01 February Wednesday

സംഭവബഹുലം ഈ ജീവിതം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 11, 2022

മൂർത്തീദേവി യാദവിന്റെയും സുഗർ സിങ് യാദവിന്റെയും മകനായി 1939 നവംബർ 22ന് സായിഫായി ഗ്രാമത്തിൽ ജനനം. രണ്ടു തവണ വിവാഹം കഴിച്ചു. മാൾടി ദേവി ആദ്യ ഭാര്യ. അവരിൽ അഖിലേഷ് യാദവ് പുത്രൻ. മാൾടി ദേവി മരിച്ചതിനെത്തുടർന്ന്  2003ൽ സാധ്നയെ വിവാഹം കഴിച്ചു. ഇവർക്ക് പ്രതീക് യാദവ് എന്ന മകനുണ്ട്. 1967ൽ ആദ്യമായി നിയമസഭയിൽ.

എട്ട് തവണ തുടർച്ചയായി എംഎൽഎ. 1977ൽ സംസ്ഥാന മന്ത്രി. 1980ൽ ലോക്ദൾ സംസ്ഥാന  പ്രസിഡന്റ്. അതു പിന്നീട് ജനതാ ദളിന്റെ ഭാഗമായി.  1982‐85ൽ പ്രതിപക്ഷ നേതാവ്. 1989ൽ  മുഖ്യമന്ത്രി. കേന്ദ്രത്തിൽ വി പി സിങ് സർക്കാർ താഴെ വീണതിനെ തുടർന്ന് 1990 നവംബറിൽ ചന്ദ്രശേഖറിന്റെ ജനതാദൾ സോഷ്യലിസ്റ്റിൽ. കോൺഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രി സ്ഥാനത്തു തുടർന്നു. ചന്ദ്രശേഖർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതിന്റെ  തുടർച്ചയായി 1991 ഏപ്രിലിൽ കോൺഗ്രസ് മുലായത്തിനുള്ള പിന്തുണയും അവസാനിപ്പിച്ചു. സർക്കാർ വീണു. 1991ലെ  ഇടക്കാല തെരഞ്ഞെടുപ്പ്. മുലായത്തിന്റെ പാർടി ബിജെപിയോട് തോറ്റു. 1992ൽ മുലായം  സമാജ്വാദി പാർടിയുണ്ടാക്കി. 1993 നവംബറിലെ തെരഞ്ഞെടുപ്പിൽ ബഹുജൻസമാജ് പാർടിയുമായി സഖ്യത്തിൽ. അത് ബിജെപിയെ അധികാരത്തിൽ വരാതെ തടഞ്ഞു. പാർടിക്കു ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കോൺഗ്രസിന്റെയും ജനതാദളത്തിന്റെയും പിന്തുണയോടെ മുലായം മുഖ്യമന്ത്രിയായി.

അമിതാഭ് ബച്ചനും പിതാവ്  ഹരിവംശറായ് ബച്ചനുമൊപ്പം മുലായം

അമിതാഭ് ബച്ചനും പിതാവ് ഹരിവംശറായ് ബച്ചനുമൊപ്പം മുലായം

അപ്പോഴത്തെ പല നിലപാടുകളും ദേശീയ ശ്രദ്ധയാകർഷിച്ചു. ഉത്തരാഖണ്ഡ് സംസ്ഥാനമെന്ന ആവശ്യത്തിനെതിരെ കൈക്കൊണ്ട സമീപനം അതിലൊന്നാണ്.  1994 ഒക്ടോബറിൽ ഉത്തരാഖണ്ഡിനായി നിലകൊണ്ട പ്രവർത്തകർക്കുനേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ മുലായത്തിനുമേൽ ഉത്തരവാദിത്വം ആരോപിക്കപ്പെട്ടു. 1995വരെ മുഖ്യമന്ത്രി സ്ഥാനത്ത്. അതിനിടെ ബാബ്രി മസ്ജിദ് പ്രശ്നമുയർന്നപ്പോൾ ഹിന്ദുത്വ ശക്തികൾക്കെതിരെ ശക്തമായ നടപടി കൈകൊളളുക വഴി  ജനപ്രീതി നേടി. 1996ൽ മണിപുരി മണ്ഡലത്തിൽനിന്ന് ഏഴാം ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ഐക്യമുന്നണി അധികാരത്തിൽ വന്നപ്പോൾ പ്രതിരോധമന്ത്രി. 1998ൽ ആ സർക്കാർ വീണു. അടുത്ത തെരഞ്ഞെടുപ്പിൽ സാമ്പാൽ മണ്ഡലത്തിൽനിന്ന് വീണ്ടും ലോകസഭയിലേക്ക്. 1999 ഏപ്രിലിൽ വാജ്പേയി സർക്കാർ നിലംപതിച്ചപ്പോൾ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിന് പിന്തുണ നൽകിയില്ല. 1999ൽ സാമ്പാലിൽനിന്നും കണ്ണൗജിൽനിന്നും ജയിച്ചു.  ഉപതെരഞ്ഞെടുപ്പിൽ മകൻ അഖിലേഷിനു വേണ്ടി കണ്ണൗജ് ഒഴിഞ്ഞു. 1992ൽ തെരഞ്ഞെടുപ്പാനന്തരം കുഴഞ്ഞുമറിഞ്ഞ സാഹചര്യം. ബിജെപിയും ബിഎസ്പിയും മായാവതിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചു. അവർ മുലായത്തിന്റെ കടുത്ത എതിരാളിയായി.  ബിജെപി പിന്തുണ പിൻവലിക്കുകയും ബിഎസ്പിയിൽനിന്ന് വിമത എംഎൽഎമാർ ഒഴിഞ്ഞുപോകുകയും ചെയ്തതോടെ വീണ്ടും മുലായത്തിനു അവസരം തെളിഞ്ഞു. 2003ൽ മൂന്നാം തവണ മുഖ്യമന്ത്രിയായി. ആ സമയം ലോകസഭാംഗവുമായി.

2004ലെ ലോകസഭാ തെരഞ്ഞെടുപ്പിലും ജയിച്ചു. സമാജ്വാദി പാർടിക്ക് എല്ലാ കക്ഷികളെക്കാളും കൂടുതൽ സീറ്റ്. കേന്ദ്രസർക്കാരിൽ മുലായത്തിന്  കാര്യമായ പങ്കൊന്നും വഹിക്കാനില്ലാത്തതിനാൽ  ലോകസഭാംഗത്വം രാജിവെച്ച് മുഖ്യമന്ത്രിയായി തുടർന്നു. 2007ൽ ബിഎസ്പി അധികാരം പിടിച്ചെടുക്കുംവരെ ആ പദവിയിൽ. 2014ൽ സമാജ്വാദി, പത്ത് പാർടികൾ ഉൾപ്പെട്ട തെരഞ്ഞെടുപ്പ് പൂർവ സംഖ്യത്തിലേർപ്പെട്ടു. 16‐ാം ലോകസഭയിലേക്ക് അസംഗ്രഹിൽനിന്നും മൈൻപുരിയിൽനിന്നും തെരഞ്ഞെടുക്കപ്പെട്ടു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top