23 March Thursday

വായന

വെബ് ഡെസ്‌ക്‌Updated: Sunday Jan 22, 2023

ജീവിതക്കടലിന്റെ ആരവം

പ്രദീപ് പനങ്ങാട്

ബീനാ സജീവിന്റ കഥാലോകം ഏകാന്തവും വേറിട്ടതുമാണ്. അത് ഉള്ളടക്കത്തിന്റ സവിശേഷതകൊണ്ടും ആഖ്യാനത്തിന്റെ സൗന്ദര്യംകൊണ്ടുമാണ്. പുതിയ സമാഹാരമായ ഏകാന്തതയുടെ കടൽ പതിനെട്ടു കഥകൾ ചേർത്തുവച്ചതാണ്. ഇതിലെ ഓരോ കഥയിലും കാല ത്തിന്റെ കടലാണ് ഇരമ്പുന്നത്. വ്യക്തിയുടെയും സമൂഹത്തിന്റെയും തിരയടികൾ അതിൽ ഉണ്ട്. രാഷ്ട്രീയത്തിന്റെയും സംസ്കാരത്തിന്റെയും സ്പന്ദനങ്ങൾ അതിൽ കേൾക്കാം. അത് ജീവിതത്തിന്റെ അഴങ്ങളിൽനിന്ന് വരുന്നതാണ്. ഈ സവിശേഷതയാണ് ബീനാ സജീവന്റെ കഥാലോകത്തെ വ്യത്യസ്തമാക്കുന്നത്. ഏകാന്തതയുടെ കടൽ എന്ന കഥ തന്നെ ബീനയുടെ കഥാതന്ത്രത്തിന്റെ സാധ്യതകൾ പ്രകാശിപ്പിക്കുന്നു. അതിന്റെ ഉള്ളടക്കവും ആഖ്യാനവും തമ്മിലുള്ള പാരസ്പര്യം തന്നെ ശ്രദ്ധിക്കപ്പെടേണ്ടതാണ്. വർത്തമാന ലോകത്തെ ആത്മഭാഷണത്തിന്റെ ഏകാന്തതയിലൂടെ പ്രകാശിപ്പിക്കുന്നു. വായനക്കാരനും ആഖ്യാതാവും ഒന്നായി മാറുന്ന അനുഭവമാണിത്. ഓരോ കഥയിലും വിഭിന്ന ആഖ്യാനരീതികൾ പരീക്ഷിക്കുന്നു. ആധിപത്യം -ഒരു സമകാലിക വിഷയം, കാറ്റാടി മരങ്ങളുടെ ഗന്ധങ്ങൾ, കഥകൾ പറഞ്ഞു തുടങ്ങുന്നത്. കാഞ്ഞിരമരം എന്നീ കഥകൾ വായനക്കാരോട് വിഭിന്ന തലങ്ങളിലൂടെ സംവദിക്കുന്നവയാണ്. കഥയെ അനുഭവവും അന്വേഷണവുമാക്കി മാറ്റാൻ ബീനാ സജീവിന് കഴിയുന്നു. ഭാഷയുടെ ലാളിത്യവും സാന്ദ്രതയും കഥകളുടെ സംവേദനത്തെ ആർദ്രമാക്കുന്നു.

 

