print edition രാഗജീവിതം


വി ജയിൻ
Published on Apr 13, 2026, 12:00 AM | 3 min read
"ദിൽ ചീസ് ക്യാ ഹെ ആപ് മേരി ജാൻ ലീജിയേ
ബസ് ഏക് ബാർ മേരാ കഹാ മാൻ ലീജിയേ"
ഗസലിന്റെ സമസ്ത സൗന്ദര്യവും ചാലിച്ച്, അഖ്‌ലാഖ് മുഹമ്മദ് ഖാൻ രചിച്ച ഗാനം. മുസാഫിർ അലിയുടെ ‘ഉംറാവോ ജാനി'നുവേണ്ടി ഖയ്യാം ചിട്ടപ്പെടുത്തിയത്. രണ്ടു നൂറ്റാണ്ടുമുമ്പ് ജീവിച്ച കൊട്ടാരം നർത്തകിയും കവയിത്രിയുമായ ഉംറാവോ ജാനെ ആവിഷ്ക്കരിക്കുകയാണ് അലി. പഴയ ലഖ്‌നൗവിന്റെ സാംസ്കാരിക പശ്ചാത്തലം പുനഃരാവിഷ്കരിക്കാൻ. റെക്കോർഡിങ് ദിവസം ഉയർന്ന ശ്രുതിയിൽ പാടണമെന്ന് ആശ ഭോസ്ലെക്ക് നിർബന്ധം. താഴ്ന്ന ശ്രുതിയിൽ പാടിയിട്ടില്ല, പാടില്ല എന്നാണ് നിലപാട്. ഖയ്യാം ഒത്തുതീർപ്പുണ്ടാക്കി. ചിട്ടപ്പെടുത്തിയ ശ്രുതിയിൽ ഒറ്റത്തവണ പാടിനോക്കാം. ശേഷം ആശ നിർദേശിച്ച ശ്രുതിയിൽ പാടാം. റെക്കോർഡിങ് തുടങ്ങി. ആരംഭത്തിലെ ഹമ്മിങ് തീരുമ്പോഴേക്ക് ആശയുടെ കണ്ണുകൾ അടഞ്ഞു. ആലാപനം കഴിഞ്ഞ് മിനിറ്റുകൾക്കുശേഷമാണ് കണ്ണുതുറന്നത്. ആ പാട്ട് കേട്ട് താനാണോ അത് പാടിയതെന്ന് അത്ഭുതപ്പെട്ട ആശ ഉയർന്ന ശ്രുതിയിൽ പാടണമെന്ന നിർബന്ധം ഉപേക്ഷിച്ചു. ‘ഇൻ ആംഖോം കി മസ്‌തി കേ' , ‘ജബ് ഭി മിൽതി ഹേ', ‘ജുസ്തുജു ജിസ്‌കി ഥീ', ‘യേ ക്യാ ജഗഹ് ഹേ ദോസ്‌തോം' എന്നീ പാട്ടുകളും താഴ്‌ന്ന ശ്രുതിയിൽ പാടി. എല്ലാം സൂപ്പർഹിറ്റുകൾ. ‘ദിൽ ചീസ് ക്യാ ഹേ' ആദ്യ ദേശീയ പുരസ്കാരം നേടിക്കൊടുത്തു. ഖയ്യാം മികച്ച സംഗീത സംവിധായകനായി.
