ചെങ്കൊടിയെ നെഞ്ചേറ്റിയ സിവപ്പ് മനിതർ

ആർപിഎല്ലിലെ ലയങ്ങൾക്കുമുമ്പിൽ ജോൺസൺ, ആണ്ടി, ജയവർധന, ശ്രീകുമാർ എന്നിവർ
ജയൻ ഇടയ്‌ക്കാട്
Published on Feb 07, 2025, 11:31 AM | 2 min read
കൊല്ലം : നാട് ചുവക്കുന്നതിന്റെ ആവേശത്തിലാണ് തോട്ടം മേഖല. ജീവരക്തം പോലെ ജീവിതവഴികളിൽ ചെങ്കൊടിയെ നെഞ്ചോടണയ്‌ക്കുന്നവർ. ശ്രീലങ്കൻ റിപ്രാർടിയേറ്റ്‌സ് എന്ന പേരിൽ ആയിരങ്ങളുടെ ജീവിതം പറിച്ചുനട്ടപ്പോൾ മുതൽ കരുതലോടെ ചേർത്തുനിർത്തിയ ചെങ്കൊടി പ്രസ്ഥാനത്തെ അത്രമേൽ ഇഷ്ടമാണ്. കമ്യൂണിസ്റ്റ് നേതാവ് അനിരകുമാര ദിസനായകെ നായകനായി ശ്രീലങ്ക മുന്നേറുന്നതിന്റെയും ലോകമാതൃകയായ കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ നയിക്കുന്ന സിപിഐ എമ്മിന്റെ സംസ്ഥാനസമ്മേളനത്തിന് കൊല്ലം ആതിഥേയത്വം വഹിക്കുന്നതിന്റെയും ഇരട്ട ആഹ്ലാദം കുളത്തൂപ്പുഴ ആർപിഎൽ എസ്റ്റേറ്റ് തൊഴിലാളികളുടെ വാക്കുകളിലും മുഖത്തുമറിയാം.
സിപിഐ എം ഞങ്ങൾക്കു കരുത്താണ്. സമ്മേളന പ്രചാരണത്തിൽ ഞങ്ങളുടെ കുടുംബവും സജീവമാണ്. കൊല്ലത്ത് 1995ൽ സംസ്ഥാനസമ്മേളനം നടന്ന ഘട്ടത്തിലും ആർപിഎൽ തൊഴിലാളികളുടെ സാന്നിധ്യമുണ്ടായിരുന്നു. ഇത്തവണ സമ്മേളനത്തിന്റെ സന്ദേശവുമായി ലയങ്ങളിൽ കഴിഞ്ഞ ദിവസം ഭവനസന്ദർശനം നടത്തി. വീട്ടുമുറ്റ സദസ്സുകൾ നടത്തുന്നതിനുള്ള തിരക്കാണെന്ന് കൊല്ലം ജില്ലാ പ്ലാന്റേഷൻ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) ആർപിഎൽ കുളത്തൂപ്പുഴ യൂണിറ്റ് സെക്രട്ടറി ജയവർധന പറഞ്ഞു. ആർപിഎൽ കോളനിയിലെ സഹപ്രവർത്തകരായ ആണ്ടി, നന്ദകുമാർ, ജോൺസൺ എന്നിവരും ജയവർധനയ്‌ക്കൊപ്പമുണ്ട്. ശ്രീലങ്കയിലെ ഭരണത്തെക്കുറിച്ച് ഇവർക്കു പറയാൻ ഏറെ. ദിസനായകെ ജയവേവ (സിന്ദാബാദ്) എന്ന മുദ്രാവാക്യത്തിൽ കമ്യൂണിസ്റ്റ് ആവേശം നിറയുന്നു. ശ്രീലങ്കയിലെ ബന്ധുക്കളുമായി മുടങ്ങാതെ ആശയവിനിമയം നടത്തുകയും വിശേഷങ്ങൾ പങ്കിടുകയും ചെയ്യുന്നുണ്ട്. ആർപിഎല്ലിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ വികസനക്ഷേമപദ്ധതികളാണ് തൊഴിലാളികൾക്കു പ്രചോദനമേകുന്നത്. വിരമിക്കുന്നവരുടെ ഗ്രാറ്റുവിറ്റി സംബന്ധിച്ച് സർക്കാരിനു സമർപ്പിച്ച നിവേദനത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ട്.
