'എനിക്കുള്ളതെല്ലാം എന്റെ പാർടിക്ക് '

തൃശൂർ > കാലത്തിനുമുമ്പെ സഞ്ചരിച്ച യുഗപ്രഭാവനായ ഇ എം എസ് ജീവിച്ചിരിക്കെതന്നെ എഴുതി‐ 'എനിക്കുള്ളതെല്ലാം പാർടിക്ക്'. പൊതുപ്രവർത്തനത്തിലെ തെളിമയുടെയും നന്മയുടെയും അസ്തമിക്കാത്ത സൂര്യൻ മരണപത്രത്തിലും പ്രകാശം വിതറി. സിപിഐ എം ജനറൽ സെക്രട്ടറിയായിരുന്ന ഇ എം എസ് സ്വത്തുക്കൾ പാർടിക്കായി സമർപ്പിക്കുകയായിരുന്നു. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ 'ചിരസ്മരണ' പ്രദർശനത്തിലെ ഇ എം എസ് സ്ക്വയറിലെ ഈ മരണപത്രം ആയിരങ്ങൾക്ക് ആവേശം പകരുകയാണ്.വിൽപത്രത്തിലെ വരികൾ ഇങ്ങനെ തുടങ്ങുന്നു‐'ഇ എം എസ് നമ്പൂതിരിപ്പാട് എന്ന ഞാൻ 1994 മാർച്ച് മാസം ഇരുപത്തിയെട്ടാം തീയതി (1169 മീന മാസം പതിനാലാം തീയതി) സ്വബോധത്തോടും അന്യപ്രേരണ കൂടാതെയും സ്വമനസാലെയും എഴുതിവയ്ക്കുന്ന മരണപത്രം. 1909 ജൂൺ 13നാണ് ജനനം. 'ജാതി‐ജന്മി‐മേധാവിത്വ'മെന്ന് പിന്നീട് സ്വയം വിളിച്ച സാമൂഹ്യ വ്യവസ്ഥയുടെ തലപ്പത്തിരിക്കുന്ന കുടുംബങ്ങളിലൊന്നിലാണ് ജനനം. ജീവിതത്തിന്റെ എൺപത്തിയഞ്ചോളം വർഷങ്ങളിൽ ആദ്യത്തെ പത്തുവർഷമൊഴിച്ച് ബാക്കി മുഴുവൻ അസന്തുലിതമായ സാമൂഹ്യ വ്യവസ്ഥയുടെ വേരറുക്കാൻ വേണ്ടിയുള്ള വിപ്ലവപ്രസ്ഥാനം വളർത്താനാണ് ശ്രമിച്ചത്'. 'എട്ടു പതിറ്റാണ്ടു മുമ്പ് എന്റെ കുടുംബത്തിനുണ്ടായിരുന്നതും 1935ൽ എന്റെ പങ്കായി കിട്ടിയതുമായ സ്വത്തുമുഴുവൻ പാർടിക്ക് കൊടുത്ത് പാർടിയിൽനിന്ന് കിട്ടുന്ന വേതനം കൊണ്ടാണ് അഞ്ചു പതിറ്റാണ്ടിലേറെക്കാലമായി തന്റെ കുടുംബം ജീവിച്ചുപോന്നത്.
ഞാൻ എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്രന്ഥങ്ങളുടെ റോയൽറ്റിയും മരണാനന്തരം അവയുടെ പകർപ്പവകാശവും പൂർണമായും എ കെ ഗോപാലൻ മെമ്മോറിയൽ ട്രസ്റ്റിനായിരിക്കും. രേഖകൾ പ്രകാരം എന്റെ ഉടമസ്ഥതയിൽ നടത്തപ്പെടുന്ന ദേശാഭിമാനി ദിനപത്രം, വാരിക എന്നിവയുടെ ഉടമസ്ഥാവകാശവും ഓഹരിത്തുകകളും കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്) കേരള സംസ്ഥാന കമ്മിറ്റിക്കാണ്. പിന്തുടർച്ചാവകാശികൾക്ക് യാതൊരധികാരാവകാശങ്ങളും ഉണ്ടായിരിക്കില്ല. തിരുവനന്തപുരത്ത് കാത്തലിക് സിറിയൻ ബാങ്കിൽ എനിക്കുള്ള സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലെ സംഖ്യയും മരണശേഷം പാർടിയിൽ ചേരേണ്ടതാണെന്ന് പ്രസ്താവിച്ചുകൊള്ളുന്നു.' ഈ മരണപത്രത്തിൽ അന്നത്തെ പാർടി സംസ്ഥാന സെക്രട്ടറി ഇ കെ നായനാരും ഇ എം എസിന്റെ മൂത്തമകൾ ഡോ. മാലതി ദാമോദരനും സാക്ഷിയായി ഒപ്പുവച്ചിട്ടുണ്ട്.










0 comments