വൈറസിനുണ്ടോ; ആളും തരവും ; പ്രതിപക്ഷം നടത്തുന്ന സമരപ്രഹസനങ്ങൾക്ക്‌ എതിരെ വിദഗ്‌ധർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 11, 2020, 12:26 AM | 0 min read

കോവിഡ്‌ പ്രോട്ടോകോളെല്ലാം കാറ്റിൽ പറത്തി പ്രതിപക്ഷം നടത്തുന്ന സമരപ്രഹസനങ്ങൾക്ക്‌ എതിരെ വിദഗ്‌ധർ

ആളുകൾ കൂട്ടംകൂടുന്നത്‌ അപകടം
ആർ എൽ സരിത (ഡയറക്ടർ ഓഫ്‌ ഹെൽത്ത്‌ സയൻസ്‌)

രോഗവ്യാപനം പിടിച്ചുനിർത്താനാണ്‌ കോവിഡ്‌ മാനദണ്ഡങ്ങൾ. അത്‌ പാലിക്കണം.  ഏതുരീതിയിലായാലും ആളുകൾ കൂട്ടംകൂടുന്നത്‌ അപകടമാണ്‌. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിൽ പോലും ആളുകളുടെ എണ്ണം നിയന്ത്രിക്കാൻ കാരണമിതാണ്‌.  കൂടെനിൽക്കുന്നവർ കണ്ടെയ്‌ൻമെന്റ്‌ സോണിൽ നിന്നാണോ വരുന്നത്‌ അവർക്ക്‌ രോഗിയുമായി സമ്പർക്കമുണ്ടോ തുടങ്ങിയ കാര്യങ്ങൾ അറിയാനാകില്ല. സംയമനം പാലിക്കേണ്ട ഘട്ടമാണിത്‌. എളുപ്പത്തിൽ തോൽപ്പിക്കാൻ കഴിയുന്ന ശത്രുവല്ല മുന്നിലുള്ള വൈറസ്‌ എന്ന്‌ മറക്കരുത്‌. 

സമരക്കാർ സംയമനം പാലിക്കണം
ഡോ. മുഹമ്മദ്‌ അഷീൽ (സാമൂഹ്യസുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ)

രാജ്യത്തെ പ്രധാന പട്ടണങ്ങളെല്ലാം കോവിഡിനു മുന്നിൽ കീഴടങ്ങി. ആദ്യഘട്ടത്തിൽ പിടിച്ചുനിന്ന ബംഗളൂരുവിൽ പോലും സ്ഥിതി കൈവിട്ടുപോയി. ശക്തമായ പ്രതിരോധത്തിലൂടെയാണ്‌ കേരളം പിടിച്ചുനിൽക്കുന്നത്‌. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌, തൃശൂർ, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ സമൂഹവ്യാപന സാധ്യത കൂടുതലാണ്‌. രാജ്യത്തെ മറ്റിടങ്ങളേക്കാൾ വയോജനങ്ങൾ കൂടുതൽ സംസ്ഥാനത്തുണ്ട്‌. ജീവിതശൈലീ രോഗങ്ങളടക്കമുള്ളവരുമുണ്ട്‌. ഇവർ കോവിഡ്‌ ബാധിതരായാൽ മരണസംഖ്യ വർധിക്കും. സമചിത്തതയോടെ വേണം സമരങ്ങൾ. കോവിഡ്‌ കാലത്തെ പ്രതിഷേധങ്ങൾക്ക്‌ പുതിയ രീതി അവലംബിക്കണം.

നേതാക്കൾ മാതൃക കാട്ടണം
ഡോ. കെ പി അരവിന്ദൻ (പൊതുജനാരോഗ്യ പ്രവർത്തകൻ)

കോവിഡ്‌ ചട്ടങ്ങളെല്ലാം ലംഘിച്ചാണ്‌ സമരം നടക്കുന്നത്‌. സമരസ്ഥലത്ത്‌ ഡ്യൂട്ടിക്ക്‌ നിശ്ചയിക്കുന്ന പൊലീസ്‌ ഉദ്യോഗസ്ഥർ മുതൽ സമൂഹത്തെയാകെ ഇത്‌ പ്രതികൂലമായി ബാധിക്കും. ആരാണ്‌ കോവിഡ്‌ രോഗിയെന്ന്‌ പറയാനാകില്ല. അനുയായികളെ ഇളക്കിവിടുന്ന നേതാക്കൾ ഇക്കാര്യം മനസ്സിലാക്കണം. കോവിഡ്‌ കാലത്തെ പൊലീസ്‌ ഇടപെടലിന്‌ പരിമിതിയുണ്ട്‌. ഇത്‌ മനസ്സിലാക്കി മുതലെടുക്കുകയാണ്‌ ചെയ്യുന്നത്‌. ഇത്തരമൊരു ഘട്ടത്തിൽ നിരുത്തരവാദിത്തത്തോടെ പെരുമാറരുത്‌. ഇത്തരം സമരം നടത്താനുള്ള സമയമല്ലിത്‌. കോവിഡ്‌ പരത്താൻ മനഃപൂർവം ശ്രമിച്ചെന്ന ചീത്തപ്പേരായിരിക്കും ഇത്തരക്കാർക്ക്‌ ബാക്കിയുണ്ടാകുക. കോവിഡ്‌ ചട്ടങ്ങൾ ലംഘിച്ചുള്ള സമരത്തെക്കുറിച്ച്‌ മാധ്യമങ്ങളും ഉൽക്കണ്ഠപ്പെടുന്നില്ല എന്നതും സങ്കടകരമാണ്‌.

