01 June Thursday

പുതുമുന്നേറ്റം ; അതിർത്തിയിൽ 
മഹാപ്രവാഹം , വരവേൽക്കാനെത്തിയത്‌ ആയിരങ്ങൾ

കെ സി ലൈജുമോൻUpdated: Monday Feb 20, 2023

ജാഥയെ കാസർകോട് മണ്ഡലത്തിലെ ചെർക്കളയിൽ സ്വീകരിക്കുന്നു


കുമ്പള
പൈവളിഗെ രക്തസാക്ഷികളുടെയും അനശ്വര രക്തസാക്ഷി ഭാസ്‌കര കുമ്പളയുടെയും ധീരസ്‌മരണകളിരമ്പുന്ന തുളുനാടിന്റെ ഹൃദയഭൂമിയായ കുമ്പളയിൽനിന്നാരംഭിച്ച സിപിഐ എം ജനകീയ പ്രതിരോധ ജാഥയെ വരവേൽക്കാനെത്തിയത്‌ ആയിരങ്ങൾ. മഞ്ചേശ്വരം മണ്ഡലത്തിലെ 17 ലോക്കലുകളിൽനിന്നായി വാഹനങ്ങളിലും മറ്റുമായാണ്‌ പ്രവർത്തകരെത്തിയത്.  പകൽ മൂന്നിനുതന്നെ സദസിലേക്ക്‌ ജനങ്ങളുടെ പ്രവാഹമായിരുന്നു. ജില്ലയിലെ നാടൻപാട്ട്‌ കലാകാരന്മാരുടെ സംഘടനയായ "നാട്ടുകലാകാരക്കൂട്ടം' നേതൃത്വത്തിൽ ഉദയൻ കുണ്ടംകുഴിയും സംഘവും നാടൻപാട്ടിലൂടെയും വിപ്ലവ ഗാനങ്ങളിലൂടെയും ഉദ്‌ഘാടന പരിപാടിവരെ പ്രവർത്തകരെ ആവേശംകൊള്ളിച്ചു.   പാർടി സംസ്ഥാന സെക്രട്ടറിയും ജാഥാ ലീഡറുമായ എം വി ഗോവിന്ദനെയും ജാഥാംഗങ്ങളെയും കുമ്പള സർക്കിളിൽനിന്ന്‌ സ്വീകരിച്ചു. ലീഡറെ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം വി വി രമേശൻ ഹാരമണിയിച്ചു. തുടർന്ന്‌, മുത്തുക്കുടകളേന്തിയ വനിതകളുടെയും ബാൻഡ്‌ മേളത്തിന്റെയും അകമ്പടിയോടെ നേതാക്കളും പ്രവർത്തകരുംചേർന്ന്‌ വരവേറ്റു.


 

വേദിക്ക്‌ സമീപം ചുവപ്പു വളന്റിയർമാരുടെ ഗാർഡ്‌ ഓഫ്‌ ഓണർ.
ജാഥാ ലീഡറെയും അംഗങ്ങളെയും സംഘാടകസമിതി തലപ്പാവും ഷാളുമണിയിച്ചും മെമന്റോ നൽകിയും വേദിയിൽ സ്വീകരിച്ചു.
മംഗളൂരു മറൈൻ എൻജിനിയറിങ് കോളേജ് രണ്ടാംവർഷ വിദ്യാർഥി കാസർകോട് അഡൂരിലെ രവിശങ്കർ പെൻസിൽ ഡ്രോയിങ്ങിൽ തീർത്ത മുഖ്യമന്ത്രിയുടെ ചിത്രം വേദിയിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റുവാങ്ങി. 1968 മുതൽ  കുമ്പളയിൽ ആതുരശുശ്രൂഷാ രംഗത്ത് സേവനമനുഷ്ഠിക്കുന്ന എൺപത്തിരണ്ടുകാരനായ ഡോ. കെ സർവേശ്വര ഭട്ടിനെ ആദരിച്ചു. മഞ്ചേശ്വരം ഗോവിന്ദപൈ കോളേജ്‌ പ്രൊഫസർ ഡോ. പി എം സലീം രചിച്ച "കമ്യൂണിസ്റ്റ് ഭരണവും വിമോചനസമരവും–- - ഒരു ചരിത്രാന്വേഷണം’ പുസ്തകത്തിന്റെ കന്നഡ പതിപ്പ് മുൻ കേന്ദ്രകമ്മിറ്റി അംഗം ജി എൻ നാഗരാജിന് കൈമാറി മുഖ്യമന്ത്രി പ്രകാശിപ്പിച്ചു. സിപിഐ എം കർണാടക സംസ്ഥാനകമ്മിറ്റിയുടെ പ്രസിദ്ധീകരണ വിഭാഗമായ ക്രിയ മാധ്യമ പ്രൈവറ്റ് ലിമിറ്റഡാണ് പുസ്തകത്തിന്റെ പ്രസാധകർ. ജാഥയുടെ ഭാഗമായി തയ്യാറാക്കിയ പ്രത്യേക കന്നഡ സപ്ലിമെന്റ്‌ "തുളുനാട്' എം വി ഗോവിന്ദ ,ഡി സുബ്ബണ്ണ ആൾവക്ക് നൽകി പ്രകാശിപ്പിച്ചു.    ബി കെ ഹരിനാരായണൻ രചിച്ച്‌ ബിജിബാൽ സംഗീതം നൽകിയ "സമരായനം' സംഗീത ആൽബം സിഡി മുഖ്യമന്ത്രി പിണറായി വിജയൻ, എം വി ഗോവിന്ദന്‌ നൽകി പ്രകാശിപ്പിച്ചു.ജാഥയുടെ പ്രചാരണാർഥം സംഘടിപ്പിച്ച ജില്ലാതല സാഹിത്യമത്സര വിജയികൾക്ക്‌ എം വി ഗോവിന്ദൻ ഉപഹാരം നൽകി.

കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി, ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ, സംസ്ഥാനകമ്മിറ്റി അംഗം ടി വി രാജേഷ്‌, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എം സുമതി, മുതിർന്ന നേതാവ്‌ പി കരുണാകരൻ, അഡ്വ. സി കെ ശ്രീധരൻ, കെ പി അനിൽകുമാർ, രതികുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ കുഞ്ഞിരാമൻ, ഇ പത്മാവതി, സി ജെ സജിത്ത്‌ എന്നിവരും ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുത്തു.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top