24 February Sunday

സംഭ്രമത്തിന്റെ പുതിയ തലങ്ങള്‍

മിഥുന്‍ കൃഷ്ണUpdated: Sunday Sep 3, 2017

സാമൂഹ്യവും രാഷ്ട്രീയവും നൈതികവുമായ മാനങ്ങള്‍ കൈവരിച്ച് ജീവിതത്തോടൊപ്പം സഞ്ചരിക്കുന്ന കഥകള്‍. ആഗോളവല്‍ക്കരണാനന്തരം സമൂഹത്തില്‍ വന്ന മാറ്റം. അതിന്റെ എല്ലാ വേരുകളിലേക്കും ആഴ്ന്നിറങ്ങുന്ന കഥാലോകം. ഫാസിസവും കുത്തകകളും പിടിമുറുക്കുന്ന കാലത്ത് ചരിത്രത്തിന് അവഗണിക്കാന്‍ കഴിയാത്ത സാംസ്കാരികപ്രവര്‍ത്തനമാണ് 'അദ്ധ്വാനവേട്ട' എന്ന കഥാസമാഹാരം. സമകാലികമായ ആകുലതകള്‍ ചികഞ്ഞെടുത്ത് വായനക്കാരനെ സംഭ്രമത്തിന്റെ പുതിയ തലങ്ങളിലേക്ക് കൊണ്ടുപോകുകയാണ് ഇ പി ശ്രീകുമാര്‍. മനുഷ്യജീവിതത്തിന്റെ  വൈരുധ്യങ്ങളെ ഉള്‍വഹിച്ച് നവസമൂഹത്തെയും മനുഷ്യനെയും കുറിച്ചുള്ള അന്വേഷണം. ഒറ്റപ്പെടലും അടിമത്തവും കണ്ണീരും കുടിച്ചുവറ്റിക്കുന്ന കഥാപാത്രങ്ങള്‍.

