സഭ നിയന്ത്രിക്കാൻ എ എൻ ഷംസീർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 02, 2022, 05:33 PM | 0 min read

കണ്ണൂർ> സമരമുഖങ്ങളിൽ യുവതയുടെ പ്രതീകമായ തലശ്ശേരിയുടെ എംഎൽഎ എ എൻ ഷംസീർ പതിനഞ്ചാം കേരള നിയമസഭയുടെ സഭാനാഥനാകുന്നു.  നിലവിൽ സ്‌പീക്കറായ എം ബി രാജേഷ് മന്ത്രിയാകുവാൻ സ്ഥാനമൊഴിയുന്നതിനാലാണ് ഷംസീറിന് ചുമതല കെെവരുന്നത്. കേരള നിയമസഭയുടെ 24-ാമത് സ്‌പീക്കറായാണ് ചുമതലയേൽക്കുക.

വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെയാണ്‌ അഡ്വ എ എൻ ഷംസീർ പൊതുരംഗത്തെത്തിയത്‌. കണ്ണൂർ സർവകലാശാല യൂനിയൻ പ്രഥമ ചെയർമാനായിരുന്നു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയന്റ്‌ സെക്രട്ടറി, ഡിവൈഎഫ്‌ഐ ജില്ല പ്രസിഡന്റ്‌, സംസ്ഥാന പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചു. ബ്രണ്ണൻകോളേജിൽ നിന്ന്‌ ഫിലോസഫി ബിരുദവും പാലയാട്‌ ക്യാമ്പസിൽ നിന്ന്‌ നരവംശശാസ്‌ത്രത്തിൽ ബിരുദാനന്തരബിരുദവുമെടുത്ത ശേഷം പാലയാട്‌ സ്‌കൂൾ ഓഫ്‌ ലീഗൽ സ്‌റ്റഡീസിലാണ്‌ എൽഎൽബിയും എൽഎൽഎമ്മും പൂർത്തിയാക്കിയത്‌.

സമരമുഖങ്ങളിൽ തീപ്പന്തമായി ജ്വലിച്ചുനിന്ന എ എൻ ഷംസീറിനെ കേരളം മറന്നിട്ടില്ല. പ്രൊഫഷനൽ കോളേജ്‌ പ്രവേശന കൗൺസിലിങ്ങിനെതിരായ സമരത്തിനിടെ പൊലീസിന്റെ ക്രൂര മർദനത്തിനിരയായി. കള്ളക്കേസിൽ കുടുക്കി 94 ദിവസം ജയിലിലടച്ചു. 1999ൽ ധർമടം വെള്ളൊഴുക്കിൽവെച്ച്‌ ആർഎസ്‌എസ്‌ അക്രമത്തിനിരയായി. അന്ന്‌ തലനാരിഴക്കാണ്‌ രക്ഷപ്പെട്ടത്‌. മലബാർ കാൻസർസെന്ററിലെത്തുന്ന അർബുദരോഗികളുടെ കണ്ണീരൊപ്പാൻ രൂപീകരിച്ച ആശ്രയചാരിറ്റബിൾ സൊസൈറ്റിവർക്കിങ്ങ്‌ ചെയർമാനാണ്‌.

2016 ൽ  34117 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ്‌ ആദ്യമായി നിയമസഭാംഗമായത്‌. 2021ൽ 36,801 വോട്ടെന്ന മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെ രണ്ടാംതവണയും വിജയിച്ചു. തലശേരിയുടെ വികസനത്തിൽ ഭാവനാപൂർണമായ ഒട്ടേറെ പദ്ധതികൾക്ക്‌ തുടക്കമിടാനും പൂർത്തിയാക്കാനും സാധിച്ചു. തലശേരി കലാപകാലത്ത്‌ ഏറെ പ്രയാസം അനുഭവിച്ചതാണ്‌ ഷംസീറിന്റെ കൊടിയേരി മാടപ്പീടികക്കടുത്ത എക്കണ്ടി നടുവിലേരി തറവാട്‌. റിട്ട. സീമാൻ പരേതനായ കോമത്ത്‌ ഉസ്‌മാന്റെയും എ എൻ സറീനയുടെയും മകൻ. ഭാര്യ: ഡോ. പി എം സഹല (കണ്ണൂർ സർവകലാശാല ഗസ്‌റ്റ്‌ ലക്‌ചർ). മകൻ: ഇസാൻ.

 

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home