24 February Sunday
ബുക്‌പിക്‌

ബഹദൂർഷാ സഫർ: അധികാരം എറിഞ്ഞുടച്ച പ്രണയചഷകം

ഡോ. അനിൽ കെ എംUpdated: Sunday May 27, 2018
അവസാനത്തെ  മുഗൾ രാജാവ‌്. 1857ൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ നായകരിലൊരാൾ. ഒന്നാം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന‌്  റങ്കൂണിലേക്ക് നാടുകടത്തപ്പെട്ട ചക്രവർത്തി. മൂന്നു നൂറ്റാണ്ടിലേറെക്കാലത്തെ മുഗൾഭരണത്തിന്റെ അസ‌്തമയം ബഹദൂർഷാ സഫറിലൂടെയാണ‌്.  
 
ഷാ ആലം രണ്ടാമന്റെ കാലത്തുതന്നെ മുഗളന്മാരുടെ പ്രതാപം നഷ്ടപ്പെട്ടിരുന്നു. ബ്രിട്ടീഷുകാരിൽനിന്ന് പെൻഷൻ വാങ്ങുന്നവരായി രാജാക്കന്മാർ ചുരുങ്ങി. ഒന്നാം സ്വാതന്ത്ര്യസമരരേഖകൾ പലതും സംരക്ഷിക്കപ്പെട്ടിരുന്നെങ്കിലും ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ രൂപീകരണത്തോടെയാണ് ഇതേക്കുറിച്ച്‌ ഗഹനമായ പഠനം നടന്നത്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടതാ
ണ് അസ്ലം പർവേസ് 1986ൽ ഉറുദുവിൽ പ്രസിദ്ധീകരിച്ചതും ഇപ്പോൾ ഇംഗ്ലീഷിൽ ലഭ്യമായതുമായ ‘ദി ലൈഫ് ആൻഡ‌് പോയട്രി ഓഫ് ബഹദൂർഷാ സഫർ’ എന്ന കൃതി. അതർ ഫാറൂഖിയുടേതാണ‌് തർജമ.
 
പേർഷ്യൻ‐സംസ്കൃത ഭാഷകളുടെ മഹത്തായ പാരമ്പര്യങ്ങൾ കൂടിക്കലർന്നുണ്ടായ സാഹിത്യശാഖയുടെ ശക്തമായ പ്രതീകം കൂടിയാണ‌് കവിയും സൂഫിവര്യനുമായ ബഹദൂർഷാ സഫർ. പ്രതാപം  നശിച്ചെങ്കിലും ഹോളിയും ദീവാലിയും ഈദും  മങ്ങലേൽക്കാതെ ആഘോഷിക്കപ്പെടുന്നുവെന്ന് അദ്ദേഹം  ഉറപ്പുവരുത്തി. ആധ്യാത്മികതയും കലയും സംസ്കാരവും തമ്മിലുള്ള പാരസ്പര്യം ഉയർത്തിപ്പിടിച്ചു.
 
അക്ബർ ഷാ രണ്ടാമന് അദ്ദേഹത്തിന്റെ ഹിന്ദുപത്നിയായ ലാൽബായിയിൽ ജനിച്ച പുത്രനാണ് ബഹദൂർഷാ സഫർ. പൂർണമായ പേര് അബു സഫർ സിറാജുദീൻ മുഹമ്മദ് ബഹാദൂർഷാ. മുഗൾ രാജകൊട്ടാരത്തിൽ സാധാരണ പതിവുള്ള മദ്യപാനസദസ്സുകളോ ആർഭാടങ്ങളോ ബഹദൂർഷായെ ആകർഷിച്ചില്ല. ഉർദു, പഞ്ചാബി, ബ്രജ് ഭാഷ, പേർഷ്യൻ എന്നീ ഭാഷകളിലും അനേകം കലകളിലും പ്രാവീണ്യം നേടി. 
 
