Deshabhimani

നിപാ പ്രതിരോധം: രോഗ സാധ്യതയുള്ള എല്ലാവരുടെയും സാമ്പിളുകൾ പരിശോധിക്കും- മുഖ്യമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 21, 2024, 04:01 PM | 0 min read

തിരുവനന്തപുരം> നിപാ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി രോഗ സാധ്യതയുള്ള എല്ലാവരുടെയും സാമ്പിളുകൾ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

നിപാ വൈറസ് സംശയിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു. മന്ത്രി മലപ്പുറത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടിരിക്കുന്നു. നിപാ നിയന്ത്രണത്തിനായി നിപ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി 25 കമ്മിറ്റികൾ മണിക്കൂറുകൾക്കുള്ളിൽ രൂപീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്ടാക്ട് ട്രെയ്സിംഗ് ഇന്നലെ രാവിലെ മുതൽ ആരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. സമ്പർക്ക പട്ടിക തയ്യാറാക്കുകയും റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. പ്രാഥമിക സമ്പർക്ക പട്ടികയിൽ 246 പേരും അതിൽ ഹൈ റിസ്‌ക് വിഭാഗത്തിൽ 63 പേരുമാണ് നിലവിലുള്ളത്.

മഞ്ചേരി മെഡിക്കൽ കോളേജിൽ 30 ഐസൊലേഷൻ റൂമുകളും കോഴിക്കോട് മെഡിക്കൽ കോളേജിൽ ആവശ്യമായ അതിതീവ്ര പരിചരണ സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ താല്ക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വണ്ടൂർ, നിലമ്പൂർ, കരുവാരക്കുണ്ട് എന്നിവിടങ്ങളിൽ പ്രത്യേക പനി ക്ലിനിക്കുകൾ തുടങ്ങാൻ നിർദ്ദേശം നൽകി. നിരീക്ഷണത്തിലിരിക്കുന്നവരുടെ വീടുകളിൽ ഭക്ഷണം, മരുന്ന് ഉൾപ്പെടെയുള്ളവ എത്തിക്കുന്നതിന് സന്നദ്ധ പ്രവർത്തകരുടെ സേവനം ഉറപ്പാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

നിപാ പ്രതിരോധത്തിന്  ഒരുമിച്ച് പ്രവർത്തിക്കാം. വവ്വാലുകളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കരുത്, മറ്റേതെങ്കിലും ജീവികൾ കടിച്ചതോ ഉപേക്ഷിക്കപ്പെട്ടതോ ആയ പഴങ്ങൾ കഴിക്കരുത്, വാഴക്കുലയിലെ തേൻ കുടിക്കരുത്, വവ്വാലുകളെയോ അവയുടെ വിസർജ്യമോ അവ കടിച്ച വസ്തുക്കളോ സ്പർശിക്കുന്ന സാഹചര്യം ഉണ്ടായാൽ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയോ സാനിട്ടൈസർ ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യുക. ഏതെങ്കിലും തരത്തിൽ സംശയമുള്ളവർ നിപ കൺടോൾ റൂമിലേക്ക് വിളിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൺട്രോൾ റൂം നമ്പറുകൾ: 0483-2732010, 0483-2732050, 0483-2732060, 0483-2732090



deshabhimani section

Related News

View More
0 comments
Sort by

Home