കാതിലിരമ്പുന്നൂ ഓർമകളുടെ സൈറൺ

അടച്ചുപൂട്ടിയ തോമസ് സ്റ്റീഫൻ ഓട്ടുകമ്പനിയുടെ പരസ്യവും പുകക്കുഴലും

ജിഷ്ണു മധു
Published on Feb 07, 2025, 11:25 AM | 1 min read
കൊല്ലം : രാജ്യം കണ്ട സാംസ്‌കാരിക വിനിമയങ്ങളുടെയും സമ്പന്നമായ ഭൂതകാലത്തിന്റെയും ശേഷിപ്പുകൾ പേറുന്ന നഗരമാണ് കൊല്ലം. പരമ്പരാഗത തൊഴിലുകളുടെ ഈറ്റില്ലമെന്ന് അറിയപ്പെടുമ്പോഴും കാലാനുസൃതമായ മാറ്റം ജില്ലയിലും സംഭവിച്ചു. കാലത്തുടർച്ചയിൽ നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഓട് വ്യവസായവും തകർച്ചയെ നേരിട്ടു. ജലമാർഗവും കരമാർഗവും എളുപ്പത്തിലെത്താവുന്ന ഇടങ്ങളിലാണ് ഓട്ടുകമ്പനികൾ സ്ഥാപിക്കപ്പെട്ടതെന്നത് വളർച്ചയിൽ നിർണായകമായി. എച്ച് ആൻഡ് സി, തോമസ് സ്റ്റീഫൻ എന്നിവ കൊല്ലത്തെ ലോകത്തിന്റെ വ്യാവസായിക ഭൂപടത്തിൽ അടയാളപ്പെടുത്തി. ശ്രീവിലാസം ടൈൽ ഫാക്ടറി ആശ്രാമത്തും എസ്എൻവി കമ്പനി ടൗൺ കേന്ദ്രത്തിലും തലയുയർത്തിനിന്നു.
ഇത്തിക്കര മേഖലയിൽ ചെറുകിട നിർമാണവും രാപ്പകലില്ലാതെ സജീവമായി. ജില്ലയിലാകമാനം ഇരുപതോളം ഫാക്ടറിച്ചൂളയിൽ തീകത്തിയപ്പോൾ അയ്യായിരത്തോളം തൊഴിലാളി കുടുംബങ്ങളിൽ വിശപ്പ് മാറി. ഓടുകൾ, ചുടുകട്ടകൾ എന്നിവ തിരുവനന്തപുരം ചാക്കയിലെ വിപുലമായ വിപണനകേന്ദ്രത്തിലും പുനലൂരിലും എത്തിച്ചായിരുന്നു കച്ചവടം. ഇവിടെനിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവ വണ്ടികയറി. അന്യസംസ്ഥാനങ്ങളിലേക്കുള്ള കച്ചവടം കമ്പനികൾ നേരിട്ട് കൈകാര്യംചെയ്തു. തമിഴ്നാട്ടിൽ നൂറിനു മുകളിൽ ഏജന്റുമാർ ജില്ലയിൽനിന്നുള്ള കമ്പനികൾക്കുണ്ടായിരുന്നു. മേച്ചിൽ ഓട്, മൂല ഓട് അടക്കം വിവിധ തരംഓടുകൾ, ഹോളോബ്രിക്‌സ്, പൂച്ചട്ടികൾ തുടങ്ങിയ പലതരം ഉൽപ്പന്നങ്ങളും നിർമിച്ചു. കണ്ടം കുഴിച്ച് ചെളി എടുക്കാൻ പാടില്ലെന്ന് കാലങ്ങളായുള്ള ജനങ്ങളുടെ ആവശ്യം നിയമത്തിലൂടെ അംഗീകരിക്കപ്പെട്ടതും കൂപ്പ് ലേലത്തിനുണ്ടായ കുറവ് വിറക് ക്ഷാമത്തിലേക്ക് നയിച്ചതും വിപണിയിലെ പുതിയ ഉൽപ്പന്നങ്ങളോടുള്ള മത്സരത്തിൽ തിരിച്ചടിക്ക് കാരണമായി.
സംരംഭം പിടിച്ചുനിർത്താൻ പൊരുതിയെങ്കിലും തൊണ്ണൂറുകളുടെ ആദ്യത്തോടെ നിർമാണകേന്ദ്രങ്ങൾ പൂട്ടി. ഓല മേഞ്ഞ വീടുകൾ ക്രമേണ ഓടിട്ടതും നിലവിൽ ടെറസുകൾ പലതും ചൂടകറ്റാൻ ഓടുകളിലേക്ക് മടങ്ങുന്നതും നേരിട്ടുകാണുന്നവർ പല തൊഴിൽ മേഖലകളിലായുണ്ട്. ഓരോ കമ്പനികളായി പൂട്ടിപ്പോയതും അവശേഷിച്ചവർക്ക് തൊഴിലാളികളില്ലാതായതുമെല്ലാം ഓർമയിലുണ്ടെന്നും വ്യവസായം അവസാനിച്ചെങ്കിലും ഓടിനോടുള്ള വൈകാരിക അടുപ്പം അവസാനിച്ചില്ലെന്നും പഴയ ശ്രീവിലാസം കമ്പനിയുടെ ഉടമസ്ഥരിൽ ഒരാളായ സ്വാമിനാഥൻ പറഞ്ഞു.










0 comments