ബഹദൂർഷാ ഒന്നാമന്റെ പുത്രൻമാരിൽ ഇളയവൻ മിർസാ ജഹാംഗീർ അധികാരം കൈക്കലാക്കാൻ മൂത്തസഹോദരൻ ബഹദൂർഷാ സഫറിനെ രണ്ടുതവണ വധിക്കാൻ ശ്രമിച്ചു. അതിന് പ്രതികാരംവീട്ടാൻ അദ്ദേഹം ഒരിക്കലും ശ്രമിച്ചില്ല. മിർസാ ജഹാംഗീറിനെ ബഹദൂർഷാ ഒന്നാമന്റെ പിൻഗാമിയാക്കാൻ ബ്രിട്ടൻ തയ്യാറായതുമില്ല.  കൊലപാതകശ്രമത്തിന്  ബ്രിട്ടൻ തടവിലിട്ട മിർസ 21‐ വയസ്സിൽ മരണപ്പെട്ടു. പിന്നീട്  ബഹദൂർഷാ സഫറിനെ ബ്രിട്ടീഷുകാർ മുഗൾ രാജാവാക്കി. താൻ ആഗ്രഹിക്കാത്ത ഒരു നിയോഗം ‐ അവസാനത്തെ മുഗൾ രാജാവ് എന്ന നിയോഗം ‐ 32‐ാം വയസ്സിൽ അദ്ദേഹത്തിൽ വന്നുചേർന്നു.    പ്രാർഥനയോടെ ആരംഭിക്കുന്ന ദിനസരി നൃത്തവും സംഗീതവും ആസ്വദിച്ചുകൊണ്ടാണ് അവസാനിക്കുക. രാജാവിന്റെ സഞ്ചാരത്തിന‌് 16 കുതിരകളെ കെട്ടിയ വണ്ടി. രാജ്ഞിയുടെ വണ്ടിവലിക്കാൻ എട്ട് കുതിരകൾ. കൊട്ടാരത്തിലെ ഉദ്യോഗസ്ഥൻമാരെ മൂന്ന് വകുപ്പുകളിലായി വിന്യസിച്ചിരുന്നു.  ഇങ്ങനെ സൂക്ഷ്മവും കൗതുകമുണർത്തുന്നതുമായ നിരവധി നിരീക്ഷണങ്ങൾ ഗ്രന്ഥകാരൻ നടത്തുന്നുണ്ട്.
 
ബഹദൂർഷാ സഫറിന്റെ കാലത്ത്  കൊട്ടാരം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. അതിന് പ്രതിവിധിയായി തങ്ങൾക്കുള്ള പെൻഷൻ വർധിപ്പിക്കണമെന്ന് രാജാവ് ബ്രിട്ടീഷുകാരോട് അഭ്യർഥിച്ചു. അതിനവർ വച്ച കടുത്ത ഉപാധികൾപ്രകാരം തന്റെ അധികാരത്തിലുള്ള ഗ്രാമങ്ങളെല്ലാം രാജാവ‌് അടിയറവച്ചു. പുതിയ ഉടമ്പടിയുടെ അടിസ്ഥാനത്തിൽ രാജാവിന് 1.25 ലക്ഷംരൂപ പ്രതിമാസം നൽകി.  ബ്രിട്ടീഷുകാരുടെ നികുതിയിനത്തിലുള്ള വർധന ഇതിന്റെ പതിന്മടങ്ങായിരുന്നു. മാത്രമല്ല രാജാവിനനുവദിച്ച തുക യഥാർഥത്തിൽ ആവശ്യമുള്ളതിന്റെ ചെറിയൊരംശം മാത്രമായിരുന്നു. അതോടെ അദ്ദേഹത്തിന് പലപ്പോഴും നാട്ടുകാരോട് കടം വാങ്ങേണ്ടതായും  ഭീഷണിപ്പെടുത്തി പണം പിരിക്കേണ്ടതായും വന്നു.   ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും ബഹദൂർഷാ ധാരാളം പണം ചെലവിട്ടു. ഔദാര്യം കാണിക്കുന്നതിലും  പിശുക്കിയില്ല. വരുമാനമില്ലാതായതും ചെലവുകൾ നിയന്ത്രിക്കാൻ കഴിയാതിരുന്നതും സ്ഥിതി വഷളാക്കി. ഉദ്യോഗസ്ഥർ സ്ഥാനക്കയറ്റത്തിന‌് രാജാവിന് കൈക്കൂലി നൽകിയത‌് അഴിമതിക്ക‌് കാരണമായി. ഇതിനിടയിൽ തന്റെ പിൻഗാമിയായി മിർസാ ജവാൻ ഭക്തിനെ അവരോധിക്കാനുള്ള രാജാവിന്റെ തീരുമാനത്തെ ബ്രിട്ടീഷ് ഭരണം അട്ടിമറിച്ചു.  മിർസാ ഫക്രുവിനെ പകരം തെരഞ്ഞെടുക്കുകയും ചെയ്തു.  ഇത് അദ്ദേഹത്തെ കൊടിയ നിരാശയിലാഴ്ത്തി.  
 
