Deshabhimani

അടവുകളേറെ കണ്ട നാട്‌ : ഗതകാലപ്രൗഢിയിൽ ഗുസ്‌തിയും ഗോദയും

fayalvan

ഫയൽവാൻ ഹോട്ടലിൽ സ്ഥാപിച്ചിരിക്കുന്ന ​ഗുസ്തിക്കാരുടെ ചിത്രം

avatar
സ്വന്തം ലേഖകൻ

Published on Feb 20, 2025, 10:42 AM | 2 min read

കൊല്ലം : നാടിന്റെ ഭൂതകാലപ്പെരുമയിൽ ഗുസ്തി അഥവാ ഗാട്ടാ ഗുസ്‌തി സിഗ്‌നേച്ചർ പതിപ്പിച്ചിട്ടുണ്ട്‌. വൈഎംസിഎക്ക്‌ എതിർവശം മജ്‌ലിസ് ഗ്രൗണ്ട്‌, കഴ്‌സൺ റോഡിലെ ഷഹാൽ തകരക്കൊട്ട എന്നിവിടങ്ങൾ ഗോദകളായിരുന്നു. 1940കളിൽ റിലീഫ്‌ മൈതാനത്തും ഗോദ ഒരുങ്ങിയിരുന്നു. കുമ്പളത്ത് ശങ്കുപ്പിള്ളയും തഴവ കേശവനും തമ്മിൽ ഇവിടെ മത്സരിച്ചിരുന്നു. മുളങ്കാടകം, ലാൽബഹദൂർ സ്റ്റേഡിയം, വാടി, തങ്കശേരി എന്നിവിടങ്ങളിലും ഗുസ്‌തി മത്സരങ്ങളുടെ ഗതകാല സ്‌മരണകൾ ഉറങ്ങുന്നയിടങ്ങളാണ്‌. മുളങ്കാടകം സ്കൂളിൽ അധ്യാപകനായിരുന്ന നോവലിസ്റ്റ് നൂറനാട് ഹനീഫ് ‘ ഗോദ ’ നോവൽ തയ്യാറാക്കിയിരുന്നു. തങ്കശേരിക്കു സമീപം കരാമുക്കിൽ കേശവനാശാൻ കളരി നടത്തിയിരുന്നു. പരവൂരിലും ഗുസ്തി പ്രേമികൾ ഉണ്ടായിരുന്നു. ഗുസ്തിക്കാരെ പോറ്റിവളർത്താനും മത്സരങ്ങൾ നടത്താനും വസ്തുവകകൾ വിറ്റുതുലച്ച പ്രമാണിമാരുണ്ടായിരുന്നു.


1967ൽ ദേശീയ ഗുസ്തിമത്സരം കൊല്ലത്ത് അരങ്ങേറിയിട്ടുണ്ട്. പോളച്ചിറ രാമചന്ദ്രൻ, മണക്കാട് നാരായണപിള്ള, കട്ടച്ചിറ പപ്പുദാസ്, ഇലക്‌ട്രിക്‌ മൈതീൻകുഞ്ഞ്‌, കൊല്ലം റഷീദ്, അസ്ലം ബഷീർ, നിക്കൽ ജമാൽ, വാടി സുകുമാരൻ എന്നിവർ ഫയൽവാന്മാർ ആയിരുന്നു. മുത്താരംകുന്ന് പിഒ, ഒരിടത്തൊരു ഫയൽവാൻ സിനിമകളിലെ ഗുസ്തിക്കാരൻ റഷീദ് ജീവിതത്തിലും ഫയൽവാൻ ആയിരുന്നു. ധാരാസിങ്‌, ബിശ്വനാഥ് സിങ്‌, ഹർബൽ സിങ്‌ തുടങ്ങിയവർ കൊല്ലത്തുവന്നു ഗുസ്തി പിടിച്ചിട്ടുണ്ട്. ഗാമയും കിങ്‌കോങ്ങും കൊല്ലത്ത്‌ വന്നിരുന്നു. ഗാമയോട് പൊരുതാൻ ഒരാൾക്കും കഴിയുമായിരുന്നില്ല. ഗാമയുടെ അനുജൻ ഹിമാംബാക്‌സ്, അനന്തിരവൻ ഹക്കീം എന്നിവരെ മലർത്തിയാൽ മാത്രമേ ഗാമയ്‌ക്ക്‌ കൈകൊടുക്കാനാകൂ. ഗുസ്തി പ്രേമികൾക്കു മറക്കാൻ പറ്റാത്ത ഒരാളാണ്‌ വല്ലാടൻ മൈതീൻകുഞ്ഞ്. കുമ്പളത്ത്‌ ശങ്കുപ്പിള്ളയുടെ ആശാനായിരുന്നു. വല്ലാടന്റെ ആശാൻ തണ്ടളത്ത്‌ ഗോവിന്ദക്കുറുപ്പായിരുന്നു. ഗോവിന്ദക്കുറുപ്പിന്റെ മകളായിരുന്നു ഒ എൻ വി കുറുപ്പിന്റെ അമ്മ. തണ്ടളം, വല്ലാടൻ, കുമ്പളം, കുമ്പളത്തിന്റെ ശിഷ്യൻ അഡ്വക്കറ്റ് തഴവ കേശവൻ... നാലുതലമുറ ഗോദകളിൽ ആവേശം വിതറി.