സിനിമ... സിനിമ... സിനിമ

വിനീഷ് കളത്തറ

നിളാതീരത്തെ മേലഴിയം നടുവിലേടത്ത് പറമ്പില്‍നിന്ന് സിനിമയെന്ന മായക്കാഴ്ചയിലേക്ക് സ്വയം എടുത്തെറിയപ്പെട്ട ഒരു ചെറുപ്പക്കാരന്റെ ആത്മകഥാപരമായ രചനയാണ് എന്‍ പി മുരളീകൃഷ്ണന്റെ ‘സിനിമാ ടാക്കീസ് മേലഴിയം ടു മജീദ് മജീദി'. ശ്രീകൃഷ്ണാ ടാക്കീസ് എന്നൊരു സിനിമാപ്പുര തന്റെ വീട്ടുപറമ്പില്‍ ഉയര്‍ന്നുവരുന്നതായി സങ്കല്‍പ്പിക്കുന്നു. ഓരോ വെള്ളിയാഴ്ചയും സിനിമകള്‍ മാറുന്നതിനായുള്ള പ്രചാരണം നടത്തുന്നതും അവന്‍ തന്നെ. സ്‌കൂളില്‍ സംഘടിപ്പിച്ച സിനിമാ പ്രദര്‍ശനത്തിന്റെ ടിക്കറ്റ് വിലയായ ഒരു രൂപ ഒപ്പിക്കാന്‍ പട്ടിണിക്കാരനായ  കുട്ടി നടത്തുന്ന ശ്രമങ്ങള്‍ വായനക്കാരില്‍ നേരിയ നോവ് പടര്‍ത്തും. ഈ പുസ്തകം അതിജീവനത്തിന്റെ ചരിത്രരേഖ കൂടിയാണ്. ടീവി കാണാന്‍ മറ്റുള്ള വീടുകളില്‍ പോകേണ്ടിവന്നതും അത്തരം വീടുകളില്‍നിന്ന് ലഭിച്ച അനുഭവങ്ങളും ചോരാതെ  പറഞ്ഞുവയ്ക്കുന്നു. ആദ്യമായി തിയറ്ററില്‍ പോയി സിനിമ കണ്ടതും ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ചലച്ചിത്രോത്സവം കണ്ടതും  വിശദീകരിക്കുന്നു. അന്തര്‍ദേശീയമായ ചലച്ചിത്ര കാഴ്ചയിലൂടെ, ലോകത്തെ മുതിര്‍ന്നവരും കുട്ടികളും നേരിടുന്ന പ്രശ്‌നങ്ങള്‍ സമാനമാണ് എന്ന്  തിരിച്ചറിയുന്നു. ഒടുവില്‍ നടുവിലേടത്ത് പറമ്പില്‍നിന്ന് വിഖ്യാത ഇറാനിയന്‍ സംവിധായകനായ മജീദ് മജീദിയെ നേരില്‍ കണ്ട് അഭിമുഖം നടത്തുന്നതിലേക്ക് ആ കുട്ടി വളരുന്നു; സിനിമ അവനെ വളര്‍ത്തുന്നു.

 

