വേദനയെ തോൽപ്പിക്കുന്ന നിശ്ചയദാർഢ്യം; സിയ ഫാത്തിമയ്ക്ക് മത്സരിക്കാൻ വഴിയൊരുങ്ങുന്നു

തൃശൂർ : ശരീരം കാർന്നുതിന്നുന്ന വേദനയിലും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ച വിദ്യാർഥിനിക്ക് മത്സരിക്കാന്‍ വഴിയൊരുക്കി മന്ത്രി വി ശിവൻകുട്ടി. കാസർകോട് പടന്ന വികെപികെഎച്ച്എംഎംആർവി എച്ച്എസ്എസിലെ (VKPKHMMRV HSS) വിദ്യാർഥിയായ സിയ ഫാത്തിമയ്ക്കാണ് ഗുരുതര രോഗാവസ്ഥയിൽ ഓൺലൈനായി മത്സരത്തിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പോസ്റ്റർ ഡിസൈനിംഗിലാണ് സിയ ഫാത്തിമ ഓൺലൈനായി പങ്കെടുക്കുന്നത്.
'വാസ്കുലൈറ്റിസ്' എന്ന ഗുരുതര രോഗബാധിതയാണ് സിയ. രോരോഗാവസ്ഥയിൽ യാത്ര ചെയ്യുന്നത് ജീവന് തന്നെ ഭീഷണിയായേക്കാം എന്ന് ഡോക്ടർമാർ കർശന നിർദ്ദേശം നൽകിയതിനാൽ തൃശ്ശൂരിലെ വേദിയിലെത്തി മത്സരിക്കാൻ സിയയ്ക്ക് സാധിക്കില്ല. ഈ അവസരത്തിലാണ് സിയയും പടന്ന സ്കൂളിലെ അധ്യാപകരും സാഹചര്യം മന്ത്രി വി ശിവൻകുട്ടിയുടെ ശ്രദ്ധയിലെത്തിച്ചത്. ശരീരം കാർന്നുതിന്നുന്ന വേദനയിലും കലോത്സവത്തിൽ പങ്കെടുക്കണമെന്ന സിയയുടെ ആഗ്രഹം കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും സിയയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ മാനുഷിക പരിഗണന നൽകി പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
നാളെ രാവിലെ 11ന് വേദി 17 ആയ സിഎംഎസ്എച്ച്എസ്എസിലാണ് അറബിക് പോസ്റ്റർ ഡിസൈനിംഗ് മത്സരം നടക്കുന്നത്. മത്സരത്തിൽ സിയ ഫാത്തിമയ്ക്ക് വീഡിയോ കോൺഫറൻസ് വഴി പങ്കെടുക്കാൻ അവസരമൊരുക്കും. ബന്ധപ്പെട്ട അധികൃതർ ഓൺലൈനായി മത്സരം നിരീക്ഷിക്കുകയും മൂല്യനിർണ്ണയം നടത്തുകയും ചെയ്യും. രോഗപീഡകൾക്കിടയിലും കലയെ നെഞ്ചോട് ചേർക്കുന്ന സിയ ഫാത്തിമയുടെ അതിജീവന പോരാട്ടത്തിന് ഇതൊരു കൈത്താങ്ങാവട്ടെയെന്നും പ്രിയപ്പെട്ട കുട്ടിക്ക് എല്ലാവിധ വിജയാശംസകളും വേഗത്തിലുള്ള രോഗശമനവും നേരുന്നതായും മന്ത്രി പറഞ്ഞു.










0 comments