വല്ലാടന്റെ മറ്റൊരു ശിഷ്യനായിരുന്നു ഇലക്ട്രിക്‌ മൈതീൻകുഞ്ഞ്. ഗോദയിലേക്ക് ഇറങ്ങിയാലുടൻ പരസ്പരം കൈകൊടുക്കുന്നത് ഒരു ഉപചാരമാണ്. എതിരാളിയുടെ കൈ മൈതീന്റെ കൈയിൽ തൊട്ടാൽ കറണ്ട് അടിച്ചപോലെ മൈതീൻ എതിരാളിയെ മലർത്തും. അങ്ങനെയാണ്‌ ഇലക്ട്രിക്‌ മൈതീനായത്‌.


കരുനാഗപ്പള്ളി മുൻ പഞ്ചായത്ത് പ്രസിഡന്റ് പനയറ മുഹമ്മദ്കുഞ്ഞ് ഫയൽവാനായിരുന്നു. കൊല്ലത്ത് പുന്നത്തല കളരിയിലെ കരാമുക്കിൽ കേശവനാശാന്റെ ശിഷ്യരായിരുന്നു വെളുത്തകുഞ്ഞ്, ഷൺമുഖദാസ്, കട്ടച്ചിറ പപ്പുദാസ്, പ്രാക്കുളം കോയക്കുട്ടി, മുണ്ടൻ വേലായുധൻ എന്നിവർ.

തങ്കശേരിയിൽ കട്ടച്ചിറ പപ്പുദാസും ഇലക്ട്രിക്‌ മൈതീൻകുഞ്ഞും തമ്മിലുള്ള മത്സരം പെട്രോൾമാക്‌സ് വെളിച്ചത്തിലാണ്‌ തീർന്നത്‌. കൊല്ലത്ത് അവസാനം നടന്ന മത്സരം പോളച്ചിറ രാമചന്ദ്രനും ഹിമാംബാക്‌സും തമ്മിലായിരുന്നു. കൊല്ലത്ത് കച്ചേരീടെ തെക്കേമുക്കിലെ ജനാബ് എം കെ സൈയ്ദ് മുഹമ്മദ്, കോച്ച് കായിക്കരയ്‌ക്കൊപ്പം കൊല്ലത്ത് ഗുസ്തി മത്സരം സംഘടിപ്പിച്ചിരുന്നു. പഴയ സെനിത്ത് തിയറ്റർ നിൽക്കുന്നിടത്തെ വണ്ടിപ്പേട്ടയിലായിരുന്നു ഗോദ. ഇപ്പോഴത്തെ തലമുറയ്‌ക്ക്‌ സുപരിചിതനായ ഫയൽവാനാണ്‌ ചാമക്കട ഫയൽവാൻ ഹോട്ടൽ ഉടമ മുഹമ്മദ്കുഞ്ഞ്. ഗുസ്തി പഠിച്ച് ഫയൽവാൻ ആകുക മാത്രമല്ല. കൊല്ലത്ത്‌ മല്ലയുദ്ധത്തിനു വരുന്ന മുഴുവൻ ഗുസ്തിക്കാർക്കും ആട്ടിൻസൂപ്പും ആട്ടിറച്ചിയും അപ്പവും ബിരിയാണിയും വിളമ്പി. ആളുകളുടെ ‘ഫയൽവാന്റെ കടയിൽ പോയി ചായ കുടിക്കാം ’ പ്രയോഗമാണ്‌ പിന്നീട്‌ ഫയൽവാൻ ഹോട്ടൽ ആയത്‌. ഹോട്ടലിനുള്ളിൽ ഫയൽവാന്മാരുടെ ചിത്രങ്ങൾ ചുവരിലുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home