ഗമിക്കുന്നത് (ഋഗതൗ) എന്നാണ് "ഋതു' എന്ന വാക്കിന്റെ അര്‍ഥം. വഴി പോലെ ഗമിക്കുന്നത് എന്നാണ് "സമയം' എന്ന വാക്കിന്റെ അര്‍ഥം. ഒരുവര്‍ഷം തികയുമ്പോള്‍ ആറ് ഋതുക്കളും അവസാനിക്കുന്നു. ഋതുക്കളെ ഉപേക്ഷിക്കുന്നത് എന്ന് "സംവത്സരം' എന്ന പദം അര്‍ഥംനല്‍കുന്നു. സമയം, ഋതുക്കള്‍, സംവത്സരം എന്നിവ കാലത്തിന്റെ അളവാകുന്നു. ഒരില സൂചിയാല്‍ കിഴിക്കുന്ന സമയത്തില്‍ (ത്രുടി) അല്ലെങ്കില്‍ ഒന്നു കണ്ണുചിമ്മുന്ന സമയത്തില്‍ (അക്ഷിനിമേഷം) ആരംഭിച്ച് 71 ചതുര്യഗങ്ങള്‍ ചേര്‍ന്നുവരുന്ന മന്വന്തരംവരെ ആയുര്‍വേദത്തിന്റെ കാലഗണനയില്‍ ഉള്‍പ്പെട്ടുവരുന്നുണ്ട്്. ഭാരതീയ കാലാവസ്ഥ അനുസരിച്ച് ശിശിരം, വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം എന്നിങ്ങനെ ആറ് ഋതുക്കള്‍ നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്. രണ്ടു മാസങ്ങള്‍ ചേര്‍ന്നതാണ് ഒരു ഋതു. ഇതില്‍ ആദ്യത്തെ മൂന്ന് ഋതുക്കള്‍ ഉത്തരായനത്തിലും അവസാനത്തെ മൂന്ന് ഋതുക്കള്‍ ദക്ഷിണായനത്തിലുമാണ് വരുന്നത അതായത് ആറുമാസംവീതം ഓരോ അയനം. ഉത്തരായന-ദക്ഷിണായനങ്ങള്‍ക്ക് ആധുനിക കാലാവസ്ഥാപഠനശാസ്ത്രത്തില്‍ നിന്നു വ്യത്യസ്തമായ വീക്ഷണമാണ് ആയുര്‍വേദത്തിന്റെത്.
ഭൂമിയുടെ ഭ്രമണംമൂലം സൂര്യന്‍ ആകാശത്ത് വടക്കോട്ടേക്ക് മാറി ഉദിച്ചുകാണുന്നതാണ് ഉത്തരായനം. വടക്കുനിന്ന് തിരികെ ആകാശത്തിന്റെ തെക്കേ അറ്റത്തേക്കുള്ള സൂര്യന്റെ സഞ്ചാരം ദക്ഷിണായനവും (ആധുനിക കാലാവസ്ഥാപഠനശാസ്ത്രത്തില്‍ ആകാശത്തിന്റെ മധ്യത്തുനിന്ന് വടക്കോട്ടേക്കും തിരികെ ആകാശമധ്യത്തിലെത്തുന്നത് ഉത്തരായനവും ഇതേ സ്ഥിതി സൂര്യഗതി തെക്കോട്ടേക്കും തിരികെ ആകാശമധ്യത്തിലെത്തുന്നത് ദക്ഷിണായനവും ആകുന്നു).
കാറ്റും കാലാവസ്ഥയും തമ്മിലുള്ള ബന്ധം വളരെ സൂക്ഷ്മമായിട്ട് ആയുര്‍വേദം വിവരിച്ചിരിക്കുന്നു. പ്രശാന്തനായി പ്രവര്‍ത്തിക്കുന്ന വായുവിന്റെയും പ്രകോപിതനായി സഞ്ചരിക്കുന്ന വായുവിന്റെയും കര്‍മങ്ങളും അതേസമയത്ത് ശരീരത്തിനുള്ളിലെ വാതദോഷത്തിന്റെ കര്‍മങ്ങളെയും കുറിച്ച് വിവരിക്കുന്ന ചരകസംഹിതയിലെ അധ്യായത്തിനു നല്‍കിയ പേരുതന്നെ ശ്രദ്ധേയമാണ് "വാതകലാകലീയം'. സന്ദര്‍ഭാനുസരണം പ്രശാന്തനായിട്ടുള്ള വായുവിന്റെ ബാഹ്യകര്‍മങ്ങളെകുറിച്ചു മാത്രം പറയാം.
