ad
Deshabhimani

അൻപു തുളുമ്പും തൃത്താല

thrithala

മെഗാ മെഡിക്കൽ ക്യാമ്പിനെത്തിയവർ (ഫയൽ ചിത്രം)

avatar
ടി എസ്‌ അഖിൽ

Published on Sep 21, 2025, 10:13 AM | 3 min read

സമാനതയില്ലാത്ത ജനകീയ ജീവകാരുണ്യ പ്രസ്ഥാനമെന്ന്‌ ‘അൻപോടെ തൃത്താല’യെ വിശേഷിപ്പിക്കാം. ആയിരക്കണക്കിന്‌ സന്മനസ്സുകൾ സഹജീവികളുടെ ചികിത്സയ്‌ക്കും ജീവിതം തിരികെപ്പിടിക്കാനുള്ള പരിശ്രമത്തിനുമായി കൈകോർത്തു. ചികിത്സയ്‌ക്ക്‌ പണമില്ലാതെ വിഷമിക്കുന്ന, ആശുപത്രിയിലെത്താൻ ബുദ്ധിമുട്ടുന്ന, രോഗപീഡകളാൽ മാനസികാരോഗ്യം കൈവിട്ടവർക്കുള്ള ആശ്രയമായി അൻപോടെ തൃത്താല മാറുകയാണ്‌


‘‘പ്രിയരേ, വൃക്കരോഗത്താൽ മരുന്നിനും ജീവിതച്ചെലവിനുമായി ബുദ്ധിമുട്ടുന്ന .........നെ സഹായിക്കാൻ നിങ്ങളുടെ ചെറിയ നാണയത്തുട്ടുകൾക്ക്‌ കഴിയും’’– കവലയിൽ നിർത്തിയിട്ട വാനിലെ ഉച്ചഭാഷിണി മുഴങ്ങുന്നു. ഒരു ചെറിയ ഗാനമേളസംഘം പരിപാടി അവതരിപ്പിക്കാനുള്ള തിരക്കിലാണ്‌. ചികിത്സയ്‌ക്ക്‌ പണമില്ലാത്ത, നിരാലംബരായ രോഗിക്കായി അവർ പാടുന്നു. വാനിന്റെ പുറത്ത്‌ രോഗിയുടെ വിവരങ്ങൾ പ്രദർശിപ്പിച്ച ഫ്ലക്സ്‌. അയാളുടെ ദയനീയാവസ്ഥ വ്യക്തമാക്കുന്ന മങ്ങിയ ചിത്രം. പാട്ട്‌ തീരുമ്പോൾ ബക്കറ്റുമായി സംഘത്തിലൊരാൾ കാണികൾക്കിടയിലേക്ക്‌ ഇറങ്ങുന്നു. ചെറുതെങ്കിലും തങ്ങളെക്കൊണ്ടാകുന്ന സഹായം അതിലേക്ക്‌ ഇട്ടുനൽകുന്നവർ. പലയിടങ്ങളിൽ പരിപാടി അവതരിപ്പിച്ച്‌ രാത്രി അന്ന്‌ കിട്ടിയത്‌ മുഴുവൻ ആ രോഗിയെ ഏൽപ്പിച്ച്‌ മടങ്ങുന്നവർ. വലിയ തുക അല്ലെങ്കിലും കുറച്ചുദിവസത്തെ മരുന്നിനും ജീവിതച്ചെലവിനും ഇതുമതിയെന്ന കുടുംബത്തിന്റെ ദീർഘനിശ്വാസം.

