ബന്ധപ്പെട്ട് സിബിഐയും ഇഡിയും അന്വേഷണം തുടങ്ങി. 2023ൽ അദ്ദേഹം എൻഡിഎയയുടെ ഭാഗമായതോടെ ക്ലീൻചിറ്റ് നൽകി അന്തിമറിപ്പോർട്ട് സമർപ്പിച്ചു. മഹാരാഷ്‌ട്ര സംസ്ഥാന സഹകരണ ബാങ്ക് കേസിൽ എൻസിപിയുടെ അജിത് പവാറിനെതിരായ ഇഡി കേസ് 2023ൽ അദ്ദേഹം ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന്റെ ഭാഗമായതോടെ കുഴിച്ചുമൂടി.
വ്യാജപ്രചാരണങ്ങളുടെ പുകമറ സൃഷ്ടിച്ച് എതിർശബ്ദങ്ങളെ വരുതിയിലാക്കാമെന്നാണ് കേന്ദ്രത്തിന്റെയും അവരുടെ കടലാസുപുലിയായ അന്വേഷണ ഏജൻസികളുടെയും വ്യാമോഹം. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ ബിജെപി അഴിച്ചുവിടുന്ന നുണകളിലും അതിനനുസരിച്ച് വാർത്ത മെനയുന്ന വലതുപക്ഷ മാധ്യമങ്ങൾക്കുമുമ്പിലും കേരളം മുട്ടുമടക്കില്ല
ആദർശ് ഹൗസിങ് കേസിൽ കുടുങ്ങിയ കോൺഗ്രസ് നേതാവ് അശോക് ചവാൻ 2024ൽ ബിജെപിയിൽ ചേർന്നതോടെ നടപടി മരവിപ്പിച്ചു. ശിവസേന നേതാക്കളായ ഭാവനാ ഗവാലി, പ്രതാപ് സർനായക്, എൻസിപി നേതാക്കളായ ഹസൻ മുഷ്‌റിഫ്, ഛഗൻ ഭുജ്‌ബൽ തുടങ്ങിയവർ സംസ്ഥാനത്തെ ബിജെപി സർക്കാരിന്റെ ഭാഗമായതോടെ കേസിൽ വെള്ളം ചേർത്തു.
കേന്ദ്രത്തിൽ ബിജെപി അധികാരം നിലനിർത്തുന്നതുപോലും ചന്ദ്രബാബു നായിഡുവിനെ പോലെയുള്ള നേതാക്കളെ ഇഡിയെ കാണിച്ച് വിരട്ടിയാണെന്ന ആക്ഷേപവും ശക്തം. 2023 സെപ്‌തംബറിൽ നൈപുണ്യ വികസന കോർപറേഷൻ കേസിൽ ആന്ധ്രാപ്രദേശ് സിഐഡി ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്‌തിരുന്നു. കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോയെന്നും അന്വേഷിച്ചു. എന്നാൽ, 2023ൽ ചന്ദ്രബാബുനായിഡു വീണ്ടും എൻഡിഎയുടെ ഭാഗമായതോടെ അദ്ദേഹത്തെ ഒഴിവാക്കി ഇഡി അനുബന്ധ കുറ്റപത്രം സമർപ്പിച്ചു.
കുറ്റക്കാരെ മാപ്പുസാക്ഷികളാക്കും
തിരുവനന്തപുരം: സിപിഐ എമ്മിനെയും നേതാക്കളെയും കുടുക്കാൻ ഏതുവിധേനയും കേസിലുൾപ്പെടുത്തണമെന്ന് വാശിപിടിക്കുന്ന ഇഡി നടപടിക്ക് ഉദാഹരണമാണ് കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ടത്. പ്രതിപ്പട്ടികയിൽ സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറി എന്നുണ്ട്; പേരില്ല. ആരാണോ സെക്രട്ടറിയാകുന്നത് അവർ പ്രതിയാകും എന്നർഥം.
കരുവന്നൂർ ബാങ്ക് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ബാങ്ക് സെക്രട്ടറിയെയും മാനേജരെയുമാണ് കുറ്റക്കാരായി കണ്ടെത്തിയത്. അവർ ജയിലിലടക്കപ്പെട്ടു. അവരെ സിപിഐ എമ്മിൽനിന്ന് പുറത്താക്കി. കേസ് ഇഡി ഏറ്റെടുത്തതോടെ പ്രതികൾ മാപ്പുസാക്ഷികളായി. വിചിത്രമായിരുന്നു പിന്നീട് കാര്യങ്ങൾ. സിപിഐ എം നേതാക്കൾ പറഞ്ഞിട്ടാണ് വായ്‌പ നൽകിയതെന്ന് മാപ്പുസാക്ഷികളാക്കാൻ എഴുതിവാങ്ങി. അങ്ങനെ പ്രതികൾ മാപ്പുസാക്ഷികളും ഇതുമായി ബന്ധമില്ലാത്ത സിപിഐ എം നേതാക്കളായ കെ രാധാകൃഷ്‌ണൻ, എം എം വർഗീസ്, എ സി മൊയ്‌തീൻ, കെ വി അബ്ദുൾഖാദർ എന്നിവർ പ്രതികളുമായി. തുടർവാർത്തകൾ അപസർപ്പക കഥകളെ വെല്ലുന്നതായിരുന്നു. അന്വേഷണവിവരങ്ങൾ സാധാരണ ഒരു ഏജൻസിയും വാർത്താക്കുറിപ്പായി പുറത്തുവിടാറില്ല. അന്വേഷണം തീരുംവരെ രഹസ്യസ്വഭാവമുണ്ടാകും. പക്ഷേ ഇഡിയുടെ ലക്ഷ്യം സിപിഐ എം നേതാക്കളെയും പാർടിയെയും തേജോവധം ചെയ്യൽ ആയിരുന്നതിനാൽ വാർത്താക്കുറിപ്പുകൾ യഥേഷ്‌ടം. രഹസ്യവിവരങ്ങളെന്ന പേരിൽ ഇല്ലാക്കഥകൾ മാധ്യമങ്ങൾക്ക് നൽകി വാർത്തകൾ സൃഷ്‌ടിച്ചു. കെ വി അബ്ദുൾഖാദർ അക്കാലത്ത് പാർടി ജില്ലാ സെക്രട്ടറിയല്ലെങ്കിലും സെക്രട്ടറിയായപ്പോൾ പ്രതിപ്പട്ടികയിൽവന്നു.









0 comments