03 February Friday

മുഹൂർത്തങ്ങൾ-ഡോ.സുനിൽ പി ഇളയിടത്തിന്റെ പംക്തി ഇരുപത്താറാം ഭാഗം

ഡോ.സുനിൽ പി ഇളയിടംUpdated: Monday Oct 31, 2022

ജീവിതത്തെ പൊലിപ്പിച്ചെടുക്കുന്ന, വിസ്മയംപോലെ ലഭിച്ച ചില മുഹൂർത്തങ്ങളുടെ  അർഥഭംഗികൾ.  കാലഭേദങ്ങൾക്കിടയിലും മങ്ങലേൽക്കാത്ത സ്മൃതിചിത്രങ്ങൾ. മനുഷ്യനെ ഏതോ നിലയിൽ വിനീതരാക്കാൻ പോന്ന വിശാലമായ ആകാശച്ചരിവിന്റെ ഓർമകൾ. നക്ഷത്രവെളിച്ചം പോലെ മനസ്സിൽ കയറുന്ന കൽപ്പനകൾ...

കവിതയിൽ നിന്നും നക്ഷത്രവെളിച്ചം പോലെ മനസ്സിൽ കയറിയ നിരവധി കൽപ്പനകളുണ്ട്. “വിസ്മയം പോലെ ലഭിക്കും നിമിഷത്തിന്/അർത്ഥം കൊടുത്തു പൊലിപ്പിച്ചെടുക്ക നാം” എന്ന് ശാന്തയിൽ കടമ്മനിട്ട എഴുതിയ വരി

കടമ്മനിട്ട

കടമ്മനിട്ട

അത്തരമൊന്നായിരുന്നു. ഒരു വലിയ ജീവിതപാഠം അതിൽ മുഴങ്ങുന്നതായി എപ്പോഴും തോന്നിയിട്ടുണ്ട്. ‘നമുക്കു നാമായി പണിതെടുക്കുന്ന’  മഹാസൗന്ദര്യങ്ങളുടെ അലൗകികതയിലേക്കുള്ള ഒരു വഴിവിളക്കുപോലെ ആ വരികൾ ഓർമയിലെന്നും നിലനിന്നു.

ക്ഷണികവും നിസ്സാരവുമായ പല മുഹൂർത്തങ്ങളെയും അത് ദീപ്തമാക്കി. കാലത്തിന്റെ പടപാച്ചിലിനിടയിൽ ഒരർഥവുമില്ലാതെ കെട്ടുപോകേണ്ട ചില നിസ്സാരസന്ദർഭങ്ങളെ ജീവിതത്തിലെ ഗാഢസ്മൃതികളായി അത് രൂപാന്തരപ്പെടുത്തി. ചിലതിന് യാദൃച്ഛികതയുടെ ഭംഗിയുണ്ടായിരുന്നു. മറ്റുചിലതാകട്ടെ അതിസാധാരണമായിരിക്കെ അവിസ്മരണീയവുമായി. വിസ്മയം പോലെ ലഭിച്ച ആ മുഹൂർത്തങ്ങൾ പകർന്നുതന്ന അർഥഭംഗികൾ പിൽക്കാല ജീവിതത്തെ പൊലിപ്പിച്ചെടുക്കുന്നതിന് എത്രയാണ് തുണയായതെന്ന് പറയാനാവില്ല. കാലഭേദങ്ങൾക്കിടയിലും ആ സ്മൃതിചിത്രങ്ങൾക്ക് മങ്ങലേറ്റിട്ടില്ല.

തീവണ്ടിയിലെ പാട്ട്

തീവണ്ടി കോഴിക്കോട് സ്റ്റേഷനുപുറത്ത് ട്രാക്ക് ക്ലിയറൻസിനായി നിർത്തിയിട്ടിരിക്കുകയായിരുന്നു. അത് ഏറെസമയം അങ്ങനെ തന്നെ കിടന്നു. കമ്പാർടുമെന്റിലെ തിരക്കും ചൂടും. ഞങ്ങളുടെ സംഭാഷണം പല വിഷയങ്ങളിലേക്ക് നീണ്ടു.

കാഞ്ഞങ്ങാട് നിന്നും തുടങ്ങിയ യാത്രയായിരുന്നു. ബേക്കൽ കോട്ട കണ്ടുള്ള മടക്കം. കോഴിക്കോട് സർവകലാശാലയിലെ റിഫ്രഷർ കോഴ്സിൽ പങ്കെടുക്കുന്നതിനിടയിലെ അവധി ദിവസങ്ങളിലൊന്നിലാണ് ബേക്കൽ കോട്ട കാണാൻ പുറപ്പെടാം എന്നുതോന്നിയത്.

കാലടി സർവകലാശാലയിലെ മലയാളവിഭാഗത്തിൽ നിന്ന് ഞങ്ങൾ മൂന്നുപേർ ഒരുമിച്ച് റിഫ്രഷർ കോഴ്സിനുണ്ടായിരുന്നു.

ഞാനും അജയനും പ്രദീപനും. ശനിയാഴ്ചയും കോഴ്സ് ഉള്ളതിനാൽ ഒരുദിവസത്തേക്കായി വീട്ടിൽ പോയി മടങ്ങുന്നത് പ്രായോഗികമായിരുന്നില്ല. അതുകൊണ്ട് ഞായറാഴ്ചകളിലും അവിടെത്തന്നെ തങ്ങാം എന്നുകരുതി. അത്തരമൊരു ഞായറാഴ്ചയാണ് ബേക്കലിലേക്ക് പുറപ്പെട്ടത്.

