ചന്ദ്രനിലെ വെള്ളം തേടി ചൈന; ചാങ്‌ഇ-7 ദൗത്യം ഈ വർഷം

ബീജിങ്: അന്താരാഷ്ട്ര ബഹിരാകാശ രംഗത്ത് പുതിയ ചുവട് വെക്കാൻ ചൈന ഒരുങ്ങുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ വിഭവങ്ങളെയും പരിസ്ഥിതിയെയും കുറിച്ച് പഠിക്കുന്ന ചൈനയുടെ അത്യാധുനിക റോബോട്ടിക് ദൗത്യം 'ചാങ്‌ഇ-7' ഈ വർഷം വിക്ഷേപിക്കും. ചൈന മാൻഡ് സ്‌പേസ് ഏജൻസി ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
കഴിഞ്ഞ ഏപ്രിലിൽ തന്നെ പേടകത്തിന്റെ ഭാഗങ്ങൾ ചൈനയിലെ ഹൈനാൻ ദ്വീപിലുള്ള വെൻചാങ് സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ എത്തിച്ചിരുന്നു. നിലവിൽ വിക്ഷേപണത്തിന് മുന്നോടിയായുള്ള അവസാനഘട്ട പരിശോധനകൾ പുരോഗമിക്കുകയാണ്. ഈ വര്‍ഷം രണ്ടാം പാദത്തോടെ തന്നെ വിക്ഷേപണം നടത്താനാണ് തയാറെടുപ്പ്.
എന്താണ് ചാങ്‌ഇ-7 ന്റെ പ്രത്യേകത
ചന്ദ്രന്റെ ഉപരിതലത്തിൽ ഇതുവരെ ഒരു രാജ്യവും പരീക്ഷിക്കാത്ത അതീവ സങ്കീർണ്ണമായ സാങ്കേതികവിദ്യകളാണ് ചൈന ഈ ദൗത്യത്തിലൂടെ നടപ്പിലാക്കുന്നത്. ഇതിനായി 4 വ്യത്യസ്ത സംവിധാനങ്ങൾ ഒരൊറ്റ ദൗത്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ചന്ദ്രനെ ഭ്രമണപഥത്തിൽ വലംവെച്ച് നിരീക്ഷിക്കുന്ന വാഹനമായ ഓർബിറ്റർ, ചന്ദ്രന്റെ ഉപരിതലത്തിൽ കൃത്യതയോടെ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന പേടകമായ ലാൻഡര്‍, ചന്ദ്രന്റെ മണ്ണിലൂടെ സഞ്ചരിച്ച് പഠനം നടത്തുന്ന പര്യവേക്ഷണ വാഹനമായ റോവര്‍ ഇതോടൊപ്പം ചന്ദ്രോപരിതലത്തിൽ ചാടി സഞ്ചരിക്കാൻ ശേഷിയുള്ള ഫ്ലൈയിങ് റോബോട്ട് ആയ ഹോപ്പിങ് പ്രോബ് എന്നിവ ഒറ്റ മൊഡ്യൂളിലായാണ് രൂപകല്പന ചെയ്തിട്ടുള്ളത്.
ഇതിൽ തന്നെ ഹോപ്പിങ് പ്രോബ് ഈ ദൗത്യത്തിലെ വലിയ ആകർഷണമാണ്. ചന്ദ്രന്റെ ഉപരിതലത്തിൽ തവളയെപ്പോലെ ചാടിച്ചാടി സഞ്ചരിക്കാൻ കഴിയുന്ന ചെറിയൊരു റോബോട്ട് ആണിത്. സാധാരണ റോവറുകൾക്ക് എത്തിപ്പെടാൻ കഴിയാത്ത ഇടുങ്ങിയ മലയിടുക്കുകളിലും വൻ കുഴികളിലും ഇറങ്ങി പരിശോധന നടത്താൻ ഇതിന് സാധിക്കും.