വൃക്കയുടെ പ്രവർത്തനം താളംതെറ്റിയ, കരൾ തകരാറിലായ, ഹൃദ്‌രോഗമുള്ള... അങ്ങനെ ഗുരുതര രോഗമുള്ളവരെ സഹായിക്കാനായി നീട്ടുന്ന കൈകളെ മലയാളി അവഗണിക്കാറില്ല. തൃത്താല മണ്ഡലത്തിൽ മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘അൻപോടെ തൃത്താല’ സമഗ്ര ആരോഗ്യപദ്ധതിക്കും ലക്ഷ്യം ഒന്നുമാത്രം. ചികിത്സയ്ക്ക് മാർഗമില്ലാത്ത, എന്ത് ചെയ്യണമെന്നും എവിടെ പോകണമെന്നും അറിയാത്ത, മരുന്നിനും ജീവിതച്ചെലവിനുമായി ഭീമമായ തുക താങ്ങാനാകാത്തവർക്ക്‌ തണലാകുക. ഇനി മണ്ഡലത്തിൽ ആരും മരുന്ന്‌ കിട്ടാതെ, ചികിത്സാച്ചെലവ്‌ താങ്ങാനാകാതെ വിഷമിക്കാതിരിക്കാൻ അങ്ങനെ അൻപോടെ തൃത്താല പദ്ധതിക്ക്‌ തുടക്കമായി.

​​എന്ത്‌ ചെയ്യാം?

​2500ലധികം ആളുകൾ തൃത്താല മണ്ഡലത്തിൽ കഴിഞ്ഞ മൂന്നുവർഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന്‌ ചികിത്സാസഹായത്തിന്‌ അപേക്ഷിച്ചിരുന്നു. എംഎൽഎയും മന്ത്രിയുമായ എം ബി രാജേഷിനെ സഹായം ആവശ്യപ്പെട്ട്‌ കാണാനെത്തിയവരും നിരവധി. അവരുടെ ആവശ്യം ഹൃദയത്തിൽ തൊട്ടതോടെയാണ്‌ ഇ‍ൗ പദ്ധതിക്ക്‌ ജീവൻ വയ്ക്കുന്നത്‌. സർക്കാർസഹായങ്ങൾക്കപ്പുറം അവർക്കായി എന്തു ചെയ്യാനാകുമെന്ന്‌ പഠിച്ചു. മണ്ഡലത്തിൽ സഹായമനസ്കതയുള്ളവരുമായി ആലോചിച്ചു. ഒടുവിൽ ജനകീയപങ്കാളിത്തത്തിലാണ്‌ പദ്ധതി പ്രഖ്യാപിച്ചത്‌. ലോഗോ പ്രകാശിപ്പിച്ചത്‌ നടൻ മമ്മൂട്ടിയും. പദ്ധതിനടത്തിപ്പിനായി റിട്ട. സിവിൽ സർജൻ ഡോ. ഇ സുഷമ ചെയർപേഴ്‌സണും റിട്ട. തഹസിൽദാർ സുനിൽ ഖാദർ കൺവീനറുമായി 15 അംഗ കമ്മിറ്റിയും രൂപീകരിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രശസ്തരായവരെയാണ്‌ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്‌.


anpode trithalaഅൻപോടെ തൃത്താല ലോഗോ മമ്മൂട്ടി പ്രകാശിപ്പിക്കുന്നു. മന്ത്രി എം ബി രാജേഷ്‌ സമീപം

​അൻപോടെ മരുന്ന്‌

​അപ്രതീക്ഷിതമായെത്തുന്ന രോഗത്തിൽ സാമ്പത്തികഭദ്രത തകർന്ന കുടുംബങ്ങൾ അനവധിയാണ്‌. വൃക്ക, കരൾ, ഹൃദയ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരും അർബുദരോഗികളും നേരിടുന്ന വലിയ പ്രതിസന്ധി മരുന്നുകളുടെ വിലയാണ്‌. ശസ്ത്രക്രിയ കഴിഞ്ഞവർ മരുന്നിനുംമറ്റുമായി മറ്റുള്ളവരുടെ മുന്നിൽ സഹായത്തിനായി കൈനീട്ടുന്നത്‌ നൊമ്പരക്കാഴ്ച. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്ക്‌ സർക്കാർ ആശുപത്രികൾവഴി ലഭിക്കാത്ത ജനറിക് മരുന്നുകൾ സൗജന്യമായി ലഭ്യമാക്കുക എന്നതായിരുന്നു അൻപോടെ തൃത്താലയുടെ ആദ്യലക്ഷ്യം. പൂർണമായും ജനകീയമായാണ് ചെലവ്‌ കണ്ടെത്താൻ തീരുമാനിച്ചത്‌. 5000 പേരിൽനിന്ന് പ്രതിമാസം 100 രൂപവീതം സമാഹരിക്കാനാണ്‌ തീരുമാനിച്ചത്‌. ഗുണഭോക്താക്കളെ കണ്ടെത്തുന്ന പ്രവർത്തനവും പുരോഗമിക്കുന്നു. ഇതിനായി വിദഗ്ധ മെഡിക്കൽ കമ്മിറ്റി രൂപീകരിച്ചു. അപേക്ഷ നൽകുന്നവരുടെ വീടുകൾ സന്ദർശിച്ചു. തുടർന്ന്‌ ലഭിച്ച റിപ്പോർട്ട്‌ സൂക്ഷ്മമായി പരിശോധിച്ച്‌ ഗുണഭോക്താക്കളെ കണ്ടെത്തി. നാഗലശേരി പഞ്ചായത്തിൽ പരിശോധന പൂർത്തിയാക്കി 12 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്‌. മറ്റു പഞ്ചായത്തുകളിലും ഉടൻ പൂർത്തിയാകും.

