ഫെഡറലിസത്തെ തകർക്കുന്ന യുജിസി കരട് നിയമ ഭേദഗതി പിൻവലിക്കുക: സിപിഐ എം

കൊല്ലം: തീവ്രഹിന്ദുത്വ രാഷ്ട്രീയ അജണ്ടകൾ സംസ്ഥാന സർവകലാശാലകളിലേക്കും കടത്തികൊണ്ടുവരുന്നതിനായി യുജിസിയെ മറയാക്കിയുള്ള രാഷ്ട്രീയക്കളിയിൽ നിന്ന് കേന്ദ്രസർക്കാർ പിൻവാങ്ങണമെന്ന് സിപിഐ എം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു. പി കെ ബിജു പ്രമേയം അവതരിപ്പിച്ചു.
വിദ്യാഭ്യാസം സംയുക്ത പട്ടികയിൽ ആയിരിക്കെ പാർലമെന്റിനോ പാർലമെന്റ് നിയമംമൂലം സ്ഥാപിക്കപ്പെട്ട ഒരു ഏജൻസിക്കോ ഏകപക്ഷീയമായി സംസ്ഥാനങ്ങളുടെ അവകാശത്തെ ഇല്ലാതാക്കുന്ന നിയമം നടപ്പാക്കാനാവില്ല. വിദ്യാഭ്യാത്ത സ്വകാര്യ കോർപ്പറേറ്റുകൾക്ക് കൈമാറ്റം ചെയ്യാനും മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസത്തെ ഇല്ലാതാക്കാനുമുള്ള നീക്കത്തിനെതിരായ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും പ്രമേയത്തിൽ പറയുന്നു.
പ്രമേയത്തിന്റെ പൂർണ്ണരൂപം
ഉന്നതവിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരിക്കുന്നതിനും സ്വന്തം കൈപ്പിടിയിലൊതുക്കുന്നതിനുമായി കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള നീക്കങ്ങളാണ് യൂണിയൻ സർക്കാർ കഴിഞ്ഞ ഒരു ദശകത്തിലേറെയായി നടപ്പാക്കികൊണ്ടിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള സർവകലാശാലകളിലാകെ, തങ്ങളുടെ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായ നടപടികൾ ശക്തിപ്പെടുത്തി, സർവാധികാരകേന്ദ്രമായി മാറ്റാനാണ് സംഘപരിവാർ ശ്രമിച്ചത്. ഇതിന്റെ ഫലമായി വിദ്യാർഥികളുടെ ജനാധിപത്യാവകാശങ്ങളും അധ്യാപകരുടെ അക്കാദമിക് സ്വാതന്ത്ര്യങ്ങളും ഗവേഷണമേഖലയിലെ ഗുണപരതയുമെല്ലാം തകർക്കപ്പെട്ടിരിക്കുകയാണ്. ഭരണഘടനാപരമായി തന്നെ സംസ്ഥാന സർവകലാശാലകൾ അതാതു സംസ്ഥാന സർക്കാരുകളുടെ ചുമതലയിലാണ്. അതിൽ ഇടപ്പെട്ട് കേന്ദ്രസർവകലാശാലകളിൽ നടപ്പാക്കിവരുന്ന തീവ്രഹിന്ദുത്വ രാഷ്ട്രീയ അജണ്ടകൾ സംസ്ഥാന സർവകലാശാലകളിലേക്കും കടത്തികൊണ്ടുവരുന്നതിനായി യുജിസിയെ മറയാക്കി രാഷ്ട്രീയക്കളിക്ക് ഇറങ്ങുകയാണ് കേന്ദ്രസർക്കാർ.
ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ വിദ്യാഭ്യാസമേഖലയിലെ കാവിവൽക്കരണവും ഭരണകൂട കേന്ദ്രീകരണവും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചത്. പാർലമെന്റിലോ പൊതുസമൂഹത്തിലോ ചർച്ച ചെയ്യാതെ ഏകപക്ഷീയമായി തയ്യാറാക്കപ്പെട്ട വിദ്യാഭ്യാസ നയം (എൻഇപി 2020) നടപ്പാക്കാൻ വിദ്യാഭ്യാസ നിയന്ത്രണ സംവിധാനങ്ങളെ ദുരുപയോഗിക്കുകയാണ്. 