‘ഗസ്റ്റ്‌‌ഹൗസ്‌ കാണ്ഡം’ മറന്ന‌് ‘സർജിക്കൽ സ‌്ട്രൈക്ക‌്’

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 27, 2019, 07:15 PM | 0 min read


എം അഖിൽ
ദേശീയ രാഷ‌്ട്രീയത്തിൽ അനിഷേധ്യ സാന്നിധ്യമായ ബിഎസ‌്പി നേതാവ‌് മായാവതിയുടെ വളർച്ച പ്രായോഗിക രാഷ‌്ട്രീയതന്ത്രത്തിന്റെ കൃത്യമായ പ്രയോഗങ്ങളിലൂടെയായിരുന്നു. ബിജെപിയെ അധികാരത്തിൽനിന്ന‌് പുറത്താക്കുകയെന്ന ലക്ഷ്യത്തിന‌ു പുറമേ ബിഎസ‌്പിക്ക‌് നിലനിൽപ്പിനായുള്ള പോരാട്ടം കൂടിയാണ‌് ലോക‌്സഭാ തെരഞ്ഞെടുപ്പ‌്.

ദളിതരുടെയും പിന്നോക്കവിഭാഗക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും ക്ഷേമം ലക്ഷ്യമിട്ട‌് കൻഷിറാം 1984ലാണ‌് ബഹുജൻ സമാജ‌് പാർടി രൂപീകരിച്ചത‌്. മുഖ്യമന്ത്രിയാകുന്ന ആദ്യ ദളിത‌് വനിതയായ മായാവതിയെ രാഷ്ട്രീയത്തിലേക്ക‌് കൈപിടിച്ചുയർത്തിയത‌് കൻഷിറാമാണ‌്. പാർടിയുടെ അമരത്തേക്ക‌് മായാവതി എത്തുമെന്ന‌് അവരുടെ വീട‌് സന്ദർശിച്ച അവസരത്തിൽ കൻഷിറാം പ്രവചിച്ചിരുന്നു. കൻഷിറാം മായാവതിയെ പരിചയപ്പെടുന്ന അവസരത്തിൽ അവർ ബിരുദപഠനം പൂർത്തിയാക്കി ഐഎഎസിന‌് തയ്യാറെടുക്കുകയായിരുന്നു. ‘ഭാവിയിൽ ഐഎഎസുകാർ നിന്റെ ആജ്ഞ കാത്ത‌് നിൽക്കുന്ന സാഹചര്യമുണ്ടാകും’- എന്ന‌് മായാവതിയോട‌് കൻഷിറാം പറഞ്ഞതായി അജോയ‌്ബോസ‌് എഴുതിയ മായാവതിയുടെ ജീവചരിത്രത്തിലുണ്ട‌്. ഈ വാക്കുകളെ അന്വർഥമാക്കി 1995ൽ മായാവതി ഉത്തർപ്രദേശ‌് മുഖ്യമന്ത്രിയായി ചരിത്രത്തിൽ ഇടംപിടിച്ചു. 1997, 2002,  2007 വർഷങ്ങളിൽ വീണ്ടും മുഖ്യമന്ത്രിപദത്തിലെത്തി.

2007ൽ മുന്നോക്കവിഭാഗക്കാരുടെ കൂടി പിന്തുണ ഉറപ്പാക്കുന്ന രീതിയിലുള്ള മുദ്രാവാക്യങ്ങൾ ഉയർത്തിയാണ‌് മായാവതി അധികാരത്തിലെത്തിയത‌്. ഉത്തർപ്രദേശിൽ കോൺഗ്രസ‌് അപ്രസക്തമാകുകയും താക്കൂർ, കുർമി, ലോധ‌് വിഭാഗങ്ങളിലുള്ളവർ ബിജെപി പിടിച്ചടക്കുകയുംചെയ‌്തപ്പോൾ ‘ബ്രാഹ്മണർ ശംഖ‌് വിളിക്കും, ആന ഡൽഹിയിലേക്ക‌് മാർച്ച‌് ചെയ്യും’ (ആന ബിഎസ‌്പിയുടെ ചിഹ‌്നം) പോലെയുള്ള മുദ്രാവാക്യങ്ങൾ ഉയർത്തി വിവിധ മതവിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട‌് അധികാരരാഷ്ട്രീയത്തിൽ പ്രബലശക്തിയാകാനുള്ള അടവാണ‌് മായാവതി പയറ്റിയത‌്. എന്നാൽ, 2012ൽ ഈ തന്ത്രം പരാജയപ്പെട്ട‌ു. മായാവതിക്ക‌് സമാജ‌്‌വാദി പാർടിക്ക‌് മുന്നിൽ അടിയറവ‌് പറയേണ്ടിവന്നു.

