27 July Saturday

ചുവപ്പിന്റെ മഹാപ്രയാണം ; ജനഹൃദയങ്ങൾ ജനകീയ മൂന്നാം ദിനത്തിലേക്ക്‌

വിനോദ്‌ പായംUpdated: Wednesday Feb 22, 2023

ജനഹൃദയങ്ങൾ കീഴടക്കി ജനകീയ പ്രതിരോധ ജാഥ മൂന്നാം ദിനത്തിലേക്ക്‌. കേരളത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ 
ഉജ്വല പ്രതിരോധം തീർക്കാൻ നാട്‌ സജ്ജമെന്ന്‌  വിളിച്ചോതുന്നതായി ഓരോ കേന്ദ്രത്തിലെയും ജനസഞ്ചയം. ഇതിനകം ലക്ഷത്തിലധികം 
പേരോട്‌ സംവദിച്ചാണ്‌  സിപിഐ എം സംസ്ഥാന സെക്രട്ടറി  എം വി ഗോവിന്ദൻ നയിക്കുന്ന ജാഥ പ്രയാണം തുടരുന്നത്‌.


കാസർകോട്‌
മഹാപ്രയാണത്തിന്റെ പാതകളെ നിറയെ ചുവപ്പിച്ചാണ്‌ ജനകീയ പ്രതിരോധ ജാഥ കാസർകോട്‌ ജില്ല പിന്നിട്ടത്‌. വർഗീയതക്കും തെറ്റായ കേന്ദ്രനയത്തിനും എതിരെ ഉജ്വല പ്രതിരോധം തീർക്കാൻ തുളുനാടും സജ്ജമാണെന്ന്‌  ജില്ലയിലെ അഞ്ച്‌ മണ്ഡലങ്ങളിലേയും സ്വീകരണം വിളിച്ചു പറഞ്ഞു. കർണാടക അതിർത്തിയായ കുമ്പള മുതൽ ജില്ലാ അതിർത്തിയായ കാലിക്കടവ്‌ വരെ ലക്ഷത്തിലധികം പേരോട്‌ സംവദിച്ചാണ്‌ എം വി ഗോവിന്ദൻ നയിക്കുന്ന ജാഥ കടന്നുപോയത്‌. സ്വീകരണകേന്ദ്രത്തിൽ പതിനായിരം വീതം അഞ്ചിടത്ത്‌ അരലക്ഷം പേരാണ്‌ ജാഥയെ സ്വീകരിക്കാൻ എത്തിയത്‌. അതിന്റെ പലമടങ്ങ്‌ പേർ സ്വീകരണ പരിപാടികൾ സമൂഹ മാധ്യമങ്ങളിലൂടെ വീക്ഷിച്ചു.  

കന്നഡ ഭാഷാ ന്യൂനപക്ഷ പ്രദേശമായ കുമ്പളയിൽ പാർടിയുടെ കുതിപ്പിന്‌ പുതിയ തുടക്കം കുറിക്കുന്ന സ്വീകരണത്തോടെയാണ്‌ യാത്ര ആരംഭിച്ചത്‌. സ്‌ത്രീകളുടെയും യുവാക്കളുടെയും വർധിച്ച സാന്നിധ്യം  പരിപാടി ആവേശക്കടലാക്കി.

കാസർകോട്‌ മണ്ഡലത്തിൽ മുസ്ലിംലീഗിന്‌ സ്വാധീനമുള്ള ചെർക്കളയിലായിരുന്നു രണ്ടാം സ്വീകരണം.  കുടുംബസമേതം മുസ്ലിം സ്‌ത്രീകളടക്കം  ജാഥയെ സ്വീകരിക്കാനെത്തിയത്‌ മാറുന്ന നാടിന്റെ നേർക്കാഴ്‌ചയുമായി.   മലയോര പാർടിയുടെ കരുത്താണ്‌  ചൊവ്വാഴ്‌ച ഉദുമ മണ്ഡലത്തിലെ കുണ്ടംകുഴിയിൽ കണ്ടത്‌.  തൊഴിലാളികളും ജീവനക്കാരും അടക്കമുള്ളവർ, അവധിയെടുത്ത്‌ ജാഥയെ കേൾക്കാൻ എത്തി. ബേഡകത്തടക്കം കാസർകോട്‌ ഏരിയയിൽ, താൻ നടന്നു തീർത്ത വഴികൾ ജാഥാ ലീഡർ വിവരിച്ചപ്പോൾ നിലക്കാത്ത കരഘോഷം.

ഉച്ചയുടെ കൊടുംചൂടിലാണ്‌ കാഞ്ഞങ്ങാട്ടെ സ്വീകരണം. പുതിയ ബസ്‌സ്‌റ്റാൻഡിലെ നീളൻ ഇടനാഴിയിൽ ജനം തിങ്ങി നിറഞ്ഞു. ഓരോ വാക്കിനും നിലക്കാത്ത കൈയടി. ജില്ലാ അതിർത്തിയായ കാലിക്കടവിലായിരുന്നു തൃക്കരിപ്പൂർ മണ്ഡലത്തിലെ സ്വീകരണം.  പയ്യന്നൂരിൽനിന്നും കണ്ണൂർ ജില്ലയിലെ നേതാക്കളും പ്രവർത്തകരും ജാഥയെ സ്വീകരിക്കാനെത്തി.

ചെമ്പട്ടണിഞ്ഞ 25 കാറിന്റെയും  ജാഥ വിളംബരംചെയ്‌ത ചുവപ്പ് ബനിയനണിഞ്ഞ് നൂറ്‌  ബൈക്കിന്റേയും അകമ്പടിയോടെയാണ് പയ്യന്നൂരിലേക്ക് ജാഥാ ലീഡറെ സ്വീകരിച്ചത്. കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, പി കെ ശ്രീമതി എന്നിവർ മാലയിട്ടു. പി ജയരാജൻ, ടി വി രാജേഷ്, ടി ഐ മധുസൂദനൻ എംഎൽഎ, കെ പി സഹദേവൻ, എം സുരേന്ദ്രൻ, സി കൃഷ്ണൻ, പി ശശിധരൻ, സരിൻ ശശി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

കുണ്ടംകുഴിയിലെ സ്വീകരണത്തിൽ സി എച്ച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷനായി. പി ജനാർദനൻ സ്വാഗതം പറഞ്ഞു.  കാഞ്ഞങ്ങാട്ട്‌ വി കെ രാജൻ സ്വാഗതം പറഞ്ഞു. കെ രാജ്മോഹൻ അധ്യക്ഷനായി. കാലിക്കടവിൽ എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി. സാബു എബ്രഹാം സ്വാഗതം പറഞ്ഞു. പയ്യന്നൂരിൽ ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി. വി നാരായണൻ സ്വാഗതം പറഞ്ഞു. പഴയങ്ങാടിയിൽ എം വിജിൻ എംഎൽഎ അധ്യക്ഷനായി. കെ പത്മനാഭൻ സ്വാഗതം പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top