27 July Saturday
സംസ്ഥാന ജാഥ പ്രയാണം 20ന്‌ കാസർകോടുനിന്നും

മുദ്രാവാക്യങ്ങൾ കേട്ടുവോ; അലയടിക്കുന്നുണ്ടിപ്പോഴും

വിനോദ്‌ പായംUpdated: Thursday Feb 16, 2023

കാസർകോട്‌> എല്ലാ ജാഥകളും തുടങ്ങുന്ന അത്യുത്തര കേരളത്തിൽ, സ്വാതന്ത്ര്യത്തിനും മുമ്പേ ഒരുനാട്ടിട വഴിയിൽ മുഴങ്ങിയ മുദ്രാവാക്യത്തിന്റെ അലകൾ ഇപ്പോഴും ചരിത്രത്തിൽ വീശിയടിക്കുന്നുണ്ട്‌. 1941 മാർച്ച്‌ 28ന്റെ പകലിൽ കയ്യൂരിൽ തേജസ്വിനിപ്പുഴക്കരയിൽ നടന്നൊരു ജാഥ ചരിത്രമായി വർത്തമാനത്തിലേക്ക്‌ ഇന്നും നടന്നുകയറുകയാണ്‌.

കാർഷക സമരത്തിൽ മുന്നണിയിലുള്ള കയ്യൂരിലെ കമ്യൂണിസ്‌റ്റ്‌ പാർടി പ്രവർത്തകരെ മാർച്ച്‌ 26ന്‌ പുലർച്ചെ ബ്രിട്ടീഷ്‌ പൊലീസുകാരെത്തി ഭീകരമായി മർദ്ദിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചുള്ള ജാഥയാണ്‌ 28ന്‌ പ്രയാണം തുടങ്ങിയത്‌. കയ്യൂർ പൂക്കണ്ടത്ത്‌ പ്രതിഷേധയോഗം ചേർന്ന്‌ 200 ഓളം വരുന്ന പ്രവർത്തകർ ചെറിയാക്കരയിലേക്ക്‌ നീങ്ങി. കാക്കി ട്രൗസറും ഷർട്ടും ധരിച്ച വളണ്ടിയർമാരായിരുന്നു ഇതിൽ പകുതിയും. ജാഥ കടന്നുപോയ വഴിയരികിലെ ചായക്കടയിൽ, തലേന്ന്‌ കയ്യൂരിൽ നരനായാട്ട്‌ നടത്തിയ സുബ്രായൻ എന്നൊരു പൊലീസുകാരനുമുണ്ട്‌.

പൊലീസിനെ കണ്ടതോടെ ജാഥക്കാർക്ക്‌ ആവേശമായി. കമ്യൂണിസ്‌റ്റ്‌ പാർടിയുടെ കൊടി പിടിപ്പിച്ച്‌ സുബ്രായനെ മുന്നിൽ നടത്തി. പാർടി കൊടിപിടിച്ചത്‌ ആ ബ്രിട്ടീഷ്‌ പൊലീസുകാരന്‌ അപമാനമായി തോന്നി. തേജസ്വിനിക്കരയിൽ എടത്തിൽ കടവിലെത്തിയപ്പോൾ, കൈയിലുണ്ടായിരുന്ന കൊടി കെട്ടിയ വടിയെടുത്ത്‌ മുന്നിലുള്ള, പാലായി കൊട്ടനെന്ന വളണ്ടിയറുടെ തലതല്ലിപ്പൊളിച്ച്‌ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. മറ്റുവളണ്ടിയർമാർ പിന്നാലെ ഓടി. ആസമയത്താണ്‌ പൊടോര കുഞ്ഞമ്പുനായരുടെ നേതൃത്വത്തിൽ മറ്റൊരു ജാഥ എതിരായി വന്നത്‌. രണ്ടുവശത്തും പാർടി പ്രവർത്തകരെ കണ്ട സുബ്രായൻ, പുഴയിലേക്ക്‌ എടുത്തുചാടി.

വലിയ അടിയൊഴുക്കുള്ള തേജസ്വിനിയിൽ, കാക്കിയുടപ്പിട്ട ആ പൊലീസുകാരൻ മുങ്ങിത്താണു മരിച്ചു. ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ ചരിത്രത്തെ തന്നെ മാറ്റിമറിച്ച സംഭവമായി, ജാഥയും സുബ്രായന്റെ മരണവും. ഈ കേസിൽ, തെളിവില്ലാഞ്ഞിട്ടും നാലുസഖാക്കളെ കഴുമരമേറ്റി ബ്രിട്ടീഷ്‌ സർക്കാർ പ്രതികാരം തീർത്തു. മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ടൻ, പള്ളിക്കൽ അബൂബക്കർ, പൊടോര കുഞ്ഞമ്പുനായർ എന്നീ രണധീരരെ 1943 മാർച്ച്‌ 29ന്‌ കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റി. പൂക്കണ്ടത്തു നിന്നും ചെറിയാക്കരയിലേക്ക്‌ നീങ്ങിയ ആ ഗ്രാമീണജാഥയുടെ കൃത്യം രണ്ടാംവർഷമാണ്‌ ആ തൂക്കിലേറ്റൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top