ad
Deshabhimani

ഗഗൻയാൻ: നിർണ്ണായക കടമ്പ കടന്ന് ഐഎസ്ആർഒ; രണ്ടാം എയർ ഡ്രോപ്പ് പരീക്ഷണം വിജയകരം

Gaganyaan.jpg
വെബ് ഡെസ്ക്

Published on Apr 10, 2026, 11:10 AM | 1 min read

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പ്രഥമ മനുഷ്യ ബഹിരാകാശ ദൗത്യമായ 'ഗഗൻയാന്റെ' മുന്നൊരുക്കങ്ങളിൽ നിർണ്ണായക നാഴികക്കല്ല് പിന്നിട്ട് ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ വെച്ച് നടന്ന രണ്ടാമത്തെ ഇന്റഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കി.


ദൗത്യത്തിന് ശേഷമുള്ള ക്രൂ മോഡ്യൂളിന്റെ സുരക്ഷിതമായ തിരിച്ചിറക്കം ഉറപ്പാക്കുന്ന പരീക്ഷണമാണിത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ആണ് ഈ നേട്ടം പുറംലോകത്തെ അറിയിച്ചത്.


അടുത്ത വർഷം നടക്കാനിരിക്കുന്ന മനുഷ്യ ദൗത്യത്തിന് മുന്നോടിയായി സിസ്റ്റങ്ങളുടെ സജ്ജത പരിശോധിക്കുന്നതിൽ ഈ പരീക്ഷണം അതീവ പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ബഹിരാകാശ പേടകം ഭൂമിയിലേക്ക് തിരികെ പ്രവേശിക്കുമ്പോൾ പാരച്യൂട്ട് ഉപയോഗിച്ച് കടലിലോ മറ്റോ സുരക്ഷിതമായി ഇറങ്ങുന്നത് എങ്ങനെയെന്നാണ് ഈ പരീക്ഷണത്തിലൂടെ പരിശോധിച്ചത്.


പേടകത്തിന്റെ വേഗത കുറയ്ക്കാനും നിയന്ത്രിതമായി താഴേക്ക് എത്തിക്കാനുമുള്ള പാരച്യൂട്ട് സംവിധാനങ്ങളുടെ കൃത്യത ഐഎസ്ആർഒ ശാസ്ത്രജ്ഞർ വിലയിരുത്തി. 2025 ഓഗസ്റ്റ് 24-ന് നടന്ന ആദ്യ എയർ ഡ്രോപ്പ് പരീക്ഷണത്തിന്റെ തുടർച്ചയാണിത്. ഓരോ ഘട്ടത്തിലും സാങ്കേതിക വിദ്യകൾ കൂടുതൽ മെച്ചപ്പെടുത്തിക്കൊണ്ടാണ് ഐഎസ്ആർഒ മുന്നേറുന്നത്.


ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി ആളില്ലാത്ത ആദ്യ പേടകം വിക്ഷേപിക്കുന്ന തിയതി ഉടൻ പ്രഖ്യാപിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ബഹിരാകാശ യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള വിവിധ ഘട്ടങ്ങളിലെ പരീക്ഷണങ്ങൾ വിജയകരമായി പുരോഗമിക്കുകയാണ്. ഇന്ത്യയെ ബഹിരാകാശ ശക്തിയായി മാറ്റുന്നതിൽ ഗഗൻയാൻ ദൗത്യം നിർണ്ണായക പങ്കുവഹിക്കുമെന്ന് അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home