​സ‍ൗജന്യ പരിശോധന

​അൻപോടെ തൃത്താലയുടെ ഭാഗമായി രണ്ട്‌ മെഗാ മൾട്ടി സ്പെഷ്യൽ മെഡിക്കൽ ക്യാമ്പുകൾ മണ്ഡലത്തിൽ നടത്തി. മെയ്‌ 11ന്‌ കൂറ്റനാട്ടും ജൂൺ 29ന്‌ പരുതൂരും. സർക്കാർ ആശുപത്രികൾ, എറണാകുളം അമൃത, ലിസി, തൃശൂർ ജൂബിലി, അമല, കോട്ടയ്ക്കൽ മിംസ്, പെരിന്തൽമണ്ണ ഇ എം എസ് ഉൾപ്പെടെ കേരളത്തിലെ മികച്ച അലോപ്പതി ആശുപത്രികളും ഹോമിയോ, ആയുർവേദ വിഭാഗങ്ങളും ക്യാമ്പിന്റെ ഭാഗമായി. ജനറൽ മെഡിസിൻ, ജനറൽ സർജറി, ശിശുരോഗ വിഭാഗം, അസ്ഥിരോഗവിഭാഗം, ഇഎൻടി, ത്വക്ക്‌ രോഗ വിഭാഗം, പൾമനോളജി, ശ്വാസകോശവിഭാഗം, ഗൈനക്കോളജി, നേത്രരോഗവിഭാഗം, ഹൃദ്‌രോഗവിഭാഗം, വൃക്കരോഗവിഭാഗം, ഉദരരോഗവിഭാഗം, ന്യൂറോളജി, -ഓങ്കോളജി, പീഡിയാട്രിക് സർജറി, കാർഡിയോ തൊറാസിക് സർജറി, യൂറോളജി, ന്യൂറോ സർജറി, സർജിക്കൽ ഓങ്കോളജി, ഇന്റർവെൻഷണൽ റേഡിയോളജി, പാലിയേറ്റീവ് കെയർ, ദന്തരോഗ വിഭാഗങ്ങളുടെ സേവനം എന്നിവയൊക്കെ ക്യാമ്പിൽ ലഭ്യമാക്കി. ആയുർവേദത്തിൽ ജനറൽ മെഡിസിൻ, ഓർത്തോ, ഇഎൻടി, കണ്ണുരോഗം, ഗൈനക്കോളജി, പീഡിയാട്രിക്സ് വിഭാഗങ്ങളും പരിശോധനയൊരുക്കി. ഹോമിയോ വിഭാഗവും സജീവമായിരുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക്‌ ആവശ്യമായ തുടർചികിത്സയും ഉറപ്പാക്കി. ഏതാണ്ട്‌ 15,000 പേർ രണ്ടു ക്യാമ്പിലുമായി പങ്കെടുത്തു. ലക്ഷക്കണക്കിന്‌ രൂപയുടെ മരുന്നുകൾ ആളുകൾക്ക്‌ വിതരണം ചെയ്യുകയും ചെയ്തു.

