08 June Thursday

വായന

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023

അരുണ ദശകത്തിലെ മിഴിവുറ്റ ഏട്

ആർ പാർവതി ദേവി

കേരളചരിത്രത്തിലെ  അരുണദശകത്തെ മിഴിവുറ്റതാക്കിയതിൽ കെപിഎസി ഉൾപ്പെടെയുള്ള നാടക പ്രസ്ഥാനങ്ങൾക്ക് ചെറുതല്ലാത്ത പങ്കാണുള്ളത്. സ്ത്രീകൾ അഭിനയ രംഗത്തേക്ക് വരാൻ മടിച്ചു  നിന്ന ആ കാലഘട്ടത്തിൽ അഭിനയവും പാട്ടും ആയി കെപിഎസിയിൽ അനിവാര്യ സാന്നിധ്യമായി മാറിയ പ്രതിഭയാണ് കെപിഎസി സുലോചന. സുലോചനയുടെ കഥ കെപിസിസിയുടെ കഥ കൂടിയാണ് . കേരളത്തിലെ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ വളർച്ചയുടെ കഥയാണ്. ഈ കഥ ആണ് ബൈജു ചന്ദ്രൻ എഴുതിയ "ജീവിത നാടകം: അരുണാഭം ഒരു നാടക കാലം’എന്ന ബൃഹത് ഗ്രന്ഥം . ഒഎൻവിയും ദേവരാജനും സുധർമയും തോപ്പിൽ ഭാസിയും ജനാർദന കുറുപ്പും ഒ മാധവനും രാജഗോപാലൻ നായരും കാമ്പിശ്ശേരിയും ഉൾപ്പെടുന്ന വലിയ യുവസംഘം തങ്ങളുടെ സർഗചിന്തകൾ ഉരുക്കി ഒഴിച്ച് മിനുക്കി എടുത്ത ആ നാടക കാലം ആവേശകരമാണ്. പൊലീസും മർദനവും ആക്രമണോത്സുക ജന്മിത്വവും ചെറുത്തു തോൽപ്പിച്ചു മുന്നേറിയ ദിനങ്ങളിൽ സുലോചനയും വീറോടെ ഒപ്പം നിന്നു . സുലോചന മാത്രമല്ല സുധർമയും വിജയകുമാരിയും മറ്റ് അനേകരും. ബൈജു ചന്ദ്രൻ ചരിത്ര രേഖകൾ ധാരളമായി കണ്ടെടുത്ത് ഉദ്ധരണികളിലൂടെ വായനക്കാരെ ചുവന്ന വഴികളിലൂടെ നടത്തുന്നു. സുലോചനയുടെ കഥയിലൂടെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു.

 

നിഗൂഢമായ ഒഴുക്ക്‌

 കെ ആർ മല്ലിക

ജീവിതത്തിന്റെ പൊള്ളുന്നയിടമാണ്‌ തണുപ്പ്‌ വിൽക്കുന്ന ബിയർ പാർലറുകൾ. പുറംലോകത്തിന്‌ വർണാഭമായി തോന്നുന്ന ഇടം നീതിനിഷേധത്തിന്റെ അരങ്ങുകൂടിയാണെന്ന്‌ വ്യക്തമാക്കുകയാണ്‌ സബിൻ എസ്‌ ബിയുടെ ആദ്യ നോവലായ ‘ബിയർ പാർലർ’. തെക്കൻ കേരളത്തിലെ  ഒരു ഗ്രാമത്തിൽ മദ്യശാലയിൽ തൊഴിൽതേടി എത്തുന്ന ഷിനുവാണ്‌  കഥയിലെ നായകൻ. അമ്മയുടെ ആത്മഹത്യ നൽകുന്ന ഭീതി ജീവിതം മുഴുവൻ പേറുന്ന  അയാൾക്ക്‌ തൊഴിലിടം ആസ്വാദ്യമായി മാറുന്നതിനൊപ്പം അവിടെനിന്ന്‌ പടിയിറങ്ങേണ്ടിയും വരുന്നു. അലീനയുമായുള്ള പ്രണയം വീണ്ടും തളിർക്കുന്നു. മനസ്സിന്റെ നിഗൂഢാർഥങ്ങളിലേക്ക്‌ ഒഴുകിപ്പടരുന്ന നോവൽ. കൈയടക്കം വന്ന രചനാ സങ്കേതങ്ങൾ.

