27 July Saturday

ഗോമതി അവസാനത്തെ ഇരയാകുന്നില്ല...

എ എൻ രവീന്ദ്രദാസ്Updated: Thursday Jul 11, 2019

1988ൽ ഉത്തേജകമരുന്നിന്റെ ആഗോളതലത്തിലെ ആദ്യത്തെ ഇരയായി സോൾ ഒളിമ്പിക‌്സിൽനിന്ന‌് പുറത്താക്കപ്പെട്ട ബെൻ ജോൺസണോട‌് ദുഃഖം തോന്നുന്നു. അന്ന‌് അപമാനിതനായി നാട്ടിൽ തിരിച്ചെത്തിയപ്പോഴും ജോൺസൺ പറയുന്നുണ്ടായിരുന്നു; എന്നേക്കാൾ വലിയ കള്ളന്മാർ അവിടെ ഓടിയിട്ടുണ്ട‌്; ഓടുന്നുണ്ട‌്–-കാട്ടുകള്ളന്മാർ എന്ന‌്. അതേ, ബെൻ ജോൺസന്റെ അവതാരങ്ങൾ പിറന്നുകൊണ്ടേയിരിക്കുന്നു. കയ്യും കണക്കുമില്ലാതെ ഉത്തേജകങ്ങൾ വിഴുങ്ങി അവർ കായികവേദിയെ കീഴ‌്മേൽ മറിക്കുന്നു.

ലോക ഉത്തേജകവിരുദ്ധസമിതി (വാഡ) ഓരോ തവണയും പുറത്തുവിടുന്ന വിവരപ്രകാരം നൂറുകണക്കിന‌് കായികതാരങ്ങൾ സംശയത്തിന്റെ നിഴലിൽവരുന്നുണ്ട‌്. ആ കണക്കെടുപ്പിൽ ഇന്ത്യയും ഉത്തേജകത്തിന‌് മോശമല്ലാത്ത സംഭാവന നൽകുന്നുണ്ട‌്. 2010 ൽ ഡൽഹിയിൽ അരങ്ങേറിയ കോമൺവെൽത്ത‌് ഗെയിംസിന‌് പിന്നാലെ മൂന്നുമലയാളികൾ ഉൾപ്പെടെ നമ്മുടെ എട്ട‌് അ‌ത‌്‌ലറ്റുകൾ ഉത്തേജകം കഴിച്ചതിന‌് പിടിയിലായതും തുടർന്നെത്തിയ വിലക്കും ഇന്ത്യൻ കായികവേദിക്കുണ്ടായ പേരുദോഷം ചെറുതായിരുന്നില്ല.

ഇന്ത്യൻ കായികരംഗത്തെ ഉത്തേജകശൃംഖലയിലെ അവസാനത്തെ കണ്ണികളായിരുന്നില്ല ആ അത‌്‌ലറ്റുകൾ. ബോക‌്സിങിലും ഗുസ‌്തിയിലും അത‌്‌ലറ്റിക‌്സിലുമുൾപ്പെടെ പോയ വർഷങ്ങളിൽ നമുക്കും ഉത്തേജകമരുന്നിന്റെ നിരവധി ഇരകളുണ്ടായി. രക്തത്തിൽ ചുവന്നരക്താണുക്കളുടെ അളവുവർധിപ്പിച്ച‌് പ്രകടനം മെച്ചപ്പെടുത്താൻ തുണയ‌്ക്കുന്ന എറിത്രോ പോയന്റിൻ (ഇപിഒ)പോലുള്ള ഹോർമോണുകൾ ഇന്ത്യൻ വിപണിയിൽ സുലഭമാണെന്നപോലെ അത‌് താരങ്ങൾ ഉപയോഗിക്കുന്നുവെന്നതും രഹസ്യമല്ല. മറ്റ‌് മിക്കരാജ്യങ്ങളിലെപോലെതന്നെ മെഡൽ മോഹം തലയ‌്ക്കുപിടിച്ച ഇന്ത്യൻ കായികവ്യവസ്ഥിതിയും ഉത്തേജകവിപത്തിനുനേരെ കണ്ണടയ‌്ക്കുന്നുവെന്നതാണ‌് വാസ‌്തവം.

അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ‌് 800 മീറ്ററിൽ വ‌ിസ‌്മയ  പ്രകടനത്തോടെ ഏഷ്യൻ സ്വർണത്തിലെത്തിയ ഗോമതി മാരിമുത്തു എന്ന തമിഴ‌്നാട്ടുകാരി. അതുവരെ അധികമൊന്നും അറിയപ്പെടാത്ത ഗോമതി ദോഹയിൽ നടന്ന ഏഷ്യൻ അത‌്‌ലറ്റിക‌് ചാമ്പ്യൻഷിപ്പിൽ തന്റെ മുപ്പതാംവയസിൽ സ്വർണത്തിലേക്ക‌് കുതിച്ചെത്തിയത‌് അത്ഭുതത്തോടെയാണ‌് കായികലോകം വീക്ഷിച്ചത‌്.

അന്ന‌് ദോഹയിൽ വിജയപീഠമേറി അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ ഗോമതി ഇന്നിതാ ഉത്തേജകത്തിന്റെ മറ്റൊരു ഇരകൂടിയായി തലകുനിച്ചുനിൽക്കുന്നു. ദോഹയിൽ നടന്ന ഉത്തേജകമരുന്നു പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന‌് വൻകരയിൽ ഇന്ത്യയുടെ അഭിമാന പതാക പാറിച്ച ഈ ഓട്ടക്കാരി നാലുവർഷത്തെ വിലക്കിലേക്ക‌്പോകുന്നു. എന്താണ‌് സംഭവിച്ചതെന്ന‌് തനിക്കറിയില്ലെന്നും ‘ബി’ സാംപിൾ പരിശോധിക്കണമെന്നും ഗോമതി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അവർ അറിഞ്ഞുകൊണ്ടുകുഴിയിൽ ചാടിയതോ, ചതിക്കപ്പെട്ടതോ എന്ന‌് ഇനിയും വ്യക്തമാകേണ്ടതുണ്ട‌്.

ജീവിതത്തിൽ ഗോമതി മാരിമുത്തു കടന്നുവന്ന വഴികളും അവിടെ നേരിടേണ്ടിവന്ന കഠിന പരീക്ഷണങ്ങളും അവർ നടത്തിയ അതിജീവനവുമായിരുന്നു ദോഹ ഏഷ്യൻ മീറ്റിലെ ഏറ്റവും വലിയ വിശേഷം. ഫെഡറേഷൻകപ്പിൽ താൻകുറിച്ച സമയം ഏഷ്യൻമീറ്റിൽ മെച്ചപ്പെടുത്തിയ ഗോമതി ലോകമീറ്റിന‌് നേരിട്ട‌് യോഗ്യത ഉറപ്പിക്കുകയും ചെയ‌്തിരുന്നു. ഫെഡറേഷൻ കപ്പിലെ ഡോപ‌്ടെസ‌്റ്റ‌് ഫലം ദേശീയ ഉത്തേജകസമിതി (നാഡ) മറച്ചുവച്ചില്ലായിരുന്നുവെങ്കിൽ ദേശീയ ക്യാമ്പിലില്ലാതിരുന്ന ഈ താരം ഏഷ്യൻ മീറ്റിൽ പങ്കെടുക്കുമായിരുന്നില്ല. രണ്ടിടത്തും ഗോമതിയുടെ പരിശോധനാഫലം പോസ‌ിറ്റീവായിരുന്നെന്ന‌് അത‌്‌ലറ്റിക‌് ഫെഡറേഷൻ തലവൻ ഇപ്പോൾ സമ്മതിക്കുന്നു. ഇതിൽ പ്രതിസ്ഥാനത്ത‌് വരേണ്ടത‌് ഗോമതിയോ അതോ ഫെഡറേഷനോ. താരങ്ങളെ മാത്രമല്ലല്ലോ, ഉത്തേജകത്തിലൂടെ മെഡൽ കൊയ്യാൻ ശ്രമിക്കുന്ന അത‌്‌ലറ്റിക‌് ഫെഡറേഷനെയും ഇവിടെ വിലക്കേണ്ടതല്ലേ....


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top