"ഏത് ഈണത്തിലേക്കും ശ്രുതിയിലേക്കും ഭാഷയിലേക്കും ഗാനരൂപത്തിലേക്കും പാട്ടിനെ പരിവർത്തനം ചെയ്യാൻ കഴിയുന്ന മാന്ത്രിക’യെന്ന് ആശയെ ഖയ്യാം വിശേഷിപ്പിച്ചു. ലതാ മങ്കേഷ്കറിന്റെ അനുജത്തിയായിട്ടും നിഴലായി മാറാതെ സ്വതന്ത്ര സംഗീതലോകം സൃഷ്ടിച്ച അനന്യ കലാകാരി. സഹോദരിമാരായതിനാൽ താരതമ്യത്തിന്റെ ഗുണവും ദോഷവും ആശ അനുഭവിച്ചു. ലതയെ അനുകരിച്ചില്ലെന്നത് ഗുണമായി. സഹോദരിമാരെ പിണക്കാനും ശ്രമമുണ്ടായി. ആശ ഉൾപ്പെടെയുള്ളവരെ മനസ്സിൽകണ്ട്, താനൊരിക്കലും അവസരമില്ലാതാക്കിയിട്ടില്ലെന്ന് ലത പറഞ്ഞിട്ടുണ്ട്.
കാനൻദേവി, സൊഹറാബായ് അംബലെവാലി, അമീർബായ് കർണാടകി, ഷംഷാദ് ബീഗം, സുരയ്യ, ഗീതാ റോയ്, പാറുൽ ഘോഷ്, രാജകുമാരി, സുരീന്ദർ കൗർ, മോഹൻതാര തൽപടെ, നിർമലാ ദേവി, സരസ്വതി റാണെ, ഹമീദ ബാനു, നസീം അഖ്‌തർ, സിതാര കാൺപുരി, ബീണപാണി മുഖർജി, ലളിത ദേവുൾക്കർ, ഉമാദേവി എന്നീ പ്രശസ്ത ഗായകർക്കിടയിലേക്കാണ് ലതയും ആശയും എത്തി സംഗീതസാമ്രാജ്യം പടുത്തുയർത്തിയത്. പട്ടുപോലെ മിനുസമായിരുന്നില്ല ആശയുടെ ശബ്ദം. ആഴമുള്ളതും വ്യത്യസ്തവുമായിരുന്നു. വിവിധ രസ–ഭാവങ്ങൾ അനായാസമായി ആവിഷ്കരിച്ച ശബ്ദം ഒ പി നയ്യാർ, എസ് ഡി ബർമൻ, രവി, ആർ ഡി ബർമൻ എന്നിവർ പരമാവധി പ്രയോജനപ്പെടുത്തി. 1956 ൽ ‘സിഐഡി’യിൽ നയ്യാരുടെ സംഗീതത്തിലുള്ള പാട്ടുകളാണ് വഴിത്തിരിവായത്. രണ്ടു ദശാബ്ദഗത്താളം ഒ പി നയ്യാരുടെ പ്രിയ ഗായിക. ശങ്കർ ജയ് കിഷൻ , കല്യാൺജി ആനന്ദ്‌ജി, ലക്ഷ്മികാന്ത് പ്യാരേലാൽ, രവി, ആർ ഡി ബർമൻ, ബപ്പി ലാഹിരി എന്നിവരുടെ സംവിധാനത്തിൽ നിരവധി ഗാനങ്ങൾ. ലത അതീന്ദ്രിയ ഔന്നത്യത്തിലേക്ക് ആസ്വാദകരെ എത്തിച്ചപ്പോൾ ആശ അതിന് ശ്രമിച്ചില്ല. സിനിമ ആവശ്യപ്പെടുന്ന രസ–ഭാവങ്ങൾ അനായാസമായി ആവിഷ്കരിച്ചു. കാബറെ പാട്ടുകൾക്കൊപ്പം മെലഡിയിലും മികവ്. ഖവ്വാലിയും ഗസലും ഒരേപോലെ വഴങ്ങി. എല്ലാ ജീവിതസന്ദർഭങ്ങളെയും സംഗീതത്തിലൂടെ മനോഹരമായി ആവിഷ്കരിച്ചു.