സന്ധ്യ മയങ്ങിയതോടെ ബേക്കലിൽ നിന്നും മടങ്ങി. ഏതോ തീവണ്ടിയുടെ ജനറൽ കമ്പാർടുമെന്റിൽ കോഴിക്കോട്ടേക്ക് തിരിച്ചു. നല്ല തിരക്ക്. രാത്രി പത്തുമണിയോടെ കോഴിക്കോട് എത്തുന്ന വണ്ടിയാണ്. എപ്പോഴോ ലഭിച്ച സീറ്റുകളിൽ പലതും പറഞ്ഞ് ഞങ്ങൾ തിങ്ങിയിരുന്നു. ഒൻപതരയോടെ വണ്ടി കോഴിക്കോടിനടുത്തെത്തിക്കാണണം.

പിന്നെ ദീർഘമായ കാത്തുകിടപ്പ്. ഒരുദിവസം നീണ്ട യാത്രയുടെയും സംഭാഷണത്തിന്റെയും അവസാനത്തിൽ ഞങ്ങൾ ക്ഷീണിതരായിരുന്നു. തീവണ്ടിയിലെ ബഹളങ്ങൾക്കിടയിലും ഞങ്ങൾ പതുക്കെ മൗനത്തിലേക്ക് നീങ്ങി.

എം ഡി  രാമനാഥൻ

എം ഡി രാമനാഥൻ

അപ്പോഴാണ് കുറച്ചുനേരം പാട്ടുകേൾക്കാം എന്നു തോന്നിയത്. ഒന്നരപതിറ്റാണ്ടിനപ്പുറത്താണ്. അന്ന് സ്മാർട്‌ ഫോണുകൾ രംഗപ്രവേശം ചെയ്തിട്ടില്ല.

കൈയിലുള്ള മൊബൈൽ ഫോണിൽ കുറെ പഴയ പാട്ടുകളുണ്ട്. സിനിമാഗാനങ്ങളും മറ്റുമാണ് ഏറെയും. ആയിടക്ക് കിട്ടിയ എം ഡി രാമനാഥന്റെ “ഭാവയാമി രഘുരാമം...” അതിലുണ്ടായിരുന്നു. 

രാമനാഥന്റെ ഘനഗംഭീരമായ ശബ്ദത്തിന്റെ പ്രാക്തനഭംഗിയും വിളംബിതകാലത്തിലെ ആലാപനവും ചേർന്ന് അസാധാരണമായ ശോഭ കൈവന്ന രാഗമാലിക. എം എസ് സുബ്ബലക്ഷ്മി തന്റെ ചടുലകാന്തിയുള്ള ആലാപനത്തിലൂടെ മായികഭംഗി പകർന്ന കീർത്തനമാണ്. 

എം എസിന്റെ ശബ്ദത്തിലൂടെയാണ് അത് ഏറിയ പങ്കും പ്രചരിച്ചതും. അതുകൊണ്ടുതന്നെ എം ഡി ആറിന്റെ ‘ഭാവയാമി’ ആദ്യം കേട്ടപ്പോൾ വിസ്മയത്തിന്റെ തിരയിളക്കമായിരുന്നു. അതുവരെ കേട്ടുപരിചയിച്ചതിൽ നിന്നും വേറിട്ട ഒരുപാട് സഞ്ചാരങ്ങൾ. പിന്നെപ്പിന്നെ അത്‌ മനസ്സിലേക്കുകടന്നു.

‘ഹിമശൈലങ്ങളിലിളകുന്ന ഹിന്ദോള’മായും ‘ദമയന്തീസന്ദേശവുമായ് പറന്നുയരവെ വസന്തമേഘങ്ങൾക്കിടയിൽപ്പെട്ട ഹംസധ്വനി’യായും കവിതയിൽ പൂത്തുപടർന്ന രാഗഛായകൾ.അസാധാരണമായ പ്രശാന്തതയോടെ ആ കീർത്തനത്തിന്റെ പടവുകളിലൂടെ രാമനാഥൻ സഞ്ചരിക്കുന്നത് മനസ്സിൽ നിറഞ്ഞു. പിന്നീട് മിക്ക ദിവസങ്ങളിലും അതുകേട്ടു.

‘ഹിമശൈലങ്ങളിലിളകുന്ന ഹിന്ദോള’മായും ‘ദമയന്തീസന്ദേശവുമായ് പറന്നുയരവെ വസന്തമേഘങ്ങൾക്കിടയിൽപ്പെട്ട ഹംസധ്വനി’യായും കവിതയിൽ പൂത്തുപടർന്ന രാഗഛായകൾ.അസാധാരണമായ പ്രശാന്തതയോടെ ആ കീർത്തനത്തിന്റെ പടവുകളിലൂടെ രാമനാഥൻ സഞ്ചരിക്കുന്നത് മനസ്സിൽ നിറഞ്ഞു. പിന്നീട് മിക്ക ദിവസങ്ങളിലും അതുകേട്ടു.

എം എസ് സുബ്ബലക്ഷ്മി

എം എസ് സുബ്ബലക്ഷ്മി

സുബ്ബലക്ഷ്മിയുടെ ‘ഭാവയാമി’യേക്കാൾ ഹൃദ്യമായ ഒന്നായി അതു മാറാൻ തുടങ്ങി.

