ad
Deshabhimani

പ്രപഞ്ചരഹസ്യം തേടി ശാസ്ത്രലോകം; ഏഴ് മണിക്കൂർ നീണ്ടുനിന്ന വിസ്മയ സ്ഫോടനത്തിന്റെ ചുരുളഴിയുന്നു

Space explosion.jpg
വെബ് ഡെസ്ക്

Published on Feb 10, 2026, 11:06 AM | 1 min read

വാഷിംഗ്ടൺ: ബഹിരാകാശത്ത് നിന്ന് എത്തിയ നിഗൂഢവും അതിശക്തവുമായ ഒരു സ്ഫോടനത്തിന്റെ രഹസ്യങ്ങൾ പുറത്തുവിട്ട് ശാസ്ത്രജ്ഞർ. സാധാരണയായി സെക്കന്റുകൾ മാത്രം നീണ്ടുനിൽക്കാറുള്ള ഗാമ റേ ബർസ്റ്റുകളിൽ നിന്ന് വ്യത്യസ്തമായി, ഏഴ് മണിക്കൂറോളം തുടർച്ചയായി നീണ്ടുനിന്ന സ്ഫോടനമാണ് ശാസ്ത്രലോകത്തെ അമ്പരപ്പിച്ചത്.


'ജിആർബി 250702 ബി' എന്ന് പേരിട്ടിരിക്കുന്ന ഈ പ്രതിഭാസം ഇതുവരെ രേഖപ്പെടുത്തപ്പെട്ടതിൽ വെച്ച് ഏറ്റവും ദൈർഘ്യമേറിയ ഗാമ റേ ബർസ്റ്റാണ്. 2025 ജൂലൈയിലാണ് നാസയുടെ ഫെർമി ഗാമ-റേ സ്പേസ് ടെലിസ്കോപ്പ് ഈ സ്ഫോടനം ആദ്യമായി കണ്ടെത്തിയത്.


തുടർന്ന് ജെയിംസ് വെബ് ടെലിസ്കോപ്പ് ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിലാണ് ഇപ്പോൾ ഇതിന്റെ ഉറവിടത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. ഈ അപൂർവ്വ പ്രതിഭാസത്തിന് പിന്നിൽ പ്രധാനമായും രണ്ട് കാരണങ്ങളാണ് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നത്.


നക്ഷത്രങ്ങൾ തമ്മിലുള്ള ലയന പ്രക്രിയയ്ക്കിടെയുണ്ടായ അതിശക്തമായ ഊർജ്ജപ്രവാഹമാകാം ഇത്രയേറെ സമയം നീണ്ടുനിന്ന സ്ഫോടനത്തിന് വഴിയൊരുക്കിയത്. ഭൂമിയിൽ നിന്ന് ഏകദേശം 800 കോടി പ്രകാശവർഷം അകലെയുള്ള ഒരു പുരാതന ഗാലക്സിയിലാണ് ഈ സ്ഫോടനം നടന്നത്.


അതായത്, ഭൂമി രൂപപ്പെടുന്നതിനും എത്രയോ മുൻപ് നടന്ന ഈ പ്രതിഭാസത്തിന്റെ വെളിച്ചമാണ് ഇപ്പോൾ നമ്മളിലേക്ക് എത്തിയിരിക്കുന്നത്. സാധാരണ ഗാമ റേ സ്ഫോടനങ്ങളേക്കാൾ ഇരട്ടിയിലേറെ സമയം ഇത് നീണ്ടുനിന്നത് പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും നക്ഷത്രങ്ങളുടെ അന്ത്യത്തെക്കുറിച്ചുമുള്ള നിലവിലെ സിദ്ധാന്തങ്ങളെ തിരുത്തിക്കുറിക്കാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ പറയുന്നു.


അതിസാന്ദ്രമായ പൊടിപടലങ്ങൾ നിറഞ്ഞ ഗാലക്സിയിലാണ് സ്ഫോടനം നടന്നതെന്നതിനാൽ, ദൃശ്യപ്രകാശത്തേക്കാൾ ഇൻഫ്രാറെഡ് രശ്മികൾ ഉപയോഗിച്ചാണ് ഇതിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചത്. പ്രപഞ്ചത്തിലെ ഇത്തരം അത്ഭുത പ്രതിഭാസങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കാൻ ഈ കണ്ടെത്തൽ സഹായകമാകുമെന്നാണ് പ്രതീക്ഷ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home