ad
Deshabhimani

print edition ഗാനചക്രവർത്തിനി

asha bhosle
avatar
സി കെ ദിനേശ്‌

Published on Apr 13, 2026, 02:00 AM | 2 min read

ഗാനവസന്തങ്ങളുടെ നിറകുട വർഷംപോലെ ചൊരിഞ്ഞ മങ്കേഷ്‌കർ കുടുംബത്തിൽ ശോകങ്ങൾ കാർമേഘം പോലെ ഇടക്കിടെ വന്നുപോയി. ചേച്ചി ലതയെപോലെ ഗാനഗിരികളിൽ സൃഷ്ടിച്ചെടുത്ത അലങ്കാര സമൃദ്ധമായ ആശയുടെ ജീവിതത്തിൽ ഇടക്കിടെ ദുരന്തങ്ങളും പിണക്കങ്ങളും വേർപിരിയലുകളും വന്നുകൊണ്ടിരുന്നു. ശബ്ദത്തിന്റെ ശക്തിയോടൊപ്പം ഔന്നത്യവും ഭാവസ്പുരണത്തിലെ മാധുര്യവും കൊണ്ട് ആസ്വാദക ഹൃദയത്തിൽ കുടിയേറിയ ഗായികയാണ് ആശ. 20 ഭാഷകളിലായി 12000ത്തോളം ചലച്ചിത്രഗാനങ്ങൾ. ഏറ്റവും കൂടുതൽ പാട്ടുകൾ റെക്കോർഡ് ചെയ്ത ഗായിക എന്ന നിലയിൽ ഗിന്നസ് ബുക്കിലും.


സംഗീതപാരമ്പര്യം പൈതൃകമായുള്ള മങ്കേഷ്‌കർ കുടുംബത്തിൽ ആശ, ലതയോടൊപ്പം ചെറുപ്പത്തിൽ പാടാനും അഭിനയിക്കാനും പോയത് ദാരിദ്ര്യത്താൽ. ആശയ്ക്ക് ഒമ്പത് വയസുള്ളപ്പോൾ പ്രശസ്ത കലാകാരനായിരുന്ന അച്ഛൻ ദീനാനാഥ് മരിച്ചിരുന്നു. ആ വേർപാട് വലിയ ഉത്തരവാദിത്തം മക്കളുടെ ചുമലിൽ വെച്ചു. കല എന്ന നിലയിൽ പാടുന്നതും ജീവിത സാഹചര്യങ്ങൾ പാടാൻ നിർബന്ധിതമാക്കുന്നതും രണ്ടാണല്ലോ. രണ്ടാമത്തേതിൽ ജീവിതഗന്ധവും വേദനയുടെ ഭാവവും കൃത്രിമമായി ചേർക്കേണ്ടതില്ല. അധികം കാക്കേണ്ടി വന്നില്ല, ആശയെ അവസരങ്ങൾ തേടി വന്നു. ആദ്യം മറാത്തിയിലും പിന്നീടു ഹിന്ദിയിലും. മറാത്തി ചിത്രം "മജാബാൽ" (1943) ലെ "ചലാ ചലാ.." എന്ന ഗാനത്തിലായിരുന്നു തുടക്കം. തുടർന്ന് 1949 വരെ കാത്ത് ഹിന്ദിയിൽ സോളോ പാടാൻ. ‘രാത്ത് കി റാണി’യാണ് വഴിതെളിച്ചത്.


ലതയും ഷംഷാദ് ബീഗവും ഉൾപ്പെടെ ഒന്നാം നിര ഗായകർ നിരസിച്ച അനവധി ഗാനങ്ങൾ ആശ ഏറ്റെടുത്തു. രണ്ടാംകിട എന്ന് വിശേഷിപ്പിക്കപ്പെട്ട സിനിമകളിലും പാടി. 1953ൽ പരിണീതയിൽ റഫിക്കൊപ്പം ‘നന്നെ മുന്നെ ബച്ചെ...’ യോടെ പാട്ടുപാത തുറന്നു. സി ഐ ഡി യിലേക്ക് ഒ പി നയ്യാർ വിളിച്ചു. അവിടെനിന്ന് ബി ആർ ചോപ്രയിലേക്ക്. "തീസ് മൻസി"ലെ ആർ ഡി ബർമന്റെ സംഗീതത്തിൽ "ആജ ആജ.." എന്ന പാട്ട് ആശയുടെ കരിയർ മാറ്റിമറിച്ചു. ആദ്യകാല സംഗീത സംവിധായകർ മുതൽ ആധുനികർ വരെ ആ ശബ്ദവും ഭാവാത്മക ആലാപനവും സമർഥമായി ഉപയോഗിച്ചു. രംഗീലയിലും മറ്റും എ ആർ റഹ്മാൻ ചുട്ടെടുത്ത പാട്ടുകൾ കാലത്തിന്റെ ചടുലതകൾക്കൊപ്പം പ്രായം നോക്കാതെ ഓടി.

"രംഗീല"യിൽ "തന തന..", "രംഗീലാ ഹേ..", "താൽ" എന്ന ചിത്രത്തിൽ "കഹിൻ ആഗ് ലഗേ.." തുടങ്ങി മികച്ച ഗാനങ്ങൾ. ബംഗാളിയിലും സംഭാവന നൽകി.


ലതയും ആശയും വളർച്ചയുടെ പടവുകളിൽ ഇടഞ്ഞുമാറിയത് വാർത്തയായി. ആശയുടെ ആദ്യ പ്രണയം മുതൽ തർക്കങ്ങൾ ഉണ്ടായി. ഒട്ടേറെ യുഗ്മഗാനങ്ങൾ ഇരുവരും പാടിയെങ്കിലും തൊഴിൽ മത്സരങ്ങളും അകാരണ അകല്ചയും ധാരാളം ഉണ്ടായി. ഭോസ്‌ലെയ്ക്കൊപ്പം ജീവിക്കാനുള്ള തീരുമാനം എതിർത്ത ലത പിന്നീട് ദീർഘകാലം ആശയുമായി ബന്ധം പുലർത്തിയില്ല. വർഷങ്ങൾക്കുശേഷം നയ്യാറുമായി ബന്ധം തളർന്നപ്പോഴും എതിർത്തു. പുതിയ കാലത്തും ആശയെ കേൾക്കുന്നവരുടെ എണ്ണം സൂചിപ്പിക്കുന്നത് ആ ഗാനസപര്യ സംഗീതത്തിന് വലിയ മുതൽക്കൂട്ടായെന്നതാണ്.


"ചുരാലിയാ തോ തുമ്‌നെ ജോ ദിൽകോ", "ദമ്മരു ദം", "ആയിയെ മെഹർബാൻ", "പിയാ തു അബ് തോ ആജ്", "ഹംഗാമാ ഹോ ഗയാ" തുടങ്ങി പറഞ്ഞാൽ തീരാത്തത്ര സുന്ദരഗാനങ്ങൾ ഇന്നും കേൾക്കുകയും റീമിക്സ് ചെയ്ത് ഉപയോഗിക്കുകയും ചെയ്യുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home