അദ്ധ്വാനവേട്ട ഇ പി ശ്രീകുമാര്‍ കഥ ഡിസി ബുക്സ് വില: 140 രൂപ

അദ്ധ്വാനവേട്ട ഇ പി ശ്രീകുമാര്‍ കഥ ഡിസി ബുക്സ് വില: 140 രൂപ

ആധുനികാനന്തര മലയാളകഥയുടെ പുതിയൊരു തലമാണ് എഴുത്തുകാരന്‍ തുറന്നിടുന്നത്. സാങ്കേതികവിദ്യകളുടെ വിസ്ഫോടനം ദുര്‍ബലമാക്കുന്ന ജീവിതപശ്ചാത്തലമാണ് 'അദ്ധ്വാനവേട്ട' എന്ന കഥയില്‍. 'മനുഷ്യത്വ'ത്തിന്റെ മൂല്യശോഷണംവന്ന പുത്തന്‍പതിപ്പ്. മധ്യവര്‍ഗജീവിതത്തിലേക്ക് തുറന്നുവച്ച കണ്ണുകള്‍; അത് ഇടയ്ക്കിടെ ഈറനണിയുന്നുണ്ട്. ഐടി മേഖലയിലെ അലങ്കാരക്കാഴ്ചക്കള്‍ക്കുപിന്നില്‍ ഒട്ടിപ്പോയ കറുത്ത ജീവിതങ്ങളുടെ പ്രതിനിധിയാണ് വേദ എന്ന ടെക്കി. കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ക്കും ഭീഷണികള്‍ക്കും മുന്നില്‍ സമയത്തോട് മല്ലടിച്ച് സ്വന്തം ജീവിതം മറന്നുപോകുന്ന 'യന്ത്ര മനുഷ്യരു'ടെ പ്രതിനിധി.
കേരളത്തില്‍ രൂപപ്പെട്ട പുതിയൊരു സമൂഹമാണ് 'മാനവവിഭവം' എന്ന കഥയില്‍. കേരളത്തിന്റെ സമ്പന്നതയുടെ നടുവിലേക്ക് പട്ടിണി മാറ്റാന്‍ വരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ കഥ. അവകാശങ്ങളും സ്വാതന്ത്യ്രവും നിഷേധിക്കപ്പെടുന്ന ഒരു ജനത. അരികുപറ്റി ജീവിക്കുന്നവരുടെ പ്രതിനിധിയായി തപന്‍. അവന്റെ തൊഴില്‍ക്യാമ്പിലെ സുഹൃത്തുക്കളായ കാജയും ബബ്ലുവും. ഇതരസംസ്ഥാന തൊഴിലാളികളുടെ ജീവിതത്തിലേക്കുള്ള അന്വേഷണമാണ് ഇവിടെ.
മധ്യവര്‍ഗ തൊഴിലിടത്തിലും ഏറ്റവും താഴെക്കിടയിലും ജോലിചെയ്യുന്ന മനുഷ്യശേഷിയുടെ രണ്ട് വ്യത്യസ്ത തലങ്ങളാണ് 'അദ്ധ്വാനവേട്ട'യിലും മാനവവിഭവത്തിലും. രണ്ട് തൊഴിലിടത്തിലും അടിമത്തത്തിന്റെ കണ്ണികളായി  തീരുന്ന തൊഴിലാളികള്‍.
മധ്യവര്‍ഗസമൂഹത്തിന്റെ പൊങ്ങച്ചങ്ങളാണ് പെറ്റ് എന്ന കഥയില്‍. പണമുണ്ടെങ്കില്‍ എന്തും നേടാമെന്ന മധ്യവര്‍ഗകാഴ്ചപ്പാടാണ് ഡോ. മാത്യു സക്കറിയ, മിസിസ് മാത്യു എന്നിവര്‍ പ്രതിനിധാനംചെയ്യുന്ന സമൂഹത്തിന്റേത്. പൂക്കച്ചവടക്കാരനും ക്ഷേത്രത്തില്‍ മാലകെട്ടുന്നവനും നിര്‍ധനനുമായ വാര്യരാണ് 'പൂക്കളി'യിലെ കേന്ദ്രകഥാപാത്രം. കാര്യമായ വരുമാനമില്ലാതെ കാലത്തിനൊപ്പം ഓടിയെത്താന്‍ കഴിയാത്ത വാര്യരും കുടുംബവും നവഉദാരവല്‍ക്കരണ നയങ്ങളുടെ ബലിയാടുകളാണ്.
ഫാസിസത്തിനെതിരെ വാക്കുകളും അക്ഷരങ്ങളും തീപ്പന്തങ്ങളാകുന്ന കാഴ്ചയാണ് 'അക്ഷര' എന്ന കഥയില്‍. ഒരു പരിഭാഷകന്‍ നേരിടേണ്ടിവരുന്ന ഭരണകൂടഭീഷണിയിലൂടെ വര്‍ത്തമാനകാലത്തെ ഭരണകൂടഭീകരതയാണ് വെളിവാക്കപ്പെടുന്നത്. എഴുത്തിന് വിലക്ക് കല്‍പ്പിക്കുന്ന കാലത്ത് ചെറുത്തുനില്‍പ്പിന്റെയും അതിജീവനത്തിന്റെയും പ്രതീകമാകുകയാണ് പരിഭാഷകന്റെ മകള്‍ അക്ഷര.
 സമകാലികലോകത്തിന്റെ ആപല്‍ക്കരമായ കാഴ്ചകളാണ് അതിതീക്ഷ്ണമായ നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കുന്ന ഈ സമാഹാരത്തിലുള്ളത്. തന്റേതായ വീക്ഷണകോണിലൂടെ എഴുത്തുകാരന്‍ പ്രതിരോധം തീര്‍ക്കുകയാണ് ഓരോ കഥയിലും.

midhunrain@gmail.com

പ്രധാന വാർത്തകൾ
 Top