ഈ തെരുവും ചരിത്രവും തൊഴിലാളികളും പിന്നെ ഇ എം എസും

എസ് അനന്ദവിഷ്‌ണു
Published on Mar 09, 2025, 12:15 AM | 1 min read
കൊല്ലം : കൈയിൽ പത്രവുമായി ചെറുപുഞ്ചിരി നമുക്ക് സമ്മാനിച്ച് ചാരുകസേരയിൽ ഇരിക്കുകയാണ് ഇ എം എസ്. കൊല്ലം ചാമക്കട പുകയില പണ്ടകശാല തെരുവിൽ മാരിയമ്മൻ കോവിലിനു മുന്നിലെ ഗോഡൗണിന്റെ മുകൾ നിലയിലെ ചുമരിൽ മനോഹര ചിത്രം. തെരുവിൽ തൊഴിലാളികൾ അവർ അവരുടെ ജീവിതം പടുത്തുയർത്തുകയാണ്. ഒരു ദീർഘനിശ്വാസമായി ഒപ്പം ആ വലിയ ചരിത്രവും. കേരളത്തിലെ ആദ്യ കമ്പോളം എന്ന ഖ്യാതി നേടിയ മാർക്കറ്റാണ് ചാമക്കടയിലെ പണ്ടകശാലത്തെരുവ്. പാർടിയുടെ സംസ്ഥാന സമ്മേളനം ഇവിടെ നടക്കുമ്പോൾ നമ്മളെങ്ങനെ നമ്മളായെന്ന് ഈ തെരുവും കഥപറയുന്നു. സിപിഐ എം പണ്ടകശാല ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് ഇ എം എസിന്റെ ഇൻസ്റ്റലേഷൻ സ്ഥാപിച്ചത്. ചിരിച്ചുകൊണ്ട് ചാരുകസേരയിൽ ഇരുന്ന് തൊഴിലാളികളെ വീക്ഷിക്കുന്നു ഇ എം എസ്.
ചരിത്രത്തിന് 200 വർഷം പഴക്കം
ഇരുന്നൂറിലധികം വർഷം പഴക്കമുണ്ട് പണ്ടകശാല തെരുവിനും മാർക്കറ്റിനും. പണ്ട് ഓടിവള്ളങ്ങളിൽ വിദേശത്തുനിന്ന് കൊണ്ടുവരുന്ന പുകയിലയും ചരക്കുകളും ഇവിടെ ഇറക്കും. കേരളത്തിലെ വലിയ ഗോഡൗണുകളിൽ ഒന്നെന്നറിയപ്പെട്ടിരുന്ന പണ്ടകശാല ഗോഡൗണിൽ സൂക്ഷിച്ച് വിതരണംചെയ്യും. പരവൂർ കായൽവഴി കൊല്ലം തോടിന്റെ തീരത്ത് ചരക്കുകൾ എത്തിച്ചിരുന്ന ചാമക്കട മാർക്കറ്റ് കേരളത്തിലെ ആദ്യത്തെ മാർക്കറ്റുകളിൽ ഒന്നാണ്. ഇരുമ്പുപാലവും കല്ലുപാലവും ആ വാണിജ്യചരിത്രം പറയുന്നുണ്ട്. കൊല്ലം നഗരത്തിന്റെ ഹൃദയഭാഗമായ മാർക്കറ്റിൽ ഇന്നും ആയിരക്കണക്കിന് ചുമട്ടുതൊഴിലാളികളുണ്ട്. മുമ്പ് 100 കിലോ ഭാരമുള്ള ചാക്കുകളിലായിരുന്നു ചരക്കുകൾ വന്നിരുന്നത്. ഇടതുസർക്കാരിന്റെ നിർദേശപ്രകാരം 50 കിലോ ഭാരമുള്ള ചാക്കുകളിലാണ് ചരക്കുനീക്കം. കയറ്റിറക്ക് തൊഴിലാളികളുടെ അധ്വാനഭാരം കുറയ്ക്കുന്നതിനൊപ്പം അർഹമായ വരുമാനവും സർക്കാർ ലഭ്യമാക്കി.










0 comments