1857 ഫെബ്രുവരി 26 ന് ആരംഭിച്ച ഒന്നാം സ്വാതന്ത്ര്യസമരം മെയ് 11 ന്  ഡൽഹിയിൽ എത്തുംവരെ ഇങ്ങനെയൊരു കാര്യം ബഹദൂർഷാ സഫർ അറിഞ്ഞിട്ടില്ലായിരുന്നു. ബ്രിട്ടീഷുകാർക്കെതിരെയുള്ള വികാരം ശക്തമാണെന്ന് കണ്ടപ്പോൾ അദ്ദേഹവും പോരാളികളോടൊപ്പം നിന്നു. ആസൂത്രണത്തിന്റെ കുറവും സൈനികമായ ശേഷിക്കുറവും ആ സമരത്തെ അതിവേഗം പരാജയപ്പെടുത്തി. 1857 സെപ്തംബർ 14ന‌് ബ്രിട്ടീഷ് സൈന്യം ഡൽഹി പിടിച്ചടക്കി. അതോടെ കൊട്ടാരത്തിൽനിന്ന് ഒളിച്ചോടേണ്ടിവന്ന ബഹദൂർഷായും പത്നിമാരും അഞ്ചുദിവസം ഹുമയൂൺ ശവകുടീരത്തിൽ അഗതികളെപ്പോലെ തങ്ങി. സെപ്തംബർ 21ന്  അറ‌സ്റ്റിലായി.  1858 ജനുവരി 27 നാണ്  വിചാരണ ആരംഭിച്ചത്.  എപ്പോൾ വേണമെങ്കിലും വെടിവയ‌്ക്കാൻ തയ്യാറായി നിൽക്കുന്ന ബ്രിട്ടീഷ് പാറാവുകാർക്ക് നടുവിൽ എല്ലാ ആലഭാരങ്ങളും നഷ്ടപ്പെട്ട് ഒരു സാധാരണ തടവുപുള്ളിയെപ്പോലെ അദ്ദേഹം ഈ നാലുമാസം മൗനിയായി കഴിച്ചുകൂട്ടിയെന്ന് ജീവചരിത്രകാരൻ സാക്ഷ്യപ്പെടുത്തുന്നു. മാർച്ച് ഒമ്പതുവരെ വിചാരണ തുടർന്നു. ഒടുവിൽ കലാപത്തിന്റെ മുഖ്യസൂത്രധാരകനായി ബ്രിട്ടീഷ് കോടതി ബഹദൂർഷാ സഫറിനെ കൽപ്പിച്ചു. 49 ബ്രിട്ടീഷ് പട്ടാളക്കാരെ ചെങ്കോട്ടയിൽവച്ച് കൂട്ടക്കുരുതി നടത്തിയത് ബഹദൂർഷാ സഫറിന്റെ അറിവോടെയാണെന്നതാണ് പ്രധാന കുറ്റം. വാസ്തവത്തിൽ ആ കൊലപാതകം രാജാവിന്റെ അറിവോടെയായിരുന്നില്ല നടന്നതെന്നതിന് ധാരാളം സാഹചര്യത്തെളിവുകളുണ്ടെന്ന് ജീവചരിത്രകാരൻ പറയുന്നു.  രാജാവിനെ തൂക്കിക്കൊല്ലാനാണ് ബ്രിട്ടീഷുകാർ ആഗ്രഹിച്ചത്. അപ്പോഴേക്കും ബഹദൂർഷാ സഫർ ഒരു ധീരവിപ്ലവനായകനായിരുന്നു.  അതോടെ ജനരോഷം ഭയന്ന്  പിന്തിരിഞ്ഞു. തുടർന്നാണ‌്  അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും റങ്കൂണിലേക്ക് നാടുകടത്താൻ  ഉത്തരവായത്. ആ കുടുംബത്തിലെ എല്ലാവരും ബ്രിട്ടീഷ് തടവറയിൽക്കിടന്ന് മരിച്ചു. 1858 ഒക്ടോബർ 17ന് വൈകിട്ട് നാലിനാണ് റങ്കൂണിലേക്കുള്ള രാജാവിന്റെ ദുരിതപൂർണമായ യാത്രയാരംഭിച്ചത്. 1858 ഡിസംബർ 9ന് അവർ റങ്കൂണിൽ. നാല് വർഷങ്ങൾക്കുശേഷം 1862 നവംബർ ഏഴിന് ഇന്ത്യയിലെ അവസാനത്തെ മുഗൾരാജാവ് റങ്കൂണിലെ തടവറയിൽ കഥാവശേഷനായി.
എന്നാൽ, കവിതയുടെ സാമ്രാജ്യത്തിൽനിന്ന് അദ്ദേഹത്തെ ആട്ടിയിറക്കാൻ ഒരധികാരത്തിനും കഴിഞ്ഞില്ല. മുഗൾഭരണം ഇന്ത്യൻ സംസ്കാരത്തിന്റെ വിവിധ ധാരകളെ കൂട്ടിയിണക്കുന്നതിൽ വഹിച്ച പങ്ക് വളരെ വലുതാണ്. ആ സങ്കരസംസ്കാരത്തിന്റെ സദ‌്ഫലങ്ങളിലൊന്നാണ് ബഹദൂർഷാ സഫറിന്റെ കാവ്യലോകം. സ്വയം പണ്ഡിതനല്ലാതിരുന്നിട്ടും അക്ബർ തന്റെ കൊട്ടാരത്തിൽ സംസ്കൃത കൃതികൾ പേർഷ്യനിലേക്കും ഉർദുവിലേക്കും മൊഴിമാറ്റാൻ  ഒരു വകുപ്പുതന്നെ ആരംഭിച്ചത് ചരിത്രം. ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ടാൻസെൻ അക്ബറിന്റെ കൊട്ടാരത്തിലെ നവരത്നങ്ങളിലൊന്നായിരുന്നു. ബഹദൂർഷാ സഫറിന്റെ മുൻഗാമി ഷാ ആലം രണ്ടാമൻ ഉർദുവിലും ബ്രജ് ഭാഷയിലും പേർഷ്യനിലും കവിതകളെഴുതി. 
 
