01 June Thursday

വായന

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023

പെൺമയുടെ വാഴ്‌ത്തുപാട്ടുകൾ

എൻ സുകന്യ

ഇരുണ്ടകാലത്തിന്റെ ആസുരതകളോട്‌ നിരന്തരമായ കലഹങ്ങൾ നടത്തി, വിയോജിപ്പിന്റെ രാഷ്‌ട്രീയപാഠങ്ങൾ അനാവരണം ചെയ്യുകയാണ്‌ വിനോദ്‌ വൈശാഖിയുടെ കവിതാസമാഹാരം ‘മനസാക്ഷ’. പെണ്മയുടെ നാനാഭാവങ്ങൾ ഇതൾ വിരിയുകയാണ് 44 പെൺകവിതകൾ  ഉൾപ്പെടുത്തിയ ഈ സമാഹാരത്തിൽ. പെണ്ണിന്റെ പക്ഷത്തുനിന്നുള്ള ആൺനോട്ടമെന്ന് ഈ കവിതകളെ വിശേഷിപ്പിക്കാം. സൂര്യനെല്ലിമുതൽ ഇന്നും തുടരുന്ന ഒരുപാട്‌ പെൺവേട്ടകൾ ഈ കവിതയിലൂടെ കടന്നുപോകുന്നു. നിറവോടെ നനയേണ്ട മാറിടം പല തേറ്റകളേറ്റു ചോരവാർന്നു നിൽക്കുന്ന കാഴ്ച മനസ്സിനെ പിടിച്ചുലയ്ക്കുന്നു. ഇരുവാതിലും അടച്ച്‌ സാക്ഷയിട്ട് മുറിക്കകത്ത് സാക്ഷിയാകാൻ പെണ്ണിൻ നിലവിളിമാത്രം. മനസ്സുകൾ മാപ്പുസാക്ഷികളായി മാറുന്ന കെട്ടകാലത്തിന്റെ നിലവിളിയാണ് കവിത. പെണ്ണിന്റെ കരുത്തിനെക്കുറിച്ചാണ് പുരികങ്ങൾക്കിടയിലെ സൂര്യോദയം  പറയുന്നത്. പുരികക്കളിയാൽ ഹൃദയത്തെ ഒടിച്ചുമടക്കി ഓരോ ആണിനെയും ചുരുട്ടിയെറിയുന്നതാണ് ആ സൂര്യോദയം. എന്നാൽ, അതിനുമപ്പുറം ‘ചോറ്റുപാത്രത്തിലേക്കും മകൻ കിളിയായി പറക്കും പാഠശാലയിലേക്കും ഊളിയിട്ട് അവൾ സൂര്യനെ ഉയർത്തി' എന്ന വരികളിലേക്ക്‌ എത്തുമ്പോൾ അവളിലെ അമ്മയെയാണ് നാം കാണുന്നത്. അഭിമന്യുവിലും ധീരജിലുംവരെ എത്തിനിൽക്കുന്ന രക്തസാക്ഷി പരമ്പരയ്ക്ക് സമർപ്പിച്ച കവിതയാണ് ‘അമ്മക്കണ്ണിൽ മകനണയുമ്പോൾ.' അസഹിഷ്ണുതയുടെ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധിച്ച് ഡൽഹിയിലെ ക്യാമ്പസുകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണ് "ജനഗണമന' എന്ന കവിത. ഈ സമാഹാരത്തിലെ ചില കവിതകൾ മാത്രമാണ്‌ ഇവിടെ പരിചയപ്പെടുത്തിയത്. ഇതിലെല്ലാം പെണ്ണിന്റെ ദുരിതപ്പെയ്‌ത്തുകളുണ്ട്‌, നിലവിളികളുണ്ട്, പോരാട്ടങ്ങളുണ്ട്, അതിജീവനമുണ്ട്. പെൺമയുടെ വാഴ്‌ത്തുപാട്ടുകളാണ് അവയോരോന്നും.