സ്റ്റേഷനിലേക്കുള്ള സിഗ്നൽ കാത്ത് കോഴിക്കോട് നഗരപരിധിക്ക് പുറത്ത് അനന്തമായെന്നോണം കാത്തുകിടക്കുന്ന തീവണ്ടിയിലെ ജനറൽ കമ്പാർടുമെന്റിൽ ഇരുന്ന് ഞങ്ങൾ രാമനാഥന്റെ “ഭാവയാമി...” കേൾക്കാൻ തുടങ്ങി. ചുറ്റും യാത്രക്കാരുടെ പലതരം സംഭാഷണങ്ങൾ. പാട്ടിന് ഞങ്ങൾക്കു മാത്രം കേൾക്കാവുന്ന ശബ്ദമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ മൂന്നുപേരും നിശ്ശബ്ദരായിരുന്ന് അതിൽ മുഴുകി. പതിയെപ്പതിയെ ആ നിശ്ശബ്ദത ചുറ്റിലേക്ക് പടരാൻ തുടങ്ങി.

മൊബൈൽ ഫോണിന്റെ ചെറിയ ശബ്ദത്തിലും രാമനാഥന്റെ സ്വരഗംഭീരതയുടെ ഗതിഭേദങ്ങൾ ചുറ്റിലേക്ക് പടരുന്നുണ്ടായിരുന്നു.

എൻ വി  കൃഷ്‌ണവാരിയർ

എൻ വി കൃഷ്‌ണവാരിയർ

അധികം വൈകാതെ കമ്പാർടുമെന്റിലെ പല യാത്രക്കാരും നിശ്ശബ്ദരായി. പുറത്ത് കനംകൂടി നിൽക്കുന്ന ഇരുട്ട്. മനുഷ്യവംശത്തിന്റെ പ്രാചീനസ്മൃതികളെ വരെ ചെന്നുതൊടുന്ന എം ഡി ആറിന്റെ ശബ്ദപ്രപഞ്ചം. ആദിമമായ ഒരു സൗന്ദര്യാനുഭവത്തിന്റെ ഗർഭഗൃഹം പോലെയായി തീവണ്ടിമുറി മാറാൻ തുടങ്ങി.

ഞാൻ എൻ വിയുടെ ‘തീവണ്ടിയിലെ പാട്ട്’ എന്ന കവിതയെക്കുറിച്ചോർത്തു. ‘മനമതുകേൾക്കെ വികാരതരംഗമടങ്ങിമയങ്ങിയുറങ്ങിതെല്ലിട/പുനരതിലുൽക്കടവിക്ഷോഭങ്ങളുദിച്ചുമദിച്ചു പുളയ്ക്കുകയായി’ എന്ന് എൻ വി എഴുതിയത് ഓർത്തു. നിശ്ശബ്ദതയും ഇരുട്ടും വലയം ചെയ്ത ഒരു തീവണ്ടിമുറിയിൽ തമ്മിലറിയാത്ത ഒരു കൂട്ടം മനുഷ്യർക്കുനടുവിൽ, മനുഷ്യവംശസ്മൃതികളുടെ ഏതോ പ്രാചീനരാശികളെ സ്പർശിച്ചുകൊണ്ട് രാമനാഥന്റെ ആലാപനം നിറഞ്ഞുനിന്നു.

അരമണിക്കൂറിൽ താഴെ വരുന്ന സമയംകൊണ്ടത് പൂർത്തിയായി. പാട്ടു കഴിഞ്ഞ് കുറേനേരം കൂടി ആ മൗനം അവിടെ തുടരുന്നുണ്ടായിരുന്നു. അൽപ്പം കഴിഞ്ഞ് പുറത്ത് ചൂളംവിളി കേട്ടു.

തവളകളുടെ സിംഫണി

പറവൂരിലെ പഴയ തിയറ്ററുകളിലൊന്നിലാണ് പഠനകാലത്ത് മികച്ച ചിത്രങ്ങൾ പലതും കണ്ടത്. ‘ഉച്ചപ്പടങ്ങൾ’ എന്ന പരിഹാസപ്പേരിലറിയപ്പെട്ട കലാസിനിമകൾ (പിൽക്കാലത്ത് ആ പേര് മറ്റൊരു ജനുസ്സിന് വഴിമാറി) പന്ത്രണ്ട് മണിയോടെ തുടങ്ങുന്ന നൂൺ ഷോ മാറ്റിനിക്ക് മുൻപായി അവസാനിക്കും.

ഇരുപതോ ഇരുപത്തിയഞ്ചോ പേരൊക്കെയാണ് കാണാനുണ്ടാവുക. ചലച്ചിത്രകലയുടെ ചരിത്രത്തിലെ വഴിത്തിരിവുകളായ പല ചിത്രങ്ങളും അത്രമേൽ നിരാർഭാടമായി ആ കൊട്ടകയിലൂടെ കടന്നുപോയി.

‘രാധാ തിയേറ്റർ’ എന്നായിരുന്നു സിനിമാശാലയുടെ പേര്. ഇന്ന് ചലച്ചിത്രവികസന കോർപ്പറേഷന്റെ തിയറ്റർ സമുച്ചയം നിലകൊള്ളുന്നതിന് അൽപ്പം കൂടി കിഴക്കോട്ട് നീങ്ങിയായിരുന്നു അതിന്റെ സ്ഥാനം. പഴയ തകിടുകൾകൊണ്ട് മറച്ച, മുകളിൽ ഷീറ്റ് പാകിയ ഒരു കെട്ടിടം.

ഉച്ചകളിൽ നല്ല ചൂടായിരിക്കും. മഴക്കാലത്ത് മുകളിലെ ഷീറ്റുകളിൽ മഴത്തുള്ളികൾ വന്നാർക്കുന്ന ഇരമ്പലും. അതിനിടയിൽ വേണം സിനിമ കാണാൻ.

