ad
Deshabhimani

ഓർമകളിൽ നൊമ്പരം; കലാഭവൻ മണിയു‌ടെ ഓർമകൾക്ക് പത്ത് വർഷം

kalabhavan mani.
avatar
കൃഷ്ണപ്രിയ സി വി

Published on Mar 06, 2026, 01:19 PM | 2 min read

കുമരങ്കരിയിലെ തണുത്ത രാത്രികളിൽ വള്ളത്തിലിരുന്നു ക്ലാർനെറ്റ് വായിക്കുന്ന ലൂയി പാപ്പനെ എങ്ങനെയാണ് മലയാളിയ്ക്ക് അത്ര വേ​ഗം മറക്കാനാവുക. അഭിനയത്തോടൊപ്പം ജീവിതത്തിലും സം​ഗീതത്തെ ജീവനോളം സ്നേഹിച്ച മനുഷ്യൻ. 2016 ലെ ഒരു ഉത്സവകാലത്താണ് കലാഭവൻ മണിയെ മലയാളക്കരയ്ക്ക് നഷ്ടമാകുന്നത്.. പത്ത് വർഷങ്ങൾക്കിപ്പുറവും മണിയെ മറന്ന് ഒരു ഉത്സവകാലവും കടന്നു പോകുവാൻ മലയാളിക്ക് ആയിട്ടില്ല.. പടവെട്ടി നേ‌ടിയെടുത്ത ജീവിതത്തിൽ നിന്നാണ് കലാഭവൻ മണി എന്ന അതുല്യ കലാകാരൻ പിറവിയെടുക്കുന്നത്. സാധാരണക്കാരന് അവനോളം താരതമ്യം ചെയ്യാന്‍ കഴിയുന്ന ന‌ടന്മാരിൽ കലാഭവൻ മണിയല്ലാതെ മറ്റൊരു നടനുണ്ടോ എന്നത് സംശയമാണ്. അഭിനയംകൊണ്ടും നാടൻപാട്ടുകൊണ്ടും മനുഷ്യരോ‌ടുള്ള ഇടപെടൽകൊണ്ടും ​കലാഭവൻ മണി മലയാള സിനിമയിൽ വേറിട്ടു നിന്നു. തൊണ്ണൂറുകളില്‍ പാട്ട് കേള്‍ക്കാനായി മലയാളി ആശ്രയിച്ച കാസറ്റുകളില്‍ കലാഭവന്‍ മണിയും അദ്ദേഹത്തിന്‍റെ നാടന്‍പാട്ടുകളും പാരഡികളും നിറഞ്ഞു നിന്നു.


മിമിക്രി വേദികളിൽ നിന്നാണ് മണിയെ മലയാള സിനിമ സ്വന്തമാക്കുന്നത്. പിന്നീട് ഇങ്ങോട്ട് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും മികച്ച പ്രകടനം കൊണ്ട് മണി ആരാധകരെ സൃഷ്ടിച്ചു. പ്രശസ്തിയുടെ കൊടുമുടി കയറുമ്പോഴും മണി വന്ന വഴി മറന്നില്ല. തന്റെ നാടായ ചാലക്കുടിയേയും അന്നാട്ടുക്കാരെയും മണി എന്നും നെഞ്ചോട് ചേർത്തു വെച്ചു. ‘അക്ഷരം’ എന്ന ചിത്രത്തിലെ ഓട്ടോഡ്രൈവറുടെ കഥാപാത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കുള്ള കലാഭവൻ മണിയുടെ അരങ്ങേറ്റം. ‘സല്ലാപം’ എന്ന ചിത്രത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷം മണിയെ കൂടുതൽ ശ്രദ്ധേയനാക്കി. കരുമാടിക്കുട്ടൻ’, ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്നീ ചിത്രങ്ങളിലെ കലാഭവൻ മണിയുടെ അസാമാന്യ പ്രകടനങ്ങൾ ചലച്ചിത്ര ലോകത്ത് മണിയ്ക്കായി പ്രത്യേക ഇരിപ്പിടം ഒരുക്കി.


ദില്ലിവാലാ രാജകുമാരനിലെ മ്യാന്മമാരെ മനസിലായാ മ്യാക്കൾക്ക് എന്ന ഡയലോ​ഗ് പറയാത്ത മലയാളികളുണ്ടാകുമോ? സമ്മർ ഇൻ ബത്ലഹേമിലെ മോനായി, കുബേരനിലെ രാമാനുജൻ, ഛോട്ടാ മുംബൈയിലെ സി ഐ നടേശൻ അങ്ങനെ എത്ര എത്ര കഥാപാത്രങ്ങൾ.. 1999ൽ ഇറങ്ങിയ മൈ ഡിയർ കരടി എന്ന ചിത്രത്തിൽ മണി അവതരിപ്പിച്ച മൃ​ഗശാല സൂക്ഷിപ്പുക്കാരൻ കരടിയുടെ വേഷത്തിലെത്തിയത് നമ്മെയെല്ലാം എത്രമാത്രമാണ് ആനന്ദിപ്പിച്ചത്. വർഷങ്ങൾക്കിപ്പുറം മലയാള സിനിമ സ്ഥിരം പാറ്റേണിൽ നിന്നും മാറി നടന്നപ്പോൾ മണിയും ഒപ്പം കൂടി. അങ്ങനെയാണ് ബാച്ച്ലർ പാർട്ടിയിലെ അയ്യപ്പനും ആമേനിലെ ലൂയി പാപ്പനുമൊക്കെ പിറക്കുന്നത്.


