കള്ളക്കഥകൾ റിപ്പോർട്ടാക്കി; ഒടുവിൽ നാണംകെട്ട് പുറത്ത്

രാധാകൃഷ്ണന്‍

സ്വന്തം ലേഖകൻ
Published on Sep 11, 2026, 02:08 PM | 1 min read
തിരുവനന്തപുരം: നിരപരാധികളെ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും അപരാധികളെ രക്ഷിക്കാമെന്ന് വാഗ്‌ദാനംചെയ്‌തും കോഴ കൈപ്പറ്റിയതിന് അറസ്റ്റിലായ ഇഡി ഉദ്യോഗസ്ഥർ നിരവധി. അത്തരമൊരാളാണ് ഇഡിയിൽനിന്ന് പുറത്താക്കപ്പെട്ട മുൻ ഡെപ്യൂട്ടി ഡയറക്‌ടർ പി രാധാകൃഷ്‌ണൻ. മൂന്നുപതിറ്റാണ്ടിലേറെ തിരുവനന്തപുരം, കൊച്ചി ഇഡി ഓഫീസുകളിൽ വിവിധ ചുമതലകൾ വഹിച്ച ഇയാൾ ഈ വർഷം ജനുവരിയിലാണ് അഴിമതിക്കേസിൽ സർവീസിൽനിന്ന് പുറത്തായത്. കൈക്കൂലി ഉൾപ്പെടെ ഗുരുതര ക്രമക്കേടും അഴിമതിയും ആരോപിച്ച് പലതവണ ഇയാൾക്കെതിരെ പരാതി ഉയർന്നിരുന്നു.
നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണക്കടത്ത് കേസിൽ പിണറായിക്കെരായ മോദി സർക്കാരിന്റെ രാഷ്‌ട്രീയ ഗൂഢാലോചനയ്‌ക്ക് ചുക്കാൻപിടിച്ചത് രാധാകൃഷ്‌ണനായിരുന്നു. പിണറായിയുടെ കുടുംബാംഗങ്ങളെപോലും സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ ഉൾപ്പെടുത്താനായിരുന്നു ശ്രമം. സ്വർണക്കടത്തിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വപ്‌ന സുരേഷും സരിത്തും സന്ദീപ് നായരും അറസ്റ്റിലായതിനുപിന്നാലെയാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും ഇഡി ഉന്നമിട്ടത്. സ്വപ്‌നയുടെ മൊഴിപ്രകാരം ഐടി സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ്‌ചെയ്‌തു. തുടർന്ന് മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ശിവശങ്കറിനുമേൽ സമ്മർദം. അത് പരായജപ്പെട്ടപ്പോൾ, ജയിലിലായിരുന്ന സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തി മൊഴി തേടി. ആവശ്യം തന്നോടും ഉന്നയിച്ചെന്ന് മറ്റൊരു പ്രതി സന്ദീപ് നായരും പറഞ്ഞു. കൊച്ചി സോണൽ ഓഫീസിൽ അസിസ്റ്റന്റ് ഡയറക്‌ടറായിരിക്കെയാണ് രാധാകൃഷ്‌ണൻ സ്വർണക്കടത്ത് കേസിൽ അന്വേഷണച്ചുമതലയേറ്റത്.
കോൺസുലേറ്റ് ജനറലിന്റെ വീട്ടിൽനിന്ന് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ബിരിയാണിച്ചെന്പിൽ സ്വർണം കടത്തി, ഖുർആനിലും ഇൗന്തപ്പഴത്തിലും സ്വർണം കടത്തി എന്നീ കള്ളക്കഥകൾ ഇഡി റിപ്പോർട്ടായി പുറത്തെത്തിച്ചതും രാധാകൃഷ്‌ണൻ തന്നെ.










0 comments