നഗരം നിറഞ്ഞ അഭിലാഷിന്റെ ഇൻസ്റ്റലേഷനുകൾ

അഖിൽ സദാശിവൻ
Published on Mar 06, 2025, 01:30 PM | 1 min read
കൊല്ലം : മൂന്നുപതിറ്റാണ്ടിനുശേഷം സിപിഐ എം സംസ്ഥാന സമ്മേളനം ജില്ലയിലെത്തുമ്പോൾ കമ്യൂണിസ്റ്റ് നേതാക്കളുടെ ഇൻസ്റ്റലേഷനൊരുക്കി ശ്രദ്ധേയനായി അഭിലാഷ് ചിത്രമൂല. സമ്മേളനവുമായി ബന്ധപ്പെട്ട് അഞ്ചിലധികം ഇൻസ്റ്റലേഷനുകളാണ് അഭിലാഷിന്റെ നേതൃത്വത്തിൽ തയ്യാറാക്കി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്.ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധനേടിയത് 23 അടി നീളവും 30 അടി വീതിയുമുള്ള ആനന്ദവല്ലീശ്വരത്ത് സ്ഥാപിച്ചിരിക്കുന്ന ലോഗോയാണ്. നാലുദിവസംകൊണ്ട് കമ്പി, ഫോം ഷീറ്റ്, തുണി എന്നിവ ഉപയോഗിച്ചാണ് ലോഗോ നിർമിച്ചത്.
ഇതിനു പുറമേ കോടിയേരി ബാലകൃഷ്ണൻ, സീതാറാം യെച്ചുരി, എൻ എസ് എന്നിവരുടെ പേരിലുള്ള ചത്വരങ്ങൾ (സ്ക്വയറുകൾ ) പ്രതിനിധി സമ്മേളനം നടക്കുന്നതിന് സമീപത്തായി സ്ഥാപിച്ചു കഴിഞ്ഞു. പ്രകൃതി സൗഹൃദമായ ഉല്‍പ്പന്നങ്ങൾകൊണ്ട് ഏഴുദിവസമെടുത്താണ് ചത്വരങ്ങൾ പൂർത്തിയാക്കിയത്. നഗരത്തിന്റെ ഹൃദയഭാഗമായ പണ്ടകശാല മാർക്കറ്റിനോട് ചേർന്നുള്ള കെട്ടിടത്തിൽ ഇ എം എസ് പത്ര വായനയിൽ മുഴുകിയിരിക്കുന്ന ചിത്രം ഇതിനോടകം ജനശ്രദ്ധനേടി. മാർക്കറ്റിലെ കെട്ടിടത്തിന്റെ ഒരുഭാഗത്ത് തൊഴിലാളികളുടെ അധ്വാനത്തെ സൂചിപ്പിക്കുന്നതും മറുവശത്ത് പുതുതലമുറ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിപ്ലവത്തെ ജനങ്ങളിലേക്കെത്തിക്കുന്നതുമാണ് വരച്ചുകാട്ടുന്നത്.

കടവൂർ സ്വദേശിയായ അഭിലാഷ് കൊല്ലത്തു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെയും ബഡ്സ് സംസ്ഥാന കലോത്സവത്തിന്റെയും ആർട് വർക്കുകൾ ചെയ്തിരുന്നു. ‘കേരളമാണ് മാതൃക’ ചരിത്ര പ്രദർശനത്തിൽ അഭിലാഷിന്റേതായി രണ്ടു പെയിന്റിങ്ങുകളും പ്രദർശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ഇന്ത്യ ബുക്ക് ഓഫ് വേൾഡ് റെക്കോഡ് കരസ്ഥമാക്കിയിരുന്നു. ഇൻസ്റ്റലേഷനു പുറമേ വിവിധ വകുപ്പുകളുടെ പേരിൽ പരസ്യചിത്രങ്ങൾ, ഡോക്യുമെന്റ് എന്നിവയും ചെയ്തിട്ടുണ്ട്.









0 comments