മനുഷ്യമഹത്വത്തിന്റെ വിളംബരം

അന്തസ്സോടെയും അഭിമാനത്തോടെയും മനുഷ്യരായി ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാനാണ് ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തില്‍ 1948 മുതല്‍ ഡിസംബര്‍ 10 മനുഷ്യാവകാശദിനമായി ആചരിക്കാന്‍ തുടങ്ങിയത്.
അമേരിക്ക ഹിരോഷിമയിലും നാഗസാക്കിയിലും നടത്തിയ ബോംബാക്രമണമടക്കം രണ്ട് ലോക യുദ്ധങ്ങളില്‍ ഉറഞ്ഞാടിയ പൈശാചികത ലോകത്തെ ഞെട്ടിച്ചു. ഹിറ്റ്ലറുടെ നേതൃത്വത്തില്‍ ജര്‍മനിയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ നടന്ന മനുഷ്യത്വ ഹീനമായ കൊടുംക്രൂരതകള്‍ മനുഷ്യനെന്ന പദത്തിന്റെ അന്തസ് നഷ്ടപ്പെടുത്തി. ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശ പ്രഖ്യാപനം നടന്നത്.
തുടക്കം ഇങ്ങനെ
അസ്തിത്വം നഷ്ടപ്പെട്ട വിശ്വമാനവന്റെ അന്തസ്സും അഭിമാനവും വീണ്ടെടുക്കാനുള്ള യത്നത്തിന്റെ ഭാഗമായി 1946 ഫെബ്രുവരിയില്‍ മനുഷ്യാവകാശങ്ങള്‍ നിര്‍ണയിക്കാനായി ഐ ക്യരാഷ്ട്ര സഭ ഒരു കമീഷിന് രൂപം നല്‍കി. കമീഷന്‍ അന്താരാഷ്ട്ര തലത്തിലുള്ള ഒരു അവകാശ പത്രികയു തയ്യാറാക്കി. 1947ല്‍ സാര്‍വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിനുള്ള കരട് തയ്യാറാക്കി. 1948 ഡിസംബര്‍ പത്തിന് ജനറല്‍ അസംബ്ളി ചേര്‍ന്ന് മനുഷ്യാവകാശ പ്ര ഖ്യാപനം അംഗീകരിച്ചു.
മനുഷ്യാവകാശങ്ങള്‍
എല്ലാ മനുഷ്യരും സ്വതന്ത്രരാണ്. ഓരോ അവകാശവും മഹത്വം അര്‍ഹിക്കുന്നവയാണ്. ബുദ്ധിയും മനഃസാക്ഷിയുമുള്ള അവര്‍ പരസ്പരം സാഹോദര്യത്തോടെ പെരുമാറണമെന്നും മനുഷ്യവകാശ പ്രഖ്യാപനത്തിന്റെ ആമുഖത്തില്‍ വിളംബരംചെയ്യുന്നു. മനുഷ്യരാശിയുടെ അന്തസ്സിന്റെയും സമത്വത്തിന്റെയും അടിത്തറ ലോകസമാധാനം, നീതി, സ്വാതന്ത്യ്രം എന്നിവയില്‍ അധിഷ്ഠിതമായിരിക്കണം. രാഷ്ട്രങ്ങള്‍ തമ്മിലുള്ള സ്നേഹത്തിലൂടെയും സഹവര്‍ത്തിത്വത്തിലൂടെയും മനുഷ്യാവകാശങ്ങള്‍ നിയമംമൂലം സംരക്ഷിക്കപ്പെടണം. സ്ത്രീയെന്നോ, പുരുഷനെന്നോ, ദേഭമില്ലാതെ എല്ലാവരുടെയും തുല്യാവകാശങ്ങളും അന്തസ്സും സംരക്ഷിക്കപ്പെടണം. എല്ലാ അംഗ രാഷ്ട്രങ്ങളും ഐക്യരാഷ്ട്രസഭയോട് രമ്യതയില്‍ കഴിയുകയും പരസ്പരം സ്വാതന്ത്യ്രവും അവകാശങ്ങളും അംഗീകരിക്കുകയും വേണം. മനുഷ്യാവകാശ സംരക്ഷണത്തിലൂടെ മാത്രമേ ലോകത്തിന്റെ സുരക്ഷയും സമാധാനവും സാധ്യമാകൂ. ഈ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയായിരിക്കണം അംഗരാജ്യങ്ങള്‍ അന്താരാഷ്ട്ര പ്രശ്നങ്ങളില്‍ നിലപാടുകളെടുക്കേണ്ടതെന്നും മനുഷ്യാവകാശ പ്രഖ്യാപനം ഉത്ബോധിപ്പിക്കുന്നു.