""ഭൂമിയെ ധരിക്കുക, അഗ്നിജ്വലിപ്പിക്കുക, ആദിത്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍ എന്നിവയുടെ ഗതിവിധാനത്തെ ക്രമപ്പെടുത്തുക, മേഘങ്ങളെ ഉണ്ടാക്കുക, ജലത്തെ വര്‍ഷിക്കുക, നദി തുടങ്ങിയവയെ പ്രവര്‍ത്തിപ്പിക്കുക, പുഷ്പ-ഫലങ്ങളെ ഉണ്ടാക്കുക, വിത്തുകളെ മുളപ്പിക്കുക, ഋതുക്കളെ ഭാഗിക്കുക, ധാതുദ്രവ്യങ്ങളെ വിഭജിക്കുക, ധാതുദ്രവ്യങ്ങള്‍ക്ക് അളവും സ്ഥിതിയും, രൂപഭേദങ്ങളും സംഭവിപ്പിക്കുക, ബീജങ്ങളെ ഉല്‍പ്പാദനസമ്പന്നമാക്കുക, ഉണങ്ങാതെ നിര്‍ത്തേണ്ടതിനെ ഉണക്കാതെ നിര്‍ത്തി ശരിയാംവണ്ണം വളര്‍ത്തുക, ഉണക്കേണ്ടതിനെ ഉണക്കുക''. പ്രശാന്തനായ വായു സര്‍വ ചരാചരങ്ങളുടെയും അസ്തിത്വം ഏറ്റെടുത്തിരിക്കുന്നുവെന്നു സാരം.
ആയുര്‍വേദം അടിസ്ഥാനമാക്കിയിട്ടുള്ളത് ശകവര്‍ഷ കലണ്ടറിനെയാണ്. കനിഷ്ക മഹാരാജാവിന്റെ ഭരണകാലത്ത് ചാന്ദ്രമാസ കലണ്ടറുകള്‍ക്കു പകരം സൂര്യനെ ദര്‍ശിക്കുന്ന ഭൂമിയുടെ ഉത്തരധ്രുവ ദക്ഷിണധ്രുവങ്ങളെ അടിസ്ഥാനമാക്കി ഒരു വര്‍ഷത്തിലുണ്ടാകുന്ന കാലാവസ്ഥയുടെ സ്വഭാവംവച്ച് മാഘമാസംമുതലുള്ള 12 മാസങ്ങളെ കണക്കാക്കി ശകവര്‍ഷ കലണ്ടര്‍ രൂപപ്പെടുത്തി. എന്നാല്‍ പൗര്‍ണമിയോടു ബന്ധപ്പെടുത്തിയുള്ള മാസങ്ങളുടെ പേരുകളാണ് നല്‍കിയിട്ടുള്ളത്. മകംനക്ഷത്രത്തോടുകൂടി വെളുത്തവാവ് ഉണ്ടാകുന്നത് മാഘം. ഉത്രംനക്ഷത്രത്തോടുകൂടി വെളുത്തവാവ് ഉണ്ടാകുന്നത് ഫാല്‍ഗുനം (പൈങ്കുനി). അതില്‍ തുടങ്ങുന്നു അതതു മാസത്തെ 30 ദിവസം.
ഭാരതത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കുശേഷം ദേശീയ കലണ്ടറായി അംഗീകരിച്ചിട്ടുള്ളത് ശകവര്‍ഷ കലണ്ടറിനെയാണ്. ഇന്ത്യയിലെ മിക്ക സംസ്ഥാനത്തും നിലവിലുള്ളതും ഈ കലണ്ടര്‍തന്നെ. കേരള സര്‍ക്കാര്‍ കലണ്ടറില്‍ ഗ്രിഗോറിയന്‍ കലണ്ടര്‍, ശകവര്‍ഷം, കൊല്ലവര്‍ഷം, ഹിജറാവര്‍ഷം എന്നിവകൂടി ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ പ്രസ്തുത കലണ്ടര്‍ ഇന്ന് വിവിധതരം കലണ്ടറുകളുടെ പ്രയോജനം ചെയ്യുന്നുണ്ട്. കറുത്തവാവിന്റെ അടുത്തദിവസംമുതല്‍ വെളുത്തവാവുവരെയുള്ള ശുക്ലപക്ഷവും വെളുത്തവാവിന്റെ അടുത്തദിവസംമുതല്‍ കറുത്തവാവുവരെയുള്ളത് കൃഷ്ണപക്ഷവും എന്ന അംഗീകൃത രീതി ഈ കലണ്ടറില്‍ പാലിച്ചിട്ടുണ്ട്. ഋതുക്കളുടെ സ്വഭാവവും അതിനുസരിച്ചുള്ള ജീവിതചര്യകളെയും കുറിച്ച് "ഋതുചര്യ' എന്ന പേരില്‍ ആയുര്‍വേദത്തിലെ ആധികാരിക ഗ്രന്ഥങ്ങളിലെല്ലാം വിവരണങ്ങളുണ്ട്.