​കാഴ്ച മങ്ങില്ല

​അൻപോടെ തൃത്താല പദ്ധതിയിൽ നടപ്പാക്കിയ കണ്ണട നൽകാനുള്ള പരിപാടിയും ശ്രദ്ധേയമായി. മങ്ങിയ കാഴ്ചയല്ല, തെളിമയോടെ എല്ലാം കാണാനുള്ള അവസരം ഒരുക്കാനാണ്‌ ശ്രമം. മെഗാ മെഡിക്കൽ ക്യാമ്പുകളിൽ നേത്രരോഗവിഭാഗത്തിലും ആയിരത്തിലധികം ആളുകൾ എത്തിയിരുന്നു. ഇവിടെനിന്ന്‌ ഡോക്ടർമാർ കണ്ണട നിർദേശിച്ച 488 പേരാണ്‌ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്‌. ഇവർക്കുള്ള കണ്ണട കൈമാറൽ ഉടനുണ്ടാകും. പ്രമേഹബാധിതരുടെ കണ്ണുസംരക്ഷണത്തിനായും തുടർപദ്ധതി പരിഗണനയിലാണ്‌. ഇതിനായി നയനപഥം പരിപാടിയും നടപ്പാക്കും.

​തുടരും ഇ‍ൗ നന്മ

​പ്രമേഹരോഗികളുടെ എണ്ണം ദിവസവും ഉയരുന്നത്‌ ശ്രദ്ധയിൽപ്പെട്ടതോടെയാണ്‌ ഇവർക്കായി അൻപോടെ തൃത്താലയിലൂടെ മരുന്നും ബോധവൽക്കരണവും നൽകാൻ തീരുമാനിച്ചത്‌. മെച്ചപ്പെട്ട ചികിത്സയ്ക്കായി സൺഡേ ക്ലിനിക്കുകൾ ആരംഭിക്കുകയാണ്‌ അടുത്ത ലക്ഷ്യം. ഇവിടെ ജീവിതശൈലീരോഗങ്ങളെക്കുറിച്ച്‌ ബോധവൽക്കരണവും ഉണ്ടാകും. മണ്ഡലത്തിലെ എല്ലാ ആളുകളിലേക്കും സൺഡേ ക്ലിനിക്കിന്റെ പ്രവർത്തനം എത്തിക്കുന്ന രീതിയിലായിരിക്കും പ്രവർത്തനം. കൂടാതെ മണ്ഡലത്തിലെ ഏതൊരാൾക്കും ഉപയോഗപ്പെടുത്താവുന്ന വിധത്തിൽ 24 മണിക്കൂറും സേവനം നൽകുന്ന ആംബുലൻസ് സർവീസ്, സൈക്യാട്രിസ്റ്റുകളെയും സൈക്കോളജിസ്റ്റുകളെയും ഉൾപ്പെടുത്തി മാനസികാരോഗ്യം ഉറപ്പാക്കുന്നതിനുള്ള ‘ഹാപ്പിനെസ് പ്രോഗ്രാം’ എന്നിവയും അൻപോടെ തൃത്താലയുടെ ഭാഗമാണ്‌.

ചികിത്സയ്‌ക്കും മരുന്നിനുമായി ആരും ബുദ്ധിമുട്ടരുതെന്ന ലക്ഷ്യത്തിനായാണ്‌ പരിശ്രമിക്കുന്നതെന്ന്‌ മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു. അതിനായി നാടും ഒപ്പംനിന്നു. പദ്ധതിയുടെ ഭാഗമായി രണ്ട്‌ വിപുലമായ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. എറണാകുളംമുതൽ കണ്ണൂർവരെയുള്ള ജില്ലകളിലെ പ്രമുഖ ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ പങ്കെടുത്തു. ലക്ഷക്കണക്കിന്‌ രൂപയുടെ മരുന്നാണ്‌ നൽകാനായത്‌. തുടർപ്രവർത്തനങ്ങളോടെ അൻപോടെ തൃത്താലയെ വികസിപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home