 

ആട്ടവിളക്കുകളുടെ അണയാപ്രസാദം

ടോം മാത്യു

കുടമാളൂര്‍ കരുണാകരന്‍ നായരുടെയും മാത്തൂര്‍ ഗോവിന്ദന്‍ കുട്ടിയുടെയും കലാജീവിതം വിവരിക്കുന്ന കുടമാളൂര്‍ മുരളീകൃഷ്ണന്‍ രചിച്ച ‘അണയാത്ത ആട്ടവിളക്കുകള്‍’ കഥകളിയെന്ന കലയുടെ മര്‍മത്തിലേക്കും ധര്‍മത്തിലേക്കും വിരല്‍ചൂണ്ടുന്നു. കഥകളിയുടെ നിഗൂഢരസതന്ത്രം വശമാക്കിയ വിശ്രുതകലാകാരന്മാരുടെ ജീവിതവിവരണം അങ്ങനെയാകാതെ തരമില്ല. നാല്‍പ്പതോളംവരുന്ന ആട്ടക്കഥകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് അരങ്ങേറുന്ന കളിയരങ്ങുകള്‍ കളിഭ്രാന്തരെ അല്‍പ്പവും മുഷിപ്പിക്കാത്തത് കഥയ്‌ക്കപ്പുറം ആടുന്ന നടനവൈഭവങ്ങളുടെ വൈദഗ്ധ്യത്താലാണ്‌. കുറിച്ചി സമ്പ്രദായം പഠിച്ച കുടമാളൂരിന്റെ ആട്ടശൈലി കുറിച്ചിയുമല്ല, കിടങ്ങൂരുമല്ല, കീരിക്കാടുമല്ല, കല്ലുവഴിയുമല്ല ആര്‍ക്കും പകര്‍ത്താന്‍ കഴിയാത്ത കരുണാകരന്‍ നായര്‍ ശൈലിയാണെന്ന് കലാമണ്ഡലം കൃഷ്ണന്‍ കുട്ടി പൊതുവാള്‍ സരസമായി ചൂണ്ടിക്കാട്ടുന്നത് ഈ കലാമര്‍മജ്ഞതയിലേക്കത്രേ. സ്ത്രീവേഷങ്ങള്‍ക്ക് അനുരൂപമായി ബ്രഹ്മാവ് സൃഷ്ടിച്ചവനെന്ന് കുടമാളൂര്‍ പുകള്‍പെറ്റപ്പോള്‍ ജാമാതാവും പിന്‍ഗാമിയുമായ മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി മലയാളത്തിന്റെ സൈരന്ധ്രിയായി അരങ്ങുവാണു. അരങ്ങുജീവിതത്തിന്റെ അവതരണത്തിനൊപ്പം കഥകളിയെക്കുറിച്ചും  കഥാപാത്രങ്ങളെക്കുറിച്ചും തിരുവിതാംകൂറിന്റെ അധികമൊന്നും എഴുതപ്പെടാത്ത കലാപാരമ്പര്യത്തെക്കുറിച്ചും സാമാന്യേന പറഞ്ഞുപോകുന്നത് പാഠത്തിനപ്പുറത്തെ വായനയിലേക്കുള്ള വഴികാട്ടിയാകും.മാത്തൂര്‍ കുടുംബത്തില്‍നിന്ന് കുടമാളൂരിന്റെ മരുമകനായെത്തി അരനൂറ്റാണ്ടിലേറെ അരങ്ങുകളെ സൗന്ദര്യദീപ്തമാക്കിയ മാത്തൂരിനെ അനുസ്മരിക്കുന്നത്‌ കഥകളിനടന്‍കൂടിയായ മകന്‍ കുടമാളൂര്‍ മുരളീകൃഷ്ണനാണ്‌.