 

 

 

 

 

 

 

തല ഉയർത്തി നിൽക്കുന്ന പ്രതിബദ്ധകവിതകൾ

രാധാകൃഷ്ണൻ ചെറുവല്ലി

അനുഭവത്തിന്റെ രാഷ്ട്രീയഭൂമികയിൽനിന്നുള്ള നിലവിളികളാണ് കെ സജീവ് കുമാറിന്റെ കവിതകൾ. പാരമ്പര്യവും പാരമ്പര്യനിഷേധവും ആ കവിതകളിൽ ദർശിക്കാം. ബോധാവബോധങ്ങൾ ഒരു വ്യക്തിയിൽ കാലദേശാനുസാരിയായി മൂന്നാം കണ്ണു തുറക്കുമ്പോഴാകും കവിത പിറക്കുന്നത്. മാർത്താണ്ഡവർമ എങ്ങനെ രക്ഷപ്പെട്ടു? എന്ന ശീർഷക കവിത നരേന്ദ്രപ്രസാദിന്റെ നാടകത്തെ മുൻനിർത്തിയുള്ള അന്വേഷണമാണ്. അമ്മ കുഞ്ഞിലേ പോയി. അച്ഛനെവിടെയെന്നാർക്കുമറിയില്ല. ഞങ്ങൾക്ക് എസ്എഫ്ഐ രാഷ്ട്രീയവും സമരം ചെയ്യാൻ ധൈര്യവും പകർന്നുതരുന്നവൻ. അവനാണ് കൃഷ്ണൻകുട്ടി, കുട്ടികളെ മാർത്താണ്ഡവർമ എങ്ങനെ രക്ഷപ്പെട്ടു എന്ന നാടകം പരിശീലിപ്പിക്കുന്ന കൃഷ്ണൻകുട്ടിയെ റിഹേഴ്സലിനിടയിൽ പൊലീസ് പിടികൂടുന്നു. മോഷണക്കുറ്റത്തിന് പിറ്റേന്ന് സ്കൂളിലെത്തുമ്പോൾ കൂട്ടുകാർ പറയുന്നു നാടകം തീർന്നു. കൃഷ്ണൻകുട്ടി തൂങ്ങിനിൽക്കുന്നു. കീഴാള മനുഷ്യന്റെ ജീവിതാനുഭവങ്ങളെ പൊള്ളുന്ന സ്റ്റേജിൽ നിർത്തി നാടകം കളിപ്പിക്കുകയാണ് കവി. നന്മതിന്മകൾ കീഴ്മേൽ മറിയുന്ന സ്റ്റേറ്റായി കീഴാളജീവിതത്തെ ഇവിടെ അടയാളപ്പെടുത്തുന്നു. പിന്നറ്റത്തെ ബഞ്ചിൽ ഇരിക്കുന്ന ഷെരീഫാണ് ‘ക്ലാസിലെ മൂലയിൽ’ കവിതയിലെ വിഷയം. വർഗവും ജാതിയും മതവും കീഴാളത്വവും ഒരു ബിന്ദുവിൽ സംഗ്രഹിക്കുന്ന തീവ്രതയാണീ കവിത. ഉള്ളിൽ തിളയ്ക്കുന്ന ലാവയായി ജീവിതം പൊട്ടിയൊഴുകുന്ന കവിതകളാണ് ഈ സമാഹാരത്തിൽ. തല ഉയർത്തി നിൽക്കുന്ന പ്രതിബദ്ധതയാണ് കെ സജീവ് കുമാറിന്റെ കവിതകൾ. ഈ സമാഹാരത്തിൽ ഇരുപത്താറു കവിതയും ഡോ. എൽ തോമസ് കുട്ടിയുടെ പ്രോജ്വലമായ പഠനവുമുണ്ട്.

 

കൊളോണിയൽ നിഷ്ഠുരതയുടെ തുറന്നുകാട്ടൽ

ഹംസ അറയ്ക്കൽ

യുദ്ധത്തിന്റെ ഭീകരാവസ്ഥയും ജനജീവിതത്തിലെ വിഭ്രാന്തികളും കൊളോണിയൽ ആധിപത്യത്തിന്റെ നിഷ്ഠുരതകളും തുറന്നുകാട്ടുന്ന പുസ്തകമാണ്‌ അബ്ദുൾ റസാഖ് ഗുർണയുടെ ‘ജന്മാന്തരങ്ങൾക്കപ്പുറം.’ പലായനത്തിന്റെയും ദുരിതങ്ങളുടെയും കഥയാണ്‌ കിഴക്കൻ ആഫ്രിക്കൻ  ഗ്രാമജീവിതത്തിന്റെ പശ്ചാത്തലത്തിൽ ആവിഷ്കരിക്കുന്നത്‌. ബൃഹത്തായ ഒരു ക്യാൻവാസിൽ അഞ്ച്‌ പ്രധാന കഥാപാത്രങ്ങളെ ചേർത്തുപിടിച്ചാണ്‌ ഗുർണയുടെ ഈ ഫിക്ഷൻ രൂപപ്പെടുന്നത്‌.1884 ൽ തുടങ്ങിയ സാൻസിബാറിലെയും ടാംഗനിക്കയിലെയും ക്രൂരമായ ജർമൻ അധിനിവേശമാണ്‌ പുസ്തകത്തിന്റെ ആദ്യ പകുതിയിൽ. ജർമൻ സൈന്യത്തെ പ്രതിരോധിച്ചതിന്റെ പേരിൽ ജനങ്ങളെ പട്ടിണിക്കിട്ട്‌ കൊന്നൊടുക്കി അധിനിവേശ സൈന്യം  നടത്തുന്ന താണ്ഡവം അതിന്റെ പൂർണ ഉഗ്രതയോടെ  നോവൽ ചിത്രീകരിക്കുന്നു. ഗുജറാത്തിൽ നിന്ന്‌ കുടിയേറിയ ഖാലിദിന്‌  ആഫ്രിക്കൻ ഉമ്മയിൽ പിറന്ന മകൻ ഖലീഫയിലൂടെയാണ്‌ കഥ തുടങ്ങുന്നത്‌. ഖലീഫ ഈ നോവലിൽ നായക തുല്യമായി നിറഞ്ഞുനിൽക്കുന്ന കഥാപാത്രമാണ്‌. ചെറുപ്പത്തിൽ അയാളുടെ സ്കൂൾ ജീവിതം ആരംഭിച്ച കാലത്താണ്‌ ജർമൻ സൈന്യം നാടുപിടിച്ചടക്കുന്നത്‌. ഒരേസമയം യൂറോപ്യൻ കൊളോണിയലിസത്തിന്റെ ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ഇതിഹാസവും ഭൂമിയുടെ അവഗണിക്കപ്പെട്ട  ഗ്രാമജീവിതത്തിലേക്കുള്ള തുറന്ന കണ്ണാടിയുമാകുന്നു,  ‘ജന്മാന്തരങ്ങൾക്കപ്പുറം.’ സുരേഷ്‌ എംജിയാണ്‌ മൊഴിമാറ്റം.