നീ മറക്കാതെ നീ നടന്ന വഴികളെ

വി ബി പരമേശ്വരൻ

വിശ്വനാഥൻ വടേശ്വരത്തിന്റെ രണ്ടാമത്തെ കവിതാ സമാഹാരമാണ്  ‘ഓർക്കുക വല്ലപ്പോഴും'. പ്രധാന പ്രമേയം പ്രണയവും സ്നേഹവും സൗഹൃദവും തന്നെയാണ്. അതോടൊപ്പം കൃഷ്ണ ഭക്തിയും. 33 കവിതയാണ്  സമാഹാരത്തിലുള്ളത്. സ്നേഹത്തിന്റെ നീരുറവ വറ്റാത്ത അമ്മെയക്കെുറിച്ചാണ് ആദ്യ കവിത. അമ്മയെ ഒരു അത്ഭുതമായാണ് വിശ്വനാഥൻ കാണുന്നത്. ‘എത്രമേൽ വഴക്കിട്ടാലും/എത്രമേൽ മിണ്ടാതിരുന്നാലും/എന്നെ വീണ്ടും, വീണ്ടും/കാണണമെന്ന് പറയുന്ന/എന്നമ്മതൻയെൻ അത്ഭുതം' സാധാരണ ജനജീവിതം ഉഴുതുമറിച്ചിട്ട മഹാമാരിക്കാലം കവിയെ വല്ലാതെ സ്വാധീനിച്ചതായി കാണാം. എന്നാൽ നിരാശയുടെ പടുകുഴിയിലേക്ക് വീഴുന്നതിന് പകരം പ്രതീക്ഷയിലേക്ക് പിച്ചവയ്‌ക്കാനാണ് കവിതകൾ പ്രേരിപ്പിക്കുന്നത്. ‘മഹാമാരി ജീവനെടുത്ത്/കപാല നൃത്തമാടുന്നയീവേളയിൽ/മൃദുലമാം, പ്രണയവികാരങ്ങൾക്ക്–/ജീവൻ നൽകിയയക്കട്ടെ ഞാൻ' (വാലന്റൈൻ 2021 ) ശ്രീകൃഷ്ണ ഭക്തി നിറഞ്ഞുതുളുമ്പുന്നുവെങ്കിലും അത് അന്ധമായ ഭക്തിയാണെന്ന് വിലയിരുത്താനാകില്ല. ‘ക്ഷമിക്ക, ക്ഷമിക്ക കൃഷ്ണ' എന്ന കവിത തന്നെ ഉദാഹരണം. കൃഷ്ണാ, നിൻ കീർത്തിയാം/‘സ്ത്രീകളെ' നിരന്തരമപമാനിച്ച്/സംതൃപ്തരായി–/ആനന്ദിച്ചുവന്നു ചിലർ/നിൻവിഭൂതിയാം,/പുണ്യഗംഗയിൽ/മൃതശരീരങ്ങളൊഴുക്കി/മലീമസമാക്കിനാൾ, പലർ/ക്ഷമിക്ക, ക്ഷമിക്ക കൃഷ്ണ. വിശ്വനാഥൻ നൽകുന്ന കവിതകളിലൂടെ നൽകുന്ന സന്ദേശം ‘നീ മറക്കാതെ നീ നടന്ന വഴികളെ' (ഉണ്ണിയോട് എന്ന കവിത) എന്നതാണ്. കമ്പോളത്തിന്റെ വർണപ്പൊലിമയിൽ ആകൃഷ്ടരായി വന്ന വഴിമറക്കുന്നവർക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ വരികൾ. സ്മിത കെ ഇ യുടെ വരകളും  പായൽ ബുക്‌സ്‌ പുറത്തിറക്കിയ ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നു.

 

രാഷ്ട്രീയം തിളയ്‌ക്കുന്ന കഥകൾ

രാജീവ് പെരുമൺപുറ-

കെ പി രാമനുണ്ണിയുടെ ‘ഹൈന്ദവം' എന്ന കഥാസമാഹാരത്തിലെ ഒൻപത് കഥകളിലും തിളച്ചു തൂവുന്ന രാഷ്ട്രീയ ബോധ്യങ്ങൾ ഈ പുസ്തകത്തെ വലിയ വായനാനുഭവമാക്കുന്നു. ‘ഹൈന്ദവം' എന്ന പുസ്തക ശീർഷക കഥ പൗരത്വ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ മതബോധങ്ങളുടെ പുതിയ ലോകം തുറക്കുന്നു.‘വാരിയംകുന്നത്ത് വീണ്ടും ' എന്ന കഥയിലും ഹിന്ദു മുസ്ലിം ജീവിതത്തിന്റെ പാരസ്പര്യം ഇഴചേർത്തവതരിപ്പിക്കുന്നു. രാജ്യമാകെ വർഗീയത പടരുമ്പോൾ മനുഷ്യൻ ഓടിയെത്തി അഭയ കേന്ദ്രമാകാനുള്ള ഏക തുരുത്ത് കേരളമാണെന്ന് ‘കേരള മാരത്തോൺ ' എന്ന കഥ വ്യക്തമാക്കുന്നു. മതവും ദൈവവുമെല്ലാം രാമനുണ്ണികഥകളിൽ പുതിയ ലോകം തീർക്കുന്നത് നമുക്ക് അനുഭവപ്പെടും.‘സർവൈലൻസ് ' എന്ന കഥയിൽ സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ പ്രൊഫസർ ലൈംഗിക അപവാദങ്ങളിൽ കുരുക്കപ്പെടുന്നതും, മാധ്യമം മനുഷ്യജീവിതത്തെ നിർദയം ദുരിതപൂർണമാക്കുന്നതും ഞെട്ടലോടെ നാം വായിച്ചെടുക്കുന്നു. ഫാന്റസിക്കലായി കഥാന്ത്യം മാറുന്നു. പൂർണനാരീശ്വരൻ, ശ്വാസംമുട്ട്, പുരുഷച്ഛിദ്രം, പരമ പീഠനം, ചിരിയും കരച്ചിലും കഥകളെല്ലാം സ്ത്രീ പുരുഷ ബന്ധങ്ങളിലെ വൈരുധ്യങ്ങളും സംഘർഷങ്ങളും ബഹുതല രൂപത്തിൽ ചർച്ച ചെയ്യുന്നു. തികഞ്ഞ രാഷ്ട്രീയ ബോധ്യങ്ങളും വിഷയവൈവിധ്യങ്ങളും വിജ്ഞാനവിനിമയങ്ങളും ഭാഷാകണിശതയും കെ പി രാമനുണ്ണിയുടെ ഹൈന്ദവം സമാഹാരത്തിലെ കഥകളെ വ്യത്യസ്തമാക്കുന്നു. പ്രൊഫ. എം കെ സാനുവിന്റെ ‘മനുഷ്യൻ ഒരു നിർവചനം' എന്ന മുഖക്കുറിപ്പും കൂടിയായപ്പോൾ പുസ്തകം അതിഗംഭീരമാകുന്നു.