 

എന്തുകൊണ്ട്‌ മഗ്‌സാസെ വേണ്ട

മട്ടന്നൂർ സുരേന്ദ്രൻ

മഗ്‌സാസെ അവാർഡിന്റെ പിന്നാമ്പുറ കഥകളിലേക്ക് ഒരുസംഘം എഴുത്തുകാർ ഇറങ്ങിത്തിരിച്ചതിന്റെ ബാക്കിപത്രമാണ്‌ സി പി സുരേന്ദ്രൻ എഡിറ്റ്‌ ചെയ്‌ത ‘ആരാണ് മഗ്‌സാസെ?’ എന്ന പുസ്തകം. മഗ്‌സാസെ എന്ന ക്രൂരനായ കമ്യൂണിസ്റ്റുവിരുദ്ധന്റെ ജീവിതത്തിനൊപ്പം ഫിലിപ്പീൻസ്‌ കമ്യൂണിസ്റ്റ് പാർടിയുടെ ചരിത്രവും നാൾവഴികളും വെളിവാക്കുകകൂടിയാണ് 12 ലേഖനം അടങ്ങുന്ന ഈ പുസ്തകം.  ‘ഏഷ്യയിലെ നൊബേൽ’ എന്നറിയപ്പെടുന്ന മഗ്‌സാസെ പുരസ്കാരം ആരുടെ പേരിലാണോ ആ പേരിനു പിന്നിലെ രാഷ്ട്രീയം ഉയർത്തിക്കാട്ടിയാണ് സിപിഐ എം നേതൃത്വവും കെ കെ ശൈലജയും പുരസ്കാരം വേണ്ടെന്നുവച്ചതെന്ന് ലേഖനങ്ങൾ വിലയിരുത്തുന്നുണ്ട്. തികഞ്ഞ കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്നു അമേരിക്കയുടെ ദത്തുപുത്രനായ മഗ്‌സാസെ.  കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും വിപ്ലവകാരികളെയും നിഷ്ഠുരമായി അമർച്ച ചെയ്യുന്നതിന് നേതൃത്വം നൽകിയ വ്യക്തിയായിരുന്നു.  ഭൂപരിഷ്കരണത്തിലും സാമ്രാജ്യത്വ വിരുദ്ധതയിലും ഊന്നിനിന്ന്‌ ഗറില്ല വിപ്ലവമുറ സ്വീകരിച്ചിരുന്ന മാവോയിസ്റ്റ് വിഭാഗത്തെയാണ്  ഇല്ലാതാക്കിയത്. 1953ൽ  ഫിലിപ്പീൻസ്‌ പ്രസിഡന്റ് ആയതോടെ കമ്യൂണിസ്റ്റ് വിപ്ലവകാരികൾക്കെതിരെ ഏറ്റവും ക്രൂരമായ നരഹത്യക്കാണ് മഗ്‌സാസെ ഭരണകാലം സാക്ഷ്യംവഹിച്ചത്. മനില ആസ്ഥാനമായുള്ള മഗ്‌സാസെ അവാർഡ് ഫൗണ്ടേഷനാണ് അവാർഡ് നൽകുന്നതെങ്കിലും പണം നൽകുന്നത് അമേരിക്കൻ സാമ്രാജ്യത്വ ധനസഹായ ഏജൻസിയായ റോക്ക് ഫെല്ലർ ഫൗണ്ടേഷനും മറ്റുമാണ്‌ എന്നതാണ് സത്യം. അടിസ്ഥാനപരമായി കമ്യൂണിസ്റ്റുവിരുദ്ധ സംഘടനയാണ്‌ ഇത്.

 