മിർസാ മുഹമ്മദ് റഫി സൗദയുടെയും മിർ തഖി മിറിന്റെയും കാവ്യപാരമ്പര്യങ്ങളെ സമന്വയിപ്പിക്കുന്ന ശൈലിയാണ് ബഹദൂർഷാ സഫറിന്റേതെന്ന് അസ്ലം പർവേസ് പറയുന്നു. 
 
‘പ്രിയപ്പെട്ടവളെ വേർപിരിഞ്ഞ് എരിഞ്ഞുതീരാനാണ് എന്റെ വിധിയെങ്കിൽ
എന്നെ മദ്യശാലയിലേക്ക് നയിക്കുന്ന ഒരു മെഴുകുതിരിയാക്കേണമേ’ എന്ന പ്രസിദ്ധമായ വരി ബഹദൂർഷാ സഫറിന്റേതാണ്. 
 
“ഞാനും മെഴുകുതിരിയും ഒരുപോലെ എരിയുന്നു/ എന്നാൽ, വേദനിക്കുന്ന അസ്ഥികൾ എന്റെ ഉള്ളിലാണെരിയുന്നത്” എന്നിങ്ങനെ വേദനയിൽനിന്ന് ഉറവയെടുക്കുന്നതാണ് ആ രാജകവിത. 
 
“തടവിലാക്കപ്പെട്ട കൂട്ടുകാരേ എന്റെ സ്ഥൈര്യത്തിന് ചെവി പാർക്കുക/എന്റെ ചിറകടികൊണ്ട് ഈ കൂട് തകർക്കാൻ എനിക്ക് കഴിയും.” എന്നെഴുതുമ്പോൾ കവിതയ‌്ക്ക് വിപ്ലവകരമായ ഒരു മുഴക്കം കൈവരുന്നുണ്ട്. തന്നെ നിരീക്ഷിക്കാനായി ബ്രിട്ടീഷുകാർ നിരത്തിയ ചാരൻമാരെക്കുറിച്ചും ചിലപ്പോഴെല്ലാം ഭീരുവായിപ്പോകുന്ന തന്റെ ആത്മാവിനെക്കുറിച്ചും ബഹദൂർഷാ പാടി.
 
“എരിയുന്ന തിരി കണ്ണീരോടെ മെഴുകുതിരിയോട് പറഞ്ഞു
എന്റെ ശിരസ്സിലെ സ്വർണക്കിരീടത്തിന് എന്തൊരു ഭാരം?” വാസ്തവത്തിൽ ഒരു ജീവിതമാണോ ഭാവനയിൽക്കണ്ട വാഴ്വാണോ നാം വായിച്ചനുഭവിച്ചത് എന്ന് തോന്നിപ്പിക്കുന്ന രചനയാണ് അസ്ലം പർവേസിന്റേത്.
 
ചരിത്രവും സാഹിത്യവും പഠിക്കുന്നവർ ഇത് വായിക്കുക തന്നെ വേണം.
 
ayansarang@gmail.com
പ്രധാന വാർത്തകൾ
 Top