2018ൽ യുജിസിയുടെ ചട്ടങ്ങളിൽ ഭേദഗതി വരുത്തികൊണ്ട് വൈസ് ചാൻസലർമാരുടെ നിയമനത്തിൽ കൈകടത്താനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ടു. യൂണിവേഴ്സിറ്റി ഗ്രാന്റ് കമീഷൻ സർവകലാശാലകൾക്ക് അക്കാദമിക് നിലവാരം ഉയർത്തുന്നതിന് ഗ്രാന്റുകൾ നൽകുന്നതിന് തുടങ്ങിയ സ്ഥാപനമാണ്. സംസ്ഥാന നേതൃത്വത്തിലുള്ള സർവകലാശാലകളുടെ ഭരണത്തിൽ ഇടപെടാനുള്ള അവകാശം യുജിസിക്ക് ഇല്ല. യുജിസി ആക്‌ടിൽ നിർദ്ദേശിക്കപ്പെടാത്ത കാര്യങ്ങൾക്ക് ചട്ടം ഉണ്ടാക്കാനുമാകില്ല. നിയമനിർമാണത്തിന്റെ ഈ മൗലികതത്വത്തെ വെല്ലുവിളിച്ചുകൊണ്ടാണ് 2018 ലെ ചട്ടഭേദഗതി നടപ്പാക്കാൻ കേന്ദ്ര സർക്കാർ ചാൻസലർ സ്ഥാനം അലങ്കരിച്ച ഗവർണർമാരെ രംഗത്തിറക്കിയത്. വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ അതിന് ചുട്ടുപിടിച്ചപ്പോൾ കേരളത്തിലെ ഗവർണർ ആരിഫ് മുഹമ്മദ്ഘാൻ സംസ്ഥാന സർക്കാരിനെ കടന്നാക്രമിക്കുന്നതിനുള്ള പദവിയായി തന്റെ സ്ഥാനം ദുരുപയോഗിച്ചു. സംസ്ഥാന സർക്കാരിന്റെ ധനസഹായം കൊണ്ട് പ്രവർത്തിക്കുന്ന സർവ്വകലാശാലകളിൽ ചാൻസിലർമാർ സർവ്വാധികരികളാണ് എന്ന നിലയിലാണ് പെരുമാറികൊണ്ടിരുന്നത്. കേരളത്തിലെ സർക്കാരും ഇടതുപക്ഷവും ഇതിനെതിരായ തീവ്രപോരാട്ടമാണ് നടത്തിയത്. നിലവിലുണ്ടായിരുന്ന വൈസ് ചാൻസിലർമാരെ ഏകപക്ഷീയമായി പുറത്താക്കുന്നതിനെതിരെ കടുത്ത നിയമ പോരാട്ടമാണ് കേരളസർക്കാർ നടത്തിയത്.
ചാൻസിലർ പദവിയിൽ നിന്ന് ഗവണർമാരെ നീക്കം ചെയ്ത നിയമഭേദഗതി സംസ്ഥാന നിയമസഭ പാസാക്കിയെങ്കിലും അതിൽ ഒപ്പിടാൻ തയ്യാറാകാതെ സംസ്ഥാന നിയമസഭയെ വെല്ലുവിളിക്കുകയാണ് ഗവർണർ ചെയ്തത്. അതിനെതിരായ നിയമയുദ്ധം കേരളം തുടരുകയാണ്. ഈ സന്ദർഭങ്ങളിൽ എല്ലാം കേരളത്തിലെ യു.ഡി.എഫ് നേതൃത്വം മാധ്യമങ്ങളുടെ സഹായത്തോടെ ഗവർണർക്കും പിന്തുണ നൽക്കുകയും എൽഡിഎഫിനെതിരെ കടുത്ത നുണ പ്രചരണങ്ങൾ അഴിച്ചുവിടുകയും ചെയ്തു. സംസ്ഥാന സർവ്വകലാശാലകൾ കൈപ്പിടിലാക്കാൻ സംഘപരിവാർ നടത്തിയ ശ്രമത്തിന്റെ പിന്തുണക്കാരായായിട്ടാണ് കേരളത്തിലെ കോൺഗ്രസ്സ് പ്രവർത്തിച്ചത്. കേരളത്തിലെ ഇടതുപക്ഷവും വിദ്യാർത്ഥി പ്രസ്ഥാനവും രാഷ്ട്രീയമായി നടത്തിയ കടുത്ത ചെറുത്തു നിൽപ്പിനൊടുവിൽ കേന്ദ്രസർക്കാരിന് ഏകപക്ഷീയമായി മുന്നോട് പോകാൻ കഴിയാത്ത സ്ഥിതിവന്നു. ഈ സന്ദർഭത്തിലാണ് സംസ്ഥാന സർവ്വകലാശാലകളെ കേന്ദ്രസർക്കാരിന്റെ പൂർണ്ണ നിയന്ത്രത്തിലാക്കാൻ യുജിസി നിയമത്തിൽ മാറ്റം വരുത്താൻ പുതിയ പദ്ധതി തയ്യാറായിരിക്കുന്നത്. വിദ്യാഭ്യാസം സംയുക്ത പട്ടികയിൽ ആയിരിക്കെ പാർലമെന്റിനോ പാർലമെന്റ് നിയമംമൂലം സ്ഥാപിക്കപ്പെട്ട ഒരു ഏജൻസിക്കോ ഏകപക്ഷീയമായി സംസ്ഥാനങ്ങളുടെ അവകാശത്തെ ഇല്ലാതാക്കുന്ന നിയമം നടപ്പാക്കാനാവില്ല. വിദ്യാഭ്യാത്ത സ്വകാര്യ കോർപ്പറേറ്റുകൾക്ക് കൈമാറ്റം ചെയ്യാനും മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസത്തെ ഇല്ലാതാക്കാനുമുള്ള നീക്കത്തിനെതിരായ ശക്തമായ പ്രതിഷേധം ഉയർന്നുവരണം. കേന്ദ്രസർക്കാർ ഈ നീക്കത്തിൽനിന്നും പിൻവാങ്ങണം.










0 comments