ഷാക്കിൾട്ടൺ ക്രേറ്ററിലെ ജലസാന്നിധ്യം
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ 'ഷാക്കിൾട്ടൺ ക്രേറ്റർ' എന്ന ഭീമൻ അഗ്നിപർവ്വത സമാനമായ കുഴിയുടെ വശങ്ങളിലാണ് ചാങ്‌ഇ-7 ലാൻഡ് ചെയ്യാൻ ലക്ഷ്യമിടുന്നത്. കോടിക്കണക്കിന് വർഷങ്ങളായി സൂര്യപ്രകാശം ഒട്ടും പതിക്കാത്ത, സൗരയൂഥത്തിലെ തന്നെ ഏറ്റവും തണുപ്പേറിയ ഇടങ്ങളാണിവ. ഇവിടെ വലിയ അളവിൽ ജലം മഞ്ഞിന്റെ രൂപത്തിൽ ഒളിച്ചുകിടക്കുന്നുണ്ടെന്നാണ് ശാസ്ത്രലോകത്തിന്റെ കണക്കുകൂട്ടൽ. ഈ ജലസാന്നിധ്യം കൃത്യമായി കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ഭാവിയിൽ മനുഷ്യർക്ക് കുടിക്കാനും, ഓക്സിജൻ നിർമ്മാണത്തിനും, റോക്കറ്റ് ഇന്ധനമായ ദ്രവ ഹൈഡ്രജൻ ഉത്പാദിപ്പിക്കാനും ഈ വെള്ളം ഉപയോഗിക്കാം.
2030-ലെ മനുഷ്യ ദൗത്യവും
ഭാവിയിൽ ചന്ദ്രനിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ഇന്റർനാഷണൽ ലൂണാർ റിസർച്ച് സ്റ്റേഷൻ എന്ന സ്ഥിര ഗവേഷണ കേന്ദ്രത്തിനുള്ള അടിത്തറയാണ് ചാങ്‌ഇ-7 ദൗത്യം. ഇതിന്റെ തുടർച്ചയായി 2029-ൽ ചാങ്‌ഇ-8 ദൗത്യവും ചൈന വിഭാവനം ചെയ്യുന്നുണ്ട്. 2030-ഓടെ ചന്ദ്രനിൽ സ്വന്തമായി മനുഷ്യനെ ഇറക്കാനാണ് ചൈനയുടെ പദ്ധതി. ഇതിനായി നിലവിലുള്ള മനുഷ്യസഹിത ബഹിരാകാശ പദ്ധതികളെയും ഇത്തരം റോബോട്ടിക് ചാന്ദ്ര ദൗത്യങ്ങളെയും ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവന്ന് സംയോജിപ്പിച്ചതായി വക്താവ് ഷാങ് ജിങ്‌ബോ വ്യക്തമാക്കി. ചൈനയുടെ ഈ ദൗത്യത്തിൽ ഈജിപ്ത്, ബഹ്‌റൈൻ, സ്വിറ്റ്‌സർലൻഡ് തുടങ്ങിയ രാജ്യങ്ങളും പങ്കാളികളാകുന്നുണ്ട്.
ഇന്ത്യക്ക് പിന്നാലെ
2023-ൽ ഇന്ത്യയുടെ ചന്ദ്രയാൻ-3 ദക്ഷിണധ്രുവത്തിന് സമീപം ലാൻഡ് ചെയ്യുന്ന ആദ്യ രാജ്യമായി മാറി ചരിത്രം കുറിച്ചിരുന്നു. തൊട്ടുപിന്നാലെ 2024-ൽ ചൈനയുടെ ചാങ്‌ഇ-6 ചന്ദ്രന്റെ മറുപുറത്തുനിന്ന് മണ്ണും കല്ലും ശേഖരിച്ച് ഭൂമിയിലെത്തിച്ചു. ചന്ദ്രനിലെ ജലശേഖരം ലക്ഷ്യമാക്കി അമേരിക്കയുടെ 'വൈപ്പർ'ദൗത്യം ഒരുങ്ങുന്നുണ്ട്. ഇത് 2027 ലാണ് വിക്ഷേപിക്കുന്നതെന്ന് നാസ വ്യക്തമാക്കിയിട്ടുണ്ട്.











0 comments