 

അവനവന്‌ കൊടുക്കാവുന്ന ചില സമ്മാനങ്ങൾ

ബിജു കാർത്തിക്‌

രചനയുടെ മാസ്‌മരികതകൊണ്ടും പ്രതിഭകൊണ്ടും ലോകത്തെ ആകെ കീഴ്‌പ്പെടുത്തിയ എഴുത്തുകാരനാണ്‌ ഗബ്രിയേൽ ഗാർസിയ മാർകേസ്‌. അദ്ദേഹത്തിന്റെ തൂലികയിൽ പിറക്കുന്ന അക്ഷരക്കൂട്ടങ്ങൾക്കായി ലോകം കാതോർത്തിരിക്കുന്നു. മനുഷ്യ സ്‌നേഹത്തിന്റെ ആഴമേറിയ അനുഭവങ്ങളാണ്‌ അദ്ദേഹത്തിന്റെ ഓരോ രചനകളുമെന്നതാണ്‌ അനുവാചകരെ ഇങ്ങനെ കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം. എന്റെ വിഷാദഗണികാ സ്‌മൃതികളെന്ന- (memories of my meloncholy whores) ഈ നോവലും ഇതിൽനിന്ന്‌ വിഭിന്നമല്ല. 90 വയസ്സിലേക്ക്‌ കടക്കുന്ന ഒരു പത്രപ്രവർത്തകൻ അയാൾക്ക്‌തന്നെ ഒരു സമ്മാനം നൽകാൻ തീരുമാനിക്കുന്നു. അയാളുടെ ജീവിതത്തെ എന്നേക്കുമായി മാറ്റിമറിക്കാൻ പോകുന്നതായിരുന്നു ആ തീരുമാനം. നിരാശയും ഏകാന്തതയും ഓർമയും സാഹസികതയുമെല്ലാം ചേർത്തുവച്ച്‌ മാർകേസ്‌ എഴുതിയ ഈ കൃതി പ്രണയവും ഭ്രാന്തും സ്വപ്‌നങ്ങളും ഏത്‌ പ്രായത്തിലും അനുഭവിക്കാനാവുന്നതാണെന്ന്‌ ഓർമിപ്പിക്കുന്നു. കാരണങ്ങളൊന്നുമില്ലാതെ അവനവന്‌ തന്നെ സ്വയം സമ്മാനിക്കാവുന്ന ഏറ്റവും മികച്ച വായനാനുഭവം കൂടിയാകും മാർകേസിന്റെ ഈ രചന. മാർകേസിന്റെ എഴുത്തനുഭവങ്ങളെ ഒട്ടും ചോർന്നുപോകാതെ മലയാളികൾക്ക്‌ മുന്നിൽ അവതരിപ്പിക്കാൻ വിവർത്തകനായ കെ ബി പ്രസന്നകുമാറിന്‌ കഴിഞ്ഞിട്ടുമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top