തെന്നല തറവാട്ടിലും ചെങ്കൊടി ഉയർന്നു

biju thennala
avatar
പി നിഷാദ്‌

Published on Mar 06, 2025, 12:06 PM | 1 min read

കൊല്ലം : പതിറ്റാണ്ടുകൾക്ക് മുമ്പ് നാടിന്റെ ശ്വാസവും ചലനവും തന്നിലൂടെ ആയിരിക്കണമെന്ന് ശഠിച്ച, കമ്യൂണിസം ഇല്ലാതാക്കണമെന്ന് ആഗ്രഹിച്ച ജന്മി ഉണ്ടായിരുന്നു ശൂരനാട്ട്‌. ഏഴരപ്പതിറ്റാണ്ടിനിപ്പുറം ശൂരനാട്ടെ ജന്മിയുടെ തെന്നല തറവാട്ടിൽ സിപിഐ എമ്മിന്റെ ബ്രാഞ്ച് സമ്മേളനത്തിന്‌ വേദിയായത്‌ ചരിത്രനിയോഗം. ശൂരനാട്ട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അത്യുജ്വല മുന്നേറ്റത്തിന്റെ അടയാളമാണ് പഴയ ജന്മി കുടുംബത്തിലെ മൂന്നാം തലമുറയിൽപ്പെട്ട തെന്നല ബിജു സിപിഐ എം പാറക്കടവ് ബ്രാഞ്ച് സെക്രട്ടറിയായത്‌. ഇരുപത്തിനാലാം പാർടി കോൺഗ്രസിനു മുന്നോടിയായി നടന്ന പാറക്കടവ് ബ്രാഞ്ച് സമ്മേളനം തെന്നല തറവാടിനു സമീപമാണ് ചേർന്നത്. ശൂരനാട് സംഭവം നടക്കുമ്പോൾ ബിജുവിന്റെ മുത്തച്ഛനും മുത്തച്ഛന്റെ സഹോദരനുമായിരുന്നു ശൂരനാട്ടെ ജന്മിമാർ. ഇവരുടെ ജന്മിത്വത്തിനെതിരായി ഗത്യന്തരമില്ലാതെ അണപൊട്ടിയ പ്രതിഷേധങ്ങളും തുടർന്ന് പൊലീസ് നടത്തിയ നരനായാട്ടുമാണ് ശൂരനാട് സംഭവം.


അച്ഛന്‌ സർക്കാർ ജോലി ആയതിനാൽ തിരുവനന്തപുരത്തായിരുന്നു ബിജുവും കുടുംബവും. തൈക്കാട് മോഡൽ സ്‌കൂളിൽ ബിജു എസ്എഫ്ഐ പ്രവർത്തകനായി. മെഡിക്കൽ ബോർഡ് സമരവും പ്രീഡിഗ്രി സമരവുമാണ് എസ്എഫ്ഐയിലേക്ക് ആകർഷിച്ചത്. തുടർന്ന് കോളേജ് പഠനം പൂർത്തിയാക്കി ബാങ്കിങ്‌ മേഖലയിൽ ജോലിയിൽ പ്രവേശിച്ചു. 1997ൽ ശൂരനാട്ട്‌ തിരിച്ചെത്തിയ ബിജു അച്ഛന്റെ മരണശേഷം 2015ലാണ് സിപിഐ എം അംഗമായത്. ‘ശൂരനാട്ടെ സാമൂഹ്യവ്യവസ്ഥിതിയിൽ വന്ന പുരോഗമനപരമായ മാറ്റവും കമ്യൂണിസ്റ്റ് പാർടികളുടെ വളർച്ചയും ഏറെ സന്തോഷം നൽകുന്നു. തൊഴിലാളി വർഗത്തിന്റെ മുന്നേറ്റത്തിനും മാറ്റങ്ങൾ സൃഷ്ടിക്കുവാനും സിപിഐ എം കൂടുതൽ ശക്തിപ്പെടണം–- ബിജു പറഞ്ഞു’.


ഭാഗംവച്ചപ്പോൾ തങ്ങൾക്കു കിട്ടിയ പഴയതെന്നല തറവാട് വക ഭൂസ്വത്തുകൾ, നിരവധി കർഷകർക്ക് ബിജു വിട്ടുനൽകിയിട്ടുണ്ട്. അവിവാഹിതരായ ബിജുവും സിപിഐ എം അനുഭാവിയായ സഹോദരൻ ബിനുവുമാണ് തെന്നല തറവാടിനോട് ചേർന്ന്‌ നിർമിച്ച വീട്ടിൽ താമസിക്കുന്നത്. കാലപ്പഴക്കത്തിന്റെ ജീർണതകളും ബാധിച്ച് ആൾപ്പാർപ്പില്ലാതെ കിടക്കുകയാണ് തെന്നലത്തറവാടും അൽപ്പം അകലെയുള്ള തെന്നലത്തറ ബംഗ്ലാവും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home