 

മ‍ഴവില്ലുപോലെ മനോഹരം

പി വിജയലക്ഷ്മി

കേന്ദ്രം ലക്ഷദ്വീപ് ജനതയെ വരിഞ്ഞ് മുറുക്കി ശ്വാസം മുട്ടിക്കുകയാണ്. ദ്വീപുകളിലെ ജനങ്ങളാകട്ടെ നിലനിൽപ്പിനായുളള അക്ഷീണ പോരാട്ടത്തിലും. അവരുടെ അതിജീവനത്തിനായി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ് കെ രാജേന്ദ്രന്‍ രചിച്ച " ലക്ഷദ്വീപിലെ മാലാഖമാര്‍" എന്ന ബാലനോവല്‍ ലക്ഷദ്വീപിലെ കണ്ടാലും കണ്ടാലും മതിവരാത്ത ജൈവവൈവിധ്യ കാ‍ഴ്‌ചകളിലൂടെ കുഞ്ഞിക്കോയയെന്ന ഉപ്പൂപ്പയും മുംതാസ്‌ എന്ന പേരക്കുട്ടിയും നടത്തുന്ന കടല്‍യാത്രയും തിത്തിയുമ്മയുടെ നാടോടിക്കഥകളും സ്വപ്നങ്ങളില്‍ പറന്നെത്തി ‘കടല്‍ ഞങ്ങളുടേത് കൂടിയാണ്" എന്നോര്‍മപ്പെടുത്തുന്ന പവി‍ഴപ്പൂ മാലാഖമാരും ദ്വീപുകളെ വി‍ഴുങ്ങാനായെത്തുന്ന കോട്ടിട്ട നാവിക കൊളളക്കാരുമെല്ലാമാണ് പ്രധാനകഥാപാത്രങ്ങള്‍. വര്‍ഷ കാലത്ത് ദ്വീപുകള്‍ക്ക് നെറുകെ ആകാശത്ത് മ‍ഴവില്ലുകള്‍ വര്‍ണം വിരിയിക്കുമത്രെ, ആ മ‍ഴവില്ലുകളെ ദ്വീപുകാര്‍ അന്തംവിട്ട് നോക്കിനിൽക്കാറുണ്ടത്രെ. ആകാശത്തിലെ മ‍ഴവില്ലുപോലെ മനോഹരമായ ഭാഷയിലാണ് നോവല്‍ എ‍ഴുതിട്ടുളളത്. പ്രകൃതിരമണീയത മാത്രമല്ല, ലക്ഷദ്വീപിലെ നന്മമരങ്ങളും നേരില്‍ക്കണ്ട പ്രതീതി സൃഷ്ടിച്ചിരിക്കുന്നു. നോവല്‍ ഊന്നല്‍ നല്‍കുന്നത് പരിസ്ഥിതി സംരക്ഷണത്തിനാണ്. കടലില്‍ മുങ്ങിപ്പോയ പറളി ഒന്നാം നമ്പര്‍ ദ്വീപിൻെറ കഥ ലോകത്തെ കാത്തിരിക്കുന്ന ജലദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു. ജെസരി ലക്ഷദ്വീപിലെ പ്രാദേശിക നാട്ടുഭാഷയാണ്. ആ ഭാഷയിലെ വാക്കുകളും പ്രയോഗങ്ങളും അര്‍ഥസൂചികകള്‍ സഹിതം ഉപയോഗിക്കുന്നതില്‍ ഗ്രന്ഥകാരന്‍ കാണിച്ച ജാഗ്രത പ്രശംസനീയമാണ്. പരിസ്ഥിതി മാത്രം സംരക്ഷിച്ചാല്‍ പോരാ ചെറിയ ഭാഷാവൈവിധ്യങ്ങള്‍പോലും സംരക്ഷിക്കപ്പെടണമെന്ന ശക്തമായ സന്ദേശവും പുസ്തകം നല്‍കുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top