തിയറ്ററിന് തെക്കുഭാഗത്തെ വലിയ കുളം മഴക്കാലത്ത് നിറയും. തിയറ്ററിന്റെ മുൻനിരയിലെ ബഞ്ചുകൾ വരെ ചിലപ്പോഴൊക്കെ വെള്ളമെത്തും. ഇരിപ്പിടത്തിനുമുന്നിലെ ബഞ്ചിലും അവയുടെ പടികളിലും കാലുയർത്തിവച്ചാണ് അപ്പോൾ സിനിമ കാണുക.

1980‐കൾക്ക് ഒടുവിലെപ്പോഴോ ഒരു മഴക്കാലത്ത് ഒരുച്ചയ്ക്ക് തിയറ്ററിലെത്തി. പത്മരാജന്റെ ‘ഒരിടത്തൊരു ഫയൽവാൻ’ എന്നാണോർമ.

അത്ര ഉറപ്പില്ല. ഉച്ചയെങ്കിലും മഴക്കാലത്തിന്റെ ഇരുട്ട് മൂടിയ ദിവസം. സിനിമ കാണാൻ വളരെച്ചുരുക്കം പേർ മാത്രം. കൈയിൽ കാര്യമായി പണമില്ലാത്തതിനാൽ ഏറ്റവും മുന്നിലെ ഇരിപ്പിടത്തിനുള്ള ടിക്കറ്റാണ് എടുത്തത്. തിയറ്ററിൽ കയറിയപ്പോൾ മുന്നിൽ കുറച്ച് നനവുണ്ട്.

മഴക്കാലത്തെ പതിവ്. തെക്കുഭാഗത്തെ കുളം നിറഞ്ഞിരിക്കുന്നു. ആദ്യനിരയിലെ ബഞ്ചുകളിൽ ഏറ്റവും പിന്നിലൊരിടത്താണ് ഇരുന്നത്. മഴക്കാലത്തെ ഉച്ചനേരത്ത് സിനിമ കാണാൻ കാര്യമായി ആരുമില്ല. പല നിരകളിലും ഒന്നോ രണ്ടോ പേർ മാത്രം. ഇരുപതുപേർ തികച്ചുണ്ടോ എന്ന് സംശയം.

അൽപ്പം കഴിഞ്ഞ് പ്രദർശനം ആരംഭിച്ചു. തിരശ്ശീലയിൽ ഇരുട്ട്. അതിനിടയിൽ അകലെയൊരു റാന്തൽ വിളക്കോ മറ്റോ പോലെ വെളിച്ചത്തിന്റെ ഒരു പൊട്ടു മാത്രം. ഒരു തവളപിടുത്തത്തിന്റെ സന്ദർഭമാണ്.

സൗണ്ട് ട്രാക്കിൽ തവളകൾ കരയുന്നതിന്റെയും ആളുകൾ കാലുകൾ വെള്ളത്തിലൂന്നി നടക്കുന്നതിന്റെയും ശബ്ദം. തോട്ടിൽ തവള പിടിക്കാനിറങ്ങിയവർ തമ്മിലുള്ള ചെറിയ സംഭാഷണങ്ങൾ. ഒന്നോ രണ്ടോ വാക്കുകൾ; മൂളലുകൾ. തിരശ്ശീലയിലെ ഇരുട്ടിനെ മുറിച്ച് തവളകളുടെ കരച്ചിലാണ് നിരന്തരം ഉയർന്നുകൊണ്ടിരുന്നത്.

പെട്ടെന്ന് തവളകളുടെ കരച്ചിൽ വളരെ അടുത്തെത്തിയതായി തോന്നി. പ്രാചീനമായ ശബ്ദസംവിധാനം മാത്രമുള്ള ഒരു തിയറ്ററാണ്. ഡോൾബി സിസ്റ്റമൊന്നും അന്ന് ആരുടെയും ആലോചനയിലില്ല.

ശ്രദ്ധിച്ചപ്പോൾ മുന്നിലെ ബഞ്ചുകൾക്കിടയിൽ എവിടെയോ നിന്നാണ്. മഴക്കാലത്ത് പുറത്തെ കുളം നിറഞ്ഞപ്പോൾ അകത്തേക്ക് കയറിയ തവളകളാണ്. സ്ക്രീനിലെ കരച്ചിലിനൊപ്പം ചേർന്ന് അവയും കരയാൻ തുടങ്ങിയതാണ്.

ജന്തുപരിണാമത്തിന്റെ ചരിത്രത്തിലെ മൗലികചോദനയെ പിൻപറ്റി, സ്ക്രീനിൽ മുഴങ്ങുന്ന കരച്ചിലിനൊപ്പം സ്ക്രീനിനുമുന്നിലെ ബഞ്ചിന്റെ പടികൾക്കിടയിൽ നിന്ന് ആ തവളകളും കരയാൻ തുടങ്ങി.

സങ്കല്പവും യാഥാർഥ്യവും തമ്മിലുള്ള അനന്യമായ ആ മേളനം! അൽപ്പനേരം മാത്രമേ അത്‌ നീണ്ടുനിന്നുള്ളൂ. ഇരുട്ടിന്റെ ചില നിമിഷങ്ങൾക്കുശേഷം സ്ക്രീനിൽ വെളിച്ചം നിറഞ്ഞു. സൗണ്ട് ട്രാക്കിലെ തവളകളുടെ കരച്ചിൽ നിലച്ചു. മുന്നിലെ സീറ്റുകൾക്കിടയിലെ തവളകളുടെയും. ആ സിംഫണി പെട്ടെന്ന് അവസാനിച്ചു. വെളിച്ചത്തിന്റെ പടവുകളിലൂടെ സ്ക്രീനിൽ ഒരു നാട്ടുഫയൽവാന്റെ ജീവിതപരിണാമങ്ങൾ ഇതൾവിടർന്നു.