ശ്രീലങ്കയിലെ തമിഴ്‍വംശജരുടെ പുനരധിവാസം സംബന്ധിച്ച് 1964 ഒക്ടോബർ 30നു ഡൽഹിയിൽ ഇന്ത്യൻ പ്രധാനമന്ത്രി ലാൽബഹദൂർ ശാസ്ത്രിയും ശ്രീലങ്കൻ പ്രധാനമന്ത്രി സിരിമാവോ ബണ്ഡാരനായകെയും ഉടമ്പടി ഒപ്പിട്ടു. അത് പിന്നീട് കൊല്ലത്തിന്റെയും ചരിത്രത്തിന്റെ ഭാഗമായി. ഉടമ്പടി പ്രകാരം ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലേക്ക് തിരികെക്കൊണ്ടുവന്ന് പുനരധിവസിപ്പിച്ച തമിഴ് വംശജരിൽ 675 കുടുംബങ്ങൾക്ക് കൊല്ലമാണ് ആശ്രയമൊരുക്കിയത്. അവരെ പുനരധിവസിപ്പിക്കാനും തൊഴിൽ നൽകാനും 1972-ൽ ആരംഭിച്ചതാണ് പുനലൂരിലെ റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ കോർപറേഷൻ. 50 വർഷത്തിലേറെയായി ഉടമ്പടികളില്ലാത്ത സ്നേഹംകൊണ്ട് കൊല്ലം അവരെ ചേർത്തുപിടിക്കുകയാണ്.
വനംവകുപ്പിന്റെ കീഴിൽ റബർ പ്ലാന്റേഷൻ പദ്ധതിയായി 2070 ഹെക്ടർ വെട്ടിത്തെളിച്ചാണ് പ്ലാന്റേഷൻ തയ്യാറാക്കിയത്. 1976-ൽ കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പങ്കാളിത്തത്തിൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർചെയ്തു. നിലവിൽ തൊഴിൽവകുപ്പിന്റെ മേൽനോട്ടത്തിലാണ് കമ്പനി. കുളത്തൂപ്പുഴ, ആയിരനല്ലൂർ എന്നിവിടങ്ങളിലായി രണ്ട് എസ്റ്റേറ്റാണുള്ളത്. തുടക്കത്തിൽ ശ്രീലങ്കയിൽനിന്നു തിരികെയെത്തിയ 675 കുടുംബങ്ങളെയും തുടർന്ന് 1990കളിൽ ഗവിയിൽനിന്നുള്ള 25 കുടുംബങ്ങളെയുംകൂടി ചേർത്ത് 700 ശ്രീലങ്കൻ തമിഴ് വംശജ കുടുംബങ്ങളെയാണ് ആർപിഎല്ലിൽ പുനരധിവസിപ്പിച്ചത്. ഓരോ കുടുംബത്തിലെയും രണ്ടുപേർക്ക് വീതം കമ്പനിയിൽ സ്ഥിരം തൊഴിലാളികളായി ജോലിനൽകി. അവർ ജോലിയിൽനിന്നു പിരിയുന്ന മുറയ്‌ക്ക് കുടുംബത്തിലെ മറ്റൊരു അംഗത്തിന് ജോലിനൽകി സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുകയാണ്. നിലവിൽ ഏഴായിരത്തോളം കുടുംബങ്ങൾ അധിവസിക്കുന്നു. എസ്റ്റേറ്റുകളിൽ ലയങ്ങൾ നിർമിക്കുകയും വൈദ്യുതി, വെള്ളം, കേന്ദ്രീകൃത ചികിത്സാസൗകര്യം, വിദ്യാഭ്യാസ സൗകര്യങ്ങൾ എന്നിവയും ഒരുക്കി. കുളത്തൂപ്പുഴ എസ്റ്റേറ്റിൽ 1256.23 ഹെക്ടറിലും ആയിരനല്ലൂർ എസ്റ്റേറ്റിൽ 692.65 ഹെക്ടറിലുമാണ് റബർ പ്ലാന്റേഷൻ.
റബർ വിലയിലുണ്ടായ ഇടിവ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ കാരണം 2016 മുതൽ 20-21 വരെ നഷ്ടത്തിലായിരുന്നു. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പുതിയ സെൻട്രിഫ്യൂജിങ് മെഷീനുകൾ ഉൾപ്പെടെ വാങ്ങി നിലവിലെ മെഷിനറികൾ അറ്റകുറ്റപ്പണികൾ നടത്തി.










0 comments