മണി എന്ന കലാകാരനിലെ വില്ലൻമുഖത്തെ കൂടുതൽ ജനപ്രിയമാക്കിയത് തമിഴ് ചലച്ചിത്ര ലോകമാണ്. ചരൺ സംവിധാനം ചെയ്ത ജെമിനി എന്ന ചിത്രത്തിലൂടെ കലാഭവൻ മണി തമിഴകത്ത് തന്‍റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. അതുവരെ തമിഴ് സിനിമ കണ്ടിരുന്ന വില്ലൻ കഥാപാത്രങ്ങളിൽനിന്നു വ്യത്യസ്തമായ പ്രകടനമാണ് ജെമിനിയിൽ മണി കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ തമിഴ് സിനിമാ ലോകത്ത് ‘സ്റ്റൈലിഷ് വില്ലൻ’ എന്ന പേരും മണിക്കു ലഭിച്ചു. സൂര്യ നായകനായ വേൽ എന്ന ചിത്രത്തിലെ മണിയുടെ വില്ലൻ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. അന്യൻ, മഴൈ, ആറു, സംതിങ് സംതിങ് ഉനക്കും എനക്കും, യന്തിരൻ, പാപനാസം തുടങ്ങി നിരവധി ചിത്രങ്ങളിൽ മണി ഭാ​ഗമായി.


വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് 2000ൽ ദേശീയ ചലച്ചിത്രപുരസ്കാരവും 1999ൽ കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരവും മണിയെ തേടിയെത്തി. മലയാള സിനിമ അതിന്റെ പുതിയ കാലത്തിലേയ്ക്ക് കടക്കും വഴിയാണ് 2016 ൽ അതുല്യ കലാകാരനെ നമുക്ക് നഷ്ടമാകുന്നത്. കാലമിത്ര കഴിഞ്ഞിട്ടും മണിയെ നാം ഓർക്കുന്നത് അദ്ദേഹം നമുക്ക് ബാക്കിയാക്കിയ ഒട്ടേറെ നാടൻപാട്ടുകളു‌ടെ ഈണങ്ങൾ പാടിക്കൊണ്ടാണ്.


കണ്ണിമാങ്ങാ പ്രായത്തിൽ, ഓടേണ്ടാ ഓടേണ്ടാ, വരാന്ന് പറഞ്ഞിട്ട്, വരിക്കച്ചക്കേടെ, ചാലക്കുടി ചന്തയ്ക്ക്, ഒടപ്പഴം പോലെ, പകലു മുഴുവൻ പണിയെടുത്ത്..എന്നു തുടങ്ങിയ നാടൻപാ‌ട്ടുകൾ പാടാത്ത മലയാളികൾ ചുരുക്കം. സിനിമാ പാട്ടുകളിലെ മണിയുടെ ശബ്ദം മലയാളികള്‍ക്കുണ്ടാക്കുന്ന ആവേശം ചെറുതൊന്നുമല്ല. ഇന്‍സ്റ്റഗ്രാം റീലുകള്‍ കലാഭവന്‍ മണിയു‌ടെ സിനിമാ ഗാനങ്ങള്‍ അ‌ടക്കി വാണ കാഴ്ചയ്ക്കാണ് നാമിന്ന് സാക്ഷിയാകുന്നത്. സോനാ സോനായൊക്കെ പാടാത്ത ജെന്‍സി പിള്ളേര് കാണുമോ എന്ന് സംശയമാണ്. ഉത്സവ പറമ്പിലെ ​ഗാനമേളയ്ക്കിടെ ആവേശം ഒരൽപം കുറഞ്ഞാൽ മണിചേട്ടന്റെ പാട്ട് പാടാൻ ആർപ്പു വിളിക്കുന്ന ജനങ്ങൾക്കിടയിൽ മണി ഇന്നും ജീവിക്കുന്നുണ്ട്. കലാഭവൻ മണി ആരെന്നോ എന്തതെന്നോ അറിയാത്ത കുട്ടികുരുന്നുകൾ മുതൽ പ്രായമായവർ വരെ ഒരു പോലെ ആ മണിനാദം കേൾക്കുന്നു.. ഏറ്റുപാടുന്നു..



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home