ശരീരവും ജീവിതവും തൃഷ്ണയും തമ്മിലുള്ള സങ്കീർണവിനിമയങ്ങളിലേക്ക് വഴിതുറന്നിടുന്ന മികവുറ്റ രചനയായിരുന്നു അത്. ആ ചിത്രത്തിന്റെ ഓർമകൾക്കൊപ്പം ഇരുട്ടും തണുപ്പും വലയം ചെയ്ത് ബഞ്ചുകൾക്കിടയിലെ തവളകളുടെ സിംഫണിയും. കാലത്തിന്റെ മറുകരയിൽ നിന്നെന്നപോലെ ഇപ്പോഴും തേടിയെത്തുന്നു.

പത്മരാജൻ

പത്മരാജൻ

സിനിമ കാണൽ തുടങ്ങിയത് ഡിഗ്രിപഠനകാലത്താണ്. അന്ന് കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി അത്യന്തം സജീവമായ കാലമാണ്. കേരളത്തിലെ തന്നെ ഏറ്റവും മികച്ച ഫിലിം സൊസൈറ്റികളിലൊന്നായിരുന്നു അത്. മിക്കവാറും എല്ലാ ആഴ്ചകളിലും ലോകോത്തര ക്ലാസിക്കുകളുടെ പ്രദർശനമുണ്ടാവും.

പലപ്പോഴും ലോകചലച്ചിത്രവേദിയിലെ മഹാരഥികളുടെ റിട്രോസ്പെക്റ്റീവുകളും. ഐസൻസ്റ്റീനും ബർഗ്മാനും കുറസോവയും ഫാസ്‌ബിന്ദറും മറ്റും അപ്പോഴേക്കും വായനയിലൂടെ പരിചയത്തിലെത്തിയിരുന്നു.

അവരുടെ പ്രധാനചിത്രങ്ങൾ, അവയുടെ സൗന്ദര്യപരമായ സവിശേഷതകൾ, സിനിമയുടെ ദൃശ്യകലയിൽ അവർ കൊണ്ടുവന്ന വഴിത്തിരിവുകൾ, ഇതൊക്കെ പലനിലയിൽ വായിച്ചറിഞ്ഞതിനുശേഷമാണ് ആ മഹാരഥികളിൽ പലരുടെയും ചിത്രങ്ങൾ കാണാൻ അവസരം കിട്ടിയത്.

വിവരസാങ്കേതികവിദ്യയുടെ സൗകര്യങ്ങളും കുതിപ്പുകളുമൊന്നും രൂപംകൊണ്ടിട്ടില്ലാത്ത ആ കാലത്ത് ഫിലിം സൊസൈറ്റികൾ ഒരുക്കുന്ന പ്രദർശനങ്ങൾ മാത്രമായിരുന്നു ലോകചലച്ചിത്രകലയിലേക്കുള്ള ഒരേയൊരു വഴി.

മാല്ല്യങ്കര കോളേജിലെ ബിരുദപഠനകാലമാണ്. ഞായറാഴ്ചകളിലും കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയുടെ പ്രദർശനമുണ്ടാവും. കൊടുങ്ങല്ലൂരിലെ പഴയ ഒ കെ ഹാളായിരുന്നു പലപ്പോഴത്തെയും പ്രദർശനവേദി.

ചിലപ്പോഴൊക്കെ ബോയ്‌സ് ഹൈസ്‌കൂളും. ഞായറാഴ്ചകളിൽ രാവിലെ തന്നെ വീട്ടിൽനിന്ന് പുറപ്പെട്ട് കൊടുങ്ങല്ലൂരിലെത്തി സിനിമകണ്ട് മടങ്ങും. മുൻപേ വായിച്ചറിഞ്ഞ ചിത്രങ്ങളാണ് കാണുന്നത് എന്നതിനാൽ കാഴ്ചയ്ക്ക് ആഴമേറിയിരുന്നു.

ഓരോ ദൃശ്യത്തിന്റെയും ചലച്ചിത്രപരവും സാങ്കേതികവും ലാവണ്യപരവുമായ പൊരുളുകൾക്ക് ഗാഢതയേറിയപോലെ. ആദ്യവായന തന്നെ പുനർവായനയായിത്തീരുന്ന രചനകൾ എന്ന് ഉംബർട്ടോ എക്കോ ക്ലാസിക്കുകൾക്ക് നല്കിയ പ്രഖ്യാതമായ നിർവചനം ആ ചലച്ചിത്രങ്ങൾക്കും ബാധകമായിരുന്നു.

അവ ആദ്യമായി കാണുന്നതിനുമുൻപുതന്നെ വായനകളും സംവാദങ്ങളും മറ്റുമായി അവയെ വലയം ചെയ്യുന്ന ഒരന്തരീക്ഷം മനസ്സിൽ രൂപപ്പെട്ടിരുന്നു. അതിനുള്ളിലിരുന്നാണ് ഞങ്ങൾ ആ സിനിമകളെല്ലാം കണ്ടത്. 

‘നാമൊരുമിച്ചു കേട്ടപാട്ട് പാട്ടിനേക്കാൾ വലുതായിരുന്നു’( ‘The music we heard together/was more than music’) എന്ന കവിവാക്യത്തെപ്പോലെ ആ കാഴ്ചകൾ കാഴ്ചകളേക്കാളും വലുതായിരുന്നു.