ഇത്തവണ ചിരവൈരികളായ സമാജ‌്‌വാദി പാർടിയുമായി കൈകോർക്കാനുള്ള മായാവതിയുടെ തീരുമാനം അപ്രതീക്ഷിതമായിരുന്നു. ഉത്തർപ്രദേശിൽ ബിജെപി 2014 ആവർത്തിക്കുമെന്ന നിലയിലേക്ക‌് കാര്യങ്ങൾ നീങ്ങിയ ഘട്ടത്തിലായിരുന്നു നിർണായക തീരുമാനം. മുലായംസിങ് സർക്കാരിനുള്ള പിന്തുണ പിൻവലിക്കാനുള്ള  തീരുമാനത്തെ തുടർന്ന‌് സമാജ‌്‌വാദി പാർടിയുടെ ഗുണ്ടകൾ വളഞ്ഞ ലഖ‌്നൗ ഗസ‌്റ്റ‌്ഹൗസിലെ മുറിക്കുള്ളിൽ മണിക്കൂറുകൾ തള്ളിനീക്കേണ്ടിവന്ന 1995 ജൂൺ രണ്ടിലെ സായാഹ്നം മറക്കാൻ മായാവതിക്ക‌് സാധിക്കുമെന്ന‌് അടുത്ത അനുയായികൾ പോലും കരുതിയിരുന്നില്ല. എന്നാൽ, രാജ്യത്തിന്റെ നന്മയ‌്ക്കായി ‘ഗസ‌്റ്റ‌്ഹൗസ‌് കാണ്ഡം’ മറക്കുകയാണെന്ന‌് പ്രഖ്യാപിച്ച മായാവതി മുലായത്തിന്റെ മകൻ അഖിലേഷിന‌് കൈകൊടുത്ത‌് എസ‌്പി–-ബിഎസ‌്പി സഖ്യമുറപ്പിച്ചു. ‘സർജിക്കൽ സ‌്ട്രൈക്ക‌്’ എന്ന‌് വിശേഷിപ്പിക്കാവുന്ന നീക്കത്തിലൂടെ കേന്ദ്രത്തിൽ വീണ്ടും അധികാരത്തിലെത്താമെന്ന ബിജെപിയുടെ കണക്കുകൂട്ടലിൽ കരിനിഴൽ വീണു.  തുടർച്ചയായ പരാജയങ്ങളിൽനിന്ന‌് മായാവതി വലിയ പാഠങ്ങൾ പഠിച്ചതിന്റെ ഫലമാണ‌് ശത്രുത മറന്ന‌് സമാജ‌്‌വാദിപാർടിയുമായുള്ള സഖ്യം. തെരഞ്ഞെടുപ്പുകളിൽ വലിയ തിരിച്ചടി നേരിടേണ്ടി വന്നെങ്കിലും വോട്ടിങ് ശതമാനത്തിൽ കാര്യമായ ഇടിവുണ്ടായിട്ടില്ലെന്നത‌് ബി‌എസ‌്പിക്കും മായാവതിക്കും ആശ്വാസം പകർന്നിരുന്നു.  പ്രധാനമന്ത്രി പദമാണ‌് സ്വപ‌്നമെന്ന‌് പ്രത്യക്ഷമായും പരോക്ഷമായും പറഞ്ഞിട്ടുള്ള മായാവതിയുടെ ഓരോ നീക്കവും അതീവ ജാഗ്രതയോടെയാണ‌് രാഷ്ട്രീയ എതിരാളികൾ നോക്കിക്കാണുന്നത‌്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home