27 July Saturday

ആർട്ടിസ്‌റ്റ്‌ സുജാതൻ രംഗപട രചനയ്‌ക്ക്‌ ‘തിരശ്ശീല’യിടുന്നു

കെ ഗിരീഷ്‌Updated: Tuesday Jan 10, 2023


തൃശൂർ
നാടകരംഗത്തെ മഹാപ്രതിഭ ആർട്ടിസ്‌റ്റ്‌ സുജാതൻ രംഗപട രചന നിർത്തുന്നു. മലയാളത്തിലെ മുഖ്യധാരാ നാടകവേദിക്ക്‌ ജീവനും നിറവും നൽകി 55 വർഷമായി തുടരുന്ന   പ്രവർത്തനമാണ്‌ സുജാതൻ  അവസാനിപ്പിക്കുന്നത്‌. 

അഞ്ചരപ്പതിറ്റാണ്ടിലേറെ സംസ്ഥാനത്തങ്ങോളമിങ്ങോളമുള്ള പ്രൊഫഷണൽ നാടകസംഘങ്ങൾക്കും നിവരവധി അമച്വർ അവതരണങ്ങൾക്കും ഒഴിവാക്കാനാവാത്ത ഘടകമാണ്‌ ആർട്ടിസ്‌റ്റ്‌ സുജാതന്റെ  രംഗപടം.  നാലായിരത്തോളം നാടകങ്ങൾക്ക്‌ രംഗപടമെഴുതി.  പതിറ്റാണ്ടുകളായി മാറ്റമില്ലാതെ തുടരുന്ന രംഗപട സങ്കൽപ്പം കലാകാരനെന്ന നിലയിൽ മടുപ്പിച്ചെന്ന്‌ സുജാതൻ ദേശാഭിമാനിയോട്‌ പറഞ്ഞു. മലയാളത്തിലെ മുഖ്യധാരാ നാടകവേദി അത്തരത്തിലൊരു മാറ്റത്തിനോ പരീക്ഷണത്തിനോ മുതിരാത്തതാണ്‌ രംഗപടമെഴുത്ത്‌ അവസാനിപ്പിക്കാൻ നിർബന്ധിതനാക്കിയത്‌. അടുത്ത സീസൺമുതൽ വല്ലാത്ത ആത്മബന്ധമുള്ള മൂന്നോ നാലോ   സംഘങ്ങളുമായി  മാത്രമേ സഹകരിക്കൂ.

നാടകങ്ങളുടെ ഘടനയിൽ സമീപകാലത്ത്‌ വലിയ മാറ്റമുണ്ടായെങ്കിലും രംഗപടത്തിൽ ഇപ്പോഴും പതിവ്‌ ചട്ടക്കൂട്‌ ഉപേക്ഷിക്കാൻ പലരും ധൈര്യം കാട്ടുന്നില്ല. കാണികളെ മുൻധാരണയോടെ സമീപിക്കുന്നതാണ്‌ കാരണം. അതുകൊണ്ടുതന്നെ നിറത്തിലും കാഴ്‌യിലുമുള്ള ചെറിയ മാറ്റമല്ലാതെ നാടകങ്ങളിലെ സെറ്റിന്‌ കാര്യമായ മാറ്റമൊന്നും ഉണ്ടാവുന്നില്ല. സംവിധായകൻ മീനമ്പലം സന്തോഷും ‘ഇതിഹാസ’ത്തിലൂടെ അശോക്‌ –-ശശിമാരുമാണ് മാറ്റത്തിനുള്ള ആർജവം കാണിച്ചത്‌. കലാകാരനെന്ന നിലയിൽ വെല്ലുവിളിയായതും അഭിമാനമായതും അന്താരാഷ്‌ട്ര നാടകോത്സവത്തിനുള്ള സെറ്റ്‌, രംഗോപകരണ നിർമാണമാണെന്ന്‌ സുജാതൻ  പറഞ്ഞു. പുതിയ നാടകഭാഷയും രീതിയും ആർട്ടിസ്‌റ്റ്‌ എന്ന നിലയിൽ വലിയ അനുഭവമാണ്‌ സമ്മാനിച്ചത്‌.

കോട്ടയം  വേളൂരിൽ വിഖ്യാത ചിത്രകാരൻ ആർട്ടിസ്‌റ്റ്‌ കേശവന്റെ മകൻ സുജാതൻ 1951 മേയ് എട്ടി-നാണ്‌ ജനിച്ചത്‌. അച്ഛനോടൊപ്പം 1967-ൽ രംഗപടമേഖലയിലെത്തി. 1973 മുതൽ സ്വതന്ത്രമായി രംഗപടമൊരുക്കാനാരംഭിച്ചു. കോട്ടയം നാഷണൽ തിയറ്റേഴ്‌സിന്റെ നിശാസന്ധി എന്ന നാടകത്തിനു വേണ്ടിയാണ്  ആദ്യമായി രംഗപടമൊരുക്കിയത്. തുടർന്ന്‌ ഈ രംഗത്തെ പകരമില്ലാത്ത പ്രതിഭയായി തുടരുകയാണ്‌. ഇരുപതിലധികം തവണ രംഗപടരചനക്കുള്ള സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top