അത്തരമൊരു സന്ദർഭത്തിലാണ് ‘ഇവാൻ ദ ടെറ്ബിൾ’ കാണാനിടയായത്. കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയുടെ ഒരു ചലച്ചിത്രപ്രദർശനം. ഐസൻസ്റ്റീൻ ചിത്രങ്ങളുടെ ഒരു പരമ്പരയായിരുന്നു അതെന്നാണോർമ. കൊടുങ്ങല്ലൂർ ബോയ്‌സ് ഹൈസ്‌കൂളിലെ ഒരു ഹാളിൽ സജ്ജീകരിച്ച താൽക്കാലിക പ്രദർശനശാലയിലിരുന്നാണത് കണ്ടത്.

ചലച്ചിത്രപഠനങ്ങളിൽ പലയിടത്തായി ആ ചിത്രത്തിന്റെ മഹിമയെക്കുറിച്ച് വായിച്ചിരുന്നു. അതെല്ലാം ചേർത്തുവച്ച് ഇവാന്റെ പടയോട്ടങ്ങളും അന്തഃക്ഷോഭങ്ങളും തമ്മിലിടഞ്ഞ് അതുല്യമായ ഭാവത്തികവിലേക്കുയർന്ന ആ ചിത്രം ഞങ്ങൾ കണ്ടു.

റഷ്യയുടെ ചരിത്രവും സിനിമയുടെ ചരിത്രവും കൈകോർക്കുന്ന അപൂർവസന്ധിയായിരുന്നു ആ ചിത്രം.ദൂരെയുള്ള മലഞ്ചരിവിലൂടെയുള്ള പടനീക്കവും ഇവാന്റെ മാരകഭംഗി നിറയുന്ന മുഖവും ഒരു ജനൽപ്പാളിയിലൂടെ ഒരൊറ്റ ദൃശ്യമായി തെളിഞ്ഞു. വിദൂരദൃശ്യവും സമീപദൃശ്യവും ഇടകലർന്ന ആ ദൃശ്യഖണ്ഡം ചലച്ചിത്രകലയുടെ തന്നെ ചരിത്രത്തിന്റെ ഭാഗമായി മാറിയ ഒന്നാണ്.

റഷ്യയുടെ ചരിത്രവും സിനിമയുടെ ചരിത്രവും കൈകോർക്കുന്ന അപൂർവസന്ധിയായിരുന്നു ആ ചിത്രം. ദൂരെയുള്ള മലഞ്ചരിവിലൂടെയുള്ള പടനീക്കവും ഇവാന്റെ മാരകഭംഗി നിറയുന്ന മുഖവും ഒരു ജനൽപ്പാളിയിലൂടെ ഒരൊറ്റ ദൃശ്യമായി തെളിഞ്ഞു.

വിദൂരദൃശ്യവും സമീപദൃശ്യവും ഇടകലർന്ന ആ ദൃശ്യഖണ്ഡം ചലച്ചിത്രകലയുടെ തന്നെ ചരിത്രത്തിന്റെ ഭാഗമായി മാറിയ ഒന്നാണ്.ഏതെങ്കിലും ഒരു സ്കൂൾ ക്ലാസ് മുറിയുടെയോ മറ്റോ അനാർഭാടലോകത്തിലിരുന്നാണ് ഞങ്ങളുടെ തലമുറ അത്തരം ചിത്രങ്ങളെല്ലാം കണ്ടത്. സന്ധ്യപടരുന്നതോടെ പുറത്ത് കനംവയ്ക്കുന്ന ഇരുട്ട്. ചരിത്രത്തിന്റെ പടയോട്ടങ്ങൾക്കുനടുവിലൂടെ ഇവാനും അയാളുടെ രക്തസ്നാതമായ ജീവിതവും.

മാല്ല്യങ്കര കോളേജിലെ ക്ലാസ് കഴിഞ്ഞാണ് പലപ്പോഴും സിനിമയ്ക്കായി എത്തുക. പകലത്തെ അലച്ചിലുകളുടെയും സംഘടനാപ്രവർത്തനങ്ങളുടെയും ക്ഷീണം അപ്പോഴേക്കും നന്നായി ബാധിച്ചുകാണും. എങ്കിലും സിനിമ കാണണമെന്ന മോഹം അതിനെയും മറികടക്കാൻ പോന്നതായിരുന്നു. മിക്ക ദിവസങ്ങളിലും മടക്കയാത്രയ്ക്കുള്ള പണമല്ലാതെ മറ്റൊന്നും കൈയിലുണ്ടാവില്ല. അത്തരമൊരു ദിവസമായിരുന്നു ‘ഇവാൻ ദ ടെറ്ബിളി’ന്റെ പ്രദർശനം.

ക്ലാസ് കഴിഞ്ഞ് കൊടുങ്ങല്ലൂരിലെത്തിയപ്പോൾ തന്നെ വിശപ്പ് പിടികൂടിയിരുന്നു. മറ്റു വഴികളൊന്നും ഇല്ലാതിരുന്നതിനാൽ അതേപടി സിനിമ കാണാനിരുന്നു. രക്തസ്നാതമായ വഴികളിലൂടെയുള്ള ഇവാന്റെ പടപ്പാച്ചിലുകൾക്കൊപ്പം, അതികഠിനമായ വിശപ്പിന്റെ കാഹളങ്ങളുമുണ്ടായിരുന്നു. കണ്ടതിനെ കാഴ്ചയ്ക്കപ്പുറത്തേക്കും കൊണ്ടുപോകാൻ ആ വിശപ്പിന് കഴിഞ്ഞു. സിനിമ കഴിഞ്ഞ് അവസാന ബസ്സിന് വീട്ടിലെത്തിയപ്പോഴേക്കും വിശപ്പ് സ്വയം കത്തിയമർന്നിരുന്നു. എങ്കിലും ഇന്നും ഇവാന്റെ ഓർമയോടൊപ്പം ആ സന്ധ്യയിലെ വിശപ്പുണ്ട്. കലയുടെ ഗഹനതയിലേക്ക്‌ ഞങ്ങളുടെ തലമുറയെ കൊണ്ടുപോയതിൽ അതിനും ഒരു പങ്കുണ്ടാവണം.