മനുഷ്യാവകാശത്തിന്റെ കാവലാള്‍
മനുഷ്യ മഹത്വത്തെ അപ മാനിക്കത്തക്ക വിധമുള്ള ശിക്ഷകള്‍ക്കും പീഡനങ്ങള്‍ക്കുമുള്ള വിലക്ക്, ആദര്‍ശാധിഷ്ഠിതമായ ജീവിതത്തിനുള്ള പിന്തുണ, വ്യക്തി സുരക്ഷ, സ്വേച്ഛാധിപത്യപരമായ അറസ്റ്റ് തടയല്‍, നിയമത്തിന്റെ മുന്നിലെ തുല്യത, അടിമത്തത്തില്‍ നിന്നുള്ള മോചനം, സ്വകാര്യതയ്ക്കും കുടുബജീവിത്തിനുമുള്ള സംരക്ഷണം, ധാര്‍മികതയിലും ന്യായത്തിലും ഊന്നിയുള്ള വിശാലതകള്‍ തുടങ്ങി മനുഷ്യവകാശങ്ങളെ സംരക്ഷിക്കാനുള്ള കാവലാളായാണ് മനുഷ്യാവകാശ പ്രഖ്യാപനം നിലകൊള്ളുന്നത്.
പഴക്കം മാനവ സംസ്കാരത്തോളം
മനുഷ്യവകാശം എന്ന ആ ശയം ലോക ശ്രദ്ധ പിടിച്ചുപറ്റിയത് 1948ലെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിലൂടെയാണെങ്കിലും ഈ ആശയത്തിന് മാനവ സംസ്കാരത്തോളം പഴക്കമുണ്ട്.
ഗ്രീക്ക് ദാര്‍ശനിക ചിന്തകളിലും പശ്ചിമേഷ്യയിലെ ബാസിലോണ്‍, അസീരിയ നിയമ സംഹിതങ്ങളിലും മനുഷ്യാവകാശങ്ങള്‍ക്ക് മഹത്തായ സ്ഥാനമാണ് കല്‍പിച്ചിട്ടുള്ളത്. മനുഷ്യന്റെ അസ്തിത്വത്തിലും മനുഷ്യാവകാശങ്ങളിലും കേന്ദ്രീകരിച്ചാണ് ചൈനയിലെ കണ്‍ഫ്യൂഷസിന്റെയും ലാവോട്സെയുടെയും ചിന്തകള്‍ രൂപപ്പെട്ടിട്ടുള്ളത്.
പോരാട്ടങ്ങളുടെ നാള്‍വഴികള്‍
മാഗ്നാകാര്‍ട്ട
1215ല്‍ ജനങ്ങള്‍ ഇംഗ്ളണ്ടിലെ റണ്ണിമിഡ് എന്ന സ്ഥല ത്തുവച്ച് നിര്‍ബന്ധിച്ച് ഒപ്പ് വെപ്പിച്ച മാഗ്നാകാര്‍ട്ട ജനായത്ത ഭരണക്രമത്തിലേയ്ക്കുള്ള ലോകത്തിന്റെ ആദ്യത്തെ ചുവട്വയ്പ്പായാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. വ്യക്തികളെ അന്യായമായി തടങ്കലില്‍ വയ്ക്കുന്നതില്‍നിന്നും നാടുകടത്തുന്നതില്‍നിന്നും സ്വേച്ഛാപരമായി നികുതി പിരിക്കുന്നതില്‍ നിന്നും രാജാവിനെ തടഞ്ഞ മാഗ്നാകാര്‍ട്ടയിലെ 39ാം അനുഛേദം വ്യക്തി സ്വാതന്ത്യ്രത്തിന്റെയും മനുഷ്യാവകാശ സംരക്ഷണത്തിന്റെയും പ്രതീകമാണ്.
1688ലെ രക്തരഹിത വിപ്ളവത്തിനുശേഷം 1689ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയ അവകാശ നിയമം മനുഷ്യവകാശ പ്രഖ്യാപന ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാണ്.