സാമൂഹ്യവിപത്താകും
എ വി ജോർജ്‌ (കോഴിക്കോട്‌ സിറ്റി പൊലീസ്‌ മേധാവി)

നാടിന്റെ നന്മയും സുരക്ഷയും ഈ ഘട്ടത്തിൽ ആവശ്യം. അനുമതിയില്ലാതെയാണ്‌ ഈ സമരങ്ങൾ നടക്കുന്നത്‌. സമൂഹവ്യാപനം തൊട്ടരികിലുണ്ടെന്ന യാഥാർഥ്യം മനസ്സിലാക്കി വേണം പ്രവർത്തിക്കാൻ. രോഗപ്രതിരോധത്തിന്‌ മുൻകൈയെടുക്കേണ്ട പൊലീസും സമരത്തിന്‌ നടുവിലാകുന്നു. സമരകേന്ദ്രങ്ങളിൽ ഡ്യൂട്ടിക്കുള്ള പൊലീസുകാർ പോലും രോഗികളായേക്കാം. ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക്‌ ഇത്‌ വഴിവയ്‌ക്കും. തീർത്തും അപലപനീയമായ സമരമുറയാണ്‌ ഇപ്പോൾ നടക്കുന്നത്‌. ഉത്തരവാദപ്പെട്ട രാഷ്‌ട്രീയ നേതാക്കളും അവരുടെ അനുയായികളും ഇത്‌ മനസ്സിലാക്കി വേണം പ്രവർത്തിക്കാൻ.

ജീവൻ മറന്ന കളി
ഷാഹിന നഫീസ (മാധ്യമപ്രവർത്തക)

ഇപ്പോഴത്തെ സാഹചര്യത്തിൽ കൂട്ടംകൂടിയുള്ള സമരങ്ങൾ നിരോധിക്കണം. ലംഘിക്കുന്നവരെ പിടിച്ച്‌ അകത്തിടണം. അങ്ങേയറ്റം ഗുരുതരമായ സാഹചര്യത്തിൽ രാഷ്‌ട്രീയ മുതലെടുപ്പ്‌ നടത്താൻ ശ്രമിക്കുന്നവരുടെ മനുഷ്യാവകാശത്തേക്കാൾ വലുതാണ്‌ മനുഷ്യരുടെ ജീവൻ. ആരെ രക്ഷിക്കണം, ആരെ മരിക്കാൻ വിടണമെന്ന്‌ തീരുമാനിക്കേണ്ടിവരുന്ന ഘട്ടത്തിലേക്ക്‌ കേരളത്തെ എത്തിക്കാനാണ്‌ സമരക്കാരുടെ ശ്രമം. എന്നിട്ട്‌ അതുപറഞ്ഞ്‌ വോട്ട്‌ പിടിക്കാമെന്നാണ്‌ ഇവരുടെ ഉള്ളിലിരിപ്പ്‌.

അകലം പാലിച്ചേ മതിയാകൂ
ഡോ. വി ജി പ്രദീപ്‌കുമാർ (ഐഎംഎ മുൻ സംസ്ഥാന പ്രസിഡന്റ്‌)

സമരങ്ങൾ വൻതോതിൽ ആൾക്കൂട്ടമുണ്ടാക്കുന്നുണ്ട്‌. അത്‌ ആശാസ്യമല്ല. സമരങ്ങൾ പോലെ തന്നെ ആളുകളെ പങ്കെടുപ്പിച്ചുള്ള ഉദ്‌ഘാടനങ്ങളും ഒഴിവാക്കപ്പെടേണ്ടതാണ്‌. തന്ത്രപരമായ യോഗങ്ങൾ ഒഴികെ ബാക്കിയെല്ലാം ഓൺലൈനായി നടത്തേണ്ട സാഹചര്യമാണിത്‌.

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home