ആകാശച്ചരിവിലെ നക്ഷത്രങ്ങൾ

തൃശ്ശിനാപ്പള്ളിയിൽ നിന്നുള്ള മടക്കം ഒരു വലിയ തമിഴ് ലോറിയിലായിരുന്നു. അച്ഛന്റെ അനുജന്റെ ആകസ്മികമായ മരണത്തിനുശേഷം അവിടത്തെ വാടകവീട്ടിൽ നിന്ന് സാധനസാമഗ്രികളെല്ലാം നാട്ടിലേക്ക് കൊണ്ടുവരേണ്ടതുണ്ടായിരുന്നു. നാട്ടിൽ നിന്ന് ഒരു പുലർകാലത്ത് തീവണ്ടിയിലാണ് തിരുച്ചിറപ്പളളിയിലെത്തിയത്. അവിടെയുള്ള സാധനങ്ങളെല്ലാം മുൻപേ തന്നെ പല പല പെട്ടികളിലായി അടുക്കിവച്ചിരുന്നതുകൊണ്ട് ഒരുങ്ങാൻ പ്രയാസമുണ്ടായില്ല.

തൃശ്ശിനാപ്പള്ളി നഗരം

തൃശ്ശിനാപ്പള്ളി നഗരം

ഉച്ചകഴിഞ്ഞ് ലോറിയെത്തി. എല്ലാം ലോറിയിലേക്ക് കയറ്റാൻ രണ്ടുമൂന്നു തൊഴിലാളികളും. വലിയ പെട്ടികളിലും മറ്റുമായി അടുക്കിക്കെട്ടിയ സാധനസാമഗ്രികൾ രണ്ടുമൂന്നു മണിക്കൂറുകൾകൊണ്ട് ലോറിയിലേക്ക് കയറ്റി. വൈകുന്നേരത്തോടെ അവിടെ നിന്നും പുറപ്പെട്ടു.

വലിയ തമിഴ് ലോറിയിലാണ്. ഡ്രൈവറും സഹായിയായ മറ്റൊരാളും. ഇരുവരുടെയും സീറ്റിനുപിന്നിൽ ബഞ്ചുപോലൊരു നീണ്ട ഇരിപ്പിടത്തിലാണ് ഞാനിരുന്നത്.

നഗരപ്രാന്തം പിന്നിടുമ്പോഴേക്കും ഇരുട്ട് വീണുതുടങ്ങി. വഴിവിളക്കുകൾ തെളിഞ്ഞു. വഴിയിലെ തിരക്ക് കുറഞ്ഞുതുടങ്ങി. അവിടവിടെയായുള്ള കടകളെയും വീടുകളെയും പിന്നിലേക്ക് തള്ളി വണ്ടി ഓടിക്കൊണ്ടിരുന്നു. തമിഴ്‌ഗ്രാമങ്ങൾക്കും ചെറുപട്ടണങ്ങൾക്കും ഇടയിലൂടെയുള്ള യാത്ര. ഇരുപുറത്തും അരങ്ങേറുന്ന ജീവിതത്തിന്റെ ഇരമ്പലുകൾ വണ്ടിയുടെ ശബ്ദത്തിനിടയിലും ചെവിയിൽ വന്നുവീഴുന്നുണ്ടായിരുന്നു.

ശബ്ദത്തിന്റെയും വെളിച്ചത്തിന്റെയും മാറിമാറിവരുന്ന ഗതിഭേദങ്ങൾ. കുറേനേരം അതിൽ ശ്രദ്ധയർപ്പിച്ച് വണ്ടിയിലെ ഡ്രൈവറുടെയും സഹായിയുടെയും പിന്നിലെ സീറ്റിലിരുന്നു. കണ്ണുകളിൽ മയക്കം വീണുതുടങ്ങിയപ്പോൾ ഞാൻ ആ ബഞ്ചിൽ കിടന്നു. ഒരാൾക്ക്‌ നന്നായി കിടക്കാവുന്ന വീതിയില്ല. എങ്കിലും കുറെ നേരത്തെ ഇരിപ്പിനുശേഷമുള്ള കിടപ്പ് സുഖകരമായിരുന്നു. അസൗകര്യങ്ങൾ ചെറിയ സൗകര്യങ്ങളെയും വലുതാക്കുന്നു. ഞാൻ പതിയെ ഉറക്കത്തിലേക്ക് വീണു.

വഴിവക്കിലെ കടകളിലെവിടെയോ വണ്ടി നിർത്തിയപ്പോഴാണ് ഉണർന്നത്. വണ്ടിക്കാരുടെ സ്ഥിരം കടകളിലൊന്നാണ്. അവർക്കൊപ്പമിരുന്ന് കഴിച്ചു. അറിയാവുന്ന ഭാഷയിൽ പലതും പറഞ്ഞു. തമിഴും മലയാളവും ഇടകലർന്ന സങ്കരഭാഷയിൽ യാത്രയുടെയും ജീവിതത്തിന്റെയും ഗതിഭേദങ്ങൾ ഞങ്ങൾ തമ്മിൽ കൈമാറി.

വീണ്ടും യാത്ര പുറപ്പെട്ടപ്പോൾ വണ്ടിയുടെ പിന്നിൽ സാധനങ്ങൾ അടുക്കിയതിനുശേഷമുള്ള ഭാഗത്ത് ഇരുന്നാലോ എന്നൊരു തോന്നൽ എനിക്കുണ്ടായി. കുറെനേരത്തെ ഉറക്കവും ഭക്ഷണവും ക്ഷീണമെല്ലാം അകറ്റിയിരുന്നു.

