ad
Deshabhimani

print edition ചേച്ചിയോട്‌ മത്സരിച്ച്‌ ഉയർച്ച

asha bhosle with r d barman

ഒ പി നയ്യാരും ആശാ ഭോസ്‌ലെയും, ആർ ഡി ബർമനും ആശാ ഭോസ്‍ലെയും-

വെബ് ഡെസ്ക്

Published on Apr 13, 2026, 12:00 AM | 2 min read

ഭാരതരത്നം ലത മങ്കേഷ്‌കറിന്റെ അനിയത്തിയായ ആശ ഭോസ്-ലെ, ചേച്ചിയുടെ തണലിലല്ല, അവരോട്‌ മത്സരിച്ചാണ്‌ ചലച്ചിത്രഗാനരംഗത്ത്‌ ഉയരങ്ങൾ കീഴടക്കിയത്‌. 16–ാംവയസ്സിൽ അയൽക്കാരൻ ഗൺപത്‌റാവു ഭോസ്ലെയുമായുണ്ടായ പ്രണയവിവാഹം ആശയെ കുടുംബത്തിൽനിന്ന്‌ അകറ്റിയിരുന്നു. സംഗീതവാസന കുട്ടിക്കാലത്തേ ഉണ്ടായിരുന്നെങ്കിലും വിജയം എളുപ്പമായിരുന്നില്ല. ചേച്ചിയുമായി താരതമ്യം ചെയ്യുന്പോൾ ആത്മവിശ്വാസം ഇല്ലാത്തതായിരുന്നു പ്രധാന കടമ്പ.


അപകർഷബോധത്തെ കുടഞ്ഞെറിയാൻ അവരെ സഹായിച്ചത്‌ സിനിമയിൽ അവരുടെ തലതൊട്ടപ്പനായിരുന്ന സംഗീതസംവിധായകൻ ഒ പി നയ്യാരാണ്‌. ആശയ്‌ക്ക്‌ സ്വന്തം ശബ്ദവും തനതായ ശൈലിയും ഉണ്ടെന്നും അത് മികച്ചതാണെന്നും പറഞ്ഞുപറഞ്ഞ്‌ ബോധ്യപ്പെടുത്തിയത്‌ അദ്ദേഹമാണ്‌. ലതയോട്‌ നയ്യാർക്കുണ്ടായിരുന്ന താൽപ്പര്യക്കുറവും ആശയെ പ്രോത്സാഹിപ്പിക്കുന്നതിന്‌ പ്രേരണയായി.​


ലത ചലച്ചിത്രഗാനരംഗത്തെ ചക്രവർത്തിനിയായി തിളങ്ങിനിന്ന കാലത്ത്‌, മൂന്നുപതിറ്റാണ്ടോളം അവരെ ഒഴിവാക്കി നയ്യാർ ആശയ്‌ക്ക്‌ ഗാനങ്ങൾ നൽകി. അങ്ങനെ ബോളിവുഡിലെ എക്കാലത്തെയും ഗാനചക്രവർത്തി മുഹമ്മദ്‌ റഫിക്കൊപ്പം നിരവധി യുഗ്മഗാനങ്ങൾ പാടാൻ ആശയ്‌ക്ക്‌ അവസരം ലഭിച്ചു. അവയിൽ പലതും ഇന്നും ഹിറ്റാണ്‌. ലത റെക്കോഡിങ്ങിന് പതിവായി വൈകിവരുന്നതായിരുന്നു അവരെ ഒഴിവാക്കാൻ കാരണമെങ്കിലും തന്റെ ഗാനങ്ങൾക്ക്‌ പറ്റിയ സ്വരമല്ല അവരുടേത്‌ എന്നാണ്‌ നയ്യാർ പറഞ്ഞിരുന്നത്‌. കിഷോർകുമാർ, മന്നാഡേ തുടങ്ങിയവർക്കൊപ്പവും പ്രണയാർദ്രമായ യുഗ്മഗാനങ്ങൾ ആശ പാടിയിട്ടുണ്ട്‌.​


പിന്നീട്‌ സംഗീതസംവിധായകൻ രാഹുൽ ദേവ്‌ (ആർഡി)ബർമനുമായുണ്ടായ കൂട്ടുകെട്ട്‌ ബോളിവുഡിൽ ഏറ്റവും വിസ്‌മയംതീർത്ത നിരവധി ഗാനങ്ങളുടെ പിറവിക്കിടയാക്കി. നൃത്തരംഗങ്ങളിലും മറ്റും ‘ഫാസ്‌റ്റ്‌ നമ്പറുകൾ’ ആശയുടെ സവിശേഷതയായിരുന്നു. കാൽനൂറ്റാണ്ടുനീണ്ട ഒന്നിച്ചുള്ള സംഗീതയാത്രയിൽ തന്റെയുള്ളിലെ ഏറ്റവും മികച്ചത്‌ പുറത്തെടുത്തത്‌ ബർമൻ ആണെന്ന്‌ ആശ പറയുമായിരുന്നു. വിരുദ്ധങ്ങളെന്ന്‌ തോന്നുന്ന ശൈലികളെപ്പോലും കൂട്ടിയിണക്കിയുള്ള ബർമന്റെ സംഗീതത്തിന്‌ ഏറ്റവും യോജിച്ച സ്വരമായിരുന്നു ആശയുടേത്‌. 1980ൽ തന്നെക്കാൾ ആറുവയസ്സോളം ഇളയ ബർമന്റെ ജീവിതപങ്കാളിയുമായി ആശ. ഇരുവരുടെയും രണ്ടാംവിവാഹമായിരുന്നു അത്‌.​


ബ്രിട്ടീഷ്‌ സംഗീതജ്ഞൻ ബോയ്‌ ജോർജ്‌, അമേരിക്കൻ സംഗീതജ്ഞൻ മൈക്കൾ സ്‌റ്റൈപ്‌ തുടങ്ങിയവർക്കൊപ്പവും ആശ പാടിയിട്ടുണ്ട്‌. ക്രിക്കറ്റിനെ വളരെ ഇഷ്ടപ്പെട്ടിരുന്ന ആശ, ഐപിഎല്ലിന്റെ ഒന്നാം സീസണിൽ ബ്രെറ്റ്‌ ലീയ്‌ക്കൊപ്പം പാടിയ ‘യു ആർ ദി വൺ ഫോർ മീ’ ലോകമെങ്ങും ക്രിക്കറ്റ്‌ പ്രേമികൾ ഏറ്റുപാടി. ദുബായിൽ സംഗീതപരിപാടി അവതരിപ്പിച്ചാണ്‌ ആശ 90–ാം പിറന്നാൾ ആഘോഷിച്ചത്‌. ആ പ്രായത്തിൽ മൂന്നുമണിക്കൂർ വേദിയിൽനിന്ന്‌ പാടാൻ കഴിഞ്ഞത്‌ അനുഗ്രഹമായാണ്‌ അവർ കണ്ടിരുന്നത്‌. 2020ൽ കോവിഡ്‌ മഹാമാരിക്കാലത്താണ്‌ അവർ യുവപ്രതിഭകൾക്കായി ‘ആശ കി ആശ’ എന്ന ഓൺലൈൻ ഗാനമത്സര പരന്പര സംഘടിപ്പിച്ചത്‌. പേരക്കുട്ടി സനായിയുടെ സഹായത്തോടെ തുടങ്ങിയ യുട്യൂബ്‌ ചാനലിന്‌ 1,60,000 വരിക്കാരുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home