തണുപ്പിനെ ദ്യോതിപ്പിക്കുന്ന പദമാണ് ശിശിരം. "ശശപ്ലുതഗതൗശിശിരഃ' മുതല്‍ ചാടിയോടുമ്പോലെ, തണുപ്പിനാല്‍ വഴിപോക്കര്‍ഓടിപ്പോകുന്ന കാലമാണ് ശിശിരം. "വസന്ത്യത്ര മദനോത്സവഃ' ഭൂമിയാകെ പുഷ്പങ്ങള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ കാമദേവന്റെ ഉത്സവകാലമാണിതെന്നും വിശേഷണം വരുന്നു. "ഗ്രാസയതി ഇതി ഗ്രീഷ്മഃ' രസമെല്ലാം ഊറ്റുന്ന കാലമാണ് ഗ്രീഷ്മം. തീക്ഷ്മണമായ സൂര്യരശ്മികള്‍ ഭൂമിയിലെ എല്ലാറ്റിന്റെയും നീര് ഊറ്റിയെടുക്കുന്ന കാലമെന്നു സാരം. "വര്‍ഷാവര്‍ഷണാമസ്യാസു ഇതി' മഴ വര്‍ഷിക്കുന്ന ഋതു-വര്‍ഷകാലം. "ശൃഹിംസായം' ഹിംസിക്കുന്ന കാലമാണ് ശരദൃതു. അതായത് കൊയ്തുകാലം. ധാന്യങ്ങള്‍ പാകംവന്നതിനാല്‍ കതിരുകള്‍ ഹിംസിക്കപ്പെടുകയാണല്ലോ സംഭവിക്കുക. "ഹന്തി സന്താപമിതി ഹേമന്തം' തണുപ്പുകൊണ്ട് ജീവജാലങ്ങളുടെ ചുടുനീറ്റലെല്ലാം ഹേമന്ത ഋതുവില്‍ ഇല്ലാതാകുന്നു.
ഉത്തരായനകാലം (ശിശിരം, വസന്തം, ഗ്രീഷ്മ ഋതുക്കള്‍) സൂര്യതാപം അധികമാകുന്ന കാലമാണ്. ശരീരബലം കുറയുന്ന കാലമായതിനാല്‍ ഇതിനെ "ആദാനകാലം' എന്നുപറയുന്നു. ദക്ഷിണായനത്തില്‍ (വര്‍ഷം, ശരത്, ഹേമന്തം) സൂര്യതാപം താരതമ്യേന കുറഞ്ഞിരിക്കും. ബലം വിട്ടുതരുന്നത് എന്ന അര്‍ഥത്തില്‍ ഇതിനെ വിസര്‍ഗകാലം എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. മഴ, മഞ്ഞ്, വേനല്‍ എന്നിങ്ങനെയുള്ള പ്രകൃതിയുടെ ഭാവമാറ്റങ്ങളെ കൃത്യമായി ഗണിച്ചുള്ള ഈ ഋതുനിശ്ചയം ഹിമവല്‍പര്‍വതത്തിനോടടുത്തുള്ള ഭാരത ഭൂവിഭാഗങ്ങളിലെല്ലാം ഇതേതരത്തില്‍ത്തന്നെ ഇപ്പോഴും സംഭവിക്കുന്നുണ്ട്. പാകിസ്ഥാനും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനുമൊക്കെ ചേര്‍ന്നുള്ള വളരെ വിസ്തൃതമായ ഒരു രാജ്യമായിരുന്നല്ലോ ആദ്യം ഭാരതം. സിന്ധുനദീതട സംസ്കാരത്തിന്റെ പാരമ്പര്യ സംസ്കൃതിയുടെ മഹത്വം നിറഞ്ഞുനിന്നിരുന്ന വലിയൊരു ഭൂപ്രദേശം. മഹാകവി കാളിദാസന്റെ "ഋതു സംഹാരം' എന്ന കൃതിയില്‍ ഭാരതത്തിലെ ഓരോ ഋതുവിന്റെയും പ്രകൃതിഭാവത്തെ അതിമനോഹരമായി വിവരിച്ചിട്ടുണ്ട്.