പിന്നിലിരിക്കാം എന്നുപറഞ്ഞപ്പോൾ ലോറിഡ്രൈവറും സഹായിയും ആദ്യം നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്. എങ്കിലും ഞാൻ നിർബന്ധം പിടിച്ചപ്പോൾ അവർ വഴങ്ങി. കുറച്ചുകഴിഞ്ഞ് അവർക്കരുകിലേക്ക് തിരിച്ചെത്താം എന്ന ധാരണയിൽ ഞാൻ പിന്നിലേക്ക് മാറി. സാധനങ്ങൾ അടുക്കിക്കെട്ടിയതിനുശേഷം ലോറിയുടെ പിന്നിൽ കുറച്ചുസ്ഥലം ഒഴിവായി കിടന്നിരുന്നു.

ലോറിക്ക് പിന്നിൽ പകുതിയിലധികം ഉയർന്നുനിന്ന സാധനങ്ങളുടെ കെട്ടുകൾക്കുമുകളിൽ ഡ്രൈവറുടെ സഹായി അയാളുടെ പായ് വിരിച്ചു തന്നു. ഡ്രൈവറുടെ സീറ്റിനും പിന്നിൽ പുറകോട്ടുതുറക്കുന്ന ഒരു കിളിവാതിലുണ്ട്. അതിലേക്ക് ചാരിയിരുന്ന് അതുവരെയറിയാത്ത യാത്രയുടെ പുതിയ പ്രകാരത്തിലേക്ക് കടന്നു.

വഴിയോരക്കടയുടെ അരികിൽ നിന്ന് പുറപ്പെട്ട വണ്ടി ഏറെ വൈകാതെ ഇരുളിലാണ്ടു. തമിഴ്‌നാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളാവണം. ഓടിമറയുന്ന വഴിവിളക്കുകളുടെ വെളിച്ചത്തിനപ്പുറത്ത് പലയിടങ്ങളിലും പടർന്നുപരന്ന ഇരുട്ട്. ചന്ദ്രപ്രകാശം ഏറെയില്ലാത്ത ആകാശപ്പരപ്പിൽ മിന്നിനിൽക്കുന്ന നക്ഷത്രവ്യൂഹങ്ങൾ. ‘നിത്യഭാസുരനഭശ്ചരങ്ങളേ’ എന്ന് ആശാനെഴുതിയത് മനസ്സിലെത്തി.

സാധാരണമായ ഒരു യാത്രയെങ്കിലും ആ നിമിഷങ്ങൾക്ക് അലൗകികമായ ഒരു ശോഭയുണ്ടായിരുന്നു. ഇരുട്ടും മൗനവും നക്ഷത്രവെളിച്ചം നിറഞ്ഞ ആകാശപ്പരപ്പും ഓടിമറയുന്ന ലോറിക്കുപിന്നിലെ ഇരിപ്പും മായികമായ ഒരു വിദൂരദൃശ്യത്തിന്റെ ചാരുതയോടെ ഇപ്പോഴും മനസ്സിലുണ്ട്. മുന്നിൽനിന്ന് കിളിവാതിലിലൂടെ ഡ്രൈവറുടെ സഹായി ചിലതെല്ലാം പറയുന്നുണ്ടായിരുന്നു. ഞാൻ തിരിച്ചും. കുറെനേരം അങ്ങനെ പോയിക്കാണും.

വണ്ടിക്ക് ഏറെയൊന്നും വേഗമുണ്ടായിരുന്നില്ല. രാത്രിയുടെ തണുപ്പ് ഏറിത്തുടങ്ങിയപ്പോൾ ഞാൻ അറിയാവുന്ന ചില പാട്ടുകൾ മൂളി. പിന്നാലെ, പതിയെപ്പതിയെ പാതിമയക്കത്തിലേക്ക് വീണു.

നക്ഷത്രങ്ങൾ കാവൽ നിന്ന ആകാശപ്പരപ്പിന്റെ അതിവിസ്തൃതിക്കുതാഴെ, തീർത്തും അപരിചിതരായ രണ്ടുപേർക്കൊപ്പം, തമിഴകത്തെ ഏതെല്ലാമോ ഉൾനാടുകളിലൂടെ, രാത്രിയുടെ ഏകാന്തതയിൽ തലചായ്ച്ചുള്ള ആ യാത്രയുടെ ഹൃദ്യത ഇക്കാലം വരെയുള്ള എണ്ണമറ്റ യാത്രകളിൽ വേറിട്ട ഒന്നായിരുന്നു.

മനുഷ്യനെ ഏതോ നിലയിൽ വിനീതരാക്കാൻ പോന്ന വിശാലത അതിനുണ്ടായിരുന്നു. കാലത്തിന്റെ കളിക്കളം പോലെ പരന്നുകിടന്ന ആകാശച്ചരിവിന്റെ ഓർമകൾ. അതീതത്തിലേക്കുള്ള ഫണപത്രങ്ങൾപോലെ അവയിപ്പോഴും ബാക്കിനിൽക്കുന്നു.

സാധാരണതകളിൽ അസാധാരണതയിലേക്കുള്ള ഒരായലാണ് ഈ ഓർമകളെല്ലാം. ഓർത്തുനോക്കിയാൽ ജീവിതമെന്നതും അത്തരമൊരായലല്ലേ?.


(ദേശാഭിമാനി വാരികയിൽ നിന്ന്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top