സങ്കീർണ ജൈവ അവസ്ഥകളുടെ കഥ

വാസുദേവൻ ചേർപ്പ്‌

വളരെ അനായാസവും അതേസമയം മനുഷ്യന്റെ സങ്കീർണ ജൈവാവസ്ഥകളിലേക്ക്‌ സാഹസപ്പെട്ട്‌ കടക്കുന്നുവെന്നതുമാണ്‌ ജെഫു ജൈലാഫിന്റെ ‘വെയിൽക്കല്ലുകളിൽ വേരിറങ്ങുമ്പോൾ’ എന്ന കഥാസമാഹാരത്തിന്റെ ശക്തി. സ്വത്വബോധത്തിലും പരബോധത്തിലും ഊന്നി പരീക്ഷിച്ച്‌ ബലപ്പെടുത്തിയതാണ്‌ ഈ കഥകൾ. രതിയെ കാൽപ്പനികമാക്കി അതിലെ വേണ്ടാത്തരങ്ങളെ നിരാകരിക്കാനുള്ള  മനഃശാസ്‌ത്രമാണ്‌ കഥകളുടെ കാതൽ. പിറന്ന നാട്ടിൽനിന്ന്‌ പുറംതള്ളപ്പെടുന്നവന്റെ നിലവിളി ഭരണകൂട ഭീകരതയോട്‌ ഏറ്റുമുട്ടുന്നത്‌ ഈ കഥാകാരനെ ഉലയ്‌ക്കുന്നുണ്ട്‌. വിരൽവരകൾ, വേരുകുരുക്കുന്നിടം, അവിശുദ്ധരേഖകൾ, പീലിക എന്നിങ്ങനെ വിവിധ പ്രമേയങ്ങളുലെ ഏഴു കഥയാണ്‌ സമാഹാരത്തിൽ. ശക്തമായ ഭാഷയും ബിംബങ്ങളും കഥകളെ വേറിട്ടതാക്കുന്നു. പി ജെ ജെ ആന്റണിയുടേതാണ്‌ അവതാരിക.

 

ഓർമത്തരികളുടെ ഉപ്പുരസം

സുരേഷ്‌ ഗോപി

താഹ മാടായിയുടെ ഓറ്‌ എന്ന നോവലിലൂടെ അത്രയെളുപ്പം നമുക്ക്‌ കടന്നുപോകാനാകില്ല. അതിപുരാതനവും പ്രാക്തനവുമായ ഓർമത്തരികൾ വന്നുതൊടും. പ്രണയവും കാമനയും തൃഷ്‌ണകളും ഉപ്പുകാറ്റെന്നവണ്ണം നിരന്തരം വീശിത്തുരുമ്പിക്കും. ജനിമൃതികൾക്കിടയിലെവിടെയോ പനിച്ചുപൊള്ളിക്കിടക്കും. സമുദ്രത്തിരകൾ പോലെ വന്നടിക്കുന്നു ഈ നോവലിലെ ഓരോ കഥാപാത്രവും. പ്രണയത്തിന്റെ ഉന്മാദവും മനുഷ്യാവസ്ഥയുടെ നിസ്സഹായതയും പരിധികളില്ലാത്ത രതിയുടെ ആകാശവുമാണ്‌ ‘ഓറ്‌’പകരുന്നത്‌. ഇറച്ചിവെട്ടുകാരൻ അയമു, കദീത്തു, കുഞ്ഞിപ്പാറു, സാറ, അമീർ, ഉമ്മറൂട്ടി, ഔക്കർ, ഗംഗ, അബൂജഹൽ, കുഞ്ഞാപ്പു, കാർത്തു എന്നിങ്ങനെ വാക്കുകളാൽ അനാവൃതമാക്കാനാകാത്തവരുടെ ഘോഷയാത്രയാണ്‌ ഇത്‌. നരകത്തിന്റെ മേലെയുള്ള മുടിപ്പാലം കടക്കുമ്പോൾ ഒരു പകയുമില്ലാത്ത ബലിമൃഗങ്ങൾ അവരെ അറുത്ത അറവുകാരെ പുറത്തിരുത്തി സ്വർഗത്തിലേക്ക്‌ കടത്തുമത്രേ. കേട്ടുമറന്ന കഥകളിൽ പോലുമില്ലാത്ത വിഭ്രാന്തികളിലേക്ക്‌ മണലിൽ പുതയുന്ന കാലുകൾ പറിച്ചുപറിച്ച്‌ ‘ഓറ്‌’വായിച്ചുപോകാം. അനാദിയായ കാലത്തിന്റെ മണലെഴുത്തുകളാണ്‌ അത്‌. ആഴക്കടലിലെവിടെയോവച്ച്‌ സ്രാവ്‌ കൊത്തിയ ഒറ്റക്കണ്ണുമായി ജീവിതത്തിലേക്ക്‌ മടങ്ങിവരാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top