27 July Saturday

'ആധികാരിക ചര്‍ച്ചയ്ക്ക് ശേഷം ഞാന്‍ പറയുന്നു 2000 രൂപ നോട്ടില്‍ ജിപിഎസ് ഉണ്ട്'- സംഘി ശാസ്‌ത്രജ്ഞൻ ഗോപാലകൃഷ്‌ണന്റെ പ്രഭാഷണം

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2016

കൊച്ചി > പുതിയ 2000 രൂപ നോട്ടില്‍ ജിപിഎസും നാനോ ചിപ്പും ഉള്‍പ്പെടെ ഉപഗ്രഹങ്ങളുമായി ബന്ധിപ്പിക്കാനുള്ള സംവിധാനങ്ങളുടെ നിജസ്ഥിതി പുറത്തുവന്നതോടെ വ്യാജ പ്രചാരകര്‍ മാളത്തിലൊളിച്ചിരുന്നു. എന്നാല്‍, നാനോ ടെക്നോളജിയും ജിപിഎസ് സംവിധാനവും ഉണ്ടെന്ന് 'ആധികാരിക ചര്‍ച്ച'യ്ക് ശേഷം വെളിപ്പെടുത്തുന്ന ഡോ. എന്‍ ഗോപാലകൃഷ്ണന്റെ പ്രഭാഷണമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. നോട്ടില്‍ ചിപ്പുണ്ടെന്നത് വ്യാജമാണെന്നും പക്ഷെ ബാക്കിയുള്ള സംവിധാനങ്ങള്‍ എല്ലാം നോട്ടിലുണ്ടെന്നുമാണ് ഗോപാലകൃഷ്ണന് നേരിട്ട് ലഭിച്ച 'ആധികാരിക' വിവരം.

'പുതിയ നോട്ടില്‍ നാനോ ടെക്നോളജി ഉപയോഗപ്പെടുത്തിയ സംവിധാനം ഉണ്ട്. അത് ചിപ്പ് അല്ല. പുറത്തുനിന്ന് ഊര്‍ജ്ജം ആവശ്യമില്ല ഈ സംവിധാനത്തിന്. ഇതൊരു സിഗ്നല്‍ റിഫ്ളക്ടറായാണ് പ്രവര്‍ത്തിക്കുന്നത്. നോട്ട് എവിടെ ഇരിക്കുന്നു എന്നും നോട്ടിന്റെ സീരിയല്‍ നമ്പര്‍ എതാണെന്നും ഉപഗ്രഹവുമായി ബന്ധപ്പെട്ട് അറിയിക്കുന്നതാണ് ഈ സംവിധാനം. എവിടെയാണ് പണമിരിക്കുന്ന ലൊക്കേഷന്‍, എത്ര നോട്ടുകള്‍ ഉണ്ട് എന്നും കൃത്യമായ വിവരം നല്‍കും. ഇതില്‍ ചിപ്പ് ഉണ്ടെന്നത് തെറ്റായ വിവരമാണെന്ന് ഗോപാലകൃഷ്ണന്‍ ആവര്‍ത്തിക്കുന്നു. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന നാനോ ടെക്നോളജി മെറ്റീരിയല്‍ എന്താണെന്ന വിവരം സര്‍ക്കാര്‍ ഇനിയും പുറത്തുവിട്ടിട്ടില്ല '- ഗോപാലകൃഷ്ണന്‍ പറയുന്നു.

ഈ നോട്ടുകള്‍ കുറേക്കാലം ഒരിടത്തിരിക്കുകയോ 'ഉദ്ദേശശുദ്ധിയില്ലാതെ' സൂക്ഷിക്കുകയോ ചെയ്താല്‍ ഇത് ആദായ നികുതി വകുപ്പിന് വിവരം നല്‍കും. അപ്പോള്‍ വീടും അലമാരയും ഇടിച്ചുപൊളിക്കാതെ തന്നെ പണം എവിടുണ്ടെന്ന് മനസിലാക്കി ആദായ നികുതി വകുപ്പിന് പണം കണ്ടെത്താന്‍ കഴിയും. എന്നാല്‍, 100 മീറ്റര്‍ ആഴത്തില്‍ കുഴിച്ചിട്ടാല്‍പോലും സിഗ്നല്‍ ലഭിക്കുമെന്നത് ആളുകള്‍ അല്‍പ്പം കടത്തി പറയുന്നതാണെന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

റിസര്‍വ് ബാങ്കിനോട് ഒരു വര്‍ഷം മുന്‍പാണ് പ്രധാനമന്ത്രി പുതിയ നോട്ടിന്റെ കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കിയത്. വിദേശത്തുനിന്നുള്ള പേപ്പറുകള്‍ നോട്ടുണ്ടാക്കാന്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞിരുന്നു. ഇന്ത്യന്‍ പേപ്പറും സാങ്കേതിക വിദ്യയും ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. നാനോ സാങ്കേതിക വിദ്യ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാവും പണം എവിടെ ഉണ്ടെന്ന് കണ്ടെത്താനുള്ള നാനോ ടെക്നോളജി സംവിധാനം നോട്ടില്‍ ഉള്‍പ്പെടുത്തിയതെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു.

ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായ ഈ സംവിധാനത്തിലൂടെ കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാകുമെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു.

പുതിയ നോട്ടിനെക്കുറിച്ച് സംഘപരിവാര്‍ നേതൃത്വത്തില്‍ നടന്ന വ്യാജ പ്രചരണം മുന്‍പ് തന്നെ വിദഗ്ധരടക്കം പൊളിച്ചടുക്കിയിരുന്നു. ഇതിനുശേഷം നവംബര്‍ 14ന് യൂട്യൂബില്‍ അപ്ലോഡ് ചെയ്ത പ്രഭാഷണത്തിലാണ് ഗോപാലകൃഷ്ണന്‍ തന്റെ കണ്ടെത്തല്‍ ആധികാരിക ചര്‍ച്ചയ്ക്കുശേഷം വെളിപ്പെടുത്തിയത്. നവംബര്‍ ഒന്‍പതിന് തന്നെ പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു. ഇത്തരം ഒരു സംവിധാനം ലോകത്ത് എവിടെയും നിലവിലില്ലെന്നും റിസര്‍വ് ബാങ്ക് വക്താവ് അല്‍പന കിലാവാല വ്യക്തമാക്കിയിരുന്നു. മാത്രമല്ല 2005നുശേഷം ഇറങ്ങിയ നോട്ടുകളില്‍ ഉള്ളതില്‍കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒന്നുംതന്നെ പുതിയ 2000 രൂപ നോട്ടുകളില്‍ ഇല്ല എന്ന വിവരവും പുറത്തുവന്നിരുന്നു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് എന്ന ചാരിറ്റബിള്‍ ട്രെസ്റ്റിന്റെ ഡയറക്ടറാണ് ഗോപാലകൃഷ്ണന്‍. നിരവധി പ്രഭാഷണങ്ങള്‍ നടത്തിയിട്ടുള്ള ഗോപാലകൃഷ്ണന്‍ സംഘപരിവാര്‍ സംഘടനകളുടെ വേദികളില്‍ സ്ഥിരം സാന്നിധ്യമാണ്. മലപ്പുറം ജില്ലയേയും മുസ്ളിം സമുദായത്തേയും അവഹേളിച്ച് നടത്തിയ പ്രഭാഷണം വലിയ പ്രതിഷേധം ഉണ്ടാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top