അവിടെ അടിയാണ് മുഖ്യം; ഇവിടെ പ്രതിബന്ധതയും


ജെയ്സൻ ഫ്രാൻസിസ്
Published on Mar 08, 2025, 12:29 AM | 1 min read
കോടിയേരി ബാലകൃഷ്‌ണൻ നഗർ : ‘ആത്മാർഥതയാണ് സിപിഐ എമ്മിന്റെ മുഖമുദ്ര. നിസ്വവർഗത്തോടുള്ള പ്രതിബദ്ധതയാണ് അതിന്റെ അടിസ്ഥാനം. അതാണ് സമ്മേളനങ്ങളിൽ ഉൾപ്പെടെ പ്രതിഫലിക്കുന്നത്’– ഒരുകാലത്ത് കോൺഗ്രസിന്റെ മുഖങ്ങളായിരുന്ന കെ പി അനിൽകുമാറും ഷാഹിദ കമാലും ഡോ. പി സരിനും ശോഭന ജോർജും രണ്ടുപാർടികളെയും താരതമ്യംചെയ്യുന്നത് ഇങ്ങനെ.
കേരളത്തിന്റെ പരിഛേദമാണ് ഈ പ്രതിനിധിസമ്മേളനമെന്ന് കെ പി അനിൽകുമാർ പറഞ്ഞു. പ്രാദേശികം മുതൽ സാർവദേശീയ വിഷയങ്ങൾവരെ സഗൗരവം ചർച്ചചെയ്യുന്നു. തെറ്റുകൾ ചൂണ്ടിക്കാട്ടുന്നു. വിമർശിക്കുന്നു. അതിനെയെല്ലാം ഉൾക്കൊള്ളാനും തിരുത്താനും തയ്യാറാകുന്നു. വ്യക്തിക്ക് അമിതപ്രാധാന്യമില്ല. സംഘടനയാണെല്ലാം. കോൺഗ്രസിൽ നിശ്ചിത കാലയളവിൽ സമ്മേളനങ്ങൾ ചേരുന്നരീതിയില്ല. നാടിന്റെ വിഷയങ്ങളിൽ കനപ്പെട്ട ചർച്ചകളില്ല. തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ പിറ്റേദിവസം അവന്റെ പണിതെറിക്കും. എല്ലാം വ്യക്തിയധിഷ്‌ഠിതമാണവിടെ’– -അനിൽകുമാർ പറഞ്ഞു. കോഴിക്കോട് ജില്ലാകമ്മിറ്റി അംഗമാണ് സംസ്ഥാന സമ്മേളന പ്രതിനിധിയായ അനിൽകുമാർ.
‘രണ്ട് എഐസിസി സമ്മേളനങ്ങളിലടക്കം ഞാൻ പങ്കെടുത്തിട്ടുണ്ട്. തമ്മിലടിയാണ് മുഖ്യഅജൻഡ. നേതാക്കൾ വരും, പ്രസംഗിക്കും, പോകും. സ്ഥാനങ്ങൾ നേതാക്കളുടെ നോമിനേഷൻ വഴിയും. ഇതൊന്നും സിപിഐ എമ്മിൽ നടക്കില്ല. സമ്മേളനത്തിന്റെ സംഘാടകസമിതിയുടെ ഭാഗമാണ് ഞാൻ. ഏറെ അഭിമാനമുണ്ട് –- ഷാഹിദ കമാൽ പറഞ്ഞു. തഴുത്തല ബ്രാഞ്ച്‌അംഗമാണ് ഷാഹിദ.
‘വെറും ആൾക്കൂട്ടങ്ങളാണ് കോൺഗ്രസിന്റെയും അതിന്റെ പോഷക സംഘടനകളുടെയും സമ്മേളനങ്ങൾ. ആരും ആരെയും പ്രതിനിധീകരിക്കുന്നില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണ് അവിടെ മുഖ്യമായും കൈകാര്യം ചെയ്യുന്നത്’–- പി സരിൻ പറഞ്ഞു. ‘സംസ്ഥാന സമ്മേളന ഉദ്‌ഘാടനത്തിന് കുട്ടികളുമായി നിരവധി കുടുംബങ്ങൾ ഉൾപ്പെടെ എത്തിയത് കണ്ടു. പ്രസ്ഥാനത്തോടുള്ള അചഞ്ചലമായ വിശ്വാസമാണത്. മറ്റൊരു രാഷ്ട്രീയപാർടിയിലും ഇത് കാണില്ല. ഇന്നലെകളിൽ പാർടിക്കായി ത്യാഗപൂർവം പ്രവർത്തിച്ചവരെ ആദരവോടെ സ്വീകരിക്കുന്നതും ഹൃദയത്തെ സ്‌പർശിച്ചു. മറ്റു പാർടികളിൽ കസേര നഷ്ടമായാൽ എല്ലാം പോയി. നേതൃമാറ്റമുണ്ടെന്ന് കേട്ടാൽ മതി അവിടെ അടിപൊട്ടാൻ’–- ശോഭന ജോർജ് പറഞ്ഞു.









0 comments