1971ൽ ‘കാരവാനി’നുവേണ്ടി ആശ പാടിയ ‘പിയാ തു അബ് തോ ആജാ' ബോളിവുഡിലെ മികച്ച കാബറെ ഗാനമാണ്. മജ്രൂഹ് സുൽത്താൻപുരിയും ആർ ഡി ബർമനുമൊരുക്കിയ ആ ഗാനം പുതുവഴി തുറന്നു. സിനിമയിൽ നർത്തകിയായി അഭിനയിച്ച ഹെലൻ പാട്ടിന്റെ സൂക്ഷ്മഭാവങ്ങൾ നൃത്തത്തിലൂടെ ആവിഷ്കരിച്ചു. നിരവധി ട്രെൻഡ് ഗാനങ്ങൾ ആശയുടേതായുണ്ട്. ‘ഹരേ രാമ ഹരേ കൃഷ്ണ'യിലെ ‘ദം മാരോ ദം' അന്നത്തെ യുവതയെ ഇളക്കിമറിച്ചു. ഹിപ്പികൾക്ക് വേരോട്ടമുണ്ടായ കാലത്ത്, അവരുടെ ആത്മാവിഷ്കാരം പോലെയായ ബർമന്റെ ഗാനം, പൂർണ മെലഡിയിൽനിന്ന് മാറി സഞ്ചരിക്കാൻ ബോളിവുഡിനെ പ്രചോദിപ്പിച്ചു.
നയ്യാർ–ആശ കൂട്ടുകെട്ട് മികച്ചതായിരുന്നു. സിഐഡി, നയാ ദൗർ, മേരെ സനം, കിസ്മത് തുടങ്ങിയവ വൻ ജനപ്രീതി നൽകി. ആ ഗാനങ്ങളിൽ തരളിതമാകാത്ത മനസ്സുകൾ വിരളം. പ്രത്യേകിച്ച് മുഹമ്മദ് റഫി, ഷംഷാദ് ബീഗം എന്നിവർക്കൊപ്പമുള്ള പാട്ടുകൾ. ‘കിസ്മത്തി’ൽ ഷംഷാദ് ബീഗവുമൊത്ത് പാടിയ ‘കജ്‌രാ മൊഹബ്ത്ത് വാലാ' ബോളിവുഡിലെ മികച്ച ഖവ്വാലികളിലൊന്ന്. പാട്ടിലുടനീളം മുഴങ്ങുന്ന ജീവിതാസക്തിയും ഉത്സാഹവും സവിശേഷം. സിഐഡിയിൽ മുഹമ്മദ് റഫിക്കും ഷംഷാദ് ബീഗത്തിനുമൊപ്പം പാടിയ ‘ലേക്കെ പഹലാ പഹലാ പ്യാർ' ആശയിൽ പുതിയ ഊർജം പകർന്നു. ‘മേരെ സന’ത്തിൽ മജ്രൂഹ് സുൽത്താൻപുരി രചിച്ച് ഒ പി നയ്യാർ ഈണമിട്ട ‘ജായിയേ ആപ് കഹാം ജായേംഗേ' മികച്ച ഭാവഗാനങ്ങളിലൊന്നായി.ആശയുടെ പാട്ടുകൾ പിന്നീട് അതിന്റെ ഈണം മാത്രമെടുത്ത് പുനഃസൃഷ്ടിച്ചപ്പോൾ ജനപ്രിയമായി. 1953ൽ ‘ചാന്ദ്‌നി ചൗക്ക്’ലെ ‘തേരാ ദിൽ കഹാം ഹേ' അക്കാലത്ത് ഹിറ്റ് ആയില്ല. അതേ രചയിതാവും സംഗീതസംവിധായകനും 1966ൽ ‘മമ്‌താ' യ്ക്കുവേണ്ടി അതേ ഈണത്തിൽ പാടിച്ച 'രഹേൻ നാ രഹേ ഹം' വൻഹിറ്റായി. ഒരു ശൈലിയിലും കുടുങ്ങാതെ ജീവിത വൈവിധ്യങ്ങളെ ആവിഷ്കരിക്കാൻ തയ്യാറായതാണ് ആശയുടെ വിജയത്തിന് പ്രധാന കാരണം.










0 comments