സ്വാതന്ത്യ്രം, സമത്വം, സാഹോദര്യം
1789ല്‍ ഫ്രാന്‍സിലെ മനുഷ്യാവകാശ പ്രഖ്യാപനവും 'സ്വാതന്ത്യ്രം, സമത്വം, സാഹോദര്യം' എന്നീ ആശയങ്ങളും പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളില്‍ വിവിധരാജ്യങ്ങളില്‍ നടന്ന ജനകീയ മുന്നേറ്റങ്ങളും ലോകത്തെ ആവേശം കൊള്ളിച്ചു.
'മനുഷ്യന്‍ സ്വതന്ത്രനായാണ് ജനിക്കുന്നത്. എന്നാല്‍ അവന്‍ എല്ലായിടത്തും ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു'. റൂസ്സോയുടെ ഈ വാക്കുകള്‍ മനുഷ്യത്വത്തിന്റെ മഹത്വം വിളംബരം ചെയ്യുന്നു. വോള്‍ട്ടയറുടെയും മൊണ്ടെസ്ക്യൂവിന്റെയും ആശയങ്ങളില്‍നിന്ന് ഊര്‍ജം സംഭരിച്ചുകൊണ്ട് മുന്നേറിയ ഫ്രഞ്ച് വിപ്ളവം മനുഷ്യാവകാശ ചരിത്രത്തില്‍ മറക്കാനാവാത്ത മറ്റൊരധ്യായം എഴുതിച്ചേര്‍ത്തു.
ചോരച്ചാലുകളില്‍ മുക്കിയെടുത്ത ചെങ്കൊടി
1889ല്‍ ചിക്കാഗോവിലെ ഫാക്ടറി തൊഴിലാളികള്‍ 'എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിനോദം, എട്ട് മണിക്കൂര്‍ വിശ്രമം' എന്ന മുദ്രാവാക്യം മുഴക്കി പണിമുടക്കി. ആയിരക്കണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത പ്രകടനം തെരുവീഥികളിലൂടെ നീങ്ങിയപ്പോള്‍ ക്രൂരമായി അടിച്ചമര്‍ത്തപ്പെട്ടു. തെരുവിലൂടെ ഒഴുകിയ ചോരച്ചാലുകളില്‍ ഉടുവസ്ത്രം മുക്കിയെടുത്ത് ചെങ്കൊടിയുണ്ടാക്കി തൊഴിലാളികള്‍ പ്രകടനം തുടര്‍ന്നു. ഐതിഹാസികമായ ഈ പോരാട്ടത്തിന്റെ സ്മ രണയിലാണ് എല്ലാവര്‍ഷവും മെയ് ഒന്ന് സാര്‍വദേശീയ തൊഴിലാളി ദിനമായി ആചരിച്ചുവരുന്നത്.
അമേരിക്കന്‍ മനുഷ്യാവകാശ പ്രഖ്യാപനം
1776 ജൂലൈ നാലിന് അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡന്റായിരുന്ന തോമസ് ജെഫേഴ്സണിന്റെ നേതൃത്വത്തില്‍ നടത്തിയ അമേരിക്കന്‍ മനുഷ്യാവകാശ പ്രഖ്യാപനം മനുഷ്യാവകാശ പ്രഖ്യാപന ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാണ്.
എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവര്‍ക്ക് സൃഷ്ടാവ് മാറ്റാന്‍ വയ്യാത്ത ചില അവകാശങ്ങള്‍ നല്‍കിയിരിക്കുന്നു. സ്വാതന്ത്യ്രത്തോടെ ജീവിക്കാനും സുഖം തേടാനുമുള്ള അവകാശങ്ങള്‍ അതില്‍പെടുന്നു. ഈ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ജനാധിപത്യ അധികാരങ്ങളുള്ള ഗവണ്‍മെന്റ് രൂപീകരിക്കപ്പെടുന്നു.
ഏതെങ്കിലും ഭരണകൂടം ഈ ലക്ഷ്യത്തിന് വിഘാതമായി നിന്നാല്‍ അതിനെ മാറ്റാനോ, ഇല്ലാതാക്കാനോ ലക്ഷ്യം നിറവേറ്റാനുതകുന്ന പുതിയ ഗവണ്‍മെന്റ് രൂപീകരിക്കാനോ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അമേരിക്കന്‍ സ്വാതന്ത്യ്ര പ്രഖ്യാപനത്തിന്റെ രത